ചീനച്ചട്ടിയിൽ ചൂടായി വരുന്ന എണ്ണയിൽ നിന്നും ചറപറാ പൊട്ടിത്തെറി കേട്ട്്് പിന്നോട്ട് മാറിനിന്ന ഷാഹിനയ്ക്ക് കാര്യം പിടികിട്ടി,
തലേന്ന് പപ്പടംകാച്ചി ചൂടോടെ വാങ്ങിവെച്ച ചീനച്ചട്ടി തണുത്താറുന്നതിനു മുമ്പേ അടച്ച മൂടിയിൽ പറ്റിപ്പിടിച്ച എണ്ണയിലെ നീരാവിയായിരുന്നു വില്ലൻ, പൊട്ടട്ടെ... പൊട്ടിത്തെന്നെ തീരട്ടെ... പിന്നോട്ട് മാറിനിന്നു സ്വയം പറഞ്ഞു രസിക്കുമ്പോഴാ നിർത്താതെയുള്ള കോളിങ്ങ് ബെല്ലടി. അടുപ്പ് ഓഫ് ചെയ്തു വാതിൽ തുറന്നു, ആങ്ങളയുടെ മകൻ ശബി ആയിരുന്നു. സലാം പറഞ്ഞ ഉടനെ ചോദിച്ചു...
''അമ്മായി, എവിടെ മുനി...?'',
മുനീബ് എന്നാണു മുഴുവൻ പേര്, പക്ഷെ അടുപ്പമുള്ളവർ മുനി എന്ന് വിളിക്കും, ശബിയുടെ അതേ പ്രായം, ശബി ഫസ്റ്റ് ഇയർ സയൻസും മുനി ഫസ്റ്റ് ഇയർ ബി.എ. അറബിക് വിദ്യാർഥിയുമാണ്. മുനി പ്ലസ് ടു വരെ വേണ്ടാത്ത കൂട്ടുകെട്ടും കൈവിട്ട കളിയുമായിരുന്നു, കോളേജിൽ ചേർന്നതിൽപ്പിന്നെയാ കുറേക്കൂടി നന്നായത്, ഇപ്പോഴും അവന്റെ ബാപ്പയ്ക്ക് അവനെ അത്രകണ്ട് വിശ്വാസമായിട്ടില്ല,
ബാപ്പ ഗൾഫിൽ ബിസിനസ്, ആറു മാസം കൂടുമ്പോൾ വന്നു രണ്ടു മൂന്നു മാസം നാട്ടിൽ കുടുംബത്തോടൊപ്പം കഴിയും, അറുപിശുക്കനാ, സദഖ പോയിട്ട് സക്കാത്ത് തന്നെ എന്തെന്നറിയില്ല, വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോകും., പരുപരുക്കൻ സ്വഭാവവും... ഷാഹിനയുടെ സ്വഭാവം കൊണ്ടാണ് ആ വീട്ടിൽ ആളനക്കങ്ങളുണ്ടാകുന്നത് തന്നെ.
മുനീബിനെ ചീത്ത കൂട്ടുകെട്ടിലേക്കെത്തിച്ചതിനുള്ള പൂർണ ഉത്തരവാദി അവന്റെ ബാപ്പയാണെന്ന് പറഞ്ഞാൽ തെറ്റാവില്ല., അവന്റെ കൗമാരം മനസ്സിലാക്കാതെ തൊട്ടതിനും എടുത്തതിനും ഒക്കെ കുറ്റവും കുറവും പറച്ചിലായി, പിന്നെ ശകാരവും. കേട്ടു കേട്ടു മനസ്സ് മരവിച്ച മുനി ചീത്ത കൂട്ടുകെട്ട് ഒരു പക പോക്കലെന്നോണം തെരഞ്ഞെടുക്കുകയായിരുന്നു.
''എടാ ശബീ... മുനി, നിന്നെ കാണണമെന്നും പറഞ്ഞു രാവിലെ പുറപ്പെട്ടതാണല്ലോ, പോരാത്തതിന് ബൈക്കിൽ പെട്രോൾ അടിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ കാശും കൊടുത്തതാണ്''
''എന്നെ കാണാനോ...?, എന്നിട്ട് ഈ നേരംവരെ എവിടെ?''
ശബി ആശ്ചര്യപൂർവം ചോദിച്ചു
പൊട്ടിത്തീർന്ന കാഞ്ഞ എണ്ണയിൽ പപ്പടം നൂഴ്ത്തിക്കൊണ്ട് ഷാഹിന ഓർത്തു, തലേന്ന് അവന്റെ ഉപ്പയോട് അടുത്ത ടൗണിലെ പല ചരക്കുകടക്കാരൻ രാമൻ നായർ പറഞ്ഞകാര്യം, ''മുനിബ് കുറച്ചു മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും കടയിൽ നിന്നും അരിയും പരിപ്പും മറ്റും വാങ്ങി ബൈക്കിൽ കൊണ്ട് പോകാറുണ്ടെന്ന്്്...''
ശബിയെ ഒന്നും അറിയിക്കാതെ ഷാഹിന പറഞ്ഞു.
''ശരി, ഞാൻ അവനോടു നീ വന്ന കാര്യം പറയാം, ബാങ്ക് കൊടുത്തില്ലേ?, ഞാൻ വേഗം നിസ്‌കരിക്കട്ടെ, കുറച്ചു കഴിഞ്ഞാൽ അവന്റെ ബാപ്പ വരും, നിനക്ക് ഊണ് കഴിച്ചിട്ട് പോകാം...''
- വേണ്ടമ്മായി, ഉമ്മ കാത്തിരിക്കും... ഞാൻ പോട്ടെ.
അവൻ മുറ്റമിറങ്ങി റോഡിൽ നിർത്തിയ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴും മുനിയെപറ്റിയുള്ള ചിന്ത വല്ലാതെ അസ്വസ്ഥമാക്കി. കുറച്ചു മാസങ്ങൾക്ക് മുമ്പ് അവൻ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതും എല്ലാ മെംബർമാരിൽ നിന്നും അവൻതന്നെ നേരിട്ടു ചെന്ന് ചെറുതും വലുതുമായ തുക മാസംതോറും പിരിക്കുന്നതും ഒക്കെ കൂട്ടിവായിക്കുമ്പോൾ ശബിയുടെ ചിന്ത കാടുകയറി, ബൈക്ക് വീട്ടിലെത്തിയത്‌പോലും അവൻ അറിഞ്ഞില്ല.. എല്ലാം യാന്ത്രികം!
കോളിങ്ങ് ബെല്ല് കേട്ട ഷാഹിന വാതിൽ തുറന്നതും ചോദ്യവും ഒന്നിച്ചു ''എവിടെ മുനി?'' ഷാഹിന ഒന്ന് പരുങ്ങി...
''അവൻ, ഇന്ന് ഞായറാഴ്ചയല്ലേ, കൂട്ടുകാരോടൊപ്പം കാണും... വൈകാതെ എത്തും..''
''ആ നായർ പറഞ്ഞത് ശരിയായിരിക്കും, ആ ഹിമാറിനെ ഇങ്ങനെ വിട്ടാൽ പറ്റില്ല, വല്ല അവിഹിതവും വരുത്തി നാണം കെടുന്നതിന് മുമ്പേ അവനെ കുടുംബത്തിന്നു പുറത്താക്കണം, നാശം'' അയാൾ രോഷം കൊണ്ടു.
അതും കൂടി കേട്ടപ്പോൾ ഷാഹിന പറഞ്ഞു,
''ശബിയും വന്നിരുന്നു, അവനെ തിരക്കി അവിടെയും ചെന്നിട്ടില്ലത്രേ..''
''എന്നാ നീ ഉടനെ ശബിയോടു ബൈക്കുമായി ഇവിടെ വരാൻ പറയ്യ്, പെട്ടെന്ന്...''
ശബിയെ ബൈക്കിൽ നിന്നും ഇറക്കാതെ ബാപ്പ പിൻസീറ്റിൽ ഇരിപ്പുറപ്പിച്ചു.
'ആ നായരുടെ പലചരക്ക് കടയിലേക്ക് വിട്ടോ... മുനി പഴയ കൂട്ട് വീണ്ടും കൂടീന്നാ തോന്നുന്നത്''- അയാൾ പിറുപിറുത്തു...
കടയുടെ മുമ്പിൽ ബൈക്ക് നിർത്തി നേരെ നായരോട് ചോദിച്ചു:
''ഇന്നും വന്നിരുന്നോ?''
''ഉവ്വ്, ദാ ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയിട്ടേയുള്ളൂ... സാധനങ്ങളൊക്കെ റിക്ഷയിൽ ആദ്യം കയറ്റിവിട്ടു...''
ബാപ്പാക്ക് കോപം അടക്കാനായില്ല. അവൻ പോയ വഴി ഏകദേശരൂപം വെച്ച് അവർ രണ്ടുപേരും ബൈക്കിൽ മുനിയെ തിരഞ്ഞുപോയി... വിലങ്ങനെ തെക്ക് വടക്ക് നീണ്ടുകിടക്കുന്ന റെയിൽപ്പാളങ്ങളിലെ അനന്തതയിലേക്ക് നോക്കി നെടുവീർപ്പിട്ടു ബൈക്ക് തിരിക്കുമ്പോൾ പുറമ്പോക്കുകാർ താമസിക്കുന്ന പല നിറങ്ങളിലുള്ള കീറപ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിന്നിടയിൽ നിർത്തിയിട്ട മുനിയുടെ ബൈക്ക് ശബിയുടെ ശ്രദ്ധയിൽപ്പെട്ടു, ആദ്യം ഒന്ന് പരുങ്ങി... ബാപ്പക്ക് കാണാൻ പറ്റാത്ത വല്ല രംഗവുമാവുമോ അവിടെ?
രണ്ടും കൽപ്പിച്ചു ശബി മുനിയുടെ ബൈക്ക് ലക്ഷ്യംവച്ച് മുമ്പോട്ടു നീങ്ങി, ശബിക്കും ബാപ്പക്കും മാത്രം കാണാൻ പാകത്തിൽ ബൈക്ക് നിർത്തി മുനിയെ ഒളിഞ്ഞുനോക്കി..
മുനി ബൈക്കിനടുത്തു കൂട്ടിയിട്ട അരിയും പരിപ്പും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഓരോ കെട്ടും സ്വയം താങ്ങിപ്പിടിച്ചു ഓരോ കൂരയിൽ എത്തിക്കുന്നു... ദാരിദ്ര്യത്തിന്റെ നേർബിംബങ്ങളായ ചെറിയ മക്കൾ പിന്നിയ ട്രൗസറിൽ നാണം മറച്ചു മുനിയുടെ ചുറ്റും നടക്കുന്നു... ചില മക്കളുടെ കണ്ണുകളിൽ വിശപ്പിന്റെ തീക്ഷ്്ണത വ്യക്തമാകുന്നു, കുടിലിനകത്തെ നിർത്താതെയുള്ള ചുമയും, ദീനരോദനവും തുടർന്നുകൊണ്ടേയിരുന്നു.
നന്നേ ചെറിയ ഒരു കുട്ടി മുനിയുടെ കാലിൽ കൂട്ടിപ്പിടിച്ചു കൂടെ നടന്നു, കൂരയിൽ പൊതികൾ ഇറക്കിയ മുനി ആ കുട്ടിയെ വാരിയെടുത്തു തന്റെ പോക്കറ്റിൽനിന്നും ഒരു പായ്ക്ക് മിഠായി എടുത്തു കൊടുത്തു എല്ലാവർക്കും വിതരണം ചെയ്യാൻ പറഞ്ഞു.
കുട്ടികൾ ആർപ്പുവിളിയോടെ ചുറ്റും കൂടി. തിരിച്ചു വന്നു പൊതിയെടുക്കാൻ ചെന്ന മുനി തൊട്ടുമുമ്പിൽ ഉപ്പയും ശബിയും നിൽക്കുന്ന കാഴ്ച കണ്ടു അമ്പരന്നു.
ഗൗരവത്തോടെ ബാപ്പ ചോദിച്ചു.
''എന്താടാ ഇതൊക്കെ...?''
''ഉപ്പ, ദേഷ്യപ്പെടരുത്, ആറു മാസം മുമ്പ് ശബിയും ഞാനും ഭക്ഷണം കഴിച്ചു കൈ കഴുകുമ്പോൾ ഹോട്ടലിന്റെ പിന്നാമ്പുറത്തു ബാക്കിയായ എച്ചിൽ പെറുക്കിയെടുത്തു കൊണ്ടുപോകുന്ന ഒരു ബാലൻ എന്റെ ശ്രദ്ധയിൽപ്പെട്ടു, ഹൃദയഭേദകമായ ആ കാഴ്ച എന്നെ വല്ലാതെ ചിന്തിപ്പിച്ചു, ഞാൻ കോളേജിൽ പഠിക്കുന്ന ഇസ്‌ലാമിക ചരിത്രം എന്റെ മനസ്സിൽ മിന്നിമറഞ്ഞു , ആ ബാലൻ അറിയാതെ ഞാൻ അവനെ പിന്തുടർന്നു.. ഒടുവിൽ ഈ കൂരകളിൽ അതിനു മാത്രമായി അവനെ കാത്തിരിക്കുന്ന ഒരുപാട് കുട്ടികൾ...''
''ഞാൻ കഴിച്ച ഭക്ഷണം എനിക്ക് ഹലാലാവില്ല എന്ന് തോന്നിയ നിമിഷങ്ങൾ... ഇവിടെ പുറംപോക്കിൽ പന്ത്രണ്ടു കൂരയുണ്ട്, കണ്ടില്ലേ അവസ്ഥ, മഴ വന്നാൽ നനയും... മിക്കവാറും ആണുങ്ങൾ ഉപേക്ഷിച്ചു പോയവർ, ഉള്ളവർ, വാർദ്ധക്യവും രോഗവും..., '
അവൻ... കരഞ്ഞു കൊണ്ട് മുഴുമിച്ചു.
ഇവിടെ ചെലവാക്കിയ പൈസ ഹലാലാണ് ഉപ്പ, ഞങ്ങളുടെ ഗ്രൂപ്പിൽനിന്നും ഒരു സംഖ്യ പിരിഞ്ഞുകിട്ടും, പിന്നെ എനിക്ക് ഉമ്മ തരുന്ന പോക്കറ്റ് മണിയും.. അല്ലാതെ... ബാപ്പാന്റെ മോൻ.''
ബാപ്പ അവന്റെ വായ് പൊത്തി. കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
''മതി, ഇനി വിവരിക്കണ്ട...ഇതിന്റെ ആയിരത്തിൽ ഒരംശം പോലും എനിക്ക് തോന്നിയില്ലല്ലോ മോനേ ..''
മോനെ കെട്ടിപ്പിടിക്കുന്നു, ശബിയും കണ്ണീർ വാർക്കുന്നു. കുട്ടികൾ കാഴ്ച കണ്ടു സ്തബ്ധരായി.
അയാൾ തുടർന്നു: ''മോനേ.. എനിക്ക് കണക്കില്ലാത്ത സ്വത്തുണ്ട്, സമ്പത്തും റബ്ബ് നല്ലോണം തന്നു, പക്ഷെ അത് മറ്റുള്ളവർക്ക് ഉപകരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല,... നീ എന്റെ കണ്ണുകൾ തുറപ്പിച്ചു..., നീ നോക്കിക്കോ... കുട്ടികളുടെ വിദ്യാഭ്യാസത്തിനു പുറമേ ഈ പന്ത്രണ്ടു കൂരയും നമ്മുടെ പറമ്പിലെ അഞ്ചു സെന്റ് വീതത്തിൽ വീടും വെച്ച് കൊടുക്കും... നിന്നെ ആ കുട്ടികൾ നിന്നെ പുണരുന്നത് കാണുമ്പോൾ ഞാൻ അസൂയപ്പെടുകയായിരുന്നു മോനേ...''
അയാൾ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിത്തേങ്ങി കരഞ്ഞു, ശബി ഓടിവന്നു മുനിയെ കെട്ടിപ്പിടിച്ചു, രണ്ടുപേരും ബാപ്പയെ ആശ്വസിപ്പിച്ചു.,
അപ്പോഴും നിഷ്‌കളങ്കരായ കുട്ടികൾ മിഠായി കഴിക്കാതെ അവരെത്തന്നെ മിഴിച്ചു നോക്കി നിൽക്കുകയായിരുന്നു.






