Sorry, you need to enable JavaScript to visit this website.

കറുപ്പിനഴക്... വെളുപ്പിനഴക് 

കേരളത്തിന്റെ പതിവുരീതികൾ തെറ്റിക്കുകയാണോ? ഇതാദ്യമായി അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ഒരു മുന്നണിയ്ക്ക് ഭരണത്തുടർച്ചയുടെ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്.  ഇതുവരെ പത്ത് സർവ്വേകൾ ആണ് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം പ്രവചിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോർ ന്യൂസ്, എബിപി ന്യൂസ് ലോക് പോൾ എന്നിവയുടെ രണ്ട് പ്രീ പോൾ സർവ്വേ ഫലങ്ങളും സ്‌പൈക്ക് മീഡിയ, ടൈംസ് നൗ എന്നിവയുടെ ഓരോ പ്രീ പോൾ സർവ്വേ ഫലങ്ങളും ആണ് പുറത്ത് വന്നത്. 2020 ജൂലൈ 4നാണ്  ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ പ്രീ പോൾ സർവ്വേ വരുന്നത്. അതിൽ എൽഡിഎഫിന് 77 മുതൽ 83 വരെ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും. എൻഡിഎ മുന്നണിയ്ക്ക് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ ആയിരുന്നു പ്രവചനം. 
തെരഞ്ഞെടുപ്പിന് ഏറെ മുമ്പ്  നടത്തിയ ഈ സർവ്വേ, സിപിഎമ്മിന്റെ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസും സി വോട്ടറും ചേർന്ന് നടത്തിയ രണ്ടാമത്തെ സർവ്വേ ഫലം പുറത്ത് വിട്ടത് 2021 ഫെബ്രുവരി 21 ന് ആയിരുന്നു. ഇത് പ്രകാരം എൽഡിഎഫിന് 72 മുതൽ 78 സീറ്റുകൾ വരെ ലഭിക്കും. കഴിഞ്ഞ സർവ്വേയിലേക്കാൾ എൽഡിഎഫിന്റെ സീറ്റുകൾ കുറഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. യുഡിഎഫ് 59 മുതൽ 65 വരെ സീറ്റുകൾ നേടുമെന്നായിരുന്നു രണ്ടാം സർവ്വേയിലെ പ്രവചനം. എൻഡിഎ മുന്നണിയെ കുറിച്ചുള്ള പ്രവചനത്തിൽ മാറ്റമുണ്ടായിരുന്നില്ല.  ട്വന്റിഫോർ ന്യൂസ് പോൾ ട്രാക്കറിന്റെ ആദ്യ സർവ്വേ പുറത്ത് വരുന്നത് 2021 ഫെബ്രുവരി 21 ന് ആയിരുന്നു. എൽഡിഎഫിന് 68 മുതൽ 78 വരെ സീറ്റുകൾ ആയിരുന്നു പ്രവചിച്ചത്. യുഡിഎഫിന് 62 മുതൽ 72 വരെ സീറ്റുകളും. എൻഡിഎയ്ക്ക് പരമാവധി രണ്ട് സീറ്റുകളും. തൂക്ക് സഭയ്ക്കുള്ള സാധ്യതകളായിരുന്നു ആദ്യ സർവ്വേയുടെ ആകെ തുക. സർവ്വേ ഫലം പുറത്ത് വിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അടുത്ത സർവ്വേ ഫലവും ട്വന്റിഫോർ ന്യൂസ് പുറത്ത് വിട്ടു. ആദ്യ സർവ്വേയിൽ തൂക്ക് സഭയെന്നായിരുന്നു പ്രവചനമെങ്കിൽ രണ്ടാം സർവ്വേയിൽ അത് എൽഡിഎഫ് ഭരണത്തുടർച്ച എന്നായി. എൽഡിഎഫിന് 72 മുതൽ 78 വരെ സീറ്റുകളാണ് പ്രവചിച്ചത്. യുഡിഎഫിന് 63 മുതൽ 69 വരേയും. എൻഡിഎയ്ക്ക് ഒന്ന് മുതൽ രണ്ട് സീറ്റ് വരെ ആയിരുന്നു പ്രവചനം.   2021 ജനുവരി 18 ന് ആണ് ആദ്യ എബിപി ന്യൂസ് സി വോട്ടർ സർവ്വേ പുറത്ത് വരുന്നത്. ഇത് പ്രകാരം എൽഡിഎഫിന് 81 മുതൽ 89 വരെ സീറ്റുകൾ ലഭിക്കും. യുഡിഎഫിന് 41 മുതൽ 47 വരേയും. എൻഡിഎയ്ക്ക് പൂജ്യം മുതൽ രണ്ട് സീറ്റ് വരേയും. 2021 ഫെബ്രുവരി 21 ന് പുറത്ത് വിട്ട സർവ്വേ പ്രകാരം എൽഡിഎഫ് നില മെച്ചപ്പെടുത്തും. 83 മുതൽ 91 സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 47 മുതൽ 55 വരെ സീറ്റുകൾ. എൻഡിഎ പൂജ്യം മുതൽ 2 സീറ്റ് വരെ. ലോക് പോൾ പുറത്ത് വിട്ട രണ്ട് പ്രീപോൾ സർവ്വേകളിലും എൽഡിഎഫിന് തന്നെയാണ് ഭരണത്തുടർച്ച. 2021 ജനുവരി 6 ന് പുറത്ത് വിട്ട സർവ്വേ ഫലം പ്രകാരം എൽഡിഎഫിന് 73 മുതൽ 83 വരെ സീറ്റുകൾ ലഭിക്കും. യുഡിഎഫിന് 62 മുതൽ 67 വരെ സീറ്റുകളും എൻഡിഎയ്ക്ക് പരമാവധി ഒരു സീറ്റും സർവ്വേ പ്രവചിക്കുന്നു. ഫെബ്രുവരി 25 ന് പുറത്ത് വിട്ട രണ്ടാം സർവ്വേയിൽ എൽഡിഎഫിന് പ്രവചിക്കുന്നത് 75 മുതൽ 80 സീറ്റുകൾ വരെയാണ്. യുഡിഎഫിന് 60 മുതൽ 65 സീറ്റുകൾ വരേയും എൻഡിഎയ്ക്ക് പരമാവധി ഒരു സീറ്റും.  2021 ഫെബ്രുവരി 21 ന് പുറത്ത് വന്ന സ്‌പൈക്ക് മീഡിയ സർവ്വേ പ്രവചിക്കുന്നതും എൽഡിഎഫ് തുടർഭരണമാണ്. എൽഡിഎഫിന് 85 സീറ്റുകളും യുഡിഎഫിന് 53 സീറ്റുകളും ആണ് പ്രവചിക്കുന്നത്. എൻഡിഎ മുന്നണിയ്ക്ക് രണ്ട്  സീറ്റുകൾ ലഭിക്കുമെന്നും സ്‌പൈക്ക് മീഡിയ സർവ്വേ പ്രവചിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ പുറത്ത് വന്നത് ടൈംസ് നൗ സി വോട്ടർ പ്രീ പോൾ സർവ്വേ ആണ്. 82 സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 56 ൽ ഒതുങ്ങും. എൻഡിഎയ്ക്ക് പരമാവധി ഒരു സീറ്റ് മാത്രമാണ് ടൈംസ് നൗ പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്. കേരളത്തിലെ യഥാർഥ ജനവിധി അറിയാൻ മെയ് ആദ്യവാരം വരെ കാത്തിരിക്കുകയേ നിർവാഹമുള്ളു. 

***    ***    ***

ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായിഡുവും കർണാടകയിൽ എസ്.എം കൃഷ്ണയും മുഖ്യമന്ത്രിയായിരുന്ന കാലം. ഇന്ത്യയുടെ ഐ.ടി ഹബ് ഏത് തലസ്ഥാന നഗരയിലാവുമെന്ന കാര്യത്തിൽ ഇരു നഗരങ്ങളും തമ്മിൽ മത്സരമായിരുന്നു. ഹൈദരാബാദും ബംഗളുരുവും മത്സരിച്ച നാളുകളായിരുന്നു അത്. അതെല്ലാം കാണുമ്പോൾ നമുക്കെപ്പോഴാണ് ഇതു പോലൊരു ജനപ്രതിനിധിയെ കിട്ടുക എന്ന് വിചാരിച്ചിരുന്നു. ദീർഘവീക്ഷണവും വികസന സങ്കൽപവുമുള്ള ജനനായകൻ. അതെ എല്ലാറ്റിനും ഉത്തരമായി, കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ നിലമ്പൂർ എം.എൽ.എ പ്രതീക്ഷയ്ക്ക് വക നൽകുന്നു. ആഫ്രിക്കൻ രാജ്യമായ സിയാറ ലയണിൽ വൻ സാധ്യതകൾ തിരിച്ചറിഞ്ഞ് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് കിട്ടിയ ഫ്‌ളൈറ്റിൽ കൊറോണ കൂട്ടത്തോടെ മുംബൈയ്ക്കും ദൽഹിയ്ക്കും പറന്നു. ജനകോടികളുടെ പടത്തലവനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഫാൻസ് ആനയിച്ചത്. അതു കഴിഞ്ഞ് 24 ചാനലിൽ ഡോ: അരുണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇത് ഒരു ഒന്നൊന്നര ഇന്റർവ്യൂ ആയിരുന്നു. റിപ്പോർട്ടർ ചാനലിൽ എം.എൽ.എ നയം വ്യക്തമാക്കുകയും ചെയ്തു.  
ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാധ്യമങ്ങളെല്ലാം കൂടി വളഞ്ഞിട്ട് ആക്രമിച്ചിട്ടേ ഉള്ളൂയെന്നും അതിനെയെല്ലാം താൻ അതിജീവിച്ചിട്ടുണ്ടെന്നും പി.വി അൻവർ വ്യക്തമാക്കി. മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകൾക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവർ ഉണ്ടാകും. തൽക്കാലം പി.വി അൻവറിന് അതിന് മനസ്സില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത്രയും നാൾ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ. അവരെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാറുണ്ട്. അവരെനിക്കൊപ്പമുണ്ട്. അതിനപ്പുറം, ഒരു മാധ്യമ ജഡ്ജിമാർക്കും ഒരു രോമത്തിന്റെ വില പോലും കൽപ്പിക്കുന്നുമില്ല 'അദ്ദാണ്' കാര്യം. 

***    ***    ***

വിവാദ വെളിപ്പെടുത്തലുകളുമായി ഹാരിയുടെയും മേഗന്റെയും അഭിമുഖം സംപ്രേഷണം ചെയ്തു. ഒപ്രാ വിൻഫ്രേയ്ക്ക് മുന്നിൽ കരഞ്ഞ് കൊണ്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തിൽ തനിക്ക് നേരിട്ട അനുഭവങ്ങളെ കുറിച്ച് മേഗൻ വെളിപ്പെടുത്തിയത്. ഗർഭം ധരിച്ചിരിക്കുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയെന്നും, ഇനി ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹാരിയോട് പറഞ്ഞതായും സിബിഎസ് അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തി. ഹാരിയായിരുന്നു തന്നെ അന്ന് പരിപാലിച്ചിരുന്നത്. രാജകുടുംബത്തിൽ നിലനിൽക്കുന്ന വംശീയമായ ചിന്തകളെ കുറിച്ചും മെഗാൻ സംസാരിച്ചു. ഹാരിയുമായുള്ള വിവാഹത്തിന് മുൻപ് ഫഌവർ ഗേൾസിന്റെ വസ്ത്രം സംബന്ധിച്ചുള്ള തർക്കത്തിന്റെ പേരിൽ കെയ്റ്റ് മിഡിൽടൺ തന്നെ കരയിച്ചെന്നും മേഗൻ വെളിപ്പെടുത്തി. ജീവിതം മതിയായെന്ന് തോന്നിയ സമയമായിരുന്നു അത്. 
ആർച്ചി പിറക്കുന്നതിന് മുൻപ് കുഞ്ഞിന്റെ തൊലി എത്രത്തോളം കറുത്തിരിക്കുമെന്നാണ് രാജകുടുംബം ആശങ്കപ്പെട്ടതെന്നും അഭിമുഖത്തിൽ അവർ കുറ്റപ്പെടുത്തി. താൻ വിഭിന്ന വംശത്തിൽ നിന്നുള്ള മാതാപിതാക്കൾക്ക് പിറന്നതും, ഹാരി വെള്ളക്കാരനുമായതിനാൽ കുഞ്ഞിന്റെ നിറമായിരുന്നു ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതിന് പുറമെ അധികൃതർ ആർച്ചിയ്ക്ക് രാജകുമാരൻ പദവി നിഷേധിച്ചത് വേദനയായി.  24 മണിക്കൂർ സുരക്ഷ ഒരുക്കാനും ബക്കിംഗ്ഹാം കൊട്ടാരം പരാജയപ്പെട്ടെന്നും മേഗൻ പറയുന്നു. മനുഷ്യന്മാരെന്താ ഇങ്ങനെ? 

***    ***    ***

ട്വന്റി20 യിൽ ചേർന്ന നടൻ ശ്രീനിവാസനെ പരിഹസിച്ച് സി.പി.എം നേതാവ് പി.ജയരാജൻ. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവാസനെന്ന് ജയരാജൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസൻ. പഠിക്കുന്ന കാലത്ത് എബിവിപി പ്രവർത്തകനാണ് അദ്ദേഹം. പിൽകാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടി വിമൻ ഓൺ വീൽസിലാണ് ജയരാജന്റെ പ്രതികരണം. അതേ സമയം ശ്രീനിവാസന്റെ അഭിനയത്തിൽ തനിക്ക് നല്ല അഭിപ്രായമാണ്. അത് ആസ്വദിക്കാറുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ട്വന്റി20യേയും അദ്ദേഹം വിമർശിച്ചു. ട്വന്റി20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങൾക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു. ജയരാജന്റെ ആക്ഷേപങ്ങൾക്ക് ശ്രീനി മറുപടി നൽകിയിട്ടുണ്ട്. ബുദ്ധിയില്ലാത്ത കാലത്ത് എസ്.എഫ്.ഐക്കാരനായിരുന്നുവെന്നും വിവരം വെച്ചപ്പോൾ ആദ്യം കെ.എസ്.യുവും പിന്നീട് എ.ബി.വി.പിയുമായെന്നാണ് മറുപടി. 

***    ***    ***

സമൂഹത്തിൽ ഏറെ പിന്നിൽ നിൽക്കേണ്ട അവസ്ഥയാണ് ട്രാൻസ്‌ജെന്റർ വിഭാഗത്തിന്. ഇന്ത്യയിൽ ഈ വിഭാഗത്തിന് അർഹമായ സ്ഥാനം ലഭിക്കുന്നുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും ട്രാൻസ്‌ജെന്റർ വിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. എന്നാൽ ട്രാൻസ്‌ജെന്റർ വിഭാഗത്തിൽപ്പെട്ട വനിതയ്ക്ക് വാർത്ത അവതരിപ്പിക്കാൻ അവസരം നൽകി ചരിത്രപരമായ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ബംഗ്ലാദേശിലെ മാധ്യമം.
തഷ്ണുവ അനാൻ ശിശിർ എന്ന ട്രാൻസ്‌ജെന്റർ വനിതയ്ക്കാണ് സുവർണാവസരം ലഭിച്ചത്. മൂന്ന് മിനിറ്റ് നേരം ദൈർഘ്യമേറിയ വാർത്താവതരണമായിരുന്നു ശിശിറിന്റേത്. ശേഷം നിറകണ്ണുകളോടെ സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയ ശിശിർ നന്ദിയോടെ ചുറ്റുമുള്ളവരെ സ്മരിച്ചു. 29 കാരിയായ ശിശിറിന് നാളിതുവരെ അനുഭവിച്ചുപോന്ന വേദനകളിൽ നിന്നുളള മോചനം കൂടിയായിരുന്നു അത്.
ആൺകുട്ടിയായി ജനിച്ച ശിശിറിന് കൗമാരം മുതലാണ് ശാരീരിക മാറ്റങ്ങൾ ആരംഭിച്ചത്. അന്നുമുതൽ മാതാപിതാക്കളിൽനിന്നും കുടുംബങ്ങളിൽനിന്നും അവഗണനയും പരിഹാസവും മാത്രമായിരുന്നു ലഭിച്ചിരുന്നത്. പരിഹാസം താങ്ങാനാകാതെ നാല് പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ശിശിർ തന്നെ പറയുന്നു. അവഗണന അസഹനീയമായതിനെ തുടർന്ന് ശിശിർ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ധാക്കയിലേക്ക് നാടുവിട്ടു. ധാക്കയിലെത്തിയ ശിശിർ ഹോർമോൺ തെറാപ്പിയ്ക്ക് വിധേയയായി പൂർണ്ണമായും സ്ത്രീയായി മാറി. പിന്നീട് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചു. വലിയ പ്രതിസന്ധികൾ ഉണ്ടായിട്ടും പഠനം ഉപേക്ഷിക്കാൻ ശിശിർ തയ്യാറായില്ല. പൊതു ആരോഗ്യത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശിശിർ ബംഗ്ലാദേശിന്റെ ചരിത്രത്തിൽ മറ്റൊരു ഏടായി മാറി.

Latest News