മോസ്‌കോ- റഷ്യ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ നേരിടുന്നത് സൗദി അറേബ്യയെ. മോസ്‌കോയിലെ അത്യാധുനികമായ ലൂഷ്‌നിക്കി സ്റ്റേഡിയത്തിൽ ജൂൺ 14നാണ് മത്സരം. 12 വർഷത്തെ ഇടവേളക്കുശേഷം ലോകകപ്പിന് യോഗ്യത നേടിയ സൗദി അറേബ്യക്ക് എ ഗ്രൂപ്പിലെ മറ്റ് എതിരാളികൾ അയൽക്കാരായ ഈജിപ്തും ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വായുമാണ്. ജൂൺ 25ന് വോൾഗോഗ്രാഡിലാണ് സൗദി- ഈജിപ്ത് മത്സരം. ജൂൺ 20ന് റോസ്റ്റോവ് ഓൺ ഡോണിൽ ഉറുഗ്വായെ സൗദി നേരിടും.
മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിനും നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലും ബി ഗ്രൂപ്പിലാണ്. ജൂൺ 15ന് സോച്ചിയിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടുന്നത്. മൊറോക്കോയും ഇറാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
നിലവിലെ ചാമ്പ്യന്മാരായ ജർമനിക്ക് എഫ് ഗ്രൂപ്പിൽ കാര്യങ്ങൾ താരതമ്യേനെ എളുപ്പമാണ്. മെക്‌സിക്കോ, സ്വീഡൻ, തെക്കൻ കൊറിയ എന്നിവരാണ് എതിരാളികൾ.
നെയ്മാറിന്റെ ബ്രസീൽ ഇ ഗ്രൂപ്പിൽ സെർബിയ സ്വിറ്റ്‌സർലാന്റ്, കോസ്റ്ററീക്ക എന്നിവരെ നേരിടും.
എന്നാൽ മെസ്സിയുടെ അർജന്റീനക്ക് അൽപം വിയർക്കേണ്ടിവരും. ഡി ഗ്രൂപ്പിൽ അവരെ കാത്തിരിക്കുന്നത് യൂറോപ്യൻ ശക്തികളായ ക്രൊയേഷ്യയും, ആഫ്രിക്കൻ കരുത്തരായ നൈജീരിയയുമാണ്, ഒപ്പം ഐസ്‌ലാന്റും. യോഗ്യതാ റൗണ്ടിൽ തപ്പിത്തടയുകയായിരുന്ന അർജന്റീന ഒടുവിൽ മെസ്സിയുടെ ഇന്ദ്രജാലത്തിലൂടെയാണ് റഷ്യാ ടിക്കറ്റ് ഉറപ്പിക്കുന്നത്.
സി ഗ്രൂപ്പിൽ ഫ്രാൻസിനും ജി ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ കാര്യമായി പ്രയാസപ്പെടേണ്ടിവരില്ല. ഫ്രാൻസിന്റെ എതിരാളികൾ ഡെന്മാർക്ക്, ഓസ്‌ട്രേലിയ, പെറു എന്നിവരാണ്. ഇംഗ്ലണ്ടിന് കരുത്തരായ ബെൽജിയത്തെ മാത്രമേ ഭയക്കേണ്ടതുള്ളു. പാനമയും തുനീഷ്യയുമാണ് മറ്റ് എതിരാളികൾ. കൊളംബിയ, പോളണ്ട്, സെനഗൽ, ജപ്പാൻ എന്നീ ടീമുകൾ കളിക്കുന്ന എച്ച് ഗ്രൂപ്പിൽനിന്ന് ആര് നോക്കൗട്ട് റൗണ്ടിലെത്തിയാലും അദ്ഭുതപ്പെടാനില്ല.
ഇറ്റലി, ഹോളണ്ട്, അയർലന്റ്, കാമറൂൺ, അമേരിക്ക, ചിലി തുടങ്ങിയ പ്രബല ടീമുകൾ യോഗ്യത നേടാത്തതിനാലാവണം, ഇത്തവണ മരണ ഗ്രൂപ്പ് എന്ന് പറയാവുന്ന ഒരു ഗ്രൂപ്പുമില്ല. താരതമ്യേനെ കൂടുതൽ വെല്ലുവിളി അർജന്റീനക്കാണ്.
ജൂൺ 14 മുതൽ 28 വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ. റൗണ്ട് ഓഫ് 16 മത്സരങ്ങൾ ജൂൺ 30 മുതൽ ജൂലൈ മൂന്നുവരെയും. ജൂലൈ ആറിനും ഏഴിനുമാണ് ക്വാർട്ടർ ഫൈനൽ. ജൂലൈ പത്തിനും 11നും സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ജൂലൈ പതിനാലിന് ലൂസേഴ്‌സ് ഫൈനൽ. ജൂലൈ 15നാണ് ഫൈനൽ.
11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്ന മോസ്‌കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയമാണ് പ്രധാന വേദി. 1980ലെ മോസ്‌കോ ഒളിംപിക്‌സ് വേദിയായിരുന്ന സ്റ്റേഡിയമാണ് കോടികൾ മുടക്കി ലോകകപ്പിനായി നവീകരിച്ചത്.
ഫുട്‌ബോളിനോടുള്ള റഷ്യയുടെ കടുത്ത അഭിനിവേശമാണ് ലോകകപ്പിലൂടെ തെളിയിക്കാൻ ആഗ്രഹിക്കുന്നതെന്ന് മോസ്‌കോയിലെ സ്റ്റേറ്റ് ക്രെംലിൻ പാലസിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിൻ പറഞ്ഞു. ലോകകപ്പിനെ അതിന്റെ ഏറ്റവും മികച്ച നിലയിൽ സംഘടിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. റഷ്യയുടെ വിവിധ പ്രദേശങ്ങളിലും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഫുട്‌ബോളിന്റെ വളർച്ചക്ക് വരാനിരിക്കുന്ന ലോകകപ്പ് വലിയൊരു ഘടകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫുട്‌ബോളിൽ മരുന്നടി അത്ര വലിയൊരു പ്രശ്‌നമല്ലെന്ന് ചടങ്ങിൽ സംസാരിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ പറഞ്ഞു. മരുന്നടിയുടെ പേരിൽ 2018ലെ ശൈത്യകാല ഒളിംപിക്‌സിൽനിന്ന് വിലക്ക് നേരിട്ടിരിക്കുന്ന റഷ്യക്ക് വലിയ പിന്തുണയായി ഫിഫ പ്രസിഡന്റിന്റെ വാക്കുകൾ.
ഫിക്‌സ്ചർ
ജൂൺ പതിനാല്- റഷ്യ- സൗദി അറേബ്യ
ജൂൺ പതിനഞ്ച്- ഈജിപ്ത്-ഉറുഗ്വേ, മൊറോക്കോ-ഇറാൻ, പോർച്ചുഗൽ-സ്‌പെയിൻ
ജൂൺ പതിനാറ് ഫ്രാൻസ്-ഓസ്‌ട്രേലിയ, അർജന്റീന- ഐസ്‌ലാന്റ്, പെറു-ഡെൻമാർക്, ക്രൊയേഷ്യ-നൈജീരിയ
ജൂൺ 17
കോസ്റ്റാറിക-സെർബിയ, ജർമനി-മെക്‌സിക്കോ, ബ്രസീൽ-സ്വിറ്റ്‌സർലന്റ്.
ജൂൺ 18
സ്വീഡൻ-സൗത്ത് കൊറിയ, ബെൽജിയം-പാനമ, തുനീഷ്യ-ഇംഗ്ലണ്ട്
ജൂൺ 19
പോളണ്ട്-സെനഗൽ, കൊളംബിയ-ജപ്പാൻ, റഷ്യ- ഈജിപ്ത്
ജൂൺ 20
പോർച്ചുഗൽ-മൊറോക്കോ, ഉറുഗ്വേ-സൗദി അറേബ്യ, ഇറാൻ സ്‌പെയിൻ
ജൂൺ 21
ഫ്രാൻസ്-പെറു, ഡെൻമാർക്ക്-ഓസ്‌ട്രേലിയ, അർജന്റീന-ക്രൊയേഷ്യ
ജൂൺ22
ബ്രസീൽ-കോസ്റ്ററിക, നൈജീരിയ-ഐസ്‌ലാന്റ്, സെർബിയ-സ്വിറ്റ്‌സർലന്റ
ജൂൺ 23
ബെൽജിയം-തുണീഷ്യ, ജർമനി- സ്വീഡൻ, സൗത്ത് കൊറിയ-മെക്‌സികോ
ജൂൺ 24
ഇംഗ്ലണ്ട്-പാനമ, ജപ്പാൻ- സെനഗൽ, പോളണ്ട്-കൊളംബിയ
ജൂൺ 25
സൗദി അറേബ്യ-ഈജിപ്ത്, ഉറുഗ്വേ-റഷ്യ, സ്‌പെയിൻ-മൊറോക്കോ, ഇറാൻ-പോർച്ചുഗൽ
ജൂൺ 26
ഡെൻമാർക്-ഫ്രാന്‌സ്, ഓസ്‌ട്രേലിയ-പെറു, നൈജീരിയ-അർജന്റീന, ഐസ്‌ലാന്റ്-ക്രോയേഷ്യ.
ജൂൺ 27
സൗത്ത് കൊറിയ-ജർമനി, മെക്‌സികോ-സ്വീഡന, സെർബിയ-ബ്രസീൽ, സ്വിറ്റ്‌സർലന്റ്-കോസ്റ്ററീക
ജൂൺ 28
ജപ്പാൻ-പോളണ്ട്, സെനഗൽ-കൊളംബിയ, ഇംഗ്ലണ്ട്-ബെൽജിയം, പാനമ-തുണീഷ്യ.
രണ്ടാം റൗണ്ട് മത്സരങ്ങള്‍ ജൂണ്‍ 30 മുതല്‍.
ക്വാര്‍ട്ടര്‍ ജൂലൈ ആറു മുതല്‍
സെമി ഫൈനല്‍
ജൂലൈ പത്ത്
ജൂലൈ പതിനൊന്ന്.
ലൂസേഴ്‌സ് ഫൈനല്‍
ജൂലൈ 14
ഫൈനല്‍ ജൂലൈ 15
ഫിക്‌സ്ചർ ഇതോടൊപ്പം