അബുദാബി- അബുദാബിയില്‍ തിയേറ്റുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. 30 ശതമാനം പേര്‍ക്ക് പ്രവേശനാനുമതി നല്‍കി കര്‍ശന നിബന്ധനകളോടെയാണ് അനുമതി. ഇതോടെ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറക്കാന്‍ തുടങ്ങി. ജീവനക്കാര്‍ വാക്‌സിന്‍ എടുക്കണം, എടുക്കാത്തവര്‍ രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തണം. തീയേറ്റര്‍, ഇടനാഴി, സിനിമാ ശാലകള്‍ക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം, ശുചിമുറി, റസ്‌റ്റോറന്റ് തുടങ്ങി പൊതു ഇടങ്ങള്‍ സമയബന്ധിതമായി അണുവിമുക്തമാക്കണം, പ്രദര്‍ശനത്തിനു മുമ്പും ശേഷവും തിയേറ്റര്‍ അണുവിമുക്തമാക്കണം, 20-30 മിനിറ്റായിരിക്കണം ഇടവേള, ഒന്നിടവിട്ട സീറ്റുകളും വരികളും ഒഴിച്ചിടണം, പൊതു സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം, അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിനു പ്രത്യേക കവാടങ്ങള്‍ ഉണ്ടായിരിക്കണം, ടിക്കറ്റ് ഓണ്‍ലൈനില്‍ മാത്രം, ടച്ച് സ്ക്രീന്‍ പാടില്ല തുടങ്ങിയവയാണ് നിബന്ധനകള്‍. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.






