Sorry, you need to enable JavaScript to visit this website.

'കിസ്‌വ' യുടെ രൂപഭംഗിയ്ക്ക് ആമിനയുടെ അക്ഷരപുണ്യം

ആമിന മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം
ആമിന വരച്ച കലിഗ്രഫുകൾ
പ്രമുഖ പണ്ഡിതൻ മുഫ്തി ഡോ. ഇസ്മായിൽ മെങ്ക്  ആമിനാ മുഹമ്മദിന്റെ കാലിഗ്രാഫി ഇൻസ്റ്റാഗ്രാമിൽ  ഷെയർ ചെയ്തപ്പോൾ.

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ആമിനാ മുഹമ്മദിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത് ഒറ്റ കാലിഗ്രഫി രചനയാണ്. ആമിന വരച്ച പരിശുദ്ധ കഅ്ബയുടെ സ്വർണ വാതിലിന്റെ മുകളിൽ തൂക്കിയിട്ട കിസ്‌വയുടെ രൂപകൽപന, സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് വ്യൂവേഴ്‌സുള്ള പ്രമുഖ ആഗോള ഇസ്ലാമിക പണ്ഡിതൻ  മുഫ്തി ഡോ. ഇസ്മായിൽ മെങ്ക് തന്റെ ഇൻസ്റ്റാഗ്രാം മുഖേന ഷെയർ ചെയ്തപ്പോൾ വൻപ്രതികരണവും അഭിനന്ദനവുമാണ് ആമിനക്ക് ലഭിച്ചത്. ഇതാകട്ടെ, പല പ്രധാന ചാനലുകളിലും സവിശേഷ വാർത്തയുമായി.

 
ഓൺലൈൻ പഠനകാലത്തെ നീണ്ട ഒഴിവ് സമയം പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു കൈയെഴുത്തിലെ കലാകാരി ആമിന. യൂട്യൂബ് നോക്കി അറബിക്ക് കാലിഗ്രഫി പഠിച്ചു, കുറഞ്ഞ മാസം കൊണ്ടാണ് അറബി കാലിഗ്രഫി പഠിച്ചത്. പിന്നെ എല്ലാം ആമിനയിലേക്ക് വരുകയായിരുന്നു,  ലോക പ്രസിദ്ധ  ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്‌ലോ  പറഞ്ഞ വാക്കുകൾ 'നാം എന്തെങ്കിലും ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുകയും... ആഗ്രഹം സാധ്യമാക്കാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്താൽ... നമ്മുടെ ആഗ്രഹസാഫല്യത്തിന് വേണ്ടി പ്രപഞ്ചം മുഴുവൻ നമുക്കുവേണ്ടി ഗൂഢാലോചന നടത്തും' അത് തന്നെയാണ് ആമിനയുടെ  ജീവിതത്തിലും സംഭവിച്ചത്. 
അറബി അക്ഷരങ്ങൾ കൊണ്ടുള്ള ദൃശ്യകലയാണ് അറബി കാലിഗ്രഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വ്യത്യസ്ത തരം അറബി കാലിഗ്രഫി ലിപികൾ ഉണ്ട്.:-
കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി.


ഇതിൽ ആമിന 'ഥുലുഥ്' കാലിഗ്രഫി രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.  ഈ രീതിയിൽ  നിരവധി വർക്കുകൾ ചെയ്തു അവസാനമാണ് മക്കയിലെ വിശുദ്ധ കഅബയുടെ വാതിലിന്റെ മുകളിലായി തൂക്കിയിട്ടിരിക്കുന്ന 'കിസ്‌വ'  എന്നറിയപ്പെടുന്ന ആവരണത്തിന്റെ ചിത്രപ്പണിയുടെ മാതൃക ചെയ്യാൻ തുടങ്ങിയത്. സങ്കീർണമായ ഈ വർക്ക് തുടങ്ങവെ, പലവട്ടം പരാജയപ്പെട്ടുവെങ്കിലും വിട്ടു കൊടുക്കാൻ തയ്യാറായില്ല, ആമിന. എട്ടാം ക്ലാസിൽ പഠിക്കുന്ന അനിയത്തി അസ്‌നയുടെ പിന്തുണയും  ഉമ്മയുടെയും  ഉപ്പയുടെയും പ്രോത്സാഹനവും മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. കണിശമായ അളവ് ശരിയാകാത്തതാണ് ആദ്യ പരാജയത്തിന് കാരണം എന്നറിഞ്ഞപ്പോൾ മക്കയിലെ ഹറമിന്റെയും കഅ്ബയുടെയും ഉത്തരവാദിത്വമുള്ള ഹറമൈനുമായി ഓൺലൈനിൽ ബന്ധപ്പെട്ടു, അവർ പൂർണമായി സപ്പോർട്ട് ചെയ്തു. അങ്ങനെ പൂർത്തിയാക്കിയ വർക്ക് അവർക്ക് അയച്ചുകൊടുക്കുകയും അവർ വളരെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അവർ മുഖേനയാണ് ആഗോള ഇസ്‌ലാമിക പണ്ഡിതൻ  മുഫ്തി ഡോ. ഇസ്മായിൽ മെങ്ക് അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാം മുഖേന ഷെയർ ചെയ്തതും. അതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. 


ഭാവിയിൽ കൂടുതൽ അറബിക്ക് കാലിഗ്രഫി വർക്കുകൾ ചെയ്തു ഒരു എക്‌സിബിഷൻ സംഘടിപ്പിക്കണമെന്നും ഇതുപോലെ എഫോർട്ട് എടുത്ത് വരക്കുന്ന  ചില വർക്കുകൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൊടുക്കുമെന്നും  ആമിന പറഞ്ഞു. കൂടാതെ സയൻസ് വിഷയങ്ങൾ എടുത്ത് ജനസേവനത്തിന് ഉതങ്ങുന്ന  രൂപത്തിലുള്ള ജോലി കണ്ടെത്തുകയും  അതോടൊപ്പം തന്നെ കാലിഗ്രഫിയിൽ കൂടുതൽ പഠനം നടത്താനും  ഖുർആൻ മനപ്പാഠം ആക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും  ആമിന പറഞ്ഞു. - ആമിന  മുഹമ്മദ് വരക്ക് സമയം കൂടുതൽ ചിലവഴിക്കുമെങ്കിലും പഠനത്തിൽ ഒട്ടും പിറകിൽ അല്ലെന്നും  പത്താം കഌസിൽ നല്ല മാർക്ക് വാങ്ങിയതായും
ജിദ്ദ ഇസ്‌ലായി സെന്ററിൽ നിന്ന് മത പഠനത്തിൽ ഡിസ്റ്റിംഗ്‌സൺ കിട്ടുകയും ചെയ്തതും ഉമ്മ പങ്കുവെച്ചു.


കഅ്ബയുടെ കവാടത്തിന്റെ ഡിസൈൻ വരക്കാൻ വേണ്ടി ആഗ്രഹിച്ച് വരച്ചു തുടങ്ങിയപ്പോൾ കഅ്ബയുടെ കില്ല ഒന്ന് കാണാൻ ആഗ്രഹിക്കുകയും ഉംറക്കും കഅ്ബയുടെ കില്ല കാണുവാനും  വേണ്ടിയും മക്കയിലേക്ക് പോയി  കോവിഡ് സാഹചര്യത്തിൽ  പ്രായത്തിന് പ്രശ്‌നമുള്ളതുകൊണ്ട് കഅബയുടെ അടുത്ത് പോകാൻ അനുവാദം കിട്ടിയില്ല. കോവിഡ് സാഹചര്യത്തിൽ 18 വയസ്സ് പൂർത്തിയാകാത്തവർക്ക് അവിടെ പ്രവേശനമില്ലായിരുന്നു. ഇവിടെ ജനിച്ച വളർന്ന ആമിനക്ക്  പല തവണ ഉംറ ചെയ്യാനും കഅബ കാണുവാനും അവസരം ഉണ്ടായിട്ടുണ്ടെങ്കിലും വരക്കാൻ തുടങ്ങിയപ്പോൾ ഒന്നുകൂടി കാണണം എന്ന ആഗ്രഹം  - അത് നടക്കാത്തതിൽ  ദുഃഖിച്ച് ഇരുന്നപ്പോഴാണ് മക്കയിലെ ക്ലോക്ക്  ടവറിൽ നിന്നും അവരുടെ അയൽവാസിയും സുഹൃത്തുമായ  കാസിംക്ക  അപ്രതീക്ഷമായി ഒരു അവസരം നൽകിയത്, മക്കയുടെ അഭിമാന സ്തംഭങ്ങളിൽ ഒന്നായ ക്ലോക്ക് ടവറിന്റെ ഏറ്റവും മുകളിലെ നിലയിൽനിന്ന് നോക്കി കഅബയും കില്ലയും ആവരണവും നിരീക്ഷിച്ച് തന്റെ രചന പൂർത്തിയാക്കുകയായിരുന്നു. 
ജിദ്ദയിലെ സ്വകാര്യ  കമ്പനിയിൽ ജോലി ചെയ്യുന്ന  തിരുവനന്തപുരം ബാലരാമ പുരം  സ്വദേശി മുഹമ്മദ് ബിജു - ഷാലത്ത് ദമ്പതികളുടെ രണ്ടു മക്കളിലെ മൂത്തവളാണ് ആമിന. 

  

Latest News