Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജോലി മാറാം, സ്‌പോണ്‍സര്‍ മാറാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിയാദ് - നാളെ മുതല്‍ തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പായി വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ സാധിക്കുമെങ്കിലും തൊഴില്‍ കരാറില്‍ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാകും. കൂടാതെ ഇങ്ങിനെ തൊഴില്‍ മാറുന്നതിന് 90 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നാലു മാസം മുമ്പാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്
തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു ജോലിയിലേക്ക് മാറാന്‍ തൊഴിലാളികള്‍ക്ക് സാധിക്കും. 90 ദിവസ നോട്ടീസ് കാലം പാലിക്കല്‍, നഷ്ടപരിഹാരം നല്‍കല്‍ എന്നിവക്ക് അനുസൃതമായി തൊഴില്‍ കരാര്‍ കാലാവധിക്കിടെ തൊഴില്‍ മാറാനും വിദേശ തൊഴിലാളികള്‍ക്ക് സാധിക്കും. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. കരാര്‍ കാലാവധിക്കിടെ തൊഴില്‍ മാറുന്നതിന് 90 ദിവസ നോട്ടീസ് കാലവും നഷ്ടപരിഹാര വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ തൊഴില്‍ നിയമം ലംഘിക്കാനും പാടില്ല.

കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമാണെങ്കില്‍ തൊഴില്‍ മാറ്റത്തിന് നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കില്ല. ആദ്യ കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമുണ്ടാക്കുന്ന രണ്ടാമത്തെ തൊഴില്‍ കരാറിലും പിന്നീടുള്ള കരാറുകളിലും ആദ്യ വര്‍ഷം തന്നെ തൊഴില്‍ മാറ്റത്തിന് തൊഴിലാളിക്ക് അവകാശമുണ്ടാകും. തൊഴില്‍ മാറ്റത്തിനുള്ള തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും യോഗ്യതാ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് തൊഴില്‍ മാറ്റം അനുവദിക്കുക.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ഖിവാ' പോര്‍ട്ടല്‍ വഴിയാണ് വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ പുതിയ സ്ഥാപനം നല്‍കേണ്ടത്. തൊഴില്‍ മാറ്റത്തിനുള്ള ആഗ്രഹം സ്ഥിരീകരിക്കുന്നതിനും 'ഖിവാ' പോര്‍ട്ടല്‍ വഴി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളിക്ക് എസ്.എം.എസ് അയക്കും. ഇതിനു ശേഷം തൊഴില്‍ മാറ്റ അനുമതി അറിയിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും മന്ത്രാലയം വിവരം നല്‍കും.

 

Latest News