നാഗ്പുർ- ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ രോഹിത് ശർമയായിരിക്കും ക്യാപ്റ്റൻ.
പഞ്ചാബിന്റെ മീഡിയം പെയ്‌സർ സിദ്ധാർഥ് കൗളിന് ടീമിൽ സ്ഥാനം നൽകുകയും, ശ്രേയസ് അയ്യരെ തിരിച്ചുവിളിക്കുകയും ചെയ്‌തെങ്കിലും, രഞ്ജി ട്രോഫിയിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല.
ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ആർ. അശ്വിനെയും, രവീന്ദ്ര ജദേജയെയും പക്ഷെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല. അക്ഷർ പട്ടേലും, യുസ്‌വേന്ദ്ര ചാഹലുമാണ് സ്ഥാനം പിടിച്ചത്. മുൻ നായകൻ മഹേന്ദ്ര ധോണി, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, കേദാർ ജാഥവ്, ഫാസ്റ്റ് ബൗളർമാരായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർ എന്നിവർ ടീമിലുണ്ട്.
എന്നാൽ ശ്രീലങ്കക്കെതിരെ ഡിസംബർ രണ്ടിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ കോഹ്‌ലി കളിക്കും. ഇടവേളകളില്ലാതെ തുടർച്ചയായി മത്സരങ്ങൾ നടത്തുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചത്. ശ്രീലങ്കയുമായുള്ള ഏകദിന, ട്വന്റി മത്സരങ്ങൾ കഴിഞ്ഞ് രണ്ട് ദിവസത്തിനകം ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് പുറപ്പെടേണ്ടതുണ്ട്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാഥവ്, ദിനേശ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ.