കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചാല്‍ വിദേശികളെ നാടു കടത്തും

കുവൈത്ത് സിറ്റി- കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ ആരംഭിച്ച ഭാഗിക കര്‍ഫ്യൂ ആദ്യ ദിനത്തില്‍ വന്‍ ഗതാഗതക്കുരുക്കിനിടയാക്കി.  വൈകീട്ട് അഞ്ചു മുതല്‍ വെളുപ്പിന് അഞ്ചുവരെയാണ് കര്‍ഫ്യൂ. വൈകുന്നേരം അഞ്ചു മണിക്കു  മുന്‍പായി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിപ്പെടാനുള്ള ജനങ്ങളുടെ ശ്രമമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ആദ്യ ദിവസമെന്ന നിലയില്‍ അഞ്ചു മണിക്കു ശേഷവും റോഡുകളില്‍ കണ്ട വാഹനങ്ങള്‍ക്ക് പോലീസ് ഇളവ് നല്‍കി.
കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബി മുന്നറിയിപ്പു നല്‍കി. 10,000 ദീനാര്‍ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് സ്വദേശികല്‍ക്കെതിരെ ചുമത്തുക. എന്നാല്‍  കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പള്ളിയിലേക്ക് നടന്നുപോകുന്നതിന് തടസ്സമില്ല. വാഹന യാത്ര ചെയ്യാന്‍ പാടില്ല. തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് മാത്രമാണ് പോകുന്നത് എന്ന് ഉറപ്പാക്കാനാണ് ഈ നിബന്ധന. സുബ്ഹി, മഗ്‌രിബ്, ഇശാ നമസ്കാരങ്ങളാണ് കര്‍ഫ്യൂ സമയത്ത് വരുന്നത്. ബാങ്കിന്റെ 15 മിനിറ്റ് മുമ്പ് പള്ളിയിലേക്ക് പുകന്നതിനും  നമസ്കാരം കഴിഞ്ഞ് വൈകാതെ തിരിച്ചുപോരുന്നതിനും തടസമില്ല.  

 

 

 

Latest News