നാഗ്പുർ- ശ്രീലങ്കയെ നിലംപരിശാക്കി നാഗ്പുർ ടെസ്റ്റിലെ നാലാം ദിവസം തന്നെ ഇന്ത്യയുടെ വിജയാഘോഷം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയത്തിനൊപ്പമെത്തിയതിനുപുറമെ, ഏറ്റവും വേഗം 300 വിക്കറ്റ് തികക്കുന്ന ആർ. അശ്വിന്റെ റിക്കാർഡും ജയത്തിന് മാറ്റുകൂട്ടി. ഇന്നിംഗ്‌സിനും 239 റൺസിനും ലങ്കയെ തകർത്ത കോഹ്‌ലിയും കൂട്ടരും, പത്ത് വർഷം മുമ്പ് ഇന്ത്യ ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തിനൊപ്പമാണ് എത്തിയത്.
ഇന്ത്യൻ ബൗളർമാരുടെ കണിശമായ ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ രണ്ടാമിന്നിംഗ്‌സിൽ 166 റൺസിന് തകർന്നുവീഴുമ്പോൾ ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ വേണ്ട 405 റൺസെന്ന ലക്ഷ്യം വളരെ ദൂരെയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 21 എന്ന സ്‌കോറിന് നാലാം ദിവസം ബാറ്റിംഗ് പുനരാരാംഭിച്ച സന്ദർശകർ ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഭീഷണി ഉയർത്തിയില്ല. ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന്റെ (61), ചെറുത്തുനിൽപ്പൊഴികെ ആർക്കും കാര്യമായി ഒന്നും ചെയ്യാനുമായില്ല. മുൻ നിരയെ തകർത്തത് രവീന്ദ്ര ജദേജയും, ഉമേഷ് യാദവും ചേർന്നാണെങ്കിൽ വാലറ്റത്തെ ആർ. അശ്വിൻ ചുരുട്ടിക്കൂട്ടി. രണ്ടാമിന്നിംഗ്‌സിൽ നാല് വിക്കറ്റെടുത്ത അശ്വിൻ മത്സത്തിൽ മൊത്തം എട്ട് വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്. ഈ പടയോട്ടത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 300 വിക്കറ്റ് തികക്കുന്ന ബൗളറെ റിക്കാർഡും അശ്വിൻ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ പെയ്‌സ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റിക്കാർഡാണ് 31കാരൻ തകർത്തത്. 54 ടെസ്റ്റിലാണ് അശ്വിന്റെ 300 വിക്കറ്റ് നേട്ടം. ലില്ലിയുടേത് 56 ടെസ്റ്റുകളായിരുന്നു.
ഇരട്ട സെഞ്ചുറിയടിച്ച് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട കോഹ് ലിയാണ് മാൻ ഓഫ് ദി മാച്ച്. ജദേജയും ഇശാന്ത് ശർമയും ഉമേഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് ദിവസം മുഴുവൻ ബാറ്റ് ചെയ്യാനും ഇന്ത്യയുടെ ലീഡ് മറികടക്കാനും തങ്ങൾക്ക് കഴിയുമെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നിരോഷം ഡിക്ക്‌വെല്ല പറഞ്ഞിരുന്നെങ്കിലും അതൊന്നും ഇന്നലെ കളിക്കളത്തിൽ കണ്ടില്ല. ബാറ്റിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽതന്നെ അവരുടെ സ്‌കോർ ഒന്നിന് 21ൽനിന്ന് മൂന്നിന് 34ലേക്ക് ഇടിഞ്ഞു. ഓപ്പണർ ദിമുത് കരുണരത്‌നെയെ (18) പുറത്താക്കിക്കൊണ്ട് ജദേജയാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഷോർട്ട് ലഗിൽ മുരളി വിജയിനായിരുന്നു ക്യാച്ച്. അധികം വൈകാതെ ലഹിരു തിരിമന്നെ (23) അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്തായി. ജദേജക്ക് അനായാസ ക്യാച്ചായിരുന്നു.
പിന്നീട് ഒരുവശത്ത് ചാന്ദിമൽ ചെറുത്തുനിൽക്കുമ്പോൾ മറുഭാഗത്ത് ആളുകൾ വന്നുപോയിക്കൊണ്ടിരുന്നു. ആഞ്ചലോ മാത്യൂസ് (10), ഡിക്ക്‌വെല്ല (4), ദസുൻ ഷനക (17), ദിൽറുവാൻ പെരേരെ (0), രംഗണ ഹെരാത്ത് (0) എന്നിവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അവസാന പിടച്ചിലെന്നോണം സുരാംഗ ലക്മൽ (31), ചാന്ദിമലുമായി ചേർന്ന് ഒമ്പതാം വിക്കറ്റിൽ നേടിയ 57 റൺസായിരുന്നു ഏറ്റവും വലിയ കൂട്ടുകെട്ട്. 82 പന്ത് നേരിട്ട ചാന്ദിമൽ പത്ത് ബൗണ്ടറികളടിച്ചു. ഉമേഷിന്റെ പന്തിൽ അശ്വിൻ പിടിച്ചാണ് ലങ്കൻ ക്യാപ്റ്റൻ പുറത്താവുന്നത്.
ഈ വിജയത്തോടെ പരമ്പരയിൽ ഇന്ത്യക്ക് 1-0 ലീഡായി. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ദൽഹിയിൽ ഡിസംബർ രണ്ടിന് ആരംഭിക്കും.