റിയാദ് - ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ഇതുവരെ 89 ലക്ഷത്തിലേറെ ഡോസ് കൊറോണ വാക്‌സിന്‍ വിതരണം ചെയ്തതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഗള്‍ഫില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ സൗദിയിലാണ്. സൗദിയില്‍ രോഗമുക്തി നിരക്ക് 97.5 ശതമാനമാണ്.
കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ആകെ 14,54,825 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 13,80,393 പേര്‍ രോഗമുക്തി നേടി. 11,433 പേര്‍ മരണപ്പെട്ടു. ഇതുവരെ 89,63,103 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രോഗമുക്തി നിരക്കില്‍ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. ഇവിടെ രോഗമുക്തി നിരക്ക് 95.1 ശതമാനമാണ്. ബഹ്‌റൈനില്‍ 94.8 ശതമാനവും ഖത്തറിലും ഒമാനിലും 93.1 ശതമാനം വീതവും കുവൈത്തില്‍ 92.4 ശതമാനവുമാണ് കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് എന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറഞ്ഞു.







 
  
 