സൗദിയില്‍ പുതിയ നിയമങ്ങളുടെ നേട്ടം സ്വദേശികള്‍ക്കെന്ന് മുന്‍ ലേബര്‍ കമ്മിറ്റി മേധാവി

റിയാദ്- സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ സ്വദേശികള്‍ക്ക് ഗുണമാകുമെന്ന് ദേശീയ ലേബര്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും ലേബര്‍ കൗണ്‍സിലറുമായ നിദാല്‍ രിദ്‌വാന്‍.
ഭൂരിഭാഗം തൊഴിലുടമകളും വിദേശ തൊഴിലാളികള്‍ക്കാണ് കാലങ്ങളായി മുന്‍ഗണന നല്‍കുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ ഇതില്‍ മാറ്റം വരുത്തും. ഇത് സ്വദേശികള്‍ക്ക് ഗുണകരമാകും. പുതിയ വ്യവസ്ഥകള്‍ തൊഴില്‍ നിയമനത്തില്‍ നീതിപൂര്‍വമായ മത്സരം സൃഷ്ടിക്കുന്നതിലേക്ക് നയിക്കും. ഇത് നിലവില്‍ വരുന്നതോടെ യോഗ്യതയും പരിചയസമ്പത്തും വേതനം അടക്കമുള്ള ചെലവുകളുമാകും തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ അവലംബിക്കുന്ന പ്രധാന ഘടകങ്ങള്‍.


ഇത് യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സഹായിക്കുകയും തൊഴില്‍ വിപണിക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും ഗുണകരമാവുകയും ചെയ്യും. തൊഴില്‍ വിപണിയിലെ തകരാറുകള്‍ പരിഹരിക്കാനും പുതിയ പരിഷ്‌കാരങ്ങള്‍ സഹായകമാകുമെന്ന് നിദാല്‍ രിദ്‌വാന്‍ പറഞ്ഞു.
 
മനുഷ്യാവകാശങ്ങളുമായും സൗദി അറേബ്യ ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളുമായും സൗദി പൗരന്മാരുടെ താല്‍പര്യങ്ങളുമായും പൊരുത്തപ്പെട്ടു പോകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ദീര്‍ഘ കാലമായി പ്രതീക്ഷിച്ചതാണെന്ന് പറഞ്ഞു.

വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്നതോടെ തൊഴിലുടമകളുടെ അവകാശങ്ങള്‍ പ്രത്യേകം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായികളും വിദഗ്ധരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

Latest News