Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരിത്ര സപ്ന്ദനങ്ങൾ തുടിക്കുന്ന നജ്‌റാൻ

ചരിത്രാതീത കാലത്തോളം പഴക്കമുള്ള നിരവധി പുരാവസ്തു, പൈതൃക കേന്ദ്രങ്ങൾ സൗദിയിലുണ്ട്. ദക്ഷിണ സൗദിയിലെ നജ്‌റാനിലെ ഹുമ അൽഅസരിയ എന്ന ചരിത്ര, പൈതൃക കേന്ദ്രം സൗദിയിലെ തന്നെ പ്രധാന ചരിത്ര അടയാളങ്ങളിൽ ഒന്നാണ്. നജ്‌റാന് വടക്ക് 130 കിലോമീറ്റർ ദൂരെയാണിത്. സൈ്വദഹ് പർവതം, ഹുമ പർവതം, ആൻ ജമൽ, ശസ്ആ, കൗകബ് എന്നിവയെല്ലാം അടങ്ങിയതാണ് ഹുമ അൽഅസരിയ. ഇവിടെയുള്ള ശിലാ ലിഖിതങ്ങളും ചിത്രങ്ങളും അക്ഷരങ്ങൾ എഴുതുന്നതിനുള്ള മനുഷ്യന്റെ ആദ്യ ശ്രമങ്ങളായാണ് കരുതപ്പെടുന്നത്. 

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രാചീനമായ നാഗരികത നിലനിന്ന പ്രദേശമാണ് നജ്‌റാൻ എന്ന് പുതിയ പുരാവസ്തു ഗവേഷണങ്ങൾ തെളിയിക്കുന്നു. ഏറ്റവും പുതിയ പുരാവസ്തു കണ്ടുപിടുത്തങ്ങൾ സൂചിപ്പിക്കുന്നത് നജ്‌റാനിലെ പുരാതന നാഗരികതക്ക് 25,000 വർഷത്തോളം പഴക്കമുണ്ടെന്നാണ്. മധ്യശിലായുഗത്തോളം നജ്‌റാനിലെ പ്രാചീന നാഗരിക സംസ്‌കാരത്തിന് പഴക്കമുണ്ട്. റുബ്ഉൽഖാലി മരുഭൂമിയുടെ മടിത്തട്ടിൽ കിടക്കുന്ന നജ്‌റാനിൽ പഴയ കാലത്തെ തടാകങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാന വാണിജ്യ പാതയുടെ ഭാഗമായിരുന്ന നജ്‌റാനിലെ ഹരിത ശാദ്വല ഭൂമിയുടെ നിയന്ത്രണത്തിനു വേണ്ടി രാജാക്കന്മാർ യുദ്ധം ചെയ്തിരുന്നു. യെമൻ ആസ്ഥാനമായി നിലവിലുണ്ടായിരുന്ന ഹിംയർ രാജ്യത്തിന്റെ ഭാഗമായിരുന്ന നജ്‌റാനിൽ നിരവധി ശിലാ ലിഖിതങ്ങളും ചിത്രങ്ങളുമുണ്ട്. 


ചരിത്രാതീത കാലത്തോളം പഴക്കമുള്ള നിരവധി പുരാവസ്തു, പൈതൃക കേന്ദ്രങ്ങൾ സൗദിയിലുണ്ട്. ദക്ഷിണ സൗദിയിലെ നജ്‌റാനിലെ ഹുമ അൽഅസരിയ എന്ന ചരിത്ര, പൈതൃക കേന്ദ്രം സൗദിയിലെ തന്നെ പ്രധാന ചരിത്ര അടയാളങ്ങളിൽ ഒന്നാണ്. നജ്‌റാന് വടക്ക് 130 കിലോമീറ്റർ ദൂരെയാണിത്. സൈ്വദഹ് പർവതം, ഹുമ പർവതം, ആൻ ജമൽ, ശസ്ആ, കൗകബ് എന്നിവയെല്ലാം അടങ്ങിയതാണ് ഹുമ അൽഅസരിയ. ഇവിടെയുള്ള ശിലാ ലിഖിതങ്ങളും ചിത്രങ്ങളും അക്ഷരങ്ങൾ എഴുതുന്നതിനുള്ള മനുഷ്യന്റെ ആദ്യ ശ്രമങ്ങളായാണ് കരുതപ്പെടുന്നത്. അൽമുസ്‌നദ് അൽജനൂബി ലിപി എന്ന പേരിൽ അറിയിപ്പെട്ട ലിപിയിൽ അക്ഷരമാലകൾ എഴുതുന്നതിനുള്ള മനുഷ്യന്റെ ആദ്യ ശ്രമങ്ങളാണ് ഇവിടുത്തെ ശിലാലിഖിതങ്ങളും ചിത്രങ്ങളും വ്യക്തമാക്കുന്നത്. ഈ ലിപിയുടെ വ്യാപനത്തിന് വ്യാപാരം ഇടയാക്കി. 
പുരാതന കാലത്ത് സാർഥവാഹക സംഘങ്ങളുടെ ആശ്രയമായിരുന്നു ഹുമയിലെ കിണറുകൾ. സമുദ്രപാതയുടെ ഭാഗമായിരുന്നു ഇവ. ഈ പാതയിലൂടെ കടന്നുപോയിരുന്നവർ തങ്ങളുടെ ഓർമകൾ പ്രദേശത്തെ പാറകളിൽ രേഖപ്പെടുത്തുകയും ചിത്രങ്ങൾ കോറിയിടുകയുമായിരുന്നു. ഹുമയിലെ കിണറുകൾക്കു സമീപം പാറകളിലും ഗുഹകളിലും പർവതങ്ങളിലും മറ്റും സമൂദി, അൽമുസ്‌നദ് അൽജനൂബി ലിപികളിൽ സഞ്ചാരികളുടെ ഓർമക്കുറിപ്പുകളും ശിലാ ചിത്രങ്ങളും കാണുന്നതിന് സാധിക്കും. യെമൻ അടക്കം അറേബ്യൻ ഉപദ്വീപിന്റെ തെക്കു ഭാഗത്തും ഉത്തരാഫ്രിക്കയിലും ബി.സി ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപിയാണ് അൽമുസ്‌നദ്. ബി.സി എട്ടാം നൂറ്റാണ്ടോളം പഴക്കമുള്ള ലിപിയാണ് അൽസമൂദി. ഉത്തരദേശ അറബികളാണ് ഈ ലിപി ഉപയോഗിച്ചിരുന്നത്. 


ഹുമയിൽ അൽഹമാത, സുഖ്‌യ, അൽജനാഹ്, ഉമ്മുനഖ്‌ല, അൽഖറായിൻ എന്നിവ അടക്കം ഏഴു കിണറുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗവും പാറയിൽ കുഴിച്ചവയാണ്. ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളമാണ് ഈ കിണറുകൾ. കിഴക്കു ഭാഗത്തൊഴികെ ഹുമയുടെ മറ്റു ഭാഗങ്ങളെല്ലാം ഗുഹകളാലും പർവതങ്ങളാലും ചുറ്റപ്പെട്ടതാണ്. ഈ ഗുഹകളിലും പർവതങ്ങളിലും എമ്പാടും ശിലാ ലിഖിതങ്ങളും ചിത്രങ്ങളുമുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളാണ് ഇവിടെയുള്ളത്. ഹുമയിലെ കിണറുകൾക്കു ചുറ്റും 34 പുരാവസ്തു കേന്ദ്രങ്ങളും അടയാളങ്ങളുമുണ്ട്. വീടുകളുടെയും നിർമിതികളുടെയും അവശിഷ്ടങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ആയിരക്കണക്കിന് വർഷം മുമ്പ് നിർമിച്ച ഹുമയിലെ കിണറുകളിൽ ഇന്നും ഉപയോഗയോഗ്യമായ വെള്ളമുണ്ട്. 
നജ്‌റാനിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണ് ഹുമയെന്ന് നജ്‌റാൻ ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സ്വാലിഹ് മുഹമ്മദ് ആലുമുരീഹ് പറഞ്ഞു. സൗദിയിലെ ടൂറിസം, പുരാവസ്തു മാപ്പിൽ ഹുമക്ക് വലിയ പ്രധാന്യമുണ്ട്. പുരാതന കാലത്ത് സാർഥവാഹക സംഘങ്ങളുടെ കേന്ദ്രമായിരുന്ന ഹുമ പുരാതന നാഗരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. സൗദിക്കകത്തു നിന്നും വിദേശത്തു നിന്നും നിരവധി പേർ ഹുമയിലെ കിണറുകൾ സന്ദർശിക്കുന്നുണ്ട്. ഹുമയിലെ കിണറുകളും ശിലാ ലിഖിതങ്ങളും ചിത്രങ്ങളും കാണുന്നതിനും പഠിക്കുന്നതിനും പുരാവസ്തു വിദഗ്ധരും ഗവേഷക സംഘങ്ങളും വിദേശങ്ങളിൽ നിന്ന് എത്തുന്നുണ്ട്. 


ഹുമയിൽ ചില പുരാവസ്തു കേന്ദ്രങ്ങളിൽ ഇരുപതിലേറെ ശിലാ ലിഖിതങ്ങളും ചിത്രങ്ങളുമുണ്ട്. ഹുമയിലെ പുരാവസ്തുക്കളെ കുറിച്ച് നിരവധി പഠനങ്ങൾ സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് നടത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സേവനങ്ങൾ ടൂറിസം, ദേശീയ പൈതൃക വകുപ്പ് നൽകുന്നുണ്ട്. സന്ദർശകരെയും ഗവേഷകരെയും സ്വീകരിക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും പ്രദേശത്ത് സെക്യൂരിറ്റി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സ്വാലിഹ് മുഹമ്മദ് ആലുമുരീഹ് പറഞ്ഞു. 


വാദി നജ്‌റാന്റെ തെക്കേകരയിലെ അൽഖാബിൽ ഗ്രാമത്തിലെ പുരാതന അൽഉഖ്ദൂദ് നഗരത്തിന്റെ അവശിഷ്ടങ്ങളാണ് നജ്‌റാനിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു. നജ്‌റാനിൽനിന്ന് 25 കിലോമീറ്റർ ദൂരെയാണ് അൽഉഖ്ദൂദ്. അൽഉഖ്ദൂദ് നഗരത്തെ കുറിച്ച് വിശുദ്ധ ഖുർആനിൽ പരാമർശം വന്നിട്ടുണ്ട്. 235 മീറ്റർ നീളവും 220 മീറ്റർ വീതിയുമുള്ള ചുറ്റുമതിലിനാൽ വലയം ചെയ്യപ്പെട്ട നഗരകേന്ദ്രമാണ് അൽഉഖ്ദൂദിലെ പ്രധാന സ്ഥലം. കൊത്തിയെടുത്ത കല്ലുകൾ ഉപയോഗിച്ച് രണ്ടു മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ ഏറെ ശ്രദ്ധയോടെയാണ് ഇവിടുത്തെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ബി.സി 600 -ാം വർഷം മുതൽ എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്ന നാഗരികതയുടെ യുഗമാണ് ഈ കോട്ട സൂചിപ്പിക്കുന്നത്. കോട്ടക്ക് പുറത്ത് കല്ലുകളും മണ്ണും ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും കാണുന്നതിന് സാധിക്കും. 


അബസ്സൗദ് ഡിസ്ട്രിക്ടിൽ ഹിജ്‌റ 1363 ൽ നിർമിച്ച, 65 മുറികളോടു കൂടിയ ഗവർണറേറ്റ് കൊട്ടാരം, ഹിജ്‌റ 1100 ൽ, അൽആൻ പർവതത്തിൽ നിർമിച്ച അൽആൻ കൊട്ടാരം, അൽഹദ്ൻ ഗ്രാമത്തിന് മധ്യത്തിലെ റഊം പർവതത്തിൽ നിർമിച്ച റഊം കോട്ട എന്നിവയെല്ലാം നജ്‌റാനിലെ പ്രധാന പുരാവസ്തുക്കളാണ്. അഞ്ചു കിലോമീറ്റർ വിസ്തൃതിയുള്ള അൽഉഖ്ദൂദ് ഗ്രാമം രണ്ടായിരത്തിലധികം വർഷം മുമ്പ് ജീവിച്ച മനുഷ്യരുടെ കഥയാണ് പറയുന്നത്. നിരവധി ശിലാ ചിത്രങ്ങൾ ഇവിടെ കാണുന്നതിന് സാധിക്കും. യഹൂദ രാജാവ് ഭീമാകാരമായ കിടങ്ങ് കുഴിച്ച് വിറക് നിറച്ച് ആളിക്കത്തിച്ച് ക്രിസ്തുമത വിശ്വാസികളെ കൂട്ടത്തോടെ ചുട്ടുകൊന്നത് ഇവിടെയായിരുന്നെന്ന് ചരിത്രം പറയുന്നു. പുരാതന കാലത്ത് ധാന്യങ്ങൾ പൊടിക്കുന്നതിന് ഉപയോഗിച്ചിരുന്ന, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന മില്ലുകളുടെ അവശിഷ്ടങ്ങളും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. നജ്‌റാനിലെ മാത്രമല്ല, മേഖലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു അടയാളമാണ് അൽഉഖ്ദൂദ് എന്ന് നജ്‌റാൻ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശാഖാ മേധാവി സ്വാലിഹ് ആലുമുരീഹ് പറഞ്ഞു. സൗദിയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന പൈതൃക, ചരിത്ര കേന്ദ്രങ്ങളിൽ ഒന്നാണിത്. 

 

Latest News