Sorry, you need to enable JavaScript to visit this website.

മധുരമീ ജീവിതം ചെറുതാണെന്നാകിലും...

എത്ര സുന്ദരമാണ് നാം ജീവിക്കുന്ന ലോകം? നമ്മുടെ തൊടിയിലൂടെ ഒന്ന് നടന്നു നോക്കിയാലോ?എന്തൊക്കെ കാഴ്ചകളാണ് ചുറ്റിലും? നാം സഞ്ചരിക്കുന്ന വഴികളിൽ നിറയെ നമ്മെ ആനന്ദിപ്പിക്കാൻ, നമുക്ക് ഉൾ വെളിച്ചം നൽകാൻ ഓരോ രംഗവും അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കണ്ണുംകാതും തുറന്നുവെച്ചാൽ നമ്മെ ആനന്ദിപ്പിക്കുന്നഎന്തോരം കാര്യങ്ങളാണ്ചുറ്റിലും. ഇടയ്ക്ക് മുകളിലേക്ക് കണ്ണോടിച്ച് നോക്കൂ. വിസ്മയ കാഴ്ചകളുമായി രാപകലുകളിൽ ആകാശം നമുക്ക് ഉൾക്കാഴ്ചകൾ പകരും. 
പ്രഭാതത്തിലെ പ്രപഞ്ചം കവിതപോലെ സുന്ദരം. കിളിയൊച്ചകൾ. കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന സൂര്യൻ ചെങ്കതിർ ചൂടി തികച്ചുംപുതിയ ദിനത്തിന്റെ വരവറിയിച്ച് ചുറ്റിലുമുള്ള ചില്ലകളിൽ വർണ്ണ ചിത്രങ്ങൾ വരച്ചിടും. പുൽനാമ്പുകളിൽ മഞ്ഞ് കണങ്ങൾ ആ പ്രൗഢഗംഭീരമായ വരവിൽ തിളങ്ങി വിളങ്ങും. വിടരാൻ കൊതിക്കുന്ന പൂമൊട്ടുകൾ സൂര്യ പ്രഭയിൽ കിണുങ്ങും. ഇളം കാറ്റ് താളത്തിൽ ചൂളമിടും. തരു ലതാദികൾ നൃത്തം ചവിട്ടും. പൂമ്പാറ്റകൾ പേലവമാർന്ന ചിറകുകളനക്കി പൂക്കളിൽനിന്ന് പൂക്കളിലേക്ക് വർണ്ണശബളമായി പാറി പറക്കും. 


സായാഹ്നമാവുമ്പോഴേക്കും പോക്ക് വെയിൽ വീണ് മണ്ണും മനസ്സും സ്വർണ്ണ നിറമാവും. വിവിധ ഋതുഭേദങ്ങളിലേയും ഭൂപ്രദേശങ്ങളിലേയും അസ്തമയ കാഴ്ചകൾ എത്രമാത്രം ചേതോഹരമാണ്. കുന്നിലെ അസ്തമയമല്ല കടൽ തീരത്തേത്. പട്ടണത്തിലെ വൈകുന്നേരങ്ങളും ഗ്രാമത്തിലെ സന്ധ്യയും തികച്ചും വിഭിന്നങ്ങൾ. സ്വരമായ് സുഗന്ധമായ് ആർദ്ര സ്പർശമായി രസനകളിൽ മഴവിൽ ചാർത്തുന്ന രുചിക്കൂട്ടുകളായി കാറ്റും മഴയും മഞ്ഞും വെയിലും പൂക്കളും കായ്കളും. കാൽചുവട്ടിലെ മണ്ണിന്റെ, മണലിന്റെ കൽക്കൊത്തളങ്ങളുടെആകൃതിയും പ്രകൃതിയും ആരെയും അമ്പരപ്പിക്കുകയും ആശ്ചര്യപൂർവ്വം ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. എതിരെ നടന്നു വരുന്ന മനുഷ്യൻ അനന്യമായ സിദ്ധികളും നന്മകളും സാധ്യതകളും സ്വന്തമായുള്ള ആദരിക്കപ്പെടേണ്ട ജീവിയാണെന്ന് അപ്പോൾ തിരിച്ചറിയും. ഹൃദയകമലത്തിൽ നിന്നും ഒരു ചെറു തിരിച്ചറിവ് മൗനമന്ദഹാസമായ് കനിവായ്, സൽവാക്കായി പ്രാർത്ഥനയായി നമ്മിൽ നിന്ന് ഉയരും. 
ഇത്രയൊക്കെ അനൽപമായ വൈവിധ്യങ്ങളുടെ സമൃദ്ധസരണിയിലൂടെ കടന്ന് പോവുമ്പോഴും പലരും അകാരണമായ ഭയത്താലും വിഹ്വലതകളാലും ആരോ പകർന്ന തെറ്റായ മുൻ വിധികളുടെ സ്വാധീനത്താൽ ശോക ചിത്തരും വിഷാദമൂകരുമായി തുടരുന്നു. 


വേണ്ട രീതിയിൽ ഈ കാഴ്ചകളിൽ അഭിരമിക്കാനും പ്രശാന്തി അനുഭവിക്കാനും ആസ്വദിക്കാനും കഴിയാത്തവരാണ് ബഹു ഭൂരിപക്ഷവും. ഒന്നും ഹൃദ്യമായി കാണാതെ. തൊടാതെ, കേൾക്കാതെ, മണക്കാതെ രുചിക്കാതെ എത്രയെത്ര ജന്മങ്ങളാണ് ഈ ഭൂമിയിൽ അശ്രദ്ധമായും അലസമായും കഴിഞ്ഞ് പോവുന്നത്? 
പഞ്ചേന്ദ്രിയങ്ങളുടെ സൂക്ഷ്മവും സ്ഥൂലവുമായ സാധ്യതകളെ ബോധപൂർവ്വം പ്രയോജനപ്പെടുത്തി കുറച്ച് നേരമെങ്കിലും അകത്തേക്കും പുറത്തേക്കും ഹൃദയത്തേയും മസ്തിഷ്‌കത്തേയും കേന്ദ്രീകരിച്ചാൽ കൈവരുന്ന ജീവിതാനുഭൂതി പറഞ്ഞറിയിക്കാനാവാത്തതായിരിക്കും. മനം കുളിർക്കും. സദ്ചിന്തകൾ കൊണ്ട് ഹൃദയം തളിർക്കും. ജീവിക്കുന്ന ഓരോ നിമിഷവും ധന്യമായ വരദാനമായി തിരിച്ചറിഞ്ഞ് ജീവിതം സുകൃതങ്ങളുടെ പൂവാടിയാവും. പരാതികളും പരിഭവങ്ങളും അടങ്ങും. നന്ദി ബോധം അകതാരിൽ വഴിയും. സഹജീവികളോടും സർവ്വ ചരാചരങ്ങളോടും കൃതജ്ഞത നിർഭരമാവും ദിനരാത്രങ്ങൾ. മധുരമിജ്ജീവിതം ചെറുതാണെന്നാകിലും എന്ന കവി വചനം നേരനുഭവമാവും. 


ആകാശ വിസ്തൃതിയിലേക്കും ഭൂമിപ്പരപ്പിലേക്കും ഉത്തുംഗ പർവതങ്ങളുടെ ഗാഢ ഗരിമയിലേക്കും മറ്റും ദൃഷ്ടി തുറന്ന് വെക്കാൻ ആഹ്വാനം ചെയ്യുന്ന വേദവാക്യപ്പൊരുൾ വിശുദ്ധ വേദം കണക്കെ വഴിവിളക്കുകളാവും. 
പ്രകൃതി നൽകുന്ന ദൃഷ്ടാന്തങ്ങളുടെ പശ്ചാത്തലത്തിൽ ജീവിതത്തെ വായിക്കുമ്പോൾ പകയും വിദ്വേഷവും അസൂയയും അഹന്തയും ബാഷ്പീകരിക്കപ്പെടുന്നു. 
ദിനേന കുറച്ച് നേരമെങ്കിലും സാവകാശം, അവധാനതയോടെ തന്നെയും പ്രകൃതിയേയും അടുത്തറിഞ്ഞാസ്വദിക്കാൻ നേരം കണ്ടെത്തി നോക്കൂ. ഏത് ജോലിയിൽ വ്യാപൃതമായാലും അകതാരിൽ നിരാശയും സങ്കടവും അപ്പോൾ നിഴൽ വീഴത്തുകയില്ല. ക്യൂവിൽ കാത്തിരിക്കുന്നതും ഒരു നാരങ്ങ തിന്നുന്നതും , അസ്തമയം കാണുന്നത് പോലും തികച്ചും വേറിട്ട നവ്യാനുനുഭവമായിത്തീരുന്നത് കാണാം.
ശ്വാസോച്ഛ്വാസം അറിഞ്ഞ് ചെയ്യുക. അന്തർഗതങ്ങൾക്ക് കാതോർക്കുക. പ്രപഞ്ചത്തിലെ ഗുണാത്മകതകൾ അകത്തേക്ക് പ്രവേശിച്ച് വെളിച്ചം പരത്തുന്ന പോലെ അനുഭവിക്കുക. സ്വയം പതുക്കെ ചോദിക്കാം , എന്നെ ഇപ്പോൾ മദിച്ച് കൊണ്ടിരിക്കുന്ന വികാരമെന്താണ്? അതിന്റെ പിന്നിലെ ഹേതുവെന്താണ്? ഞാൻ പ്രശ്‌നത്തിന്റെ പക്ഷത്താണോ പ്രതിവിധിയുടെ പക്ഷത്താണോ? നിസ്സാര കാര്യങ്ങൾ മൂലം ഞാനെന്തിനിങ്ങനെ എന്റെയും മറ്റുള്ളവരുടേയും ജീവിതാനന്ദത്തെ കെടുത്തണം? നരകതുല്യമാക്കണം? 


പ്രകൃതി വായിച്ച് കുറച്ച് നാളെങ്കിലും നിങ്ങൾ പരാതികളുടെ പക്ഷത്ത് നിന്ന് മാറി പരിഹാരങ്ങളുടെ പക്ഷത്ത് ചേർന്ന് നടന്ന് നോക്കൂ അദ്ഭുതാവഹമായ ഭാരരാഹിത്യം കൊണ്ട് മനസ്സ് പൂത്തുലയും. കാരുണ്യ സമ്പന്നമായ കർമങ്ങൾ കൊണ്ട് രാപലുകൾ ദീപ്തമാവും. അപ്പോൾ സ്വയം വെളിപ്പെട്ട് തുടങ്ങും ചില വിശിഷ്ടമായ ആത്മസ്വരങ്ങൾ.ശിഷ്ടദിനങ്ങൾ കൂടുതൽ ജീവിതവ്യാമാക്കാനും ആനന്ദദായകമാക്കാനും മാറേണ്ടത് അന്യരല്ലല്ലോ ഞാൻ തന്നെയാണല്ലോ എന്ന നിറവിൽ അകത്തും പുറത്തും പുതുവെളിച്ചം പെയ്തിറങ്ങുമപ്പോൾ.

Latest News