കലാകാരന്മാര്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്-  മുരളി ഗോപി

കോട്ടയം- ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളിയുടെ രാഷ്ട്രീയം എന്താണെന്ന ചോദ്യത്തിനുള്ള ഈ മറുപടി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും മുരളി ഗോപി പറഞ്ഞു.'ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ തരം മുദ്രകുത്തലുകള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ പല നിരൂപകരും ഈ മുദ്ര കുത്തലുകള്‍ തൊഴിലാക്കിയവരാണ്. എന്നാല്‍ നിരീക്ഷകന്റെ രാഷ്ട്രീയമാണ് എന്റേത്.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത. ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.മുന്‍പ് സാമുഹിക വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ നമ്മുടെ പോസ്റ്റുകളുടെ കമന്റ് സെക്ഷന്‍ സ്പര്‍ധയുദ്ധങ്ങളുടെ പോര്‍ക്കളം ആകുന്നത് കണ്ടതോടെ അതു ഗണ്യമായി കുറച്ചു,മുരളി ഗോപി പറഞ്ഞു.താന്‍ എഴുതിയതും അഭിനയിച്ചതുമായ സിനിമകളില്‍ മിക്കതും ചര്‍ച്ചയായിട്ടുണ്ടെങ്കിലും വലിയ വിജയം ലൂസിഫറിനാണ് ലഭിച്ചതെന്നും അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു.


 

Latest News