Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴിൽ പരിഷ്‌കാരങ്ങൾ നാളെ മുതൽ, വിശദാംശങ്ങൾ അറിയാം

സ്‌പോൺസർ നിയന്ത്രണം കുറയും, വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം


കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ തൊഴിലിലേക്ക് മാറാം


തൊഴിലാളികൾക്ക് സ്വന്തം നിലയിൽ റീഎൻട്രി, എക്‌സിറ്റ് അടിക്കാം

റിയാദ് - സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് വിദേശികൾ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന തൊഴിൽ പരിഷ്‌കാരങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം വകവെച്ചു നൽകുന്ന പുതിയ പരിഷ്‌കാരങ്ങൾ ദശകങ്ങളായി പ്രാബല്യത്തിലുള്ള സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിൽ വലിയ പൊളിച്ചെഴുത്ത് നടത്തും. തൊഴിലാളികൾക്കു മേൽ തൊഴിലുടമകൾക്കുള്ള നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും പുതിയ പരിഷ്‌കാരങ്ങൾ ഇല്ലാതാക്കും. ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രാദേശിക തൊഴിൽ വിപണി പരിഷ്‌കരിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും ഉന്നമിട്ട് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളിലൂടെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു. 
തൊഴിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു ജോലിയിലേക്ക് മാറാൻ നാളെ മുതൽ വിദേശ തൊഴിലാളികൾക്ക് സാധിക്കും. നോട്ടീസ് കാലം പാലിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ പാലിച്ച് തൊഴിൽ കരാർ കാലാവധിക്കിടെ തൊഴിൽ മാറാനും വിദേശ തൊഴിലാളികൾക്ക് അവസരമുണ്ടാകും. 
തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ സ്വന്തം നിലക്ക് റീ-എൻട്രി വിസ നേടാനും വിദേശികൾക്ക് സാധിക്കും. ഇപ്രകാരം വിദേശ തൊഴിലാളികൾ റീ-എൻട്രിക്ക് അപേക്ഷിക്കുമ്പോൾ ഇലക്‌ട്രോണിക് രീതിയിൽ തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കും. തൊഴിൽ കരാർ കാലാവധി അവസാനിച്ചാലുടൻ തൊഴിലുടമയുടെ അനുമതി കൂടാതെ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാനും നാളെ മുതൽ വിദേശികൾക്ക് സാധിക്കും. ഇങ്ങനെ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് അനുവദിക്കുന്നതിനെ കുറിച്ചും തൊഴിലുടമയെ ഇലക്‌ട്രോണിക് രീതിയിൽ അറിയിക്കും. 
തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി കരാർ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാനും വിദേശ തൊഴിലാളികൾക്ക് സാധിക്കും. എന്നാൽ ഇപ്രകാരം കരാർ റദ്ദാക്കുമ്പോൾ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനാണ്. 
പുതിയ പരിഷ്‌കാരങ്ങൾ നിലവിൽവന്നാലും തൊഴിൽ മാറ്റ ഫീസ് ഉയർത്തില്ലെന്ന് മാനവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ളതല്ലാത്ത പുതിയ ഫീസുകളൊന്നും നാളെ മുതൽ നടപ്പാക്കില്ല. നിലവിൽ ആദ്യ തവണ തൊഴിൽ (സ്‌പോൺസർഷിപ്പ്) മാറുന്നതിന് 2,000 റിയാലും, രണ്ടാം തവണ 4,000 റിയാലും, മൂന്നാം തവണ 6,000 റിയാലുമാണ് ഫീസ്. ഇതു തന്നെയാകും നാളെ മുതലും പ്രാബല്യത്തിലുണ്ടാവുക. പുതിയ ആനുകൂല്യങ്ങളും അവകാശങ്ങളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശ തൊഴിലാളികൾക്കും ലഭിക്കുമെന്ന് മാനവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഹൗസ് ഡ്രൈവർ, വേലക്കാരി, ഇടയൻ, തോട്ടം ജോലിക്കാരൻ, ഹാരിസ് എന്നീ പ്രൊഫഷനുകളിലുള്ളവർക്ക് പുതിയ പരിഷ്‌കാരങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. 

Latest News