Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബിക്കയും  ദിലീപേട്ടനും  ഓണക്കാല ഓർമകളും  

നാട്ടിൽ പലതരം യാത്രകളുടെ കാലം. വടക്കൻ കേരളത്തെ അവഗണിക്കുന്നുവെന്ന് ഇനിയാരും പറയരുത്. എല്ലാറ്റിന്റേതും തുടക്കം തുളുനാട്ടിൽ നിന്നാണ്. ആദ്യം കുമ്മേട്ടൻ ജിഹാദി ചുവപ്പ് ഭീകരതയെ നിരപ്പാക്കാൻ ഇറങ്ങി. കൂട്ടിന് അമിത് ഷാജിയും. പാർട്ടിയുടെ ദേശീയ അധ്യക്ഷനൊക്കെ ആവുകയാണെങ്കിൽ അമിത് ഷാജിയെ പോലെ ആവണമെന്ന് ഉദാഹരണം സുജാതയാക്കിയവരാണ് രാഷ്ട്രീയ നിരീക്ഷകർ. കേരളത്തിലെ താമര പാർട്ടിയുടെ വനിതാ നേതാവും കൊടുത്തു ഒരു സർട്ടിഫിക്കറ്റ്. അദ്ദേഹമൊന്ന് നോക്കിയാൽ ആ സംസ്ഥാനവും കൂടെ പോരും. ഇത്രയൊക്കെ പോരിശയുള്ള മൂപ്പർക്ക് ചുവട് പിഴച്ചത് കേരള യാത്രയ്ക്ക് വന്നപ്പോഴാണ്. വിജയൻജിയുടെ നാട്ടിലെ പച്ച നിറത്തിലെ റോഡ് സൈൻ ബോർഡ് കണ്ടതും വണ്ടിവിട്ടു. രാജ്യത്തെ നേരിടുന്ന മഹത്തായ പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിജിയുടെ അടുക്കലേക്ക് ചെന്ന മൂപ്പരുടെ വിവരമില്ല. ബറോഡ അങ്ങാടിയിലെ കുമാരേട്ടന്റെ പീടികയിലിരുന്ന് പാവു ബാജിയും തട്ടി അദ്ദേഹമിറക്കുന്ന ഡയലോഗുകൾ ദേശീയ മാധ്യമങ്ങൾ പോലും വേണ്ടത്ര ഗൗനിക്കുന്നില്ല. അത് കഴിഞ്ഞാണ് കോടിയേരി സഖാവിന്റെ യാത്ര വരുന്നത്. അതും കാസർകോട് ടു ട്രിവാൻഡ്രം. മിനി കൂപ്പറായിരുന്നു പ്രയാണത്തിന്റെ ഐശ്വര്യം. ദുഷ്ട ശക്തികളുടെ കുപ്രചാരണം കാരണം കാരാട്ട് സഖാവിന്റെ വാഹനത്തിൽ നിന്നിറങ്ങിയതോടെ ഇടത് യാത്രയുടെ ഉശിര് ചോർന്നു. ഇതെല്ലാം ഒന്നടങ്ങിയപ്പോഴാണ് പ്രതിപക്ഷ നേതാവ് പടയൊരുക്കത്തിന് കച്ച മുറുക്കിയത്. ഭാഷകളുടെ സംഗമഭൂമിയിൽനിന്ന് പുറപ്പെട്ട ഭാവി മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയപ്പോൾ പത്രാധിപന്മാരുടെ ആശീർവാദം വാങ്ങാനും മറന്നില്ല. കുഞ്ഞൂഞ്ഞ് വെച്ച ജഡ്ജി അവർകൾ  സരിതാരിഷ്ടം പകർന്നതൊന്നും ഛലോ അനന്തപുരി യാത്രയ്ക്ക് തടസ്സമായില്ല. അപ്പോഴാണ് ക്ഷണിക്കപ്പെടാത്ത  അതിഥിയെ പോലെ ഓഖി പരശുരാമന്റെ നാട്ടിലെത്തിയത്. രാഹുൽജിയുടെ  പടം വെച്ച് ശംഖുമുഖത്ത് ഏർപ്പാടാക്കിയ  ഒരുക്കങ്ങൾ വെറുതെയായി. ഉമ്മൻചാണ്ടി പോകുന്ന പള്ളിയേതാണെന്നാണ് പലരും അന്വേഷിക്കുന്നത്. ചെന്നിത്തലയുടെ യാത്ര തലസ്ഥാനത്തെത്തുമ്പോൾ കൊടുങ്കാറ്റായി മാറുമെന്ന് കെ.പിസിസി  അധ്യക്ഷൻ അഡ്വാൻസായി പറഞ്ഞപ്പോൾ ആരും ഇത്രയ്ക്കങ്ങ് നിരീച്ചിരുന്നില്ല. 
ഓഖി കാറ്റിന് വശീകരിക്കുന്ന കണ്ണ് എന്ന് അർഥമുള്ള പേര് നൽകിയത് ബംഗ്ലാദേശാണ് പോലും. അതിരിക്കട്ടെ, അടുത്ത അവസരം നമ്മുടേതാണല്ലോ. അപ്പോൾ ഷക്കീലയെന്നും സിൽക്ക് എന്നും പേരിട്ട് മറ്റു രാജ്യങ്ങളെയെല്ലാം പാഠം പഠിപ്പിക്കാം. കേന്ദ്രനും ആന്ധ്രയും തമിഴനും ചുഴലിക്കാറ്റ് വരുന്നത് നേരത്തെ അറിഞ്ഞു. നമുക്ക് പല പല തിരക്കിനിടയിൽ ഇതൊന്നും ഗൗനിക്കാൻ കഴിഞ്ഞില്ല. ഓഖിയുടെ മാർഗം നിർദേശിച്ചവരെയാണ് അനുമോദിക്കേണ്ടത്. മറ്റു യാത്രകളിൽനിന്ന് ഭിന്നമായി ഇവൾ  കന്യാകുമാരിയിൽ നിന്ന്  വിഴിഞ്ഞം, നീണ്ടകര, ചെല്ലാനം, പൊന്നാനി, കാപ്പാട്, കണ്ണൂർ, കാസർകോട് വഴി പോയി. 
ലക്ഷദ്വീപിനെയും കാര്യമായി പരിഗണിച്ചു. കടലിലെ രക്ഷാ പ്രവർത്തനം, രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയ ആദ്യ വ്യക്തിയുമായുള്ള അഭിമുഖം എന്നീ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങൾ ഉൾപ്പെടുത്തി മാതൃഭൂമി ന്യൂസ് മികവ് പുലർത്തി. മനോരമ ന്യൂസിൽ നിഷ ജെബി നയിച്ച ചർച്ചയിൽ ഉത്തരം പറയാനാവാതെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. സമയത്തിന് മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം വേണ്ട മുൻ കരുതലെടുത്തില്ലെന്നതാണ് പ്രധാന ആക്ഷേപം. കടലിലെ ന്യൂനപക്ഷ മർദനം എന്ന വാക്കുകളാണ് പണി പറ്റിച്ചത്. അത് എവിടെയെങ്കിലും പതിവായി നടക്കുന്ന ഒന്നാണല്ലോ എന്ന നിലയ്ക്ക് മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ല. പ്രധാനമന്ത്രിജി കാലാവസ്ഥ വ്യതിയാനത്തെ പറ്റി വടക്കു കഴിക്കൻ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തുന്ന ഒരു വീഡിയോ അൽപം മുമ്പ് ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു. കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായാണ് വിശദീകരണം. കാലാവസ്ഥാ വ്യതിയാനമെന്ന ഒന്നില്ല. നമുക്ക് പ്രായം കൂടുമ്പോൾ തണുപ്പും ചൂടുമൊന്നും സഹിക്കാനാവില്ല. അതാണ് പലരും കാലാവസ്ഥാ വ്യതിയാനമെന്ന് തെറ്റിദ്ധരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു സാധു മനുഷ്യനുണ്ടായിരുന്നു. നാല് മാസം മുമ്പ് അദ്ദേഹത്തിൻേറതായ ഒരു സന്ദേശം വാട്ട്‌സപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഈ വർഷം അവസാനിക്കുമ്പോൾ കേരള തീരത്ത് സുനാമി ഉൾപ്പെടെ പ്രകൃതിദുരന്ത സാധ്യത മുൻകൂട്ടി പ്രവചിച്ച ഈ ലെറ്റർ ഹെഡ് അധികാര കേന്ദ്രങ്ങളിലും എത്തിയിരിക്കാനാണ് സാധ്യത.  കേരളം മുതൽ ഇന്ത്യയുടെ പശ്ചിമ തീരത്ത് ഗുജറാത്ത് വരെയാണ് ഓഖിയുടെ വിളയാട്ട കേന്ദ്രങ്ങൾ. 

***    ***    ***

മൂന്ന് പ്രമുഖരാണ് കഴിഞ്ഞ വാരത്തിൽ വിട വാങ്ങിയത്. കുറച്ചുകാലമായി ഏകാന്ത ജീവിതം നയിക്കുകയായിരുന്ന തൊടുപുഴ വാസന്തി, രാഷ്ട്രീയ വിശുദ്ധിയുടെ പ്രതീകമായ ചന്ദ്രശേഖരൻ നായർ, മിമിക്രിയുടെ സുൽത്താൻ അബി എന്നിവരാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. മമ്മുട്ടിയുടെ സൗന്ദര്യവും മോഹൻലാലിന്റെ ശരീര സൗകുമാര്യവും  ഒത്തിണങ്ങിയ അബി അഭിമാനിയായതിനാലാവണം ഉയരങ്ങളിലൊന്നുമെത്തിയില്ല. മാനത്തെ കൊട്ടാരത്തിൽ നായകാനാവേണ്ടിയിരുന്ന ആളാണ്. മകൻ വെള്ളിത്തിരയിൽ സ്ഥാനമുറപ്പിക്കുന്നത് കാണാനായെന്നത് ഭാഗ്യം. ദോഹയിലെ ഒരു ചടങ്ങിനെത്തിയ അബിയുടെ ഹൃദയസ്പർശിയായ അനുഭവം ഉൾപ്പെടുത്തിയ  ജനം ടി.വിയുടെ കവറേജ് ശ്രദ്ധേയമായി. ടെലിവിഷൻ ചാനലുകൾ വ്യാപകമല്ലാത്ത കാലത്ത് മലയാളികളുടെ ഓണക്കാലം സജീവമാക്കിയത് അബി, നാദിർഷ, ദിലീപ് തുടങ്ങിയവരൊരുക്കിയ കാസറ്റുകളായിരുന്നു. ദേ മാവേലി കൊമ്പത്ത് പോലുള്ള കാസറ്റുകൾ 90ന് മുമ്പ് സൂപ്പർ ഹിറ്റായിരുന്നു. അബിക്കായുടേയും ദിലീപേട്ടന്റേയും ഓണ കാസറ്റിലെ ഓരോ വരിയും മനഃപാഠമായിരുന്നുവെന്ന് മഞ്ജു വാരിയർ അനുസ്മരിച്ചു. ദിലീപിനെതിരെയുള്ള പോലീസ് കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു വാരിയർ. തൊണ്ടി മുതൽ പോലുമില്ലാത്ത കേസിന്റെ ഭാവി എന്താവുമെന്ന് ആർക്കറിയാം? 

***    ***    ***

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസും വിചാരണ കോടതി ജഡ്ജിയുടെ ദുരൂഹ മരണവുമാണ് ഏഷ്യാനെറ്റ് കവർ സ്‌റ്റോറിയുടെ വിഷയം. അമിത് ഷായുടെ പൂർവ കാലം മുതൽ ഗുജറാത്ത് ചെയ്തികളെല്ലാം അക്കമിട്ടു നിരത്തി. രാജീവ് ചന്ദ്രശേഖർ എം.പി നേതൃത്വം നൽകുന്ന ചാനലിലൂടെ വരുമ്പോൾ കാരവനേക്കാൾ ക്രെഡിബിലിറ്റിയുണ്ട്. ഇതെല്ലാം അറിഞ്ഞാണോ എന്നറിയില്ല,. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി മാധ്യമ പ്രവർത്തകർ കോടതി മുറിയിലേക്ക് വടിയും തൂക്കി പിടിച്ച് വരേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ എഴുപത് ശതമാനവും ഭയത്തോടെയാണ് കഴിയുന്നതെന്നാണ് കേൾവി. ഇക്കാര്യം തുറന്നു പറയാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുത്തത് ഇന്ത്യാ ടുഡേ ടിവിയെയാണ്. ചില ദേശീയ മാധ്യമങ്ങൾ പ്രത്യേക അജണ്ടയോടെയാണ് പ്രവർത്തിക്കുന്നത്. കേരളം, ഇസ്‌ലാം ഭീകരത എന്നതിന്റെയെല്ലാം വക ഭേദങ്ങൾ പതിവായി ചർച്ചാ വിഷയമാവും. എന്തും പരിധി കടക്കുമ്പോൾ ബാഹ്യ ഇടപെടുലകളും വരുമല്ലോ. റിപ്പബ്ലിക് ടിവിയിലെ അർണബ് ഗോസ്വാമിയോട് ശശി തരൂരിനെ ഉപദ്രവിച്ചത് മതിയെന്ന് സുപ്രീം കോടതി കൽപിച്ചിട്ടുണ്ട്. ആജ് തക് ടിവിയുടെ അജണ്ടയിൽ ഫാറൂഖ് അബ്ദുല്ലയായിരുന്നു അതിഥി. മൂപ്പര് ബ്രിട്ടീഷുകാരനോ, അമേരിക്കക്കാരനാണോ എന്ന് തിരിച്ചറിയാനാവാതെ അവതാരം ചോദിച്ചു. താങ്കളൊരു ഇന്ത്യക്കാരനാണോ? ഫാറൂഖ് അബ്ദുല്ല മോഡറേറ്ററെ പോസ്റ്ററാക്കി ചുമരിൽ ഒട്ടിക്കുമ്പോൾ ക്ഷണിക്കപ്പെട്ട ഓഡിയൻസ് ചിരിയൊതുക്കാൻ പാടുപെടുകയായിരുന്നു. വാട്ട്‌സപ്പിൽ വംശീയ വിദ്വേഷം വളർത്താൻ കാസർകോട് സ്ലാംഗിൽ ഒരു വിദ്വാൻ വിഷം ചീറ്റിയതാണ് കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനൽ ഇംഗഌഷ് സബ് ടൈറ്റിലുകളോടെ ചർച്ച ചെയ്തത്. മനുഷ്യരെ തമ്മിലകറ്റാൻ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ക്ലിപ്പുകളുടെ ആധികാരികത പരിശോധിക്കേണ്ടത് പോലീസാണ്. 

Latest News