Sorry, you need to enable JavaScript to visit this website.

ആതുരശമനം, ചില പ്രകാശകിരണങ്ങൾ

ഓർമ / അനുഭവം

ഡോ. കെ.ടി റബീഉല്ലയെപ്പോലുള്ള നന്മ നിറഞ്ഞ ആശുപത്രി സാരഥികളും ഡോ. വിജയകുമാർ, ഡോ. സെബാസ്റ്റിയൻ എന്നിവരെപ്പോലെ പരോപകാര തൽപരരായ ഭിഷഗ്വരന്മാരും ചൊരിഞ്ഞ പ്രകാശം, ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന് വെളിച്ചം പകരുന്നു. 

വളരെ പ്രതീക്ഷയോടെയായിരുന്നു സൗദിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്ര ആരംഭിച്ചത്. 1997 നവംബർമാസം. എന്റെ സ്ഥാപനമായ സോന ജ്വല്ലേഴ്സിന് (ഗോൾഡ്ആൻഡ് ഡയമണ്ട്)വേണ്ടി പ്രഷ്യസ് സ്‌റ്റോൺ വാങ്ങാൻവേണ്ടിയായിരുന്നു ആ യാത്ര. ദൽഹി വിമാനത്താവളത്തിലിറങ്ങിയപ്പോൾ പുറത്തെ തണുപ്പിന്റെ കാഠിന്യം എന്നെ വലിച്ചു മുറുക്കിയിരുന്നു. അവിടെ നിന്ന് ജയ്പൂരിലെത്തി. അവിടെയും അതികഠിനമായ തണുപ്പ്. ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചതുപോലെ ആത്മാവിലെ തീക്കട്ട മാത്രമെരിയുന്നു. ചുറ്റും അകം കടിച്ചു പറിക്കുന്ന അതിശൈത്യം. 
ജയ്പൂരിലെത്തിയപ്പോൾ വൈകുന്നേരത്തോടടുത്തിരുന്നു. ആകാശത്ത് അരുണ സൂര്യൻ അവസാന യാത്രയിലാണ്. ആ ചുവപ്പ് നിറത്തിൽ തിളങ്ങി നിന്നു രാജകൊട്ടാരങ്ങൾ നിറഞ്ഞ പിങ്ക്സിറ്റി. ജയ്പൂർ അതിമനോഹരിയായിരിക്കുന്നു. എവിടെത്തിരിഞ്ഞങ്ങുനോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ എന്ന ചങ്ങമ്പുഴക്കവിതപോലെ, എല്ലായിടവും പിങ്ക്‌നിറത്തിലുള്ള കെട്ടിടങ്ങളും കൊട്ടാരങ്ങളും വീടുകളും മാത്രമാണുള്ളത്. യാത്രയുടെ ക്ഷീണം കാരണം അന്ന് പ്രഷ്യസ് സ്റ്റോൺ (റൂബി, എമറാൾഡ്, ബ്ലുസഫയർ, പേൾ ഉൾപ്പെടെ നിരവധി വിഭാഗങ്ങളുണ്ട്) വാങ്ങാനും ഓർഡറുകൾ കൊടുക്കാനുമുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഹോട്ടലിലെത്തി. വിശ്രമിച്ചു. പിറ്റേന്ന് എല്ലാ കാര്യവും ചെയ്യാമെന്ന് കരുതി. ഇതിന് മുമ്പും നിരവധി തവണ ഇവ വാങ്ങാൻ ജയ്പൂരിലെത്തിയിട്ടുണ്ട്. അനുഭവപരിചയം കൊണ്ട് ഓരോ സ്‌റ്റോണിന്റെയും ഗുണമേൻമ എനിക്കറിയാം.


നൂറ്റാണ്ടുകൾക്ക് മുമ്പ് ജയ്പൂർ കേന്ദ്രമായി ഭരിച്ചിരുന്ന രാജാക്കൻമാർ അവർ ഇത്തരം അമൂല്യമായ രത്‌നങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. തങ്ങൾക്ക് ഇതുവഴി ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നും ദുഷ്ടകാര്യങ്ങളെ തടയുമെന്നുമുള്ള വിശ്വാസവും അവർക്കുണ്ടായിരുന്നു. ഭാരതത്തിലെ ഏറ്റവും വിലയേറിയ കോഹിനൂർ രത്‌നം ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയതെല്ലാവർക്കും അറിയാമല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ രത്‌നമാണിത്. അക്കാലംമുതൽ പ്രഷ്യസ് സ്റ്റോണിന്റെ വ്യാപാരം ജയ്പൂർ കേന്ദ്രീകരിച്ചാണ് നിലനിന്നിരുന്നത്. അതിപ്പോഴുംതുടരുന്നു. നിരവധി കമ്പനികളും ഏജന്റ്മാരും ജയ്പൂരിലുണ്ട്. നമ്മുടെ ആവശ്യത്തിനും നമുക്ക് വേണ്ട ഗുണമേൻമയും അനുസരിച്ച് അവർ സ്റ്റോണുകൾ നൽകും. പ്രഷ്യസ് സറ്റോണുകൾ വാങ്ങി കരാർ ഉറപ്പിച്ചാൽ അവർ പിന്നീട് ആവശ്യക്കാർക്ക് വേണ്ടി കയറ്റുമതി ചെയ്യും. ഇത്തരം സ്‌റ്റോണുകളത്രയും ബാങ്കോക്ക്, ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, ശ്രീലങ്ക, ബ്രസീൽ, ആഫ്രിക്ക ,ബെൽജിയം ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ജയ്പൂരിലെത്തിച്ച് നമുക്ക് വേണ്ട രീതിയിൽ മുറിച്ച് പോളിഷ് ചെയ്ത് നൽകും. ജയ്പൂരിൽ നിന്ന് ഇപ്പോഴും അവയുടെ പ്രതാപം മാഞ്ഞുപോയിട്ടില്ല.
രാവിലെ എഴുന്നേറ്റപ്പോൾ എന്താണ് പ്രശ്നമെന്നറിയില്ല. കലാപത്തിന്റെ അന്തരീക്ഷം. റോഡുകൾ മുഴുവൻ പോലീസ് കീഴടക്കിയിരിക്കുന്നു. കടകൾ അടഞ്ഞുകിടക്കുന്നു. ചില റോഡിൽ ടയറുകൾ എരിയുന്നു. ഈ അന്തരീക്ഷം കണ്ടതോടെ എന്റെ മനസ്സിലും തീ ആളിക്കത്തി. എന്റെ യാത്ര വൃഥാവിലായല്ലോ ദൈവമേ എന്നതോന്നലുണ്ടായി. ജയ്പൂർ ശാന്തമാകാൻ ഇനിയുംആഴ്ചകളെടുക്കുമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. അതോടെ ഞാൻ സ്തബ്ധനായി. എന്റെ ഇടത്തെ കൈയ്ക്ക് നല്ല വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. തലേ രാത്രി ഇടത്തെ കൈയ്യിൽ തലയിണ വെച്ച് അതിൻെറ മുകളിൽ തല വെച്ചാണ് ഉറങ്ങിയത്.അതിനാലാണ് കൈയ്ക്ക് വേദന അനുഭവപ്പെട്ടത്.
പുറത്ത് കലാപം ആളികത്തുകയായിരുന്നു. റോഡ് നിശ്ചലമാണ്. അങ്ങിങ്ങായി പോലീസ്. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. തിരിച്ചുള്ള യാത്രക്ക് വേണ്ടി ശ്രമിച്ചപ്പോൾ വിമാനവും തീവണ്ടികളും ഇല്ല എന്ന് ബോധ്യമായി. ഇനിയെന്ത് എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി. ഒപ്പം ഇടതുകൈയ്യിലെ വേദന അധികരിക്കാനും തുടങ്ങി. അഹമ്മദാബാദിലേക്ക് മിനിബസ്സുകൾ പോകുന്നുണ്ടെന്നറിഞ്ഞു. ഞാൻ അഹമ്മദാബാദിലുള്ള എന്റെ കുമാരമ്മാമനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു
അങ്ങിനെ ജയ്പൂരിൽ നിന്ന് ഒരു മിനി ബസ്സിൽ അഹമ്മദാബാദിലേക്ക് തിരിച്ചു. എനിക്ക് ഏറ്റവും പിന്നിലെ സീറ്റിലാണ് ഇടം കിട്ടിയത്. കലാപമായതിനാൽ ബസ്സിലെ യാത്രക്കാർക്ക് നല്ല ഭയമായിരുന്നു. എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തണമെന്ന ധൃതിയിലായിരുന്നു ഡ്രൈവർ. ഇത്രയും യാത്രികരുടെ ജീവൻ തന്റെ കൈയ്യിലാണെന്ന ഉത്തമബോദ്ധ്യവും ഡ്രൈവർക്കുണ്ടായിരുന്നു.അതിനാൽ വണ്ടിയുടെവേഗത കൂട്ടിയും കുറച്ചും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. പിറ്റെന്ന്കാലത്ത് അഹമ്മദാബാദിലെത്തുമ്പോൾ ശരീരം മുഴുവൻ വേദന. ഇടതുകൈയ്യുടെ വേദന എനിക്ക് സഹിക്കാൻ കഴിയുന്നതിലുംഅപ്പുറമായിരുന്നു.


കുമാരമ്മാമന്റെ സഹായത്തോടെ കുടുംബഡോക്ടറായ, ഡോ.സാങ്വിയെ കണ്ടു.നല്ല ഡോക്ടർ. അമാമനോടുള്ളസ്നേഹം കൊണ്ടാവാം എന്നെയും അദ്ദേഹം സൂക്ഷ്മമായിപരിശോധിച്ച് വേദന മാറാൻ ഇൻജക്ഷൻ നൽകി. അതോടെ വേദനയ്ക്ക് നേരിയ ശമനം തോന്നി. രണ്ടു ദിവസം കൊണ്ട് വേദന കുറയുമെന്ന് ഡോക്ടർ പറഞ്ഞു.
അടുത്ത ദിവസം മുംബൈ വഴി റിയാദിലേക്ക് തിരിച്ചു. റിയാദിലെത്തി വിദഗ്ധ ചികിത്സ നടത്താനായിരുന്നുതീരുമാനം. റിയാദിൽ എത്തിയതോടെ കൈയിന്റെ സ്ഥിതി വളരെ മോശമായി. വേദന എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു
റിയാദിലെ പ്രമുഖ ആശുപത്രിയിൽ തന്നെ ചികിത്സതേടി. അവിടെയാണ് വിദഗ്ധ ഡോക്ടർമാരുണ്ടായിരുന്നത്. എന്നെ ചികിത്സിക്കാനെത്തിയത്ബ്രിട്ടീഷ് ഡോക്ടറായിരുന്നു. അദ്ദേഹത്തോട് ഞാൻപറഞ്ഞു: കൈവേദന സഹിക്കാനാവുന്നില്ല. എന്റെ കൈ മുറിച്ചു മാറ്റിയാലും വേണ്ടില്ല ഈ വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്തണം. അദ്ദേഹത്തിന്റെ പരിശോധയിൽ ഓപ്പറേഷൻ വേണമെന്ന് തീരുമാനത്തിലെത്തി. അതിന് ഞാൻ തയ്യാറായി. എന്റെ സഹധർമിണി  സോനയും മക്കളും ബന്ധുക്കളും ഓപ്പറേഷൻ തിയേറ്ററിന്റെ വെളിയിൽ അക്ഷമയോടെ കാത്തുനിന്നിരുന്നു. അനസ്തേഷ്യയുടെ അബോധത്തിലേക്ക്. പിന്നീടാണ് കാര്യങ്ങളറിഞ്ഞത്. 
ആറോളം ഡോക്ടർമാർ ഉണ്ടായിരുന്നു. എന്നെ മലർത്തികിടത്തി.എന്നിട്ട് നടു വളച്ച് കാലിന്നിടയിലേക്ക് തല കൊണ്ടുവന്നു. നട്ടെല്ലിലെ സുഷുമ്ന നാഡിയിൽ പിണഞ്ഞു കിടക്കുന്ന ഞരമ്പുകളെ സ്വതന്ത്രമാക്കാൻ മാനിപ്പുലേഷൻ എന്ന ഈ ചികിത്സ വഴി കഴിയുമെന്ന് ബ്രിട്ടീഷ് ഡോക്ടർ പറഞ്ഞു. ഈചികിത്സാ രീതി 25 വർഷം മുമ്പ് തന്നെ ഇംഗ്ലണ്ടിൽ നിരോധിച്ചിരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അതാണ്അവർ എന്നിൽ പരീക്ഷിച്ചത്.അനുസരിക്കാതെ എനിക്ക്‌നിർവാവാഹമില്ലായിരുന്നു. അവർ എന്താണ് ചെയ്യാൻപോകുന്നതെന്ന് പറഞ്ഞിരുന്നില്ല.ഇത് പണ്ടേ യൂറോപ്പിൽനിരോധിച്ചിരുന്നതറിഞ്ഞിരുന്നെങ്കിൽ ഞാൻ മാനിപുലേഷൻചെയ്യാൻ അനുവദിക്കില്ലായിരുന്നു.ഈ ചികിത്സയ്ക്ക് ശേഷംനാലു ദിവസത്തോളം കൈയ്യുടെ വേദന ഇല്ലാതായി.
പെട്ടെന്ന് വേദന കലശലായി അതിനൊപ്പം മറ്റ് പ്രശ്‌നങ്ങൾ എന്നെ ബാധിക്കാൻ തുടങ്ങി. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തല ചുറ്റുന്ന അവസ്ഥ. ശരീരത്തിന്റെ ബാലൻസ് നഷ്ടമായതുപോലെ. ആഴമുള്ള പൊട്ടക്കിണറിലേക്ക് വീഴുന്നത്‌പോലെ എനിക്ക് തോന്നി. എപ്പോഴും വലിയ ഊർജത്തോടെ കുതിച്ചിരുന്ന ഞാൻ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തി.


എന്റെ അവസ്ഥയെപ്പറ്റി മാനിപുലേഷൻ ചെയ്ത ആശുപത്രിയിലെബ്രിട്ടീഷ് ഡോക്ടറോട് സംസാരിച്ചു. അദ്ദേഹം എന്നോട് ന്യുറോ സർജനെ ബന്ധപ്പെടാൻ നിർദ്ദേശിച്ചു. 25 വർഷം മുമ്പ് ഇംഗ്ലണ്ടിൽ നിരോധിച്ച ചികിത്സാരീതി എന്നിൽ പരീക്ഷിച്ച ശേഷം വിജയിക്കാതെ അവർ നിഷ്‌കരുണം കൈയൊഴിയുകയായിരുന്നു. എന്റെ അന്നത്തെ അവസ്ഥ എനിക്ക് പരിചയമുള്ള ഇന്ത്യൻ ഡോക്ടർമാരോട് സംസാരിച്ചു. അവരാണ് എന്നോട് ചെന്നൈയിലെ ഏറ്റവും പ്രശസ്ത ആശുപത്രിയിൽപോകാൻ നിർദ്ദേശിച്ചത്. നിരോധിച്ച ചികിത്സ രീതി എന്നിൽ പരീക്ഷിച്ചതിന് ഡോക്ടർക്കും, ആശുപത്രിക്കുമെതിരെ പരാതികൊടുക്കാനും അവർ പറഞ്ഞു. അതിനൊന്നും ഞാൻ മെനക്കെട്ടില്ല. ചെന്നൈയിൽ ഞങ്ങളുടെ ജ്വല്ലേഴ്സിന്റെ ഒരു എക്സ്പോർട്ടർ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും പാക്കിങ് മെറ്റീരിയൽ ആണവർ എക്‌സ്‌പോർട്ട് ചെയ്തിരുന്നത്. അയാൾ വഴി ഡോക്ടററെ കാണാനും ചികിത്സയ്ക്കുമുള്ള ഏർപ്പാടുകൾ ചെയ്തു.
അന്ന് കേരളത്തിലുണ്ടായിരുന്ന എന്റെ അനുജൻ നന്ദനോട് ഞാൻ ചെന്നൈയിലെ ആശുപത്രിയിൽ എത്തുന്ന അതേ ദിവസംതന്നെ എത്താൻ ആവശ്യപ്പെട്ടു. അവനും ചെറിയ നടുവേദനയുണ്ടായിരുന്നു. രണ്ടുപേരുടെ ചികിത്സയ്ക്കായി പ്രത്യേക മുറിയെടുത്തു. ഞാനും നന്ദനും ചികിത്സ തുടങ്ങി. ആശുപത്രിയിലെ ന്യൂറോ സർജനായ അനന്തരാമനാണ് എന്നെ ചികിത്സിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കരസ്ഥമാക്കിയ ഡിഗ്രികളുടെ നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ടായിരുന്നു. ഞാൻ വലിയ പ്രതീക്ഷയിലായിരുന്നു.
രാവിലെ തന്നെ ഡോക്ടറെ കണ്ടു. 800 രൂപയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫീസ്. പല പരിശോധനകളും നിർദ്ദേശിച്ചു. പരിശോധനാഫലങ്ങളുമായി വൈകുന്നേരം അഞ്ചുമണിക്ക് വീണ്ടും കണ്ടപ്പോൾ വീണ്ടും ഫീസ് 400 രൂപ ആവശ്യപ്പെട്ടു. പണമില്ലാതെ ഒന്നും പരിശോധിക്കാത്ത ഡോക്ടർ. അക്കാലത്ത് പരിശോധനഫീസ് എന്ന നിലയിൽ ഈടാക്കിയത് വലിയ തുകയായിരുന്നു. ഞാൻ ഗൾഫിൽ നിന്നെത്തിയതുകൊണ്ടും ജ്വല്ലറി ബിസിനസുകാരനാണോ എന്ന കാരണത്തിനാലാണോ ഇത്രെയും തുക പിഴിഞ്ഞെടുത്തതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഗൾഫുകാരനെ പണമൂറ്റുന്ന യന്ത്രമായിക്കാണുന്ന ആ രീതി തന്നെ എനിക്ക് ഇഷ്ടമായില്ല. എന്തു ചെയ്യാം, പ്രവാസികളുടെ വിധി അതായിപ്പോയില്ലേ ഗൾഫുകാരനാണെന്നറിന്നറിഞ്ഞാൽ എന്തിനും ഏതിനും അവരിൽ നിന്നും പറ്റാവുന്നതും കൈവശമാക്കാൻ നോക്കുക നമ്മുടെ നാട്ടിലെ രീതിയാണല്ലോ
മലർത്തി കിടത്തി കഴുത്തിലെ ഞരമ്പുകൾ നേരെയാവാൻ കഴുത്തിൽ താടിയുമായി ബന്ധപ്പെട്ട് ചെറിയ രീതിയിൽ ഭാരം തൂക്കിയിട്ടുള്ള ട്രാക്ഷൻ എന്ന ചികിത്സാരീതിയായിരുന്നു അവലംബിച്ചത്. ഈ ചികിത്സ ആറു ദിവസത്തോളം നീണ്ടു. പിന്നീട് അത് പത്തു ദിവസമായി. ചികിത്സയുമായി ബന്ധപ്പെട്ട് എന്നെ പിഴിയുന്നതല്ലാതെ എന്റെ വേദനക്ക് കുറവൊന്നും ഉണ്ടായില്ല. ഭേദമാകും, ഭേദമാകുമെന്ന മന്ത്രം ഡോക്ടർ ദിവസവും ആവർത്തിക്കും. പക്ഷേ വേദനയ്ക്ക് മാറ്റമില്ല. ഞാനാകെ വിഷമിച്ചുപോയി. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് വീണ അവസ്ഥ. ലോകപ്രശസ്തമായ അലോപ്പതി ആശുപത്രികളിൽ ചികൽസിച്ചിട്ടും മാറ്റമില്ല. മുഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീ...
ആ വേദനയിൽ ഞാൻ പുളയുമ്പോഴും എന്റെ ചിന്ത എങ്ങിനെ ഈ പ്രതിസന്ധിയെ തരണംചെയ്യാമെന്നതായിരുന്നു. അപ്പോഴാണ് കണിമംഗലത്തെ പ്രകൃതിചികിത്സാവിദഗ്ധൻ ഡോക്ടർ വിജയകുമാറിനെ ഓർമ്മവന്നത്. പ്രകൃതി ചികിത്സാരംഗത്തെ അതികായൻ. ഡോക്ടർ സി.ആർ.ആർ.വർമ്മയുടെയും,പ്രൊഫസർ ഉൽപലാക്ഷന്റെയും പ്രിയ ശിഷ്യനാണ് ഡോക്ടർ വിജയകുമാർ. ഒരിക്കൽ എന്റെ ശരീരഭാരം 110 കീലോയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ദിവസങ്ങൾക്കുള്ളിൽ 15 കിലോ കുറച്ച് 95 കിലോയിലേക്ക് ഭാരം എത്തിച്ചത്. ഞാൻ ഡോക്ടർ വിജയകുമാറിനെ വിളിച്ചു. എന്റെ അതുവരെയുള്ള അവസ്ഥ അദ്ദേഹത്തെ പറഞ്ഞ് കേൾപ്പിച്ചു. എല്ലാം കേട്ട ശേഷം അദ്ദേഹം എന്നെ ഉപദേശിച്ചു. അവിടുത്തെ ചികിത്സയെല്ലാം മതിയാക്കി കേരളത്തിലുള്ള അദ്ദേഹത്തിന്റെ പ്രകൃതി ചികിത്സാകേന്ദ്രത്തിലെത്താൻ. ഞാൻ പിന്നീടൊന്നും നോക്കിയില്ല.ആ അവസ്ഥയിൽ ഡിസ്ചാർജ്ജ് ആവശ്യപ്പെട്ടാൽ ആശുപത്രിയിലെ ഡോക്ടർമാർ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനോടകം തന്നെ അവർ വലിയ തുകപിഴിഞ്ഞിരുന്നു. പൊൻമുട്ടയിടുന്ന താറാവിനെ ആരെങ്കിലുംകൊല്ലുമോ? അതോടെ ഞാനും നന്ദനും കൂടി മുങ്ങാൻ തീരുമാനിച്ചു. ബാക്കി വന്ന ചികിത്സാ ചെലവ് അടച്ചു തീർക്കാൻ ചെന്നൈയിലെ ഞങ്ങളുടെ എക്സ്പോർട്ടറെ ഏൽപ്പിച്ചു. കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റുകൾ തരപ്പെടുത്തി ചെന്നൈ വിമാനത്താവളത്തിലെത്തി. ഏതാനുംമണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിലെത്തി. അധികംതാമസിക്കാതെ ഡോക്ടർ വിജയകുമാറിന്റെ തൃശൂർ രാമവർമ്മപുരത്തുള്ള പ്രകൃതി ചികിത്സാകേന്ദ്രത്തിലെത്തി.അദ്ദേഹം എക്‌സ്‌റെകളും, സ്‌കാനിംഗുകളും ശേഷം എന്നെയും വിശദമായി പരിശോധിച്ചു. ശരീരമാസകലം കടുകെണ്ണപുരട്ടി കഴുത്ത് മുതൽ കാലടിവരെ ഉഴിഞ്ഞു.വാഴ ഇലയിൽ മലർത്തിയും കമഴ്ത്തിയും കിടത്തി നല്ല സൂര്യപ്രകാശംകൊള്ളിച്ചു.
സ്പൈനൽ ബാത്ത്, ഹിപ് ബാത്ത്, കളിമൺപൊതിയൽ ഉൾപ്പെടെയുള്ള ചികിത്സാരീതികൾ അവലംബിച്ചു. ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തി. അഞ്ചുദിവസത്തിനുള്ളിൽ എന്റെ വേദനയ്ക്ക് ശമനമുണ്ടായി. പത്തുദിവസം കൊണ്ട് എന്റെ ശരീരം എനിക്ക് വഴങ്ങാൻ തുടങ്ങി. മനസ്സിന്റെ നിയന്ത്രണത്തിലേക്ക് എന്റെ ശരീരംവന്നു. എഴുദിവസം കൊണ്ട് കഴുത്ത് തിരിക്കാൻ സാധിച്ചു. അവിടെ ഒരു മാസത്തെ ചികിത്സ നടത്തി. ശരീരഭാരം കുറച്ചു. ഞാൻപൂർവ്വാധികം ഉഷാറായി. എന്റെ ജീവിതം പ്രസന്നമായി.
റിയാദിലെ ബ്രീട്ടീഷ് ഡോക്ടർക്കും, ചെന്നൈയിലെ ഏറ്റവുംപ്രശസ്ത ആശുപത്രിയിലെ അനേകം ബിരുദമുള്ള ഡോക്ടർക്കും സാധിക്കാത്തത് പ്രകൃതി ചികിത്സയിലൂടെ ഡോ. വിജയകുമാർ സാധിച്ച് തന്നു. കൈവിട്ടു പോകുമെന്ന് ഞാൻ കരുതിയ എന്റെ ജീവിതം ഒരു പോറൽ പോലും ഏൽക്കാതെ ഭദ്രമായി എനിക്ക് തിരിച്ചു നൽകി. എന്നെ ജീവിതത്തിലേക്ക്തിരിച്ചു കൊണ്ടു വന്ന ഡോക്ടർ വിജയകുമാറിനോടുള്ള നന്ദിയും സ്നേഹവും ബഹുമാനവും വാക്കുകളിൽ ഒതുങ്ങുന്നതല്ല. ഞാൻ എന്നും അദ്ദേഹത്തെ കരുണാപൂർവം ഓർക്കാറുണ്ട്.
ഞാൻ ഈ അനുഭവം എഴുതുന്നതിന്റെ പിന്നിൽ നിരവധികാരണങ്ങളുണ്ട്. അലോപ്പതി ചികിത്സാരീതിയെ മോശമായികാണുന്നതല്ല.എല്ലാ ഡോക്ടർമാരോ ആശുപത്രികളോ ഇത്തരക്കാരോ ആണെന്ന അഭിപ്രായം എനിക്കില്ല. നാൽപത് വർഷമായി ഞാനൊരു പ്രമേഹ രോഗിയാണ്. പ്രസിദ്ധരായ അമേരിക്കൻ - ബ്രിട്ടീഷ് ഡോക്ടർമാർ എന്നെ ചികിത്സിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊന്നും എന്റെ പ്രമേഹത്തെ ചികിത്സിച്ച് കൺട്രോളിൽ നിർത്താനായിട്ടില്ല. റിയാദിലെ പ്രശസ്ത ആശുപത്രികളിൽ കിടത്തി ഇൻസുലിൻ പരീക്ഷിച്ചിട്ടുണ്ട്, എന്റെ ശരീരം ഇൻസുലിൻ സ്വീകരിച്ചിരുന്നില്ല. മരുന്നുകളും. അവസാനം വളരെ വർഷങ്ങളായി റിയാദ് സഫാ - മക്കാ ക്ലിനിക്കിലെ സീനിയർ ഡോക്ടറായ പാലാ സ്വദേശി ഡോ. കെ.ജെ സെബാസ്റ്റിയനാണ് (എം,എസ്.സി, എം.ഡി, ഡയബറ്റോളജിസ്റ്റ്, ഇന്റേണിസ്റ്റ്)
എന്റെ പ്രമേഹത്തിന് ഗുളികമാത്രം മതിയെന്ന ചികിത്സയിലേക്കെത്തിച്ചത്. സൗദിയിലും ഗൾഫിലും ആതുരസേവനം ജനകീയമാക്കിയ കെ.ടി റബീഉള്ളയാണ് 1999 ൽ സഫാ മക്കാ പോളിക്ലിനിക് സ്ഥാപിച്ചത്.
ഡോ. സെബാസ്റ്റ്യനും ഈയവസരത്തിലാണ് അവിടെ ജോയിൻ ചെയ്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ആദ്യത്തെ അധ്യക്ഷനും അദ്ദേഹമാണ്.
സൗദിയിലെ അനേകം വിദേശികൾക്കും സ്വദേശികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്. പ്രമേഹരോഗവിദഗ്ധനായത് കൊണ്ട് പ്രവാസികൾക്കിടയിൽ വ്യാപകമായ പ്രമേഹത്തിന് അദ്ദേഹം ഫലപ്രദമായ ചികിൽസ നൽകുന്നു.
കോവിഡ്19 തീവ്രമായപ്പോൾ രാപകൽ ഭേദമന്യേ അദ്ദേഹം പ്രവാസികളേയും സ്വദേശികളേയും ചികിൽസിച്ചു. ആവശ്യമായ നിർദേശങ്ങൾ നൽകി. ബാല്യകാലത്ത് തന്നെ ഡോക്ടറായി സമൂഹത്തെ സേവിക്കണമെന്നായിരുന്നു ഡോ. സെബാസ്റ്റിയന്റെ ആഗ്രഹം. അതാണ് പൂവണിഞ്ഞത്.  
കഠിനാധ്വാനിയും വിശാലമനസ്‌കനുമായ ഡോ. റബിഉല്ലയുടെ കാരുണ്യവും സേവനവും മനുഷ്യസ്‌നേഹവും മറക്കാനാവാത്തതാണ്. 44 വർഷംമുൻപാണ് ഞാൻ സൗദിയിൽ വന്നത്. അന്ന് ചുരുക്കം ഹോസ്പിറ്റലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കൺസൾട്ടിങ്ഫീസ് തന്നെ വലിയ തുകയാണ്. സാധാരണക്കാർക്ക് അവിടെ ചികിത്സ തേടാൻ സാധ്യമല്ലായിരുന്നു. അന്നാളുകളിൽ ഹെൽത്ത്ഇൻഷുറൻസുകൾ നിർബന്ധമായിരുന്നില്ല. പ്രവാസികൾ തുച്ഛശമ്പളക്കാരായിരുന്നു. അവരെ സഹായിക്കാനായി റബീഉല്ല ചെറിയ തുകക്ക് കൺസൾട്ടിങ് ഫീസ് വാങ്ങി.ടെസ്റ്റുകൾക്ക് ചുരുങ്ങിയ തുക ഈടാക്കി മറ്റു ആശുപത്രികളിൽ നിന്നും വ്യത്യസ്തത വരുത്തി. സാധാരണക്കാരെ ഉന്നം വെച്ചായിരുന്നു അദ്ദേഹം കൊച്ചു കൊച്ചു ക്ലിനിക്കുകൾ ആരംഭിച്ചത്. ഗൾഫിലാകെ അനേകം പ്രവാസികൾക്ക് താങ്ങും തണലുമായി. ഹോസ്പിറ്റലുകളും, ക്ലിനിക്കുകളും പണിതീർത്തു. കെ.ടി റബീഉല്ലയെപ്പോലുള്ള നന്മ നിറഞ്ഞ ആശുപത്രി സാരഥികളും ഡോ. വിജയകുമാർ, ഡോ. സെബാസ്റ്റിയൻ എന്നിവരെപ്പോലെ പരോപകാര തൽപരരായ ഭിഷഗ്വരന്മാരും ചൊരിഞ്ഞ പ്രകാശം ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന് വെളിച്ചം പകരുന്നു. പ്രതിസന്ധികൾ മറികടക്കാനുള്ള പരിശ്രമത്തിൽ ഈ ലോകത്തിന് സർവമംഗളവും ഭവിക്കട്ടെയെന്ന് നമുക്ക് സദാ പ്രാർത്ഥിക്കാം. 


 

Latest News