സവിനയം, സാജിത

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. ഏറനാടൻ ഗ്രാമവിശുദ്ധി നിറഞ്ഞ വണ്ടൂർ ബ്ലോക്കിന്റെ വികസനത്തിന് കടിഞ്ഞാൺ പിടിക്കുന്ന സാജിതയെക്കുറിച്ച്...

വണ്ടൂരിലെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട സുദിനമായിരുന്നു 2020 ഡിസംബർ 30. അന്നാണ് സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.
പേര്: സാജിത.
എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര എന്ന കൊച്ചു ഗ്രാമത്തിൽ വെണ്ണേതൊടിക വീരാൻ കുട്ടിയുടേയും ഖദീജയുടെയും മൂത്ത മകളായി ജനിച്ച സാജിത പഠനത്തിലും വളരെ മിടുക്കിയായിരുന്നു. ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായത് കൊണ്ട് തന്നെ മമ്പാട് എം.ഇ.എസ് കോളേജിൽ - അതും ഫസ്റ്റ് ഗ്രൂപ്പ് - സീറ്റ് കിട്ടാൻ അധികം ബുദ്ധിമുട്ടേണ്ടിയും വന്നില്ല.  


സാജിത ഭർത്താവിനൊപ്പം.

എന്നാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ തുടർന്ന് പഠിക്കാനുള്ള അവസരം ലഭിക്കും മുമ്പെ വിവാഹാലോചനകൾ വരികയും  അക്കാലത്തെ ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം പോലെ നല്ലൊരു ആലോചന വന്നപ്പോൾ കല്യാണത്തിന് സമ്മതിക്കുകയുമായിരുന്നു. 
1997 മേയ് ഏഴിന് വണ്ടൂർ സ്വദേശി കുരുത്തിക്കുഴിയൻ മുജീബ് റഹ്മാന്റെ ഭാര്യയാവുന്നതോടുകൂടിയാണ് സാജിത വണ്ടൂരുകാരിയായി മാറുന്നത്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ ഭർത്താവിന്റെ കുടുംബത്തിലുള്ളവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ മടിയോ വെറുപ്പോ വിദ്വേഷമോ കൂടാതെ ചെയ്തു കൊടുത്തിരുന്ന സാജിത, അവശതയനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.
അങ്ങനെയാണ് ആദ്യമായി 2010 ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. അതും മുസ്‌ലിം ലീഗിന്റെ ടിക്കറ്റിൽ. ഭർത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണ കൂടി ലഭിച്ചതോടെ പൊതു പ്രവർത്തന രംഗത്തേക്കുള്ള ആദ്യചുവട് വെപ്പായി മാറുകയായിരുന്നു അത്.


മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവ് വണ്ടൂർ ഹൈദരലിയുടെ കൂടെ.

വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്ന പത്തൊമ്പതാം വാർഡിൽ നിന്നും പ്രഥമ മത്സരത്തിൽ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ സാജിത ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആകെയുള്ള 23 വാർഡിൽ 13 വാർഡ് യുഡിഎഫിനും 10 വാർഡ് എൽ ഡി എഫിനും ലഭിച്ചതോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണം യുഡിഎഫിൽ ഭദ്രമായിരുന്നു. അത് കൊണ്ട് തന്നെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി സാജിത തെരഞ്ഞെടുക്കപ്പെട്ടു. 2010 ൽ പഞ്ചായത്ത് പ്രസിഡന്റ് പദവി എസ് സി വനിതാ വിഭാഗത്തിന് സംവരണം ചെയ്തതായിരുന്നു. 
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി പ്രവർത്തിക്കാൻ ലഭിച്ച അഞ്ച് വർഷം പാർട്ടിയുടേയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണവും പിന്തുണയും സാജിതക്ക് ലഭിച്ചതോടെ, റോഡ്, ഗതാഗതം, കുടിവെള്ളം, പൊതുമരാമത്ത് പ്രവൃത്തികളടക്കം  പശ്ചാത്തല മേഖലയിൽ വികസനം കൊണ്ടുവരാൻ സാജിതക്ക് കഴിഞ്ഞത് ഒരു തുടക്കക്കാരി എന്നതിലുപരി കുടുംബ പശ്ചാത്തലത്തിൽ നിന്നും ലഭിച്ച മുൻപരിചയം കൊണ്ട് കൂടിയായിരുന്നു. 


വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യുന്നു

2010 ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്നും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾക്ക് വണ്ടൂർ പഞ്ചായത്തിലേക്ക് സഹായങ്ങൾ കൊണ്ടുവരാൻ സാജിതയുടെ പ്രവർത്തനം ഏറെ സഹായിച്ചിട്ടുണ്ട്. എ. പി അനിൽകുമാർ എം എൽ എ യുമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നും ലക്ഷക്കണക്കിന് രൂപയുടെ സഹായം വണ്ടൂർ പഞ്ചായത്തിൽ വിതരണം ചെയ്യാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചതും എടുത്തു പറയേണ്ട സംഗതിയാണ്.
അവശതയനുഭവിക്കുന്നവർക്ക് അത്താണിയായി, കിടപ്പുരോഗികൾക്ക് സഹായിയായി ഒരു മെമ്പർ എന്നതിലുപരി നാട്ടുകാരിയായി, അയൽവാസിയായി , കൂടെപ്പിറപ്പായി നാട്ടുകാരോടൊപ്പം നിൽക്കാൻ കഴിഞ്ഞത് കൊണ്ട് എല്ലാവരുടേയും മനസ്സിൽ ഇടം നേടാൻ സാജിതക്ക് കഴിഞ്ഞിരുന്നു. 
അതു കൊണ്ട് തന്നെ 2015 ൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല മുസ്‌ലിംലീഗിന്  സാജിതക്ക് സീറ്റ് നൽകാൻ. 2010ൽ വനിതാ സംവരണ സീറ്റിലാണ് മത്സരിച്ചിരുന്നതെങ്കിൽ 2015 ആയപ്പോൾ നറുക്കെടുപ്പിൽ സ്വന്തം വാർഡ് ജനറൽ ആയി മാറിയിരുന്നു. എതിരാളി ശക്തനായ പുരുഷ കേസരിയാണെന്നറിഞ്ഞിട്ടും പാർട്ടി ജനറൽ സീറ്റിൽ തന്നെ സാജിതയെ മത്സരിപ്പിക്കാൻ ധൈര്യം കാണിക്കുകയായിരുന്നു. 
2010 - 15 കാലയളവിലെ പ്രവർത്തന മികവ് വിലയിരുത്തിയ വോട്ടർമാർ വീണ്ടും വൻ ഭൂരിപക്ഷത്തിൽ സാജിതയെ വിജയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. വണ്ടൂർ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു സ്ത്രീ തുടർച്ചയായി രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കുന്നതും ,ഒരു പുരുഷനോട് ഏറ്റുമുട്ടി വിജയിക്കുന്നതും ആദ്യമായിട്ടായിരുന്നു. വീണ്ടും ഭരണം യുഡിഎഫിന് ലഭിച്ചപ്പോൾ  സീറ്റ് നില 15- 8 ആയിരുന്നു. അതിൽ തന്നെ 10 സീറ്റ് കോൺഗ്രസ്സിനും 5 സീറ്റ് മുസ്ലിം ലീഗിനും ലഭിച്ചത് കൊണ്ട് പ്രസിഡന്റ് പദവി ഓഹരി വെക്കേണ്ടിവന്നു. 2010 ൽ നിന്നും വിഭിന്നമായി 2015ൽ പ്രസിഡന്റ് പദവി വനിതാ ജനറൽ ആയിരുന്നു. ആദ്യത്തെ 3 വർഷം കോൺഗ്രസ്സിനും അവസാന രണ്ട് വർഷം മുസ്‌ലിം ലീഗിനും എന്നായിരുന്നു കരാർ. 


സാജിതയുടെ കുടുംബം

ആ കരാർ പ്രകാരം അവസാന രണ്ട് വർഷം പ്രസിഡന്റ് പദവിയിലിരിക്കാനും സാജിതക്ക് ഭാഗ്യം ലഭിച്ചു. തനിക്ക് ലഭിച്ച പദവിയിൽ ഒട്ടും അഹങ്കരിക്കാതെ അപ്പോഴും വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കും കാരുണ്യ സേവനങ്ങൾക്കും മുന്നിട്ടിറങ്ങുകയായിരുന്നു സാജിത. ഈ കാലയളവിലാണ് പത്തോളം പുതിയ അംഗനവാടികൾ വണ്ടൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പ്രവർത്തനം ആരംഭിച്ചത്. പ്രളയത്തിന്റെ രൂക്ഷതയും കൊറോണയുടെ തുടക്കവും ആയിരുന്നു ആ കാലഘട്ടം. അത് കൊണ്ട് തന്നെ മാലിന്യ സംസ്‌കരണത്തിന് വേണ്ടിയുള്ള സംവിധാനം ഒരുക്കാനും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കാനും ഹരിത കർമ്മ സേന രൂപീകരിക്കുകയും മാലിന്യ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിച്ച് വണ്ടൂരിനെ ശുചിത്വ വണ്ടൂർ എന്ന പദവിയിലേക്ക് ഉയർത്താൻ സാധിച്ചതും എടുത്ത് പറയേണ്ട സംഗതിയാണ്. അത് വഴി പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരവും ലഭിച്ചു. ടി ബി മുക്തപഞ്ചായത്തെന്ന ബഹുമതി ലഭിച്ചതും ഈ കാലയളവിലായിരുന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ച് കോവിഡ് മഹാമാരിയെ ഒരു പരിധി വരെ പ്രതിരോധിക്കാനും ,വീടും സ്ഥലവുമില്ലാത്ത 116 ഓളം കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം നൽകാനും സാധിച്ചത് പ്രസിഡന്റ് എന്ന നിലയിൽ ചെയ്യാൻ കഴിഞ്ഞ പ്രവൃത്തികളായാണ് സാജിത വിലയിരുത്തുന്നത്. 
സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ടും രാഷ്ട്രീയ പ്രവർത്തനങ്ങൾ കൊണ്ടും സാമ്പത്തികമായി ഏറെ ഉയർച്ചയും ഉണ്ടായിട്ടില്ല. ഒരു ചെറിയ തുണിക്കടയും ടൈലറിംഗ് യൂനിറ്റുമാണ് സ്വന്തമായി ഉള്ളത്. 2020 ൽ വീണ്ടും തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ തൽക്കാലം പൊതുപ്രവർത്തനത്തിൽ നിന്നും വിട്ട് നിൽക്കാനായിരുന്നു സാജിതയുടെ തീരുമാനം.  എന്നാൽ മുസ്‌ലിംലീഗിനത് ആലോചിക്കാൻ പോലും കഴിയുന്ന കാര്യമായിരുന്നില്ല. അങ്ങനെ പാർട്ടിയുടെ ശക്തമായ സമ്മർദ്ദം മൂലമാണ് സാജിത വീണ്ടും ഗോദയിലിറങ്ങിയത്. ഗ്രാമപഞ്ചായത്തിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് എന്ന മാറ്റത്തോടെ.


ലേഖകൻ: എ.പി അൻവർ വണ്ടൂർ
പാർട്ടിക്ക് സാജിതയിൽ അത്രക്ക് വിശ്വാസമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ 40 വർഷത്തോളം സി. പി. എമ്മിന്റെ കുത്തകയായിരുന്ന വണ്ടൂർ ഡിവിഷനിൽ നിന്നും സാജിത ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ  ഒരു ജന പ്രതിനിധി എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണം കൂടി ആയി മാറുകയായിരുന്നു സാജിത. 15 ഡിവിഷനുള്ള വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ 6 സീറ്റ് കോൺഗ്രസ്സിനും 6 സീറ്റ് മുസ്ലിം ലീഗിനും 3 സീറ്റ് സി. പി. എമ്മിനുമാണ് ലഭിച്ചത്. 
കക്ഷിനിലയുടെ അടിസ്ഥാനത്തിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസ്സിനും വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനുമാണ്. പ്രസിഡൻറായി കോൺഗ്രസ്സിലെ മുതിർന്ന അംഗം കെ സി കുഞ്ഞിമുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാജിതയുടെ പേര് നിർദ്ദേശിക്കാൻ മുസ്‌ലിംലീഗിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. സത്യപ്രതിജ്ഞക്ക് ശേഷം വരുന്ന അഞ്ച് വർഷം ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുമെന്നും അതിന് നിങ്ങളുടെയെല്ലാം സഹകരണവും പ്രാർത്ഥനയും വേണമെന്നും സാജിത പറയുമ്പോൾ  ഒരു ജന പ്രതിനിധി എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട് അവർ.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിൽ എടുത്തുകാണിക്കാൻ അധികമൊന്നുമില്ല വനിതാ പ്രതിനിധികൾ. ഉള്ളവർക്കെല്ലാം അർഹമായ സ്ഥാനങ്ങൾ നൽകി പാർട്ടി ആദരിച്ചിട്ടുമുണ്ട്. ജനസേവനത്തിലൂടെ വണ്ടൂരുകാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജിത കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്നാശംസിക്കാം.

Latest News