അഫ്‌രീദിക്ക് എത്ര വയസ്സ്? വീണ്ടും വിവാദം

ലാഹോര്‍ - പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ശാഹിദ് അഫ്്‌രീദിക്ക് എത്ര വയസ്സായി എന്നതിനെക്കുറിച്ച് വീണ്ടും വിവാദം. നാല്‍പത്തിനാല് വയസ്സാവുകയാണ് എന്ന അഫ്്‌രീദിയുടെ പ്രസ്്താവന തന്നെയാണ് ഇത്തവണ വിവാദത്തിന് വഴിമരുന്നിട്ടത്. 2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഗെയിംചെയ്ഞ്ചര്‍ എന്ന ആത്മകഥയില്‍ 1975 ലാണ് താന്‍ ജനിച്ചതെന്നാണ് അഫ്്‌രീദി തന്നെ പറയുന്നത്. എങ്കില്‍ ഇപ്പോള്‍ 45 വയസ്സെങ്കിലുമായിക്കാണും. 1980 ല്‍ ജനിച്ചുവെന്നാണ് ഔദ്യോഗിക രേഖ. 
1996 ല്‍ ശ്രീലങ്കക്കെതിരെ 37 പന്തില്‍ സെഞ്ചുറിയടിച്ച് തന്റെ സാന്നിധ്യം ലോകത്തെ അറിയിക്കുമ്പോള്‍ അഫ്്‌രീദിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അഫ്്‌രീദി ആത്മകഥയില്‍ പറഞ്ഞ കണക്കനുസരിച്ച് അപ്പോള്‍ 19 കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതും തിരുത്തുകയാണ് പഴയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. 
'ഇന്ന് നാല്‍പത്തിനാലാവുന്നു, സ്‌നേഹോഷ്മളമായ ജന്മദിനാശംസകള്‍ക്ക് നന്ദി. കുടുംബവും ആരാധകരുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്' -അഫ്്‌രീദി ട്വീറ്റ് ചെയ്തു. 
1975 ലാണ് ജനിച്ചതെങ്കില്‍ പോലും ശ്രീലങ്കക്കെതിരെ കളിക്കുമ്പോള്‍ അഫ്്‌രീദിക്ക് 20 കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ആത്മകഥയില്‍ പറയുന്നത് ഇങ്ങനെയാണ്: 'ഒരു സത്യം പറയാം, ആ സെഞ്ചുറിയടിക്കുമ്പോള്‍ എനിക്ക് 16 ആയിരുന്നില്ല, 19 വയസ്സായിരുന്നു. അധികൃതര്‍ എന്റെ വയസ്സ് തെറ്റായാണ് രേഖപ്പെടുത്തിയത്.'
ജന്മദിന സന്ദേശത്തെ ആരാധകരില്‍ ചിലര്‍ കണക്കിന് പരിഹസിച്ചു. 'ദുരൂഹമായ ഇതിഹാസം. ആത്മകഥയനുസരിച്ച് 46, വിക്കിപ്പീഡിയയില്‍ 41, ഹാപ്പി ബേര്‍ത്‌ഡേ' -ഒരാള്‍ ട്വീറ്റ് ചെയ്തു. 1980 മാര്‍ച്ച് ഒന്നില്‍നിന്ന് അഫ്്‌രീദിയുടെ ജന്മദിനം ഇനി 1977 മാര്‍ച്ച് ഒന്നിലേക്ക് മാറ്റാം. ഇതോടെ അഫ്ഗാനിസ്ഥാന്റെ ഉസ്മാന്‍ ഗനി ആവും ഏകദിന ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍ -മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. 

Latest News