Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ടീമില്‍ കോവിഡ്, മൂന്ന് ഫൈനലിസ്റ്റുകള്‍ പിന്മാറി

കാസ്റ്റയോണ്‍ (സ്‌പെയിന്‍) - മുപ്പത്തഞ്ചാമത് ബോക്‌സാം ഇന്റര്‍നാഷനല്‍ ബോക്‌സിംഗ് ടൂര്‍ണമെന്റില്‍ അപൂര്‍വ നേട്ടത്തിനരികെ ഇന്ത്യക്ക് തിരിച്ചടി. ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ ഫൈനല്‍ കളിക്കാനിരുന്നതായിരുന്നു. എന്നാല്‍ മൂന്നു പേര്‍ കോവിഡ് കാരണം പിന്മാറി. ആശിഷ്‌കുമാറിനാണ് രോഗം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മുറിയില്‍ താമസിച്ചിരുന്ന മുഹമ്മദ് ഹുസാമുദ്ദീന്‍, സുമിത് സംഗവാന്‍ എന്നിവരും പിന്മാറി. 
75 കിലൊ വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ പൂജാ റാണി ലോക ചാമ്പ്യന്‍ പാനമയുടെ അതെയ്‌ന ബൈലോണിനെ തോല്‍പിച്ചു. ഫൈനലില്‍ അമേരിക്കയുടെ മെലിസ ഗ്രഹാമുമായി ഏറ്റുമുട്ടും.
അരങ്ങേറ്റക്കാരി ജാസ്മിന്‍ (57 കി.), സിംരഞ്ജിത് (60) എന്നീ വനിതാ താരങ്ങളും റിംഗിലിറങ്ങിയ ആറ് പുരുഷ ബോക്‌സര്‍മാരും ഫൈനലിലെത്തിയിരുന്നു. ഇറ്റലിയുടെ സിറീന്‍ ഷറാബിയെ ജാസ്മിന്‍ സെമി ഫൈനലില്‍ 4-1 ന് തോല്‍പിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ ഇര്‍മ ടെസ്റ്റയുമായാണ് സ്വര്‍ണത്തിനായി പൊരുതുക. 
ലോക ചാമ്പ്യന്‍ഷിപ് വെങ്കല മെഡലുകാരി സിംരഞ്ജിത്തും പ്യൂര്‍ട്ടോറിക്കോയുടെ കിരിയ താപിയയും തമ്മിലുള്ള പോരാട്ടം ആവേശകരമായിരുന്നു. 3-2 ന് ഇന്ത്യന്‍ താരം ജയിച്ചു. റഷീദ എല്ലിസുമായാണ് ഫൈനല്‍ കളിക്കുക. 51 കിലൊ വിഭാഗത്തില്‍ എം.സി മേരികോമിനെ അമേരിക്കയുടെ വിര്‍ജീനിയ ഫക്‌സ് തോല്‍പിച്ചു. 
മുഹമ്മദ് ഹുസാമുദ്ദീന്‍ (57), മനീഷ് കൗശിക് (60), വികാസ്‌കൃഷ്ണന്‍ (69), ആശിഷ്‌കുമാര്‍ (75), സുമിത് സംഗവാന്‍ (81), സതീഷ്‌കുമാര്‍ (91 ന് മുകളില്‍) എന്നിവരാണ് ഫൈനലിലെത്തിയിരുന്ന പുരുഷ താരങ്ങള്‍.
 

Latest News