പ്രകൃതിയിലേക്കുള്ള മടക്കമാണ് ദീപ്തി വിജയന്റെ ചിത്രങ്ങളുടെ കാതൽ. പാടവും പച്ചപ്പും ഗ്രാമീണതയും തെയ്യവും തിറയുമെല്ലാം ദീപ്തിയുടെ ചിത്രങ്ങൾക്ക് വിഷയമാകുന്നു. കാഴ്ചക്കാരുടെ മനസ്സിൽ ഗൃഹാതുരതയുടെ മേച്ചിൽപ്പുറങ്ങളിലേയ്ക്കുള്ള സഞ്ചാരമാണ് അവയോരോന്നും സമ്മാനിക്കുന്നത്.
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ആലങ്കോടാണ് സ്വദേശമെങ്കിലും ചെന്നൈ അമ്പത്തൂരിനടുത്ത പുഴലിലാണ് ദീപ്തിയുടെ വാസം. ഭർത്താവ് ജയൻ ആവഡി ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായതുവഴിയാണ് ദീപ്തി അന്യനാട്ടുകാരിയായത്.കുട്ടിക്കാലംതൊട്ടേ ചിത്രകലയുടെ ലോകത്തായിരുന്നു ജീവിതം. ചുമർചിത്രകലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചിരുന്ന അമ്മവീട്ടുകാരായിരുന്നു പ്രചോദനമായത്. നല്ലൊരു ചിത്രകാരനും ഫോട്ടോഗ്രാഫറുമായിരുന്ന അച്ഛനും പിൻബലമായി. സ്‌കൂളിലും വളാഞ്ചേരി എം.ഇ.എസ് കോളേജിലെ പഠനകാലത്തും ചിത്രരചനയിൽ മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു.

അമ്പത്തൂരിനടുത്ത സ്‌കൂളിൽ കമ്പ്യൂട്ടർ അധ്യാപികയായി ജോലി നോക്കവേ, ഒരിക്കൽ മകന്റെ ഹോംവർക്ക് പുസ്തകത്തിൽ ആപ്പിളിന്റെ ചിത്രം വരച്ചുകൊടുത്തിരുന്നു. ദീപ്തിയുടെ ചിത്രരചനാപാടവത്തിൽ ആകൃഷ്ടനായ ഭർത്താവ് ജയനാണ് പ്രോത്സാഹനം നൽകി പിന്തുണച്ചത്.ചെന്നൈയിൽ നടന്നിരുന്ന ചിത്രകാരന്മാരുടെ വർക്ക് ഷോപ്പുകളിൽ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം. വാട്ടർകളർ ചിത്രരചനയെക്കുറിച്ച് കൂടുതലറിയാൻ ആൾവാർപേട്ടിൽ നടന്ന സദു അലിയൂരിന്റെ പത്തുദിവസത്തെ ചിത്രകലാക്യാമ്പിൽ പങ്കെടുത്തു. നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ മാഹിയിലെ വീട്ടിൽ ചെന്നാണ് കൂടുതൽ പഠിച്ചെടുത്തത്.

അക്രിലിക്കിലുള്ള ചിത്രരചനയ്ക്ക് പ്രോത്സാഹനമായത് എബി എൻ ജോസഫിന്റെ പരിശീലനമാണ്. കുറച്ചുകാലത്തെ ശ്രമഫലമായി ചിത്രകലയിൽ തന്റേതായ ഒരു സ്ഥാനമുറപ്പിക്കാൻ ദീപ്തിക്ക് കഴിഞ്ഞു. 2016 ൽ തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആദ്യമായി സോളോ എക്‌സിബിഷൻ അരങ്ങേറി. വിംഗ്‌സ് ഓഫ് പാഷൻ എന്ന പേരിലുള്ള ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത് ആലങ്കോട് ലീലാകൃഷ്ണനായിരുന്നു. ദീപു എന്ന ചുരുക്കപ്പേരിലായിരുന്നു ചിത്രരചന. 2018ൽ കോഴിക്കോട് ലളിതകലാ അക്കാദമിയിലും പ്രദർശനമൊരുക്കി. വിംഗ്‌സ് ഓഫ് പാഷന്റെ മൂന്നാമത്തെ പ്രദർശനം ചെന്നൈയിലായിരുന്നു ഒരുക്കിയത്. നടൻ മധുപാലായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.ഇല്ലസ്‌ട്രേഷനിലുള്ള താൽപര്യം ദീപ്തിയെ കൊണ്ടെത്തിച്ചത് കണ്ണൂരിലുള്ള ആർ.പി. കരിപ്പത്തിനടുത്താണ്. തെയ്യം വരയ്ക്കാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തെയ്യപ്രപഞ്ചം എന്ന കൃതി തന്നെ സമ്മാനിച്ചു. കൂടാതെ തന്റെ കഥാപ്രസംഗ സമാഹാരത്തിനായി ഇല്ലസ്‌ട്രേഷനൊരുക്കാനും സമ്മതം നൽകി. കണ്ണൂരിലെ പടയാളിസമയം എന്ന മാഗസിനിലും വരയ്ക്കാൻ അവസരം ലഭിച്ചു.രേഖാചിത്രങ്ങളുടെ ശക്തിയെക്കുറിച്ച് കൂടുതൽ പഠിച്ചത് മാതൃഭൂമിയുടെ ആർട്ട് എഡിറ്ററായ മദനനിൽ നിന്നായിരുന്നു. കഥയാണെങ്കിലും കവിതയാണെങ്കിലും ഉള്ളിൽതട്ടി വായിക്കണം. അവയിലെ ഏറ്റവും വൈകാരികത നിറഞ്ഞ സന്ദർഭങ്ങൾ ചിന്തയിൽ മായാതെ നിലനിൽക്കണം. ആ ദൃശ്യങ്ങളാണ് രേഖാചിത്രങ്ങളായി പിറവികൊള്ളേണ്ടതെന്ന് അദ്ദേഹം ശിഷ്യയ്ക്കു പറഞ്ഞുകൊടുത്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അഷിതയുടെ ഹൈക്കു കവിതകൾ എന്ന പുസ്തകത്തിലെ കൊച്ചുകാവ്യങ്ങൾക്കായി തൊണ്ണൂറോളം രേഖാചിത്രങ്ങൾ വരച്ചുകൊണ്ട് സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിലും തന്റെ കയ്യൊപ്പു ചാർത്തുകയായിരുന്നു ഈ കലാകാരി.

വ്യക്തികളും വസ്തുക്കളും പ്രകൃതിദൃശ്യങ്ങളും മാത്രമല്ല, രൂപമോ ശരീരമോ ഇല്ലാത്തതിനേയും കാൻവാസിൽ കൊണ്ടുവരണമെന്ന ചിന്തയാണ് ദീപ്തിയെ അച്യുതൻ കൂടല്ലൂരിനടുത്തെത്തിച്ചത്. അദ്ദേഹത്തിന്റെ ശിക്ഷണം അമൂർത്തമായ ഭാവനകൾക്ക് രൂപം നൽകാൻ ദീപ്തിക്ക് ശക്തി പകരുകയായിരുന്നു.
ഇതിനകം രണ്ടായിരത്തോളം ചിത്രങ്ങൾ ദീപ്തിയുടെ ഭാവനയിൽ പിറവികൊണ്ടുകഴിഞ്ഞു. രേഖാചിത്രങ്ങളും ഏറെയുണ്ട്. കശ്മീർ ലളിതകലാ അക്കാദമി നാലുതവണ ദീപ്തിയുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇരുപതോളം ഗ്രൂപ്പ് എക്‌സിബിഷനുകളും പങ്കാളിയായി. ചെന്നൈ ആസ്ഥാനമായുള്ള കേരള ചിത്രകലാ പരിഷത്തിന്റെ സെക്രട്ടറി കൂടിയാണ് ദീപ്തി.
സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു ചിത്രകാരി എന്ന പേരിൽ അറിയപ്പെടാനാണ് ഈ കലാകാരി ആഗ്രഹിക്കുന്നത്. തന്റെ ചിത്രങ്ങളിലൂടെ മനുഷ്യമനസ്സിനെ വിമലീകരിക്കാനാവണം എന്ന ലക്ഷ്യവും ദീപ്തിക്കുണ്ട്.

തിരുവനന്തപുരം ലളിതകലാ അക്കാദമി ഇരുനൂറോളം ചിത്രങ്ങളുമായി ഒരുക്കിയ ചിത്രസഞ്ചാരം എന്ന പ്രദർശനത്തിൽ ദീപ്തിയുടെ രണ്ട് ചിത്രങ്ങളുണ്ടായിരുന്നു. പ്യൂരിറ്റി ഓഫ് അഫക്ഷൻ എന്ന അടിക്കുറിപ്പിൽ തന്റെ പേരക്കുട്ടിയെ ചേർത്തുപിടിച്ച് വടികുത്തിയിരിക്കുന്ന ഒരു അപ്പൂപ്പന്റെ ചിത്രം എല്ലാവരേയും ആകർഷിക്കുന്നതായിരുന്നു. കലാതൽപരനായ പന്ന്യൻ രവീന്ദ്രൻ ആ ചിത്രം കണ്ട് ''അതെന്നെ ബാല്യകാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, എന്തൊരു ഫീലാണ് ആ ചിത്രത്തിന്'' എന്നുപറഞ്ഞത് ദീപ്തി ഇന്നും ഓർക്കുന്നുണ്ട്. ഇന്നത്തെ തലമുറയ്ക്ക് കൈമോശം വന്ന കലർപ്പില്ലാത്ത ലാളനയാണതെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഒരു കടലിന്റെ പശ്ചാത്തലത്തിലുള്ള പായ്ക്കപ്പലിന്റെ ചിത്രമാണ് ദീപ്തിയുടെ ചിത്രരചനയിലെ മറ്റൊരു വിസ്മയം. സോഷ്യൽ മീഡിയയിൽ ഉൾപ്പെടുത്തിയ ആ ചിത്രം കണ്ട് നടൻ മോഹൻലാൽ വിലയ്ക്കു വാങ്ങുകയായിരുന്നു. നടൻ കൃഷ്ണപ്രസാദാണ് ലാലേട്ടനെ പരിചയപ്പെടുത്തിയത്. എടപ്പാളിൽ ഷൂട്ടിംഗിന് വന്നപ്പോഴായിരുന്നു സംഭവം. ചെന്നൈയിൽനിന്നും വിമാനമാർഗം എത്തിയാണ് ആ ചിത്രം സമ്മാനിച്ചത്.

തമിഴ്‌നടൻ അർജുൻ ദീപ്തിയുടെ ചിത്രം വാങ്ങിയത് വലിയ വാർത്തയായിരുന്നു. ഒരു യാത്രയ്ക്കിടയിൽ പരിചയപ്പെട്ട നടൻ അംജത് മൂസയാണ് അർജുനെ പരിചയപ്പെടുത്തിയത്. അക്രിലിക്കിൽ ഒരുക്കിയ തോണി തുഴഞ്ഞെത്തുന്ന രണ്ടു യാത്രക്കാരുടെ നാലര അടി ഉയരമുള്ള ചിത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ആഞ്ജനേയ കോവിലിലേയ്ക്കും ഒരു ചിത്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദീപ്തി പറയുന്നു.ഓൺലൈൻ വിപണന സാധ്യതകൾ ലക്ഷ്യമിട്ട് യു ഗാലറി പോലുള്ള ആർട്ട് ഗ്യാലറികളിൽ ദീപ്തി തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഒരിക്കൽ ഒരു കടലിന്റെ ചിത്രം കണ്ട് മിക്കി ആംസ്‌ട്രോങ് എന്ന ബ്രിട്ടീഷുകാരൻ അയ്യായിരം ഡോളർ നൽകി ആ ചിത്രം സ്വന്തമാക്കുകയായിരുന്നു.

ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം സമ്മാനിച്ചത് ദേവരാജൻ മാസ്റ്ററുടെ പോർട്രേറ്റ്്് വരയ്ക്കാൻ കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിൽ ചെന്നൈയിലെ ആശാൻ മെമ്മോറിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദേവരാഗ സ്മൃതിയിൽ ദേവരാജൻ മാസ്റ്ററുടെ ഭാര്യ ലീലാമണി അമ്മയ്ക്കാണ് ആ ചിത്രം സമ്മാനിച്ചത്. ശ്രീകുമാരൻ തമ്പിയും പി.ജയചന്ദ്രനും ചിത്രയും ലതികയും എം.ജയചന്ദ്രനും ശരതുമെല്ലാമടങ്ങിയ സംഗീതലോകത്തെ പ്രഗത്ഭർ ആ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയത് ദീപ്തിക്ക് മറക്കാനാവില്ല. ചിത്രരചനാരംഗത്ത് തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.
ഭർത്താവിന്റെയും മക്കളായ ഡി.ജി. വൈഷ്ണവ് കോളേജിൽ ബി.സി.എ വിദ്യാർത്ഥി വൈശാഖിന്റെയും ഡോൺബോസ്‌കോ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വിവേകിന്റെയും പിന്തുണയാണ് ചിത്രരചനാരംഗത്ത് തന്നെ നിലയുറപ്പിച്ചുനിർത്തുന്നതെന്ന് ഈ കലാകാരി പറയുന്നു.






