Sorry, you need to enable JavaScript to visit this website.

പഠന വിധേയമാക്കേണ്ട മലയാളി പ്രവാസങ്ങൾ

പോയകാലത്തെ അടുത്തറിയുമ്പോഴേ വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെയും സൗകര്യങ്ങളുടെയുംപിന്നിലുള്ള അധ്വാനത്തിന്റെകഥകൾപുതുതലമുറയ്ക്ക്തിരിച്ചറിയാനാവൂ. പ്രാചീനമായ ജിദ്ദ പട്ടണം കാണെക്കാണെ വളർന്നു ആധുനീകരിക്കപ്പെട്ടത് നേരിൽ കണ്ട ഓർമ്മകൾ ധാരാളമുള്ളമുതിർന്ന പ്രവാസികൾ പലരും പ്രവാസം മതിയാക്കിനാട് പിടിക്കുന്ന ഘട്ടമാണിപ്പോൾ.അവരുടെ ഓർമ്മകളിലെ ജിദ്ദയെ അന്വേഷിച്ചറിയുമ്പോൾനാല്ദശാബ്ദങ്ങൾക്കപ്പുറത്തുള്ള ജിദ്ദയുടെ വറുതിയും മലയാളി പ്രവാസികളുടെ കഷ്ടപ്പാടുകളും ആരെയും തെല്ലിട അത്ഭുതപ്പെടുത്തും. 
ശുദ്ധജലം വേണ്ടത്ര ലഭ്യമല്ലാതിരുന്നആ കാലത്ത് ശുദ്ധജല വിതരണം നടത്തുന്ന ടാങ്കർ ലോറികളിൽ ബാക്കി വരുന്ന കുടി വെള്ളംബനിമാലിക്കിൽനിന്നും ശേഖരിച്ച് തലച്ചുമടായി ഷറഫിയയിലേക്കും ഉൾപ്രദേശങ്ങളിലേക്കുംകടത്തി കൊണ്ടുപോയ കഥ ആരെയും അമ്പരപ്പിക്കും. എയർ കണ്ടീഷനുകളുടെ ശീതളിമയില്ലാത്ത നീറുന്ന അന്നത്തെ കിടപ്പുമുറികളും തൊഴിലിടങ്ങളും ഓർത്തെടുക്കുമ്പോൾ അവരുടെ തൊണ്ടയിടറും. 
നാട്ടിൽ ഭാര്യയ്‌ക്കോ മക്കൾക്കോഒരു പനി പിടിച്ചതറിഞ്ഞാൽ അത് മാറിയോ എന്നറിയണമെങ്കിൽ വീണ്ടും 15 ദിവസം എടുക്കുമായിരുന്നത്രെ. കോഴിക്കോടും മഞ്ചേരിയിലും മാത്രം ഫോൺ സൗകര്യമുണ്ടായിരുന്ന ആ കാലത്ത് അതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും പഴയകാല പ്രവാസികൾ ഓർത്തെടുക്കുമ്പോൾകണ്ണ് നിറയും. ഇൻസ്റ്റൻറ് മെസ്സേജിങ് കാലത്തെ ഇളം തലമുറക്ക് ഉൾകൊള്ളാനാവാത്ത വിധം അവിശ്വസനീയമായിരുന്നു അതെല്ലാം. ട്രങ്ക് കോൾ ബുക്ക് ചെയ്ത് മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്ത് നിന്ന് ബൂത്തിന് അടുത്തെത്താറാവുമ്പോൾ ബൂത്ത് അടച്ച് നിഷ്‌ക്കരുണം ഇറങ്ങി പോവുന്ന ഓപ്പറേറ്റർമാർ പ്രവാസികളെ കുടിപ്പിച്ച കണ്ണീർ ചില്ലറയല്ല. പറഞ്ഞറിയിക്കാനാവാത്ത പ്രയാസങ്ങളുടെഒരു തീവ്ര
കാലമുണ്ടായിരുന്നു മലയാളികളുടെ പ്രവാസത്തിന് എന്നർത്ഥം. 

മറ്റു ഗൾഫ് നാടുകളിൽ നിന്ന് ജിദ്ദയിലെ പ്രവാസത്തിന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇരു ഹറമുകളുടെ കവാട നഗരമായിനിലകൊള്ളുന്ന ജിദ്ദ വളരെ പിന്നാക്കം നിന്നിരുന്ന മലബാർ പ്രദേശത്തെ അക്ഷരജ്ഞാനം ഇല്ലാത്തവർ കുടിയേറി പാർത്ത ദേശമാണ്. ഹജ്ജിനും ഉംറയ്ക്കുമായെത്തിയവരായിരുന്നു അധികവും.തുടർന്ന് ഇവിടെ ഉപജീവനം തേടുകയായിരുന്നു അവർ. ഒറ്റ മുണ്ടും തോർത്തുംബനിയനും ഇട്ട മലബാറിൽനിന്നുള്ള സാധാരണക്കാരായ അവർ അക്കാലത്ത് ഷറഫിയയിലും പരിസരങ്ങളിലുമായിരുന്നു തൊഴിലെടുത്ത് ജീവിച്ചത്.സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന അവരുടെ ചരിത്രം രേഖപ്പെടുത്താതെ പോവരുത്. നാട്ടിൽ ഇപ്പോൾ കാണുന്ന വലിയ പുരോഗമനത്തിന്റെ പിന്നിൽ അവരൊഴുക്കിയ വിയർപ്പിന്റെ ഗന്ധമുണ്ട്. 
കത്ത് എഴുതാനും വായിക്കാനും അറിയാത്ത ഒരുപാട് സഹോദരന്മാരുടെ ഇണകൾക്ക് അയച്ച കത്തുകൾ എഴുതിയതും അവരുടെ കത്തുകൾ വായിച്ച് കൊടുത്തതും ഒക്കെ ഓർത്തെടുക്കുന്ന പഴയകാല വിദ്യാസമ്പന്നരായ പ്രവാസികളുടെ ഓർമ്മകൾക്ക് ഇപ്പോഴും ആ കാലഘട്ടത്തിന്റെ മഴവിൽ നിറങ്ങളാണ്. 
പ്രവാസത്തിന്റെ ആദ്യ നാളുകളിൽ ഇവിടെ ചേക്കേറിയവരിൽ അധികവും വേണ്ടത്ര വിദ്യാഭ്യാസമോ മറ്റ് തൊഴിൽ നൈപുണികളോ ഇല്ലാത്തവരായിരുന്നു.അവരിലധികവുംതൂപ്പ് വേലക്കാരായിരുന്നു.അവരുടെ ഇടുങ്ങിയ മുറിയിലെ വിയർപ്പ് മണമുള്ള കട്ടിലിലിരുന്ന് അവർ കണ്ട വിശാല സ്വപ്‌നങ്ങളാണ് ഇന്നത്തെ മലബാറിലെ തലയുയർത്തി നിൽക്കുന്ന വലിയ വീടുകളും സ്ഥാപനങ്ങളും വിദ്യാഭ്യാസ പുരോഗതിയുമെല്ലാം. 
അടുത്ത ഘട്ടത്തിലെത്തിയവർ ഓഫീസ് ബോയ് എന്ന ജോലിയിലാണ് കൂടുതൽ പ്രവേശിച്ചത്.പിന്നീട് എത്തിയവർഓഫീസ് സെക്രട്ടറിമാരായി. ഇതിനിടയിൽ അവർമക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകി.പിന്നീടുള്ള ഘട്ടത്തിലാണ് ഇവരുടെ മക്കൾ സ്‌കിൽഡ് ലേബറർമാരായിഉപജീവനം അന്വേഷിച്ചു അറബ് നാടുകളിലേക്ക് പുറപ്പെട്ടത്. 
ജിദ്ദയിലെ വിവിധ തൊഴിൽ മേഖലകളിലെ മലയാളി മുന്നേറ്റത്തിന്റെ ചരിത്രം പഠിക്കുമ്പോൾ ഓർക്കേണ്ട ചില നാമങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ വിരലിലെണ്ണാവുന്നവരായിരുന്നു അവർ. ആയിരം വീട്ടിൽ മുഹമ്മദ് കോയയുടെ മക്കളായ എ.വി അബ്ദുറഹീം കോയ തിരൂരങ്ങാടി, മസ്ദ മൊയ്തീൻ കോയ, വല്ലാഞ്ചിറ മുഹമ്മദലി,അബ്ദുൽ അസീസ് പട്ടിക്കാട് എന്നിവരാണവർ.അവരൊക്കെ തന്നെ ആ കാലത്ത് ഉയർന്ന ജോലിയിൽ പ്രവേശിച്ചവരായിരുന്നു. 
സി.എം കുട്ടി സാഹിബിന്റെ ഹോട്ടൽ, ബാലൻ സ്റ്റുഡിയോ, പട്ടിക്കാട് അസീസ് സാഹിബിന്റെ ആഭിമുഖ്യത്തിലുള്ള തുണിക്കട തുടങ്ങിയവയായിരുന്നു ജിദ്ദയിലെ അന്നത്തെ പ്രധാന മലയാളി സംരംഭങ്ങളും സ്ഥാപനങ്ങളും. അക്കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു ബനീ മാലിക്കിലെ ലാഹോർ ഗാർഡൻ ഹോട്ടൽ. ഷറഫിയയിലെ ബിസ്മില്ലാ സ്‌റ്റോർ, കരിന്തിനയിലെ അരീക്കൻ സൂപ്പർമാർക്കറ്റ് എന്നിവയും മലയാളികളുടെ ശ്രദ്ധേയമായ സ്ഥാപനങ്ങളായിരുന്നു. ജീവകാരുണ്യ രംഗത്ത് ശോഭിച്ച ചെമ്പൻ മൊയ്തീൻ കുട്ടി, ശുക്കൂർ മൗലവി, ഇന്നും വിവരണാതീതമായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്നചെമ്പൻ അബ്ബാസ് തുടങ്ങിയവരുടെ സേവനവുംജിദ്ദയുടെ പ്രവാസ ചരിത്രത്തിൽ രേഖപ്പെടേണ്ട സ്തുത്യർഹമായ അധ്യായങ്ങൾതന്നെയാണ്. 
ആരോഗ്യപരിപാലനരംഗത്ത് വലിയ പ്രയാസങ്ങൾ നേരിട്ട ആ കാലഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് നാഷണാലിറ്റിയുള്ള മലയാളിയായ ഡോക്ടർ ബെന്നിയും ഡോക്ടർ ഫെർണാണ്ടസുംചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. 
ചികിൽസ ലഭ്യമാവണമെങ്കിൽ വലിയ സംഖ്യ കൊടുക്കേണ്ടിയിരുന്നആ കാലത്തിന് തുടർന്നുള്ള നാളുകളിൽ കുറഞ്ഞ നിരക്കിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിൽ റബീഉള്ള എന്ന സംരംഭകൻ വഹിച്ച പങ്ക് നിസ്തുലം തന്നെ. 
നാട്ടിൽ ഉയർന്നുനിൽക്കുന്ന ഒട്ടേറെ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങൾ ഒട്ടേറെ പ്രയാസങ്ങൾ അതിജീവിച്ച ഈ ആദ്യകാല പ്രവാസികളുടെഅധ്വാനത്തിന്റെയും കൂട്ടായ്മയുടേയും കൂടി ഫലമാണ്. അവർ കഠിനാധ്വാനം ചെയ്തു ഉണ്ടാക്കി നാട്ടിലേക്ക് അയച്ച പണമാണ് വിശേഷിച്ചും മലബാറിലെ പട്ടിണിയും ദാരിദ്ര്യവും അകറ്റിയതും ജീവിത നിലവാരം ഉയർത്തിയതും. ജനമനസ്സുകളിലേക്ക് സ്‌നേഹകാരുണ്യത്തിന്റേയും അഭിവൃദ്ധിയുടെയും ഇശലുകളുമായി ഈ ഗൾഫ് പണം കടന്നെത്തിയില്ലായിരുന്നുവെങ്കിൽ നമ്മുടെ നാട് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾ പോലെ ഇപ്പോഴും ഏറെ അവികസിതമായി തുടർന്നേനെ. കേരള മോഡൽ വികസനമെന്നത്പ്രവാസികൾ അയച്ച എണ്ണ പണത്തിന്റെ കൂടി ഫലമാണെന്നത് പകൽ പോലെ സുവ്യക്തമാണ്. ബംഗാളിലേയുംഅസമിലേയുമൊക്കെ പരിതാപകരമായ വർത്തമാനങ്ങൾ പരിശോധിച്ചാൽ ഈ കാര്യം കൂടുതൽ വ്യക്തമാവും. 
മലബാർ കലാപത്തിന്റെയും ബ്രിട്ടീഷുകാർക്കെതിരെയുള്ള ധീരമായ ചെറുത്ത് നിൽപിന്റേയും പശ്ചാത്തലത്തിൽ ഒട്ടേറെ പീഡനങ്ങളും അവഗണനകളും ഏറ്റ് വാങ്ങേണ്ടി വന്ന ഒരു അരക്ഷിത സമൂഹത്തിലെ പിൻഗാമികൾകടൽ കടന്ന് ഉപജീവനം തേടി തങ്ങളുടെകുടുംബങ്ങൾക്ക് മാന്യമായും അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയെടുക്കുകയായിരുന്നു. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി നമ്മുടെ നാട് കൈവരിച്ച പുരോഗതിയിൽ പ്രവാസികൾ വഹിച്ച പങ്ക് ഇനിയും അർഹമായ രീതിയിൽ പഠന വിധേയമാക്കപ്പെട്ടിട്ടില്ല. കോഴിക്കോട് സർവകലാശാലയിൽ ഒരു പ്രവാസി ചെയർ സ്ഥാപിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനം ചെയ്യുന്ന മലയാളികളായ പ്രവാസികളുടെ സ്തുത്യർഹമായ സംഭാവനകളെ കുറിച്ചും അവർ ആർജ്ജിച്ച തിളക്കമാർന്ന ശാസ്ത്ര, വാണിജ്യ, വൈജ്ഞാനിക, രംഗത്തെ അപൂർവമായ നേട്ടങ്ങളെ കുറിച്ചും കാട്ടിയ മാതൃകകളെ കുറിച്ചും പഠന വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 

Latest News