മോസ്‌കോ- അടുത്തവർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ ആരൊക്കെ നേർക്കുനേർ ഏറ്റുമുട്ടുന്നു എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മോസ്‌കോയിലെ ക്രെംലിൻ സ്റ്റേറ്റ് പാലസിലാണ് നറുക്കെടുപ്പ്. ഇംഗ്ലണ്ടിന്റെ ഫുട്‌ബോൾ ഇതിഹാസം ഗാരി ലിനേക്കറാണ് നേതൃത്വം നൽകുക. ലിനേക്കറിനൊപ്പം റഷ്യയുടെ പ്രശസ്ത സ്‌പോർട്‌സ് ജേർണലിസ്റ്റ് മറിയാ കൊമാൻഡിയാനയും നറുക്കെടുപ്പിന് നേതൃത്വം നൽകും. ഇവർ ഇരുവരും ചേർന്ന് നയിക്കുന്ന ചടങ്ങിൽ വിവിധ പോട്ടുകളിൽ നിന്ന് നറുക്കെടുക്കാൻ ഫുട്‌ബോൾ ഇതിഹാസങ്ങളായ ഡീഗോ മറഡോണ (അർജന്റീന), ലോറൻ ബ്ലാങ്ക് (ഫ്രാൻസ്), ഗോൾഡൻ ബങ്ക്‌സ് (ഇംഗ്ലണ്ട് ), കഫൂ (ബ്രസീൽ), ഫാബിയോ കനാവരെ (ഇറ്റലി ) ഡീഗോ ഫോർലാൻ (ഉറുഗ്വേ) കാർലോസ് പുയോൾ (സ്‌പെയിൻ) എന്നിവരാണുണ്ടാകുക.
ലോക കപ്പിലെ ടോപ് സ്‌കോറർ മിറോസ്ലോവ് ക്ലോസെ ഈ വേദിയിലേക്ക് ലോകകപ്പ് കൊണ്ടുവരും. ഈ ലോകകപ്പിന്റെ ആതിഥേയരായ റഷ്യ ഉൾപ്പെടുന്ന ഒന്നാമത്തെ പോട്ടിൽ ജർമനി, ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ബെൽജിയം, പോളണ്ട്, ഫ്രാൻസ് എന്നീ ടീമുകളാണ്. രണ്ടാമത്തെ പോട്ടിൽ സ്‌പെയിൻ, പെറു, സ്വിറ്റ്‌സർലന്റ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സികോ, ഉറുഗ്വെ, ക്രൊയേഷ്യ എന്നീ ടീമുകളുണ്ട്. പോട്ട് മൂന്നിൽ ഡെൻമാർക്ക്, ഐസ്‌ലാന്റ്, കോസ്റ്റാറിക, സ്വീഡൻ, തുണീഷ്യ, ഈജിപ്ത്, സെനഗൽ, ഇറാൻ എന്നീ ടീമുകളാണ്. പോട്ട് നാലിൽ സെർബിയ, നൈജീരിയ, ഓസ്‌ട്രേലിയ, ജപാൻ, മൊറോക്കോ, പാനമ, കൊറിയ, സൗദി അറേബ്യ എന്നീ ടീമുകളും. റഷ്യൻ ഗോൾകീപ്പർ ലെവ് യാശീൻ പന്തിനു പറക്കുന്ന രംഗമുള്ള ചിത്രമാണ് ഇത്തവണത്തെ ലോക കപ്പിന്റെ ഒഫീഷ്യൽ പോസ്റ്റർ.