റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ഹൗസ് അലവൻസ് നിശ്ചയിക്കുന്നതിന് തൊഴിലുടമകൾക്ക് അധികാരം നൽകിക്കൊണ്ട് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) രജിസ്‌ട്രേഷൻ നിയമാവലിയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് ഭേദഗതികൾ വരുത്തി. ഇതുപ്രകാരം തൊഴിലുടമകളും തൊഴിലാളികളും പരസ്പര ധാരണയിലെത്തിയാണ് ഹൗസ് അലവൻസ് നിശ്ചയിക്കേണ്ടത്. രണ്ടു മാസത്തെ അടിസ്ഥാന വേതനത്തിന് തുല്യമായ തുക പാർപ്പിട അലവൻസ് ആയി വിതരണം ചെയ്യുന്നതിന് തൊഴിലുടമകളെ നിർബന്ധിക്കില്ല.
പഴയ നിയമം അനുസരിച്ച് രണ്ടു മാസത്തെ അടിസ്ഥാന വേതനത്തിന് തുല്യമായ തുകയിൽ കുറവാകുന്നപക്ഷം ഗോസി വരിസംഖ്യ കണക്കാക്കുമ്പോൾ രണ്ടു മാസത്തെ അടിസ്ഥാന വേതനം ഹൗസ് അലവൻസായി പരിഗണിക്കണമായിരുന്നു. ഇതാണിപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയിലെത്തുന്ന ഏതു തുകയും ഹൗസ് അലവൻസായി നിശ്ചയിക്കാവുന്നതാണ്. ഗോസി വരിസംഖ്യ അടവ് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇതുവരെ ഹിജ്‌റ, ഗ്രിഗോറിയൻ കലണ്ടറുകളിൽ ഇഷ്ടമുള്ള കലണ്ടർ പാലിച്ച് തൊഴിലുടമകൾക്ക് ഗോസി വരിസംഖ്യ അടയ്ക്കുന്നതിന് അവസരമുണ്ടായിരുന്നു.






