ഇബ്ര വീണ്ടും മഞ്ഞയിടുന്നു

സ്റ്റോക്ക്‌ഹോം - സ്ലാറ്റന്‍ ഇബ്രഹിമോവിച് മുപ്പത്തൊമ്പതാം വയസ്സില്‍ രാജ്യാന്തര ഫുട്‌ബോളിലേക്ക് തിരിച്ചുവരുന്നു. യൂറോ ടൂര്‍ണമെന്റ് ഇബ്രയുടെ തിരിച്ചുവരവിന് വേദിയായേക്കും. ജൂണ്‍ 14 ന് ബില്‍ബാവോയില്‍ സ്‌പെയിനിന് എതിരെയാണ് സ്വീഡന്റെ ആദ്യ മത്സരം. 
ഇബ്ര ഇല്ലാതെയാണ് സ്വീഡന്‍ യൂറോക്ക് യോഗ്യത നേടിയത്. അതിനു ശേഷം തിരിച്ചുവരാന്‍ സ്‌ട്രൈക്കര്‍ നിരന്തരം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. സ്വീഡിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. 2018 ലെ ലോകകപ്പില്‍ കളിക്കാന്‍ ഇബ്രക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കോച്ച് ആന്‍ഡേഴ്‌സന്‍ അനങ്ങിയില്ല. 
മുന്‍ നായകനായ ഇബ്ര സ്വീഡനു വേണ്ടി 116 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 62 ഗോളടിച്ചു. 2016 ലെ യൂറോയിലാണ് അവസാനം കളിച്ചത്. എന്നാല്‍ ഈ സീസണില്‍ എ.സി മിലാനില്‍ ഉജ്വല ഫോമിലാണ്. 14 മത്സരങ്ങളില്‍ 14 ഗോളടിച്ചു. 
ജോര്‍ജിയക്കും കോസൊവോക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും എസ്‌റ്റോണിയക്കെതിരായ സന്നാഹ മത്സരത്തിനുമുള്ള സ്വീഡിഷ് ടീമിനെ 16 ന് പ്രഖ്യാപിക്കും.
 

Latest News