Sorry, you need to enable JavaScript to visit this website.

ഇരട്ടച്ചങ്കാ ഐ ലൈക് യു... ഉമ്മ

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി മോഡിയ്ക്ക് ഒരു ടെലിഫോൺ കോൾ. അങ്ങേ തലക്കൽ കേന്ദ്ര പോലീസ് മന്ത്രി അമിത് ഷാജി. മൂപ്പരുടെ കൈയിലേക്കാണല്ലോ ഇന്ത്യ മുഴുവനുമുള്ള രഹസ്യ പോലീസിന്റെ ഫോണുകൾ വരിക. ആകെ മൂഡൗട്ടിലായ അമിത് മോഡിജിയോട് അധികമൊന്നും പറഞ്ഞില്ല. 
ഈ പരിപാടി ഇനിയും തുടരാൻ പറ്റില്ല, അംബാനിജിയെ വിളിച്ച് ഡെയ്്‌ലിയുള്ള അറവ് നിർത്താൻ പറയൂ. ചൊവ്വാഴ്ച കേരളമാകെ സ്തംഭിച്ചിരിക്കുകയാണ്. ഇതറിഞ്ഞുള്ള എന്റെ ഞെട്ടലും വിറയലും മാറിയിട്ടില്ല. കേന്ദ്ര ആഭ്യന്തരന്റെ അപ്രതീക്ഷിത വിളി കേട്ട് മോഡിജിയും ഷോക്കായി. ആരെ പറ്റിക്കാനായിരുന്നു ചൊവ്വാഴ്ച ഹർത്താലായി മാറിയ പണിമുടക്ക് കേരളത്തിൽ നടത്തിയത്? എ.ഐ.സി.സി വക്താവ് ഷാമാ മുഹമ്മദ് കേരളത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവർക്ക്്  മനസ്സിലാവാത്ത കണ്ണൂർ ഭാഷയിൽ ചാനലിൽ കയറിയിരുന്ന് ഏതാനും ദിവസങ്ങൾക്കപ്പുറം ഡയലോഗ് വീശുന്നത് കേട്ടിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പാർട്ടി കേഡേഴ്‌സ് ഉള്ള കണ്ണൂരിലായിരുന്നു കഴിഞ്ഞ ദിവസം ഞാൻ. അന്നും കൂടി പെട്രോളിനും ഡീസലിനും എട്ടും പത്തും രൂപ. ഗ്യാസിന് 35ഉം. ഒരു കേഡറിനും പ്രൊട്ടസ്റ്റ് ഇല്ല. ഇതെന്താ വില കൂടിയാൽ ആർക്കും പ്രതിഷേധമില്ലേ എന്നായിരുന്നു ഷാമയുടെ ചോദ്യം. ഇടക്കാലത്ത് കേരളം മറന്നു പോയ ഒരാചാരം ഓർമപ്പെടുത്തിയതിന് നന്ദി. 
*** *** ***
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു, സംവിധായകനും നിർമ്മാതാവുമായ വികാസ് ബഹൽ, മധു മന്തേന എന്നിവരുടെ വീടുകളിലും വസ്തുവകകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 2018 ൽ പിരിച്ചുവിട്ട അനുരാഗ് കശ്യപിന്റെ നേതൃത്വത്തിലുള്ള ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.  മുംബൈയിലെ പ്രശസ്തമായ സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജൻസികളിലും റെയ്ഡ് നടത്തി. അനുരാഗ് കശ്യപ്, സംവിധായകൻ വിക്രമാദിത്യ മോട്വാനെ, നിർമ്മാതാവ് മധു മന്തേന, വികാസ് ബഹൽ എന്നിവർ ചേർന്നാണ് മുംബൈയിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിംസ് രൂപീകരിച്ചത്.
വികാസ് ബഹലിനെതിരെ ലൈംഗികാതിക്രമ പരാതി വന്നതിന് പിന്നാലെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഫാന്റം ഫിലിംസ് നിർമ്മിച്ച മൻമാർസിയാനിൽ തപ്‌സി പന്നു അഭിനയിച്ചിരുന്നു. ബോളിവുഡിൽ പല പ്രധാന പ്രൊജക്ടുകളും ഫാന്റം ഫിലിംസ് നിർമ്മിച്ചിരുന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട ആളുകളുടെ സ്ഥാപനങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലായാണ് റെയ്ഡ്. 2011 മുതൽ 2018 വരെയായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രവർത്തനം. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നയങ്ങളെ നിശിതമായി വിമർശിക്കുന്നവരാണ് സംവിധായകൻ അനുരാഗ് കശ്യപും നടി തപ്‌സി പന്നുവും. സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയും ഇരുവരും പരസ്യ നിലപാടെടുത്തിട്ടുണ്ട്. 
*** *** ***
വെള്ളിയാഴ്ച രാവിലെ മനോരമ ന്യൂസിന്റെ ലേഖിക ആലപ്പുഴയിൽ ജനഹിതമറിയാൻ ഇറങ്ങിത്തിരിച്ചു. കരിമീനും കൊഞ്ചനും ഞണ്ടും വേവുന്ന അടുക്കളയിൽ കണ്ടു മുട്ടിയത് രണ്ട് വീട്ടമ്മമാരെ. ഭരണതുടർച്ച വേണമെന്ന് ഒന്നാമത്തെ സ്ത്രീ. രണ്ടാമത്തെ വനിത ഇരട്ടച്ചങ്കാ ഐ ലൈക് യു.. ഉമ്മ എന്നു പറഞ്ഞാണ് വികാരം പ്രകടിപ്പിച്ചത്. ഒട്ടും വൈകിയില്ല സൈബർ സഖാക്കൾ ഇതേറ്റു പിടിച്ചു. സമൂഹ മാധ്യമങ്ങളിൽ ആഞ്ഞു വീശി. 
ഫേസ്ബുക്കിൽ ഇതിന് പ്രതികരണമായി ഒരാളെഴുതിയത് രണ്ടാമത്തെ വനിതയുടെ ബന്ധുക്കളാരെങ്കിലും പിൻവാതിലിലൂടെ കയറിക്കാണുമെന്നാണ്. വെള്ളിയാഴ്ച വൈകുന്നേരമാവുമ്പോഴേക്ക് എല്ലാം തകിടം മറിഞ്ഞു. കസ്റ്റംസ് ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലം സ്വർണ കള്ളക്കടത്തിലെ ഉന്നതരുടെ പങ്കിനെ കുറിച്ചായിരുന്നു. ശനിയാഴ്ച നേരെ വെളുത്തപ്പോഴതാ വരുന്നു ഭീകരൻ സാധനം വേറെ. ന്യൂസ് 18, ഏഷ്യാനെറ്റ് എന്നീ ചാനലുകൾ കോടിയേരിയുടെ പത്‌നി വിനോദിനി ഉപയോഗിക്കുന്ന വിലയേറിയ മൊബൈൽ ഫോണിന്റെ ഉടമയെ കുറിച്ച് പറയുന്നു. 
പിണറായി സർക്കാർ കോടികൾ ചെലവഴിച്ച് പ്രതിഛായ വർധിപ്പിക്കുന്നതിനെ കുറിച്ചാണ് ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കാരിയുടെ പരിഭവം. കോവിഡ് കാലത്ത് പത്ര-ദൃശ്യ മാധ്യമങ്ങളുടെ ദുരിതമകറ്റാൻ പിആർഡി പരസ്യങ്ങൾ സഹായകമാവുന്നുവെന്ന്് സമ്മതിക്കുന്നുമുണ്ട്. 
*** *** ***
ബി.ജെ.പിയെ തകർക്കാൻ കോൺഗ്രസിന് മുമ്പിൽ ഒറ്റ വഴിയേ ഉള്ളൂ. അതിൽ പോയി ചേരുക, കൈയിലിരിപ്പ് പുറത്തെടുക്കുക. പരമാവധി അവരെ നാറ്റിക്കുക. ഇതൊരു നാട്ടുനടപ്പാണ്. നേരിട്ട് എതിർക്കാനാവുന്നില്ലെങ്കിൽ ഒപ്പം കൂടി സ്വന്തക്കാരനായി ഭാവിച്ച് പണി കൊടുക്കുക. കർണാടകയിൽ യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗമായ ബി.ജെ.പി. നേതാവും മന്ത്രിയുമായ രമേഷ് ജർക്കിഹോളി രാജിവെച്ചു. ലൈംഗികാരോപണ വിവാദത്തെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസമാണ് ജർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. യെദ്യുരപ്പ സർക്കാരിൽ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായാണ് ആരോപണം. നേരത്തേ കോൺഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാർക്കിഹോളി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യകക്ഷി സർക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എൽ.എമാരിലൊരാളാണ്. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു. കഥയൊന്നുമറിയാതെ പാവം രാഹുൽ ഗാന്ധി കൊല്ലത്ത് കടലിറങ്ങി മീൻ പിടിച്ചും തമിഴ്‌നാട്ടിലെ അണ്ണാച്ചിയോട് കൂടുതൽ സീറ്റുകൾക്ക് ബാർഗെയിൻ ചെയ്തും നേരം കളയുന്നു. 
*** *** ***
കർഷക സമരത്തിലെ സ്ത്രീകളുടെ സാന്നിധ്യം സംബന്ധിച്ച് ടൈം മാഗസിനിൽ വിശദമായ ലേഖനമുണ്ട്. അന്താരാഷ്ട്ര പതിപ്പിന്റെ കവറും കർഷക സമരമാണ്.  ‘എന്നെ ഭയപ്പെടുത്താൻ കഴിയില്ല, എന്നെ വാങ്ങാൻ കഴിയില്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകൾ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തിൽ പറയുന്നു. ഇന്ത്യയിലെ കാർഷിക മേഖലയിൽ സ്ത്രീകളുടെ പ്രധാനപ്പെട്ട പങ്കെന്താണെന്നും എന്നാൽ എങ്ങനെയാണ് ഇവരുടെ പ്രയ്തനം വിലമതിക്കപ്പെടാതെ പോവുന്നതെന്നും ലേഖനത്തിലുണ്ട്. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല് രൂപപ്പെടുത്തുന്ന സ്ത്രീകൾ കോർപ്പറേറ്റ് ചൂഷണത്തിന് പ്രകടമായ ഇരയാവാനിടയുണ്ട്. ഓക്ഫാം ഇന്ത്യയുടെ കണക്ക് പ്രകാരം ഗ്രാമീണ പ്രദേശങ്ങളിലെ  85 ശതമാനവും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷെ ഇവരിൽ 13 ശതമാനത്തിന് മാത്രമേ ഭൂമി അവകാശമുള്ളൂ. സ്ത്രീകളെ കർഷകരായി കാണുന്നില്ല. അവരുടെ ജോലി വലുതാണ്, പക്ഷെ അദൃശ്യമാണ്- പഞ്ചാബ് കിസാൻ യൂണിയൻ അംഗമാ ജസ്ബിർ കൗർ ടൈം മാഗസിനോട് പറഞ്ഞു. പുരുഷ മേധാവിത്വ മനോഭാവം നിലനിൽക്കുന്ന പഞ്ചാബ്. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ത്രീ സമരക്കാർ രംഗത്തിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. 
*** *** ***
വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയെന്ന് നടി ഹണിറോസ്. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ പലതും അങ്ങനെയാണ്. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാൻ ചിലർക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്ക് ഇഷ്ടം. ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാർത്ത കൊടുക്കുന്ന മറ്റ് പോർട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പോർട്ടലിൽ വരുന്ന വാർത്ത വേറെ പോർട്ടലിൽ അവരുടെ ഭാവന കൂടി ചേർന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളും പ്രചരിക്കും- ഹണിറോസ് പറഞ്ഞു.

*** *** ***
2020ൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. എൻജിഒയായ ‘അസസ്സ് നൗ' പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ലോകത്താകമാനം 29 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകളുടെ എണ്ണം 155 ആണ്. ഇതിൽ 109 എണ്ണം ഇന്ത്യയിലാണ് എന്നാണ് റിപ്പോർട്ടിലുള്ളത്. പകർച്ചവ്യാധിയുടെ കാലത്ത്  ഇന്റർനെറ്റ് തടയുന്ന സർക്കാരുകൾ ജനങ്ങളുടെ വിദ്യാഭ്യാസം, ബിസിനസുകൾ, ജീവിക്കാനുള്ള അവകാശം എന്നിവയിൽ കൈകടത്തുകയാണെന്നു റിപ്പോർട്ടിൽ പറഞ്ഞു. പൗരത്വനിയമ പ്രക്ഷോഭം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ ഇന്റർനെറ്റ് വിഛേദമുണ്ടായി. ഇന്റർനെറ്റ് റദ്ദാക്കൽ ഏറ്റവും കൂടുതൽ സമയം ഉണ്ടായത് ജമ്മു കശ്മീരിലാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര എന്നിവയാണ് നഷ്ടം നേരിട്ട മറ്റു സംസ്ഥാനങ്ങൾ.റിപ്പോർട്ട് പ്രകാരം ഇന്ത്യ കഴിഞ്ഞാൽ യെമനാണ് ഈ ലിസ്റ്റിൽ രണ്ടാമത്. അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴ്  ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടുകളാണ് സംഭവിച്ചത്.
 

Latest News