Sorry, you need to enable JavaScript to visit this website.

നാട്ടുനന്മയുടെ നാടൻ പാട്ടുകൾ

കേരള സർക്കാരിന്റെ ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് ഷൈജു ധമനി എന്ന പ്രവാസി കലാകാരനെക്കുറിച്ച്

ഏതൊരു സമൂഹത്തിന്റേയും സാഹിത്യ സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് നാടൻ പാട്ടുകൾ. പ്രാചീന കാലം മുതലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടൻ പാട്ടുകളായിരുന്നു ആദാനപ്രദാനങ്ങളുടെ സുപ്രധാനമായ മാധ്യമമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എഴുത്തുവിദ്യയുടെ കണ്ടുപിടുത്തത്തിനും പ്രചാരത്തിനും മുമ്പും പാടിയും പറഞ്ഞുമാണ് ആശയങ്ങളും സന്ദേശങ്ങളും കൈമാറിയിരുന്നത്.  ജീവിതത്തിന്റെ സത്യാത്മകവും ആത്മാർത്ഥവുമായ ആവിഷ്‌ക്കരണങ്ങളാണ് നാടൻ പാട്ടുകൾ. ഭാവനയ്ക്കും കൽപനകൾക്കുമപ്പുറം ചൂടേറിയ ജീവിതത്തിന്റെ കാൽപാടുകളാണ്  നാടൻ പാട്ടുകൾ പ്രതിനിധീകരിക്കുന്നത്. നാടൻ പാട്ടുകൾ മിക്കതും അജ്ഞാതകർത്തൃകങ്ങളും വാഗ്രൂപമാത്ര പാരമ്പര്യം ഉളളതുമാണ്. 
നാട്ടു ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതു സംഗീതരൂപങ്ങളാണ് നാടൻപാട്ടുകൾ. ഭാഷയുടേയും സാഹിത്യത്തിന്റേയും എന്നതിലുപരി ഇവ സംസ്‌കാരത്തിന്റെ കൂടി ചിഹ്നങ്ങളാണ്. ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നുകൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും. 
കേരളീയ ജീവിതത്തിന്റെ പശമണ്ണിൽ വേരൂന്നിവളർന്ന നടൻ പാട്ടുകളിൽ അക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും ആശകളും ആശങ്കകളും പ്രതിഫലിച്ചു കാണാം. ഹൃദയത്തിൽ നിന്നും ഉത്ഭവിച്ച് ഹൃദയത്തിലേക്ക് ഒഴുകുന്ന ഈ പാട്ടുകൾക്ക് ചൂടേറിയ ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവുമുണ്ട്. 
വിവിധ ആഘോഷങ്ങളും ജീവിത രീതികളുമായുമൊക്കെ ബന്ധപ്പെട്ട് തലമുറ തലമുറകളായി കൈമാറിയ നാടൻ പാട്ട് സംസ്‌കാരം ആധുനികതയുടേയും പരിഷ്‌ക്കാരത്തിന്റേയും തള്ളിക്കയറ്റത്തിൽ കേരളീയ സമൂഹത്തിൽ നിന്നുപോലും പതിയെ അന്യം നിന്നുപോകുന്ന സാഹചര്യത്തിലാണ് പ്രവാസ ലോകത്തിരുന്ന് നാടൻ പാട്ടുകളെ നെഞ്ചേറ്റുന്ന പ്രവാസി കലാകാരനായ ഷൈജു ധമനി നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. 
നാടൻ പാട്ട് മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാരിന്റെ ഫോക്‌ലോർ അക്കാദമി ഏർപ്പെടുത്തിയ അവാർഡ് നേടിയ ഖത്തറിലെ ഭവൻസ് പബ്ലിക് സ്‌കൂളിലെ ആക്ടിവിറ്റി കോ ഓർഡിനേറ്ററും സീനിയർ മലയാളം ടീച്ചറുമായ ഷൈജു ധമനി കഴിഞ്ഞ 20 വർഷത്തോളമായി നാടൻ പാട്ടുകളെ നെഞ്ചേറ്റിയ കലാകാരനാണ്. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ ഷൈജു കഴിഞ്ഞ 9 വർഷത്തോളമായി പ്രവാസിയാണെങ്കിലും കേരളത്തോടും കേരളീയ പാരമ്പര്യങ്ങളോടുമുള്ള പൊക്കിൾകൊടി ബന്ധം ശക്തമാക്കുന്ന നാടൻ പാട്ടുകളെ പ്രചരിപ്പിക്കുവാനും പരിചയപ്പെടുത്താനുമായി കനൽ നാടൻ പാട്ട്് സംഘം രൂപീകരിച്ചാണ് ഈ പ്രവാസി അധ്യാപകൻ സർഗസഞ്ചാരത്തിന്റെ വേറിട്ട മാതൃക സമ്മാനിക്കുന്നത് 
കേരള ഫോക് ലോർ അക്കാദമിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾ അവാർഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ ഒമ്പത്് വർഷത്തോളമായി ഖത്തറിൽ അധ്യാപകനായ ഷൈജു കനൽ നാടൻ പാട്ട് സംഘത്തിന്റെ കീഴിൽ ചെറുതും വലുതുമായ നിരവധി പരിപാടികൾ  അവതരിപ്പിച്ചിട്ടുണ്ട്.


കായംകുളം എം. എസ്. എം. കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഷൈജുവിന് നാടൻ പാട്ടുകളിൽ കമ്പം തുടങ്ങിയത്. അധ്യാപകനായ ഡോ. അജുനാരായണൻ സാറിന്റെ കഌസുകളാണ് പ്രചോദനമായത്.  ചേർത്തലയിൽ നടന്ന എൻ. എസ്. എസ്. ലീഡർഷിപ്പ് ക്യാമ്പിൽ അനൂപ് ചന്ദ്രനും സംഘവും അവതരിപ്പിച്ച സി.ജെ. കുട്ടപ്പൻ മാഷിന്റെ ആദിയില്ലല്ലോ അനന്തമില്ലല്ലോ എന്നു തുടങ്ങുന്ന ഗാനം ഏറെ ആവേശം നൽകി. ആയിടക്കാണ് കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന നാവ്് എന്ന നാടൻ പാട്ട് സംഘം എം. എസ്. എം. കോളേജിൽ പരിപാടിയവതരിപ്പിക്കാനെത്തിയത്. അവരുടെ പ്രകടനത്തിൽ ആകൃഷ്ടനായ ഷൈജു അവരോടൊപ്പം ചേരുകയും വിവിധ വേദികളിൽ സജീവമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കോളേജിലെ കൂട്ടുകാരെ കൂട്ടി ധമനി കലാമന്ദിർ എന്ന പേരിൽ ഒരു നാടൻ പാട്ട് സംഘം രൂപീകരിച്ച അദ്ദേഹം സജീവമായ കലാപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. 2012 ൽ ദോഹയിൽ ജോലി കിട്ടിപോരുന്നതുവരെയും ധമനിയുടെ നട്ടെല്ലായിരുന്നു ഷൈജു. ആ കൂട്ടായമ ഇപ്പോഴും തുടരുന്നുണ്ട്. 
പ്രവാസ ലോകത്തെത്തിയപ്പോഴും നാടൻ പാട്ടുകളോടുള്ള കമ്പം കുറഞ്ഞില്ല. ഫ്രന്റ്്‌സ് കൾചറൽ സെന്ററിന്റെ എക്‌സിക്യൂട്ടീവ്് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരിയും ഉണ്ണികൃഷ്ണൻ ചടയമംഗലവുമാണ് ദോഹയിലെ കലാപ്രവർത്തനത്തിന് പ്രേരകമായത്. എഫ്.സി.സി.യുടെ ഖത്തർ കേരളീയം പരിപാടിയുടെ ഭാഗമായ നാടൻ പാട്ട് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 
സംസ്‌കൃതി പ്രവർത്തകനായിരുന്ന എസ്. പ്രദീപ്കുമാർ നാടൻ പാട്ട് പഠിപ്പിക്കുവാൻ ക്ഷണിച്ചതോടെ ആവേശം വർദ്ധിച്ചു. അങ്ങനെയാണ് വിജീഷ് വിജയൻ ചേർത്തല, വിനോദ് കുമാർ തൃശൂർ, സുധീർ ബാബു വയനാട്, മുഹമ്മദ് സ്വാലിഹ് തൃശൂർ എന്നിവരുമായി ചേർന്ന് കനൽ നാടൻ പാട്ട് സംഘം രൂപീകരിച്ചത്. തനതായ നാടൻ പാട്ടുകളും പാടിയും പഠിപ്പിച്ചും ഖത്തർ പ്രവാസികൾക്ക് ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ സമ്മാനിച്ച കനൽ നാടൻ പാട്ട് സംഘം കേരള ഫോക് ലോർ അക്കാദമിയുടെ അംഗീകാരം ലഭിച്ച ഗൾഫിലെ ആദ്യ സംഘമാണ്. ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് നാടൻ പാട്ട് മൽസരം നടത്തുന്ന കനൽ  നാടൻ പാട്ട് സംഘം അക്കാദമി അവാർഡ് കഴിഞ്ഞാൽ നാടൻ പാട്ട്  മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ കനൽ ഖത്തർ പ്രതിഭ പുരസ്‌കാരം ഏർപ്പെടുത്തി നാടൻ പാട്ടുകളെ പ്രോൽസാഹിപ്പിക്കുന്ന മാതൃകാപ്രവർത്തനവുമായാണ് മുന്നോട്ടുപോകുന്നത് . നിരവധി അപേക്ഷകളാണ് ഈ പുരസ്‌കാരത്തിന് ലഭിക്കാറുളളത് എന്നത് നാടൻപാട്ടുമേഖലയുടെ സജീവതയാണ് അടയാളപ്പെടുത്തുന്നത്. കായംകുളത്തെ അബ്ദുൽ അസീസ്-റംലത്ത് ദമ്പതികളിൽ മൂന്ന് മക്കളിൽ ഇളയവനായ ഷൈജു തികച്ചും വേറിട്ട സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയാണ് പ്രവാസി മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഖത്തറിലെ ഭവൻസ് പബ്ലിക് സ്‌കൂൾ അധ്യാപിക മിനി ഷൈജുവാണ് ഭാര്യ. ഷെഹ്‌സാദ് ഷൈജു, സൈദ്ധവ് ഷൈജു എന്നിവർ മക്കളാണ്.

Latest News