അബുദാബി- യുഎഇയുടെ 46-ാം ദേശീയദിനം വിപുലമായ പരിപാടികളോടെ വിവിധ എമിറേറ്റുകളില്‍ ആഘോഷിച്ചു. സ്വദേശികളോടൊപ്പം മലയാളികളടക്കമുള്ള വിദേശികളും ആഘോഷ പരിപാടികളില്‍ പങ്കാളികളായി. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉംഅല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലെ ബീച്ചുകളും പാര്‍ക്കുകളും ഷോപ്പിങ് മാളുകളുമെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആഘോഷ നിറവിലായിരുന്നു.
പ്രാദേശിക ഹെറിറ്റേജ് വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഔദ്യോഗി ആഘോഷ പരിപാടികള്‍. അബുദാബിയിലെ ആഘോഷത്തില്‍ ഭരണാധികളും സംബന്ധിച്ചു. വിവിധ എമിറേറ്റുകളില്‍ കരിമരുന്നു പ്രയോഗവും സംഗീത കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി. അന്തരിച്ച രാഷ്ട്ര നേതാക്കളുടേയും ഭരണാധികാരികളുടെ ചിത്രങ്ങളുമേന്തി നടന്ന ഘോഷയാത്രകളില്‍ വിദേശികളും അണിനിരന്നു.
അബുദാബി കോര്‍ണിഷിലെത്തിയ പതിനായിരങ്ങള്‍ക്ക് 20 മിനിറ്റിലധികം നീണ്ട കരിമരുന്നു പ്രയോഗം അവിസ്മരണീയമായി. സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അബുദാബി എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ കരിമരുന്നു പ്രയോഗവും നൃത്ത സംഗീത പരിപാടികളും സംഘടിപ്പിച്ചു.
യുഎഇയിലെ സൗദി വിദ്യാര്‍ഥികളും യുഎഇ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു. സൗദി കള്‍ച്ചറല്‍ മിഷന്‍ യുഎഇയുടെ ആഭിമുഖ്യത്തില്‍ ദുബായ് നഗര വീഥികളില്‍ വിദ്യാര്‍ഥികളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ യുഎഇ-സൗദി അറേബ്യ പതാകകള്‍ വഹിച്ചുകൊണ്ടാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ഇരു രാജ്യങ്ങളുടെയും സാഹോദര്യവും സ്നേഹവും ഉഭയകക്ഷി ബന്ധങ്ങളും എല്ലാ തലങ്ങളിലും ശക്തമാണെന്ന് വിളംബരം ചെയ്യുന്നതായിരുന്നു യുഎഇ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ ഘോഷയാത്ര.