മായന്നൂരിലേക്ക് മടങ്ങുമ്പോൾ ഡോക്ടർ അമ്പിളിയുടെ മനസ്സ് സ്വസ്ഥമായിരുന്നില്ല. മകൾ ദിവ്യയെ മെഡിക്കൽ കോളേജിൽ പഠനത്തിന് ചേർത്ത് തിരിച്ചുള്ള യാത്രയാണ്. മകളെ അങ്ങനെ പിരിഞ്ഞു നിന്നിട്ടില്ല. ദിവ്യ നല്ല കുട്ടിയാണ്. കുരുത്തക്കേടിനൊന്നും പോകില്ലെന്ന് ഉറപ്പുണ്ട്. താനും അങ്ങനെ തന്നെയായിരുന്നല്ലൊ. പക്ഷെ ചില സൗഹൃദങ്ങളും അതിൽ നിന്ന് കിട്ടുന്ന ആവേശങ്ങളും പ്രചോദനങ്ങളും ഇഴ ചേരുമ്പോൾ ചെറിയ ഉഴപ്പും പിന്നെ റാഗിംഗ് ഉൾപ്പടെയുള്ള ക്രൂരമായ തമാശകളും ഉണ്ടാകും. ഏതായാലും പഴയ കാലത്തെ പോലെ ഇപ്പോൾ മെഡിക്കൽ കോളേജുകളിൽ വലിയ റാഗിംഗ് ഒന്നുമില്ലെന്നാണ് അറിവ്. ഗായത്രിപ്പുഴയും ഭാരതപ്പുഴയും ചീരക്കുഴി ഡാമും നൽകുന്ന പ്രകൃതി സൗന്ദര്യത്തിന്റെ മടിത്തട്ടിലാണ് മായന്നൂർ. ഹരിതാഭ കാഴ്കളുടെ മനോഹാരിത. ആ മനോഹാരിത എന്നും തന്നെ സന്തോഷവതിയാക്കിയിട്ടെയുള്ളു. പക്ഷെ ഇന്നെന്തോ മനസ്സിൽ വല്ലാത്ത ഭാരം.
ചില ദിവസങ്ങൾ ഇങ്ങനെയാണ്. ഒന്നിനോടും താൽപര്യം തോന്നില്ല. വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവ് വീഡിയോ കോൾ ചെയ്യുമ്പോൾ ഈ മൂഡോഫ് തിരിച്ചറിഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിക്കും. മുഖം മാറുന്നത് അദ്ദേഹത്തിന് പെട്ടെന്ന് മനസിലാകും. ഡോ. അമ്പിളി കണ്ണടച്ചു കിടന്നു. ഡ്രൈവർ ബാലേട്ടനെ വിശ്വസിക്കാം. മറ്റൊരാളാണ് ഡ്രൈവറെങ്കിൽ റോഡിലേക്ക് നോക്കിയിരിക്കും. ചില നിർദേശങ്ങളും കൊടുക്കും. ബാലേട്ടന് തീരെ സുഖമില്ലാതെ വരുമ്പോഴാണ് പുതിയ പയ്യന്മാർ പകരക്കാരായി എത്തുക. ബാലേട്ടന് ഇപ്പോൾ പ്രായമായി. പുതിയ ഒരാളെ നോക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയിട്ടും മാസങ്ങളാകുന്നു. പറ്റിയ ഒരാളെ കിട്ടുന്നില്ല. അച്ഛന്റെ കാലത്തുള്ള ഡ്രൈവറാണ്. വിശ്വസ്തൻ. അധികം സംസാരിക്കില്ല. കാഴ്ചക്ക് ഇപ്പോഴും തകരാറില്ല. പക്ഷെ പ്രായത്തിന്റെ ക്ഷീണമുണ്ട്. ദീർഘനേരം ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്. വരട്ടെ, ഒരാളെ കണ്ടെത്തണം. അല്ലെങ്കിൽ സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിലേക്ക് പോകണം. മടുപ്പിക്കുന്ന സംഗതിയാണ് ഡ്രൈവിംഗ്. മനുഷ്യരുടെ മനസ്സ് വായിക്കുന്ന മനഃശാസ്ത്ര വിദഗ്ധയായ തനിക്ക് വാഹനങ്ങളെ മെരുക്കാൻ സാധിക്കാതെ പോകുന്നതിനെ കുറിച്ച് ഭർത്താവ് തമാശ പറയാറുണ്ട്.
വീടെത്തി. ബാലേട്ടന്റെ ശബ്ദമാണ് മയക്കത്തിൽനിന്ന് ഉണർത്തിയത്.
കുളിച്ചു വന്ന് ചൂടുള്ള കാപ്പി കുടിച്ചപ്പോൾ ചെറിയ ഉൻമേഷം തോന്നി. ടി.വിയുടെ മുന്നിലിരുന്നു. ചാനലുകൾ മാറി മാറി നോക്കി. പരസ്യങ്ങളുടെ പ്രവാഹമാണ്. പരസ്യം തീർന്നിട്ടു വേണം വാർത്ത കാണാൻ. ന്യൂസ് ചാനലുകളിലാണ് താൽപര്യം. അന്തിച്ചർച്ചകൾ പക്ഷെ ഇപ്പോൾ തീരെ വിരസമാകുന്നു. രാഷ്ട്രീയം തന്നെയാണ് പ്രധാന ചർച്ച. വോട്ട് ചെയ്യുന്നത് മുടക്കാറില്ലെങ്കിലും രാഷ്ട്രീയത്തിൽ വലിയ താൽപര്യമില്ല. അതേ സമയം അരാഷ്ട്രീയ വാദിയുമല്ല. പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിൽ ഏതാനും മാസങ്ങൾ സജീവമായിരുന്നു. പിന്നെ മടുത്തു. പഠന കാലത്തിലൂടെ മനസ്സ് വീണ്ടും സഞ്ചരിച്ചു തുടങ്ങി. ദിവ്യയെ രണ്ട് പ്രാവശ്യം വിളിച്ചു. രണ്ടാമതു വിളിച്ചപ്പോൾ അവൾ പറഞ്ഞു, മമ്മി, ഞാൻ കൊച്ചു കുട്ടിയല്ല. ഇവിടെ നല്ല ഫ്രണ്ട്‌സൊക്കെയുണ്ട്. റൂം മെയിറ്റ് ഈസ് വെരി സ്മാർട്ട് ഗേൾ.
പിന്നെ വിളിച്ചില്ല. പുതു തലമുറയാണ്. എന്തെങ്കിലും ഇങ്ങോട്ടു അരുതാത്തതു പറഞ്ഞാൽ ആജീവനാന്തം വിഷമത്തിനു അതു മതിയാകും. അവർ അവരെ ശ്രദ്ധിക്കട്ടെയെന്ന് കരുതുന്നതാണ് നല്ലത്. താൻ പഠിക്കുന്ന കാലത്ത് ആഴ്ചയിൽ ഒരിക്കൽ കൃത്യമായി അച്ഛൻ വരുമായിരുന്നു. സുഖവിവരം അന്വേഷിച്ചു തിരിച്ചു പോകും. പതിവു തെറ്റിച്ച് അച്ഛന് ഒരിക്കൽ വരേണ്ടി വന്നു. പ്രിൻസിപ്പൽ വിളിച്ചു വരുത്തിയതാണ്. മകളും സംഘവും നടത്തിയ ക്രൂരമായ റാഗിംഗിന്റെ പേരിൽ. രശ്മിയെന്ന സുന്ദരിക്കുട്ടിയായിരുന്നു ഇര. ഇന്നും മനസ്സിൽ ആ സംഭവം മങ്ങാതെ നിൽക്കുന്നുണ്ട്. വല്ലാത്ത കുറ്റബോധവും. ഇരുൾ മൂടിപ്പോകുമെന്ന് കരുതുന്ന ചില ഓർമകൾ മങ്ങാതെ നിൽക്കും. ഒരു കാലപ്രവാഹത്തിനും അത് ഒഴുക്കിക്കളയാൻ സാധിക്കില്ല. അതങ്ങനെ പതിഞ്ഞു പോവുകയാണ്.
ഒരു ചരിത്രം പോലെ. അല്ലെങ്കിൽ ചരിത്രമായി തന്നെ അതു നില നിൽക്കുന്നു. രശ്മിയെ പിന്നെ കണ്ടിട്ടില്ല. നല്ല വട്ടമുഖമായിരുന്നു അവളുടേത്.
കണ്ണുകളിൽ നക്ഷത്രത്തിളക്കമായിരുന്നു. ചുരുണ്ട മുടി. എന്തു കൊണ്ടാണ് അവളെ തന്നെ തിരഞ്ഞെടുത്തതെന്ന് കൃത്യമായി പറയാനാവില്ല. സഹപാഠി അന്നാ മരിയയുടെ നിർബന്ധത്തിനു വഴങ്ങിയാണ് രശ്മിയെ ആദ്യം റാഗ് ചെയ്യുന്നത്. അന്നു തന്നെ ആ കുട്ടി മാനസികമായി തകർന്നിരുന്നു. അടുത്ത ദിവസം കോറിഡോറിൽ വെച്ച് കുത്തുവാക്കുകളുടെ ശരം എയ്തപ്പോൾ രശ്മി വീണ്ടും തളർന്നു. രണ്ടു ദിവസം കൂടി ഇതു തുടർന്നു. പിന്നീട് അവളെ കാണാതായി. വീട്ടിൽ പോയിട്ടുണ്ടാകുമെന്നും തിരിച്ചു വരുമെന്നും കരുതി. രശ്മി പിന്നീട് വന്നില്ല. അന്നാ മരിയയും അസ്മയും താനുമൊക്കെ എല്ലാ ദിവസവും ക്ലാസിൽ ചെന്ന് രശ്മിയെ അന്വേഷിക്കുന്ന സ്ഥിതിയിലെത്തി. രശ്മി വന്നില്ല. അവളുടെ തിരോധാനം മനസ്സിൽ അസ്വസ്ഥതയുടെ കനലായി എരിഞ്ഞു.
ഇന്നും അത് തുടരുകയാണ്. രശ്മി മാനസിക രോഗത്തിനു ചികിത്സയിലാണെന്ന് അറിഞ്ഞ ദിവസം ശരിക്കും തകർന്നു പോയി. പഠനത്തിന്റെ തിരക്കിനിടയിൽ രശ്മിയെ ഇടക്കിടെ ഓർമിച്ചു. സൈക്യാട്രിക്ക് പോകാൻ തന്നെ കാരണം രശ്മിയാണെന്ന് പറയാം. രോഗികളോട് ഏറ്റവും നന്നായി വിനയത്തോടെ പെരുമാറി. ജീവിതം തന്ന പാഠങ്ങൾ വലുതായിരുന്നു. വളരെ കാലത്തിനു ശേഷം അന്നാ മരിയ ഒരിക്കൽ വിളിച്ചപ്പോഴാണ് അറിയുന്നത് രശ്മി മനോരാഗാശുപത്രിയിൽ നിന്ന് ചാടിപ്പോയ വിവരം. വീട്ടുകാർ തിരഞ്ഞു മടുത്തിരിക്കുന്നുവത്രെ. ഏതെങ്കിലും തീവണ്ടിയിൽ കയറി എവിടേക്കെങ്കിലും പോയിരിക്കാനാണ് സാധ്യതയെന്ന് അസ്മയും പറഞ്ഞു. അതിനു ശേഷമാണ് ഭിക്ഷാടന സംഘങ്ങളിൽ ആ മുഖം തിരഞ്ഞു തുടങ്ങിയത്. കണ്ടെത്താനായില്ല. എന്നെങ്കിലും ഒരിക്കൽ കണ്ടെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. അങ്ങനെ കണ്ടു മുട്ടിയാൽ തന്നെ അവൾ തിരിച്ചറിയുമോ? പ്രതികരണം എന്തായിരിക്കും?
കോളിംഗ് ബെൽ ഓർമകളെ മുറിച്ചു. ഡോർ ലെൻസിലൂടെ നോക്കിയപ്പോൾ ബാലേട്ടനാണ്. മാർക്കറ്റിൽനിന്നുള്ള വരവാണ്. സർവെന്റിനെ വിളിച്ചു സാധനങ്ങൾ അകത്തു കൊണ്ടു വെക്കാൻ പറഞ്ഞു. ആ സമയത്തു വിളിച്ചത് അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖം വായിച്ചാൽ അറിയാം. സീരിയൽ നടക്കുന്ന സമയമാണ്. സ്റ്റോർ റൂമിനോട് ചേർന്നുള്ള അവളുടെ മുറിയിൽ ടി.വി വെച്ചു കൊടുത്തിട്ടുണ്ട്. വൈഫൈ യുമുണ്ട്. ഇതൊന്നുമില്ലെങ്കിൽ ഇക്കാലത്ത് സർവന്റിനെ കിട്ടൽ പ്രയാസം. അൽപം കഴിഞ്ഞപ്പോൾ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി. ബാലേട്ടൻ തന്നെയാണ്.
എന്താ ബാലേട്ടാ?
ഒരു സ്ത്രീ കാണണമെന്ന് പറഞ്ഞ് പോർച്ചിൽ ഇരിക്കുന്നുണ്ട്. തീരെ വൃത്തിയില്ല. സന്ധ്യാ സമയത്ത് വല്ല തട്ടിപ്പുകാരുമായിരിക്കും. ഇറക്കി വിടട്ടെ.
വേണ്ട. വരാൻ പറയു.
മണത്തിട്ടു വയ്യ. ഈ മുറിയിലേക്കൊന്നും കയറ്റണ്ട.
സാരമില്ല, വന്നോട്ടെ, എനിക്ക് അവരെ കാണണം.
ഒരു പക്ഷെ അത്? പ്രൂഫ് ഓവർ






