Sorry, you need to enable JavaScript to visit this website.

ഡോൾസ്: വേറിട്ടൊരു കുറ്റാന്വേഷണകഥ


പ്രശസ്ത സാഹിത്യകാരി അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ് നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിലെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതിയാണ്  റിഹാൻ റാഷിദിന്റെ ഡോൾസ് എന്ന പുസ്തകം. വളരെ വ്യത്യസ്തമായ രീതിയിൽ ആണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത്. കാരണം പുസ്തകത്തിന്റെ വായനക്കാരൻ തന്നെയാണ് ഈ പുസ്തകത്തിലെ കുറ്റാന്വേഷകൻ. 
അവൻ സ്വയം ചോദിച്ചു കൊണ്ടിരിക്കും ആരാണ് കുറ്റവാളിയെന്ന്. 
ഡോൾസ് എന്ന  പുസ്തകം വായിച്ചതിനു ശേഷം
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ആകെപ്പാടെ സാംഭ്രമിക ലോകത്ത് അകപ്പെട്ട അവസ്ഥയിലാണ്. കഥയും കഥാപാത്രങ്ങളും  എഴുത്തുകാരനും എന്നിലെ വായനക്കാരനെ അത്രത്തോളം സ്വാധീനിച്ചു.


സാധാരണഗതിയിൽ ഒരു കുറ്റാന്വേഷണ നോവലിൽ നാം കുറ്റവാളിയുടെ പിന്നാലെ അയാൾ ആരെന്ന് അറിയാതെയാണ് സഞ്ചരിക്കുന്നത്. ഓരോ നിമിഷവും അയാൾ ചെയ്യാൻ പോകുന്ന പ്രവൃത്തി എന്താണെന്ന് മുൻകൂട്ടി മനസ്സിലായിട്ടും നാം പൂർണമായും നിസ്സഹായരാണ്. എന്നാൽ ഒടുവിൽ അയാൾ വായനക്കാരുടെ മുന്നിൽ വെളിപ്പെടുകയും അയാളുടെ ദൃഷ്ടിയിൽ മാത്രം നീതികരിക്കാവുന്ന കാരണങ്ങൾ നിരത്തി നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ കീഴടങ്ങുകയോ സ്വയം മരണത്തിനു കീഴടങ്ങുകയോ ചെയ്യും. 
റിഹാൻ റാഷിദ് എഴുതിയ ഡോൾസ് എന്ന നോവലിൽ  
വ്യത്യസ്തമായ രീതിയാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്.
ആദ്യം തന്നെ ഒരു കുറ്റവാളിയെ വായനക്കാരന് ഇട്ടുതരുന്നു. 


തുടർന്ന് അയാളുടെ ചുവടുപിടിച്ച് കുറേ അധികം കഥാപാത്രങ്ങൾ നോവലിൽ വരുന്നുണ്ട്. യഥാർത്ഥ കുറ്റവാളിയെ വായനക്കാരൻ തിരിച്ചറിയുമ്പോൾ ഞെട്ടലുണ്ടാകും. 
ഡോൾസ് ചർച്ചചെയ്യുന്ന ചില പ്രധാന വിഷയങ്ങൾ മനുഷ്യൻ ഒരേ സമയം ക്രൂരനും സ്‌നേഹനിധിയുമാണ്. ഡോൾസിലെ വളരെ പ്രസക്തമായ വാചകമാണിത്. ഡോൾസ് എന്ന പുസ്തകത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രവുമായാണ് ഈ വാചകങ്ങൾ  ബന്ധിപ്പിക്കുന്നത്. 
അതെന്തുകൊണ്ടെന്നാൽ ഒരു പെൺകുട്ടി ആ കഥാപാത്രത്തെ നിറത്തിന്റെ പേരിൽ അപമാനിക്കുമ്പോൾ  അയാളുടെ ഉള്ളിലെ അപകർഷതാബോധം വളർന്ന് അയാൾ ക്രൂരതയുടെ പര്യായമായി മാറുന്നത് ദർശിക്കാൻ കഴിയും. 


ഒരു മനുഷ്യന് അപമാനം ഏൽക്കേണ്ടി വരുന്നത് എന്തുമാത്രം മുറിവുണ്ടാകും എന്ന് മനസ്സിലാക്കാനാകുന്നു. ആ അപമാനം അയാളെ എന്തുമാത്രം അപകടകാരി ആക്കുന്നു എന്നും.
സാങ്കേതിക വിദ്യയുടെ കടന്നുവരവ് മനുഷ്യനെ പലവിധത്തിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ സാങ്കേതിക വിദ്യയുടെ കടന്നുവരവും 
ഇപ്പോൾ നമ്മുടെ ജീവിതത്തെ നശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.  


സോഷ്യൽ മീഡിയകളിലൂടെ നാം പങ്കുവയ്ക്കുന്ന വിവരങ്ങളാണ് വലിയതോതിൽ ഇതേ കമ്പനികൾക്ക് തന്നെ പണസമ്പാദനത്തിന് വഴിയൊരുക്കുന്നതും. രഹസ്യങ്ങൾ എന്ന് കരുതി രാത്രിയിലും പകലിലും മറ്റുള്ളവരുമായി പങ്കു വെക്കുന്ന സംഭാഷണങ്ങൾ മൂന്നാമതൊരാൾ കേട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ രഹസ്യങ്ങൾ മറ്റൊരാൾക്ക് പണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതേ അവസ്ഥയാണ് ഡോൾസ് ചർച്ച ചെയ്യുന്നത്. സ്വയമേവ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന റോബോട്ടുകളെ കുറിച്ചും മറ്റും നാം കേട്ടിട്ടില്ലേ. അവ മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തിയാൽ ഒന്നാലോചിച്ചു നോക്കൂ. ഡോൾസ് ഇതൊക്കെയാണ് ചർച്ചയിൽ കൊണ്ടുവരുന്നത്. 
പണം എന്ന രണ്ടു വാക്കിനോട് മനുഷ്യനെന്നും അടങ്ങാത്ത ആഗ്രഹം ആണ്. ആഗ്രഹം ഒരു പരിധി കഴിഞ്ഞാൽ അവനെ ഏതറ്റം വരെ കൊണ്ടുപോകുമെന്ന് പറഞ്ഞറിയിക്കാനാകില്ല. മനുഷ്യൻ മൃഗം വരെ ആയേക്കും. ഇങ്ങനെ മാറ്റപ്പെട്ട കുറേ പേരുടെ കഥയാണ് ഡോൾസ്.
വില്ലന്മാരുടെ പക്ഷത്തുനിന്ന് വായിക്കുക. കാരണം ഇതിൽ നേർക്കുനേർ യുദ്ധങ്ങളില്ല. ഒളിനീക്കങ്ങളേ ഉള്ളൂ. ചതി പ്രയോഗങ്ങളേയുള്ളൂ.

 

Latest News