വരയുടെ ലോകത്ത് പുതുവാഗ്ദാനം

അഭിനന്ദ് രതീഷ്
അഭിനന്ദ്, അഭിനവ്, അതുല്യ

ഇത് അഭിനന്ദ് രതീഷ്. മലപ്പുറം പൊന്മള പൂവാട് രതീഷിന്റേയും പ്രസീനയുടേയും മകൻ. പെൻസിൽ ഡ്രോയിംഗിന്റേയും കളർ പെയിന്റിംഗിന്റേയും ലോകത്ത് കഴിവ് തെളിയിച്ച മിടുക്കൻ. കേവലം കൗതുകത്തിനു വേണ്ടി വരച്ചു തുടങ്ങിയതാണ്. പിന്നെയാണ് രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അഭിനന്ദനവുമായി അഭിനന്ദിനെ പൊതിഞ്ഞത്.

 

ഇത് കൂടുതൽ ആവേശമായി. അങ്ങനെ നിരവധി ചിത്രങ്ങൾ, അവയുടെ മൗലികത ഒട്ടും ചോരാതെ വരയ്ക്കാൻ സാധിച്ചു. അവയിൽ പലതും ഉന്നത നിലവാരം പുലർത്തുന്ന രചനകളുമായി. പോർട്രെയിറ്റുകൾ വരയ്ക്കാനാണ് അഭിനന്ദിന് കൂടുതൽ താൽപര്യം. ഒപ്പം പ്രകൃതിയും ഗ്രാമനഗരങ്ങളുടെ കൊളാഷും വർണത്തിൽ ചാലിച്ചെടുത്തു. ചിത്രരചനാരംഗത്ത് കൂടുതൽ കാര്യങ്ങൾ പഠിക്കാനും കുറെ നല്ല ചിത്രങ്ങളുമായി, ഒരു പ്രദർശനം സംഘടിപ്പിക്കാനുമാണ് തന്റെ ആഗ്രഹമെന്ന് അഭിനന്ദ് പറയുന്നു.

പഠനത്തിലും മിടുക്കനായ അഭിനന്ദിന് ഉറച്ച പിന്തുണയുമായി രക്ഷിതാക്കൾക്കൊപ്പം ഇരട്ട സഹോദരൻ അഭിനവും അനിയത്തി അതുല്യയും മുത്തച്ഛൻ ബാലനും മുത്തശ്ശി ലക്ഷ്മിയും കൂടെയുണ്ട്. ഇവരുടെ പ്രോൽസാഹനം, അഭിനന്ദിന്റെ കലാവാസന പരിപോഷിപ്പിക്കുന്നതിൽ നല്ല ഘടകമായി പ്രവർത്തിക്കുന്നു. പാണക്കാട് എം.യു. എ.യു.പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിനന്ദ് രതീഷ്.   
 



 

Latest News