Sorry, you need to enable JavaScript to visit this website.

നിഴലുറങ്ങുന്ന വഴികൾ

പി. വത്സല
പി. വത്സല ഭർത്താവ് അപ്പുക്കുട്ടൻ മാഷോടൊപ്പം. 
പി. വത്സല
പി. വത്സല ഒ.എൻ.വിയോടൊപ്പം

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ച പി. വൽസല, അഗസ്ത്യമൂഴിയുടെ ഗ്രാമവിശുദ്ധിയിൽ 
വിശ്രമജീവിതത്തിലാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം പറയുന്ന നോവൽ 'മറുപുറം' പാതിവഴിയിൽ. 
തിരുനെല്ലിക്കാടിന് ഹരിചന്ദനം ചാർത്തിയ കാടിന്റെ കഥാകാരിയുടെ മനോഗതങ്ങളിലൂടെ...   മണ്ണിന്റെയും മനുഷ്യരുടെയും മണം താളുകൾ തോറും ഉയരുന്ന കൃതിയാണ് 'നെല്ല്'. നാഗരികത മുഖംതിരിച്ചുനിൽക്കുന്ന തിരുനെല്ലിക്കാടുകൾ. പ്രകൃതിയും മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം മല്ലിട്ടുകൊണ്ടാണ് അവിടെ ജീവിച്ചുതീർക്കുന്നത്. ചിരിക്കുകയും കരയുകയും ചെയ്യുന്ന ഭൂമിയെ പ്രീണിപ്പിക്കാൻ മനുഷ്യജീവിതങ്ങൾ തപസ്സനുഷ്ഠിക്കുന്നു. അധ്വാനം മുൻകൂർ വിറ്റ് അടിമപ്പണം വാങ്ങി, ഒരുദിവസം കൊണ്ട് ധൂർത്തടിച്ച് നിസ്വരായി മാറുന്ന അടിയാന്മാർ. അവർ തലമുറകളായി ഈ ഭൂമിയിൽ മുളച്ചുപൊന്തുന്നു. അവിടെ കളകളായി വളരുന്നു. അഴുകി ഈ മണ്ണിന് വളമായിത്തീരുന്നു. ജന്മിമാരുടെയും കൈയേറ്റക്കാരുടെയും പുഴയുടെയും കാടിന്റെയും വഞ്ചനയ്ക്ക് അടിപ്പെട്ട്, വിശപ്പമർത്തി, എരിയുന്ന വയറുമായി കാട്ടുകിഴങ്ങുകൾ തേടിനടക്കുന്ന നിശ്ശബ്ദജീവികൾ. മനുഷ്യരായതുകൊണ്ട് അവരും വനാന്തരങ്ങളിൽ പണിപ്പെട്ട് ജീവിതസൗധങ്ങൾ പണിതുയർത്തുന്നു. ബ്രഹ്മഗിരിയെ തഴുകിയെത്തുന്ന കോടക്കാറ്റിൽ അവ ഇളകിവീണ് ഉടഞ്ഞുചിതറുന്നു. മല്ലന്റെയും മാരയുടെയും സ്വപ്‌നംപോലെ...
വയനാടിന്റെ സ്വന്തം എഴുത്തുകാരിയായ പി. വത്സലയുടെ മാസ്റ്റർപീസ് എന്നു പറയാവുന്ന നെല്ലിലെ വരികളാണിത്. ഒരു ദേശത്തിന്റെയും അവിടത്തെ ജീവിതങ്ങളുടെയും കഥ വായനക്കാർക്ക് അറിവിന്റെ പുതിയ വാതായനങ്ങളാണ് തുറന്നുകൊടുത്തത്. ഇപ്പോഴിതാ പ്രായത്തിന്റെ അസ്‌കിതകൾ വേട്ടയാടുന്ന മനസ്സുമായി മുക്കത്തിനടുത്ത അഗസ്ത്യമൂഴിയിലുള്ള മകൾ ഡോ. മിനിയുടെ വീട്ടിൽ വിശ്രമജീവിതത്തിലാണ് കഥാകാരി. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അവരെ ആദരിച്ചു.
പതിനേഴ് നോവലുകളും മുന്നൂറിലേറെ ചെറുകഥകളും  ജീവചരിത്രഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും യാത്രാവിവരണങ്ങളുമെല്ലാമായി ടീച്ചർ കൈവയ്ക്കാത്ത മേഖലകളില്ല. എൺപത്തിമൂന്നിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന ടീച്ചർക്ക് ഇനി വയ്യ. പഴയതൊന്നും ഓർത്തെടുക്കാൻ കഴിയാത്ത പോലെ. വരികൾ മുറിഞ്ഞുപോകുന്നു. പേന കൈയിലെടുത്താൽ എന്തെഴുതണം എന്നറിയാത്ത അവസ്ഥ. അക്ഷരങ്ങൾകൊണ്ട് അമ്മാനമാടിയ കഥാകാരിയെയും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയിരിക്കുന്നു.


അഞ്ചാം ക്ലാസുമുതൽ തുടങ്ങിയ വായനാശീലം. ഹൈസ്‌കൂൾ ക്ലാസുകളിലെത്തിയപ്പോഴേയ്ക്കും കഥയും കവിതയുമെല്ലാം കുത്തിക്കുറിക്കുമായിരുന്നു. മലാപ്പറമ്പിലെ കാനങ്ങോട്ട് ചന്തുവിന്റെയും പത്മാവതിയുടെയും മകൾക്ക് കുട്ടിക്കാലത്ത് വയനാടിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ഒരിക്കൽ സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാടും എം.ടിയും വത്സലയോട് ചോദിച്ചു- വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന നരകയാതനകൾ ഏറെയാണ്. അവരെക്കുറിച്ച് ഒരു കഥ എഴുതാനാവുമോ എന്ന്. ചെറുപ്പത്തിന്റെ ആവേശത്തിൽ അന്ന് അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. വയനാട്ടിലെ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസറായിരുന്ന കെ. പാനൂർ കൊടുത്ത കത്തുമായി തിരുനെല്ലിയിലുള്ള രാഘവൻ മാഷെ കാണാനിറങ്ങി. ഘോരവനം. എങ്ങും വന്യമൃഗങ്ങൾ. മാനന്തവാടിയിൽനിന്നും ജീപ്പിൽ തിരുനെല്ലിയിലേയ്ക്കുള്ള യാത്ര. കൂട്ടിന് ഭർത്താവ് അപ്പുക്കുട്ടൻ മാസ്റ്ററും ആറുമാസം മാത്രം പ്രായമുള്ള മകൾ മിനിയും. ബേഗൂർ പുഴ കടന്നാണ് തിരുനെല്ലിയിലെത്തിയത്. വാഹനസൗകര്യങ്ങളും റോഡും ഒന്നുമില്ലാത്ത വെറുമൊരു കാനനപാത. മാസ്റ്ററെ കണ്ടു. കാര്യങ്ങൾ അവതരിപ്പിച്ചു. കുറച്ചുദിവസം അവിടെ കഴിയാനായി ഭക്ഷ്യവസ്തുക്കളും കരുതിയിരുന്നു. വയനാടിന്റെ കഥാകാരിയാകാനുള്ള തുടക്കമായിരുന്നു. തിരുനെല്ലിയിലെ മണ്ണിനെയും മനുഷ്യരെയും കുറിച്ച് പഠിക്കാൻ മാസത്തിൽ മൂന്നു നാലും പ്രാവശ്യം അവിടെയെത്തി. കാടിനെയും കാടിന്റെ മക്കളെയും അവിടത്തെ കാലാവസ്ഥയുമെല്ലാം അടുത്തറിഞ്ഞു. വേനലിലും വർഷകാലത്തും  അവിടെ ചെന്നു. കാടിന്റെ മക്കളിലൊരുവളായി. മൂന്നുവർഷത്തെ തുടർച്ചയായ പഠനത്തിനൊടുവിൽ 1972 ലാണ് നെല്ല് പിറവിയെടുത്തത്. നിരവധി  ഭാഷകളിലേക്കാണ് ഈ നോവൽ മൊഴിമാറ്റം ചെയ്യപ്പെട്ടത്. പിന്നീട് സിനിമയുമായി. 


മനോഹരമായ ഭാഷ കൊണ്ട് പ്രകൃതിയെ വരഞ്ഞിടുകയായിരുന്നു ടീച്ചർ. എന്നാൽ സിനിമയ്ക്ക് അത്രയും ഭംഗിയുണ്ടായില്ലെന്ന് ടീച്ചർക്ക് പരിഭവമുണ്ടായിരുന്നു. നെല്ല് മാത്രമല്ല, വയനാടിനെക്കുറിച്ച് പിന്നെയും മൂന്നു നോവലുകൾ കൂടി ടീച്ചർ എഴുതി. ആഗ്നേയം, അരക്കില്ലം, കൂമൻകൊല്ലി എന്നിവ. നക്‌സലൈറ്റ് നേതാവായിരുന്ന വർഗീസിന്റെ ജീവിതമാണ് ആഗ്നേയത്തിന് പ്രചോദനമായത്. കൂടാതെ നിഴലുറങ്ങുന്ന വഴികൾ, പാളയം, പേമ്പി, കണ്ണാമന്റെ പോത്തുകൾ, അരക്കില്ലം, പാളയം, ചാവേർ, തകർച്ച, ഗൗതമൻ, വിലാപം... കഥകളും നിരവധിയുണ്ട്.
കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് സ്‌കൂളിൽനിന്നും പ്രധാനാധ്യാപികയായി 1993 ലാണ് ടീച്ചർ വിരമിച്ചത്. ഭർത്താവ് അപ്പുക്കുട്ടിക്കൊപ്പം മകളുടെ വീട്ടിലാണ് വിശ്രമജീവിതം. സ്വീകരണമുറിയിൽ നിറയെ അവാർഡുകളും ഫലകങ്ങളും പഴയകാല ചിത്രങ്ങളും പുസ്തകങ്ങളുമെല്ലാമുണ്ട്.


വയനാട്ടിലെ ആദിവാസികളുടെ ദേശീയ ഉത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തെക്കുറിച്ചും നെല്ലിൽ പരാമർശിക്കുന്നുണ്ട്. ഈ ഉത്സവപ്പറമ്പിൽവച്ചായിരുന്നു അടിമവേലയ്ക്ക് ജന്മിമാർ ആദിവാസികളെ കണ്ടെത്തിയിരുന്നത്. ഒരു വർഷത്തെ മിച്ചംവച്ച സമ്പാദ്യവുമായാണ് ആദിവാസികൾ ഉത്സവത്തിനെത്തുക. ജീവിതപ്രാരബ്ധങ്ങൾ പങ്കുവയ്ക്കുന്ന ദിനങ്ങൾ. പതിനാലു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസത്തെ നേർചിത്രം പകർത്തിയിരിക്കുന്നതിങ്ങനെ:
''പാതിരാവ് കഴിഞ്ഞു. അണിഞ്ഞൊരുങ്ങി ആർത്തുചിരിച്ചുനിന്ന ചന്ത ഒന്നു തളർന്നു. എഴുന്നള്ളത്ത് അവസാനിച്ചു. ഉത്സാഹം കുറഞ്ഞു. വാങ്ങിക്കൂട്ടിയ സാധനങ്ങൾ മാറത്തടക്കി, തലയിൽ ചുമന്ന്, അവർ വിശ്രമിക്കാൻ ഇടംതേടി നടന്നു. തുണികൾ, ചേലകൾ, മാലകൾ, പിഞ്ഞാണങ്ങൾ, തകരവിളക്കുകൾ, കടലാസുപൂക്കൾ, പാവകൾ, വെട്ടുകത്തികൾ... ചന്തയിൽ കണ്ടതൊക്കെ അടിമപ്പണമായി കിട്ടിയ തുക തീരുംവരെ അവർ വാങ്ങിക്കൂട്ടി. ആ നിധികൾ പൊത്തിപ്പിടിച്ച് അവർ കിടന്നുറങ്ങി. ഒരു കൊല്ലത്തെ കാത്തിരിപ്പിന്റെ വേവലാതി കെട്ടടങ്ങിയ അലസമായ മനസ്സുകൾ എല്ലാം മറന്ന് വിശ്രമിച്ചു. ഇനി മുന്നൂറ്ററുപത്തിനാല് നീണ്ട ദിവസങ്ങൾ. പട്ടിണിയുടെ, അധ്വാനത്തിന്റെ, ഇല്ലായ്മയുടെ, വൃത്തികേടിന്റെ ദിനങ്ങൾ... അതോർത്ത് അവർ ഒട്ടും ദുഃഖിച്ചില്ല...''
കുട്ടിക്കാലത്തെ ഓർമകൾക്ക് കൂടുതൽ നിറംപകർന്ന മലാപ്പറമ്പിലെ തറവാട്ടുവീടായ കാനങ്ങോട്ടെ ബാല്യകാലം കിളിക്കാലം എന്ന പേരിൽ പകുതി എഴുതിവച്ചിട്ടുണ്ട്. സ്‌കൂൾ ജീവിതവും മലബാറിന്റെ രാഷ്ട്രീയ ദശകളും പഴയ കുടുംബകഥകളും അച്ഛനും അമ്മയുമെല്ലാം ഈ നോവലിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. കൂടാതെ നാട്ടിൽ പെരുകുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള മറുപുറം എന്ന കഥയും പാതിയിലാണ്. തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തിയ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ഭാഷാഭേദങ്ങൾക്ക് അതീതമായ ദേശീയ ഐക്യത്തിന്റെ പ്രതിഫലനമാണെന്ന കാഴ്ചപ്പാടിലായിരുന്നു ടീച്ചർ.
ടീച്ചറുടെ മുന്നൂറോളം കഥകൾ ചേർത്തുള്ള കഥാസംഗ്രഹം എൻ.ബി.എസ് പുസ്തകമാക്കുന്നുണ്ട്. കൂടാതെ ടീച്ചറെക്കുറിച്ച് വന്ന ലേഖനങ്ങൾ ക്രോഡീകരിച്ച് മറ്റൊരു പുസ്തകത്തിന്റെയും പണിപ്പുരയിലാണ്.


അരുൺ മാറോളി, ഡോ. മിനി എന്നിവരാണ് മക്കൾ. മുക്കത്ത് ശാന്തി ക്ലിനിക്ക് നടത്തുകയാണ് ഡോ. മിനി. വെറ്ററിനറി സർജനായ ഡോ. നീനാകുമാറാണ് ഭർത്താവ്. ന്യൂയോർക്കിലെ മോർഗൺ ആന്റ് സ്റ്റാൻലി ഫിനാൻസിയേഴ്‌സ് ബാങ്ക് വൈസ് പ്രസിഡന്റാണ് അരുൺ. ഭാര്യ അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാർ സ്‌നോഫി മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്നു.
അമ്മയുടെ ശേഷക്രിയ ചെയ്യാൻ പാപനാശിനിയിലെത്തിയ രാഘവൻ നായരും അമ്പലക്കുന്ന് വാര്യത്തെ സാവിത്രി വാരസ്യാരുമൊന്നും ടീച്ചറുടെ സങ്കല്പത്തിലുള്ളവരല്ല. ആദിവാസി ഊരിലെ പരിചയക്കാരായിരുന്നു. ആഗ്‌നേയത്തിലെ നങ്ങേമ അന്തർജനം പാലക്കാട്ടെ ചിറ്റൂരിൽനിന്നും വയനാട്ടിലേയ്ക്ക് കുടിയേറിപ്പാർത്തവരാണ്. മകൻ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് അവർ സ്വദേശത്തേയ്ക്കുതന്നെ മടങ്ങുകയായിരുന്നു. അതുപോലെ മല്ലനും ക്ഷുരകൻ ഗോപാലനും തട്ടാൻ ബാപ്പുവും കടക്കാരൻ സെയ്തും ശങ്കരൻകുട്ടിയും പേമ്പിയും പൗലോസും ബാലൻ നമ്പ്യാരും അനന്തൻ മാസ്റ്ററുമെല്ലാം... നേരിൽകണ്ട മനുഷ്യരുടെ നേർപകർപ്പായിരുന്നു. ടീച്ചറുടെ സ്ത്രീകഥാപാത്രങ്ങൾ പലരും ശക്തരായിരുന്നു. സാവിത്രി വാരസ്യാരും നങ്ങേമ അന്തർജനവും സുനന്ദയും മാധവിയും ദേവുവും മാരയും കുറുമാട്ടിയുമെല്ലാം അക്കൂട്ടത്തിലുണ്ട്.
ടീച്ചർക്കൊപ്പം എപ്പോഴും നിഴലുപോലെ അപ്പുക്കുട്ടി മാഷുണ്ട്. കഥാകാരി എന്തെഴുതിയാലും ആദ്യം വായിക്കുക മാഷായിരുന്നു. ടീച്ചറുടെ ഓരോ കഥാപാത്രങ്ങളും ആ മനസ്സിൽ അലയടിച്ചെത്തുന്നുണ്ട്...
ആരോഗ്യം അനുവദിക്കുകയാണെങ്കിൽ ടീച്ചറുമൊത്ത് തിരുനെല്ലിയിലേയ്ക്ക് വീണ്ടുമൊരു യാത്ര നടത്തണമെന്നാണ് മാഷുടെയും മോഹം. തിരുനെല്ലിയിൽ കൂമൻകൊല്ലി എന്നൊരു വീടുണ്ട്. മുപ്പതുവർഷം മുൻപ് പണികഴിപ്പിച്ചതാണത്. അവിടത്തെ മണ്ണിൽ കാപ്പിയും കുരുമുളകുമെല്ലാം പഴുത്തുനിൽക്കുന്നുണ്ടാവും. വർഷത്തിലൊരിക്കൽ വിളവെടുപ്പിന് അവിടെ പോകാറുള്ളതാണ്. 

 

Latest News