ജീവിതവഴിയിൽ തളർന്നുപോയവരോട് മരിയയ്ക്ക് ഒന്നേ പറയാനുള്ളു. സംഭവിക്കാനുള്ളത് സംഭവിച്ചു. ആ കാരണവും പറഞ്ഞ് വെറുതെയിരുന്നിട്ട് കാര്യമില്ല. കഴിയുന്ന വിധത്തിൽ എന്തെങ്കിലും ജോലി നോക്കുക. അതല്ലെങ്കിൽ സേവനവഴിയിലേക്കിറങ്ങുക. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെണീറ്റ മരിയ നിസ്സാര കാര്യങ്ങൾക്കുപോലും തളർന്നുപോകുന്നവർക്ക് ഒരു പാഠമാണ്. തിരിച്ചടികളിൽ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന പാഠം.
ഒരു യോദ്ധാവ് ഒരിക്കലും ഒരു കാര്യത്തിനും നോ എന്നു പറയാറില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് മുന്നോട്ട് കുതിക്കുകയാണവർ ചെയ്യുന്നത്. ഡോക്ടർ മരിയാ ബിജുവിന്റെ ജീവിതവും അങ്ങനെയുള്ളതാണ്. അപകടത്തെ തുടർന്ന് ജീവിതം വീൽചെയറിലേയ്ക്ക് പറിച്ചുനട്ടെങ്കിലും നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് മരിയ.
2015 ലാണ് ആതുരസേവനമെന്ന ജീവിതലക്ഷ്യവുമായി അൽ അസർ മെഡിക്കൽ കോളേജിന്റെ പടിക്കെട്ടുകൾ മരിയ കയറിച്ചെന്നത്. എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ, ഒരു വർഷം കഴിഞ്ഞപ്പോഴാണ് രണ്ടാം നിലയിൽനിന്നും കാൽവഴുതി മരിയ താഴേയ്ക്കു പതിച്ചത്.

2016 ജൂൺ അഞ്ച് എന്ന ദിനം മറിയയ്ക്ക് ഒരിക്കലും മറക്കാനാവില്ല. അന്ന് ആദ്യവർഷത്തെ മോഡൽ പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. രണ്ടാം നിലയിലെ ബാൽക്കണിയിൽ തുണി ഉണങ്ങാനിട്ട കാര്യം അപ്പോഴാണ് മരിയ ഓർത്തത്. ഓടിപ്പോയി അയയിൽനിന്നും തുണി വലിച്ചെടുത്തപ്പോഴേയ്ക്കും ബാൽക്കണിയിലുണ്ടായിരുന്ന വെള്ളത്തുള്ളികളിൽ കാൽ തെന്നി താഴേയ്ക്കു പതിക്കുകയായിരുന്നു.
വീഴ്ചയിൽ തലയിലാണ് ആഴത്തിൽ മുറിവേറ്റത്. ഉടൻ തന്നെ സുഹൃത്തുക്കളും കോളേജ് അധികൃതരും കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. പരിശോധനയിൽ കഴുത്തിന് പിറകിലും തുടയെല്ലിനും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായി അറിയാൻ കഴിഞ്ഞു.

നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ എറണാകുളം അമൃത ആശുപത്രിയിലേയ്ക്കു മാറ്റി. ശരീരം മുഴുവൻ തളർന്നുപോയ മരിയയ്ക്ക് അവിടെവച്ച് സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തി. അതോടെയാണ് കൈകൾ ചലിപ്പിക്കാമെന്നായത്. പിന്നീട് വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടർന്നു. ഫിസിയോതെറാപ്പിയുമെല്ലാമായി ആറുമാസത്തെ ചികിത്സയ്ക്കുശേഷമാണ് വീൽചെയറിൽ സഞ്ചരിക്കാൻ കഴിഞ്ഞത്.
ആശുപത്രി വാസത്തിനിടയിൽ എം.ബി.ബി.എസ് പഠനമായിരുന്നു മരിയയുടെ മനസ്സ് നിറയെ. വീൽചെയറിൽ ഇരിക്കാമെന്ന അവസ്ഥയുണ്ടായപ്പോഴാണ് വീണ്ടും കോളേജിൽ പോകണമെന്ന മോഹമുദിച്ചത്. ഡോക്ടർമാരുടെ സമ്മതവും കോളേജ് അധികാരികളുടെ പിന്തുണയുമുണ്ടായപ്പോൾ ഒരു വർഷം കഴിഞ്ഞ് 2017 ൽ വീണ്ടും കോളേജിലെത്തി. പൂർണമായും വീൽ ചെയറിലായതിനാൽ അധ്യാപകരുടെയും സഹപാഠികളുടെയും പൂർണ്ണ സഹകരണമുണ്ടായിരുന്നു. ഹോസ്റ്റലിൽ കൂട്ടായി അമ്മ സുനിയാണ് എല്ലാ കാര്യങ്ങൾക്കുമുണ്ടായിരുന്നത്.

കോളേജിലെ ആദ്യദിവസങ്ങൾ ഏറെ ക്ലേശകരമായിരുന്നു. വിരലുകളിലേയ്ക്കുള്ള രക്തസഞ്ചാരം നഷ്ടപ്പെട്ടതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിനായി ഫിസിയോ തെറാപ്പി ചെയ്താണ് മാറ്റിയെടുത്തത്. യൂണിവേഴ്‌സിറ്റി എനിക്കുവേണ്ടി പരീക്ഷയെഴുതാനായി ഒരാളെ നൽകിയെങ്കിലും മെഡിക്കൽ ടേംസുകൾ അവർക്കറിയാത്തതിനാൽ അതൊരു ബുദ്ധിമുട്ടായി. എങ്ങനെയെങ്കിലും സ്വന്തം കൈകൊണ്ട് എഴുതുകയെന്നതായിരുന്നു ലക്ഷ്യം. അതിനായി ഏറെ കഷ്ടപ്പെട്ടാണെങ്കിലും മരിയ വിജയം കണ്ടെത്തുകയായിരുന്നു. ഒടുവിൽ ഞാൻ എന്നെതന്നെ എഴുതാൻ പഠിപ്പിക്കുകയായിരുന്നു.
- സുഹൃത്തുക്കളും അധ്യാപകരുമാണ് പ്രചോദനവുമായി കൂടെ നിന്നത്. സഹപാഠികൾ പലരും അന്നന്നത്തെ പാഠങ്ങൾ വീണ്ടും എന്നെ പഠിപ്പിക്കുകയായിരുന്നു. അവസാന വർഷ പരീക്ഷയിൽ അറുപത്തിനാലു ശതമാനം മാർക്കു നേടിയാണ് വിജയിച്ചത്. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു പരീക്ഷ. പരീക്ഷയ്ക്കായി കൂടുതൽ സമയം ഇരുന്ന് പഠിച്ചതോടെ ശരീരത്തിൽ മുറിവുണ്ടായി. തുടർന്ന് സ്ട്രച്ചറിൽ കിടന്നാണ് പഠിച്ചത്. വീണുപോയി എന്നു കരുതിയതായിരുന്നു. എന്നാൽ അടക്കാനാവാത്ത ആഗ്രഹവും മുടങ്ങാതെയുള്ള പരിചരണവും പ്രാർത്ഥനയും വിജയത്തിലേയ്ക്കാണ് നയിച്ചത്.

ഒരു സർജനാവുക എന്നതായിരുന്നു മരിയയുടെ ആഗ്രഹം. എന്നാൽ അപകടം ആ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുകയായിരുന്നു. നന്നായി വഴങ്ങാത്ത വിരലുകൾ ആ സ്വപ്നം തല്ലിക്കെടുത്തി. ഇപ്പോൾ എം.ഡിക്കു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സ്‌കൂൾ പഠനകാലത്ത് നല്ലൊരു അത്‌ലറ്റ് കൂടിയായിരുന്നു ഈ യുവഡോക്ടർ. അന്ന് അത്‌ലറ്റിക്‌സിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. സ്‌കൂൾ ക്യാപ്റ്റൻ വരെയായി. അന്ന് നേടിയ മെഡലുകളും ട്രോഫികളുമെല്ലാം ഇപ്പോഴും വീട്ടിലെ ചില്ലലമാരയിൽ തിളങ്ങുന്നത് കാണുമ്പോൾ മരിയയ്ക്ക് എന്തെന്നില്ലാത്ത ആഹ്ലാദം. ആ സ്‌പോർട്‌സ് മാൻ സ്പിരിറ്റാണ് മരിയ്ക്ക് ഇന്നും പ്രചോദനം. മരിയയെ വീൽചെയറിൽ അടങ്ങിയിരിക്കാൻ സുഹൃത്തുക്കൾ സമ്മതിക്കാറില്ല. പുറത്തുകൊണ്ടുപോകാനും പോഗ്രാമുകളിൽ പങ്കെടുപ്പിക്കാനും അവർ എപ്പോഴും ഒരുക്കം. കോളേജിൽ നടക്കുന്ന കലാമത്സരങ്ങളിലും വീൽ ചെയറിലിരുന്ന് മരിയ പങ്കാളിയാകാറുണ്ട്.

അപകടത്തിനു മുൻപ് നന്നായി വരയ്ക്കുമായിരുന്നു. പക്ഷേ, അപകടത്തിനുശേഷം സാങ്കേതിക സഹായത്തോടെയുള്ള വരകളാണ് ഏറെയും ചെയ്യുന്നത്. ഇപ്പോഴും പോർട്രെയ്റ്റുകൾ വരയ്ക്കാറുണ്ട്.
ആരേയും ആശ്രയിക്കാതെ പുറത്തിറങ്ങി നടക്കാൻ മനസ്സ് കൊതിക്കാറുണ്ട്. പക്ഷേ, എന്തു ചെയ്യാം. വീൽ ചെയറുമായി യാത്ര ചെയ്യാനാവില്ലല്ലോ. അംഗപരിമിതിയുള്ളവർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇവിടെയില്ല. കെ.എസ്.ആർ.ടി.സിയുടെ ചില ലോ ഫ്‌ളോർ ബസുകളിൽ സൗകര്യമുണ്ടെങ്കിലും വീൽ ചെയർ കയറ്റാനുള്ള സൗകര്യമില്ല. അതിനായി എം.ഡിക്ക് ഒരു നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് മരിയ.
ഒരു വർഷത്തെ ഹൗസ് സർജൻസിക്കുശേഷം എം.ഡി എടുക്കണമെന്നാണ് മരിയയുടെ മോഹം. എന്നാൽ ഏതു വിഷയത്തിലാണ് എം.ഡിയെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. തന്റെ ശരീരംകൊണ്ട് പ്രവർത്തിക്കാവുന്ന തരത്തിൽ ബുള്ളറ്റിൽ രൂപമാറ്റം വരുത്തി ഒരു കശ്മീർ യാത്രയും മരിയ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

എറണാകുളം കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിന് സമീപം ഒലീവ് വുഡ് സ്‌റ്റോക്ക് എന്ന വീട്ടിലാണ് മരിയയുടെ താമസം. അച്ഛൻ ബിജു പീറ്റർ ഏറെക്കാലം ഷാർജയിലായിരുന്നു. ബിസിനസുകാരനായ അദ്ദേഹം ഇപ്പോൾ നാട്ടിലുണ്ട്. ഒൻപതാം ക്ലാസുവരെ മരിയയുടെ വിദ്യാഭ്യാസവും ഷാർജയിലായിരുന്നു. അമ്മ സുനി ബിജുവാണ് മരിയയുടെ എല്ലാ കാര്യങ്ങൾക്കും സഹായവുമായി കൂടെയുള്ളത്. അനുജത്തി മേരിയോൺ ബിജു തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.
ജീവിതവഴിയിൽ തളർന്നുപോയവരോട് മരിയയ്ക്ക് ഒന്നേ പറയാനുള്ളു. സംഭവിക്കാനുള്ളത് സംഭവിച്ചു. ആ കാരണവും പറഞ്ഞ് വെറുതെയിരുന്നിട്ട് കാര്യമില്ല. കഴിയുന്ന വിധത്തിൽ എന്തെങ്കിലും ജോലി നോക്കുക. അതല്ലെങ്കിൽ സേവനവഴിയിലേക്കിറങ്ങുക. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെണീറ്റ മരിയ നിസ്സാര കാര്യങ്ങൾക്കുപോലും തളർന്നുപോകുന്നവർക്ക് ഒരു പാഠമാണ്. തിരിച്ചടികളിൽ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന പാഠം.






