Sorry, you need to enable JavaScript to visit this website.

രാത്രി ഒമ്പതാവാൻ കാത്തിരിക്കുന്ന കൊറോണ 

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങി. അതിനിടയ്ക്കാണ് രണ്ടു ടെലിവിഷൻ ചാനലുകാരുടെ പ്രീ പോൾ സർവേ പുറത്തു വന്നത്. മറ്റേതെങ്കിലും ഏജൻസിയെ കൂട്ടു പിടിച്ചോ, ഏത് സമയത്ത് നടത്തിയതെന്നോ വ്യക്തതയില്ലാത്ത സർവേ. ഇതൊക്കെ കാണുമ്പോൾ പണ്ടു കാലത്ത് പ്രണായ് റോയ് നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഓർത്തു പോയി. എന്തൊരു കൃത്യതയായിരുന്നു. പ്രവചനങ്ങൾ അക്ഷരാർഥത്തിൽ ശരിയാവാറുമുണ്ടായിരുന്നു. 2019ലെ ലോക്‌സഭാ ഇലക്ഷനിൽ കേരളത്തിൽ എന്തു സംഭവിക്കുമെന്ന് ഏഷ്യാനെറ്റ് പറഞ്ഞതാരും മറന്നു കാണില്ല. വെറുതെ സ്വന്തം ക്രെഡിബിലിറ്റി കളഞ്ഞ് ആരെയോ പ്രീതിപ്പെടുത്താൻ നടത്തുന്ന അഭ്യാസങ്ങൾ. എന്തിന് ദേശീയ ചാനലുകൾ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവചിച്ചത് പോലും തെറ്റിയല്ലോ. നേരിയ വ്യത്യാസത്തിൽ എൻ.ഡി.എ അധികാരത്തിലേറുന്നതാണ് അവിടെ കണ്ടത്. രസമതല്ല, ഏഷ്യാനെറ്റ്-24 ന്യൂസ് സർവേ ഫലത്തിൽ സന്തോഷിക്കുന്നവരിൽ യു.ഡി.എഫുമുണ്ട്. 
 ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്ന് നടത്തിയതും ട്വന്റിഫോർ ചാനൽ നടത്തിയതും  പ്രവചിക്കുന്നത് എൽഡിഎഫിന് ഭരണത്തുടർച്ചയാണ്.  എന്നിട്ടും അത് യുഡിഎഫിനും വിശിഷ്യാ കോൺഗ്രസിനും ആത്മവിശ്വാസം പകരുന്നു എന്നാണ് റിപ്പോർട്ടുകൾ. 
സർവേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തിൽ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്നാണ് കണക്ക്. യുഡിഎഫിന് 65 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിയ്ക്ക് മൂന്ന് മുതൽ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്. ട്വന്റിഫോറിന്റെ ന്യൂസ് ട്രാക്കർ സർവേ പ്രകാരം എൽഡിഎഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിച്ചേക്കാം. യുഡിഎഫിന് 62 മുതൽ 72 വരെ സീറ്റുകൾ ലഭിക്കുമെന്നും പറയുന്നു. ബിജെപിയ്ക്ക് പരമാവധി ഒന്നോ രണ്ടോ സീറ്റുകൾ കിട്ടിയേക്കും എന്നാണ് ട്വന്റിഫോറിന്റെ സർവേ ഫലം പ്രവചിക്കുന്നത്.  2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചത് 47 സീറ്റുകളിൽ മാത്രമായിരുന്നു. പല ഘടകകക്ഷികൾക്കും നിയമസഭ കാണാൻ പോലും സാധിച്ചിരുന്നില്ല. സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടന്നത് കോൺഗ്രസും മുസ്‌ലിം  ലീഗും മാത്രമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെങ്കിലും ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ വെറും 39 മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫിന് ലീഡ് ഉള്ളത്. അതിൽ തന്നെ പലയിടത്തും നേരിയ ലീഡ് മാത്രമാണുള്ളത്.  ഇത്രയും ദയനീയമായ ഒരു സ്ഥിതിയിലായിരുന്നു കേരളത്തിലെ യുഡിഎഫ്. അത് വച്ച് നോക്കുമ്പോൾ  സർവേ ഫലങ്ങൾ യുഡിഎഫിന് വലിയ ആശ്വാസം പകരുന്നതല്ലേ എന്നാണ് ചർച്ചകൾ. കേരളമാണ് സംസ്ഥാനം. മാറിമാറി മുന്നണികൾ ഭരിക്കും. ഏഷ്യാനെറ്റ് പറഞ്ഞത് സംഭവിക്കുമോയെന്നറിയാൻ രണ്ട് മാസം കാത്തു നിന്നാൽ മതി.

***    ***    ***

മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഒടിടി റിലീസായി ആമസോൺ പ്രൈമിലാണ് ദൃശ്യം റിലീസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന് അകത്ത് നിന്ന് മാത്രമല്ല പുറത്ത് നിന്നും വൻ പ്രതികരണങ്ങൾ ദൃശ്യം 2ന് ലഭിക്കുന്നു. അതിനിടെ ദൃശ്യം 2നെതിരെ കടുത്ത വിദ്വേഷ ക്യാംപെയ്‌നും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പുറത്ത് ഇറങ്ങിയപ്പോൾ വൻ സ്വീകാര്യത ആണ് ലഭിച്ചിരുന്നത്. ഹിന്ദി അടക്കം വിവിധ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വലിയ ഹൈപ്പുമായി എത്തിയ ദൃശ്യം 2ഉം പ്രതീക്ഷകൾ മോശമാക്കിയില്ല. ചിത്രം വൻ ഹിറ്റായി മുന്നേറുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ അടക്കമുളളവർ ദൃശ്യം 2നെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. ഒടിടി റിലീസ് ആയത് കൊണ്ട് തന്നെ വിവിധ ഭാഷകളിലുളള പ്രേക്ഷകരിലേക്കാണ് ചിത്രം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്ത് നിന്നുളള ചില ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ദൃശ്യത്തിന് എതിരെ വിദ്വേഷ പ്രചാരണവും വ്യാപകമായി നടക്കുന്നു.  ദൃശ്യം 2ൽ ക്രിസ്ത്യാനികളാണ് കൂടുതൽ എന്നും അത് ഹിന്ദു സംസ്‌ക്കാരത്തെ നശിപ്പിക്കുന്നതാണ് എന്നതുമടക്കമുളള വിചിത്രമായ പ്രതികരണങ്ങളാണ് ഇത്തരക്കാർ നടത്തുന്നത്. ഇത്തരം വിദ്വേഷ ട്വീറ്റുകൾക്ക് മലയാളികൾ അടക്കമുളളവർ ചുട്ട മറുപടിയും നൽകുന്നുണ്ട്. ബോളിവുഡ് മുസ്‌ലിം  മതവിഭാഗത്തിൽ ഉളളവർ പിടിച്ചടക്കിയത് പോലെ ടോളിവുഡും കോളിവുഡും മോളിവുഡും ക്രിസ്ത്യാനികൾ പിടിച്ചടക്കിയോ എന്നൊക്കെയാണ് ചർച്ചകൾ. ഇത്തരം വിദ്വേഷ ട്വീറ്റുകൾക്ക് ചിലർ രസകരമായ മറുപടിയും നൽകിയിട്ടുണ്ട്. ഹിന്ദുവായ വരുണിനെ കൊന്ന ക്രിസ്ത്യാനിയായ ജോർജുകുട്ടിക്കെതിരെ കേസെടുക്കണം എന്നാണ് പരിഹാസം. കേസ് അട്ടിമറിക്കാനാണ് റോയ് എന്ന പോലീസുകാരന് കേരള സർക്കാർ അന്വേഷണ ചുമതല നൽകിയത് എന്നും പരിഹാസരൂപത്തിൽ വിദ്വേഷ പ്രചാരണത്തിന് മറുപടി നൽകുന്നുണ്ട്. മാമുക്കോയ ദീലീപ് ചിത്രത്തിൽ ചോദിച്ചത് പോലെ കലാകാരന്മാർക്ക് വർഗീയത വേണോ? 

***    ***    ***

സെക്കന്റ് ഷോ അനുവദിക്കാത്തതിനാൽ കേരളത്തിലെ തിയേറ്ററുകൾ കടുത്ത പ്രതിസന്ധിയിലാണ്. 60 ശതമാനം കാണികളും ജോലി കഴിഞ്ഞെത്തുന്നത് ഈ ഷോയ്ക്കാണ്. ഇക്കാരണത്താൽ തന്നെ തുറന്ന തിയേറ്ററുകൾ പലതും അടച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾക്കിടെ പ്രതിസന്ധി നേരിടുന്നതിനാൽ എല്ലാ മലയാള സിനിമകളുടെയും റിലീസ് മാറ്റിവച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കിടെ പ്രതിസന്ധി നേരിടുന്നതിനാലാണ് ഫിലിം ചേംബറിന്റെ തീരുമാനം. മാർച്ച് 31ന് ശേഷവും വിനോദ നികുതിയിൽ ഇളവ് നൽകണമെന്നും സെക്കന്റ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മാർച്ച് 31 വരെ സർക്കാർ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാൽ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാൻ ഇനിയും സമയം വേണം, അതിനാൽ വിനോദ നികുതി ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരണം. തിയേറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയിൽ നിന്നാണ്. അതിനാൽ സെക്കന്റ് ഷോ കൂടെ അനുവദിക്കണം എന്നാണ് ഫിലിം ചേംബറിന്റെ കത്തിൽ പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഫിലിം ചേംബറിന്റെ യോഗത്തിന് ശേഷമാണ് റിലീസുകൾ നീട്ടി വെക്കാനുള്ള തീരുമാനം ഉണ്ടായത്. രാത്രി ഒമ്പത് മണി വരെ ഉണ്ടാകാത്ത എന്ത് കോവിഡാണ് ഒമ്പതിന് ശേഷം ഉണ്ടാവുക എന്ന് പലരും ചോദ്യമുയർത്തി. ജനുവരി 13ന് മാസ്റ്റർ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത ശേഷം മലയാള സിനിമകളും തിയേറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. ജനുവരി 22ന് റിലീസ് ചെയ്ത വെള്ളം ആയിരുന്നു കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ. മാർച്ച് 4ന് റിലീസ് ചെയ്യാനിരിക്കുന്ന ദ പ്രീസ്റ്റ് അടക്കമുള്ള വമ്പൻ സിനിമകളുടെയും റിലീസ് മാറ്റുമെന്നാണ് സൂചന.

***    ***    ***

സംപ്രേഷണം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 3നെ കുറിച്ച് പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായമാണ് ഉളളത്. ഒരാഴ്ച പിന്നിട്ടതോടെ ഇനി ബിഗ് ബോസിൽ ഏറെ നിർണായകമായ എലിമേഷനുളള സമയമാണ്. ബിഗ് ബോസ് മൂന്നാം സീസണിൽ നിന്ന് ആരാകും ആദ്യം പുറത്തേക്ക് പോകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് കാണികൾ.  മത്സരാർത്ഥികൾ തങ്ങൾ എലിമിനേഷന് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. കൈയ്യാങ്കളിയിലേക്ക് പോലും പോയേക്കുമെന്ന നിലയിലാണ് ബിഗ് ബോസ് സീസൺ ത്രീയിലെ സംഭവ വികാസങ്ങൾ. മുൻ സീസണുകളിൽ നിന്ന് തികച്ചും വിഭിന്നമാണ് ഇത്തവണത്തേത്. 
സഞ്ജന ഫിറോസിനരികെ ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞു എന്നാണ് ഫിറോസിന്റെ ആരോപണം. എന്നാൽ ഭാഗ്യലക്ഷ്മി ഇത് നിഷേധിച്ചു. എന്ത് തെറിയാണ് ഭാഗ്യലക്ഷ്മി പറഞ്ഞത് എന്ന് ആദ്യാക്ഷരം പറഞ്ഞുകൊണ്ട് ഫിറോസ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ താൻ പറഞ്ഞത് അതല്ലെന്ന് ഭാഗ്യലക്ഷ്മിയും വ്യക്തമാക്കി. കാര്യങ്ങൾ ഇങ്ങനെ സംഘർഷ ഭരിതമാണെങ്കിലും ദേവാസുര 'യുദ്ധ'ത്തിൽ ആളുകൾ ചിരിച്ചുമറിഞ്ഞു. ബിഗ് ബോഗ് ഹൗസിലെ തുറന്ന ചർച്ച കൈവിട്ട കളിയായിരുന്നു. ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പ്രധാനം. വളരെ മോശം പ്രയോഗം ഭാഗ്യലക്ഷ്മിയിൽ നിന്ന് വന്നു എന്ന രീതിയിൽ ആയിരുന്നു ഫിറോസിന്റെ ആരോപണം. ഇത് വലിയ പ്രശ്‌നങ്ങളിലേക്കാണ് നയിച്ചത്. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് ഫിറോസ് തുടർച്ചയായി ഇറിറ്റേറ്റ് ചെയ്യുകയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. താൻ തെറിവാക്കൊന്നും ഉപയോഗിച്ചിട്ടില്ല എന്നും, എന്താണ് താൻ ഉപയോഗിച്ച വാക്ക് എന്നും അവർ വ്യക്തമാക്കി.

***    ***    ***

ബോളിവുഡിലെ സൂപ്പർനായികയായി മാറിയ നടിയാണ് ദീപിക പദുക്കോൺ. തെന്നിന്ത്യയിലും നടിയ്ക്ക് ആരാധകരേറെയുണ്ട്. താൻ ഏറെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് പറയുകയാണ് ഫെമിന മാഗസിന് നൽകിയ അഭിമുഖത്തിൽ ദീപിക. സാധാരണ കുടുംബത്തിലെ എല്ലാ പെൺകുട്ടികളും വളർന്ന പോലെത്തന്നെയാണ് താനും വളർന്നിട്ടുള്ളതെന്ന് ദീപിക പറയുന്നു.
ആദ്യമായി ബോംബെയിലേക്ക് വന്നപ്പോൾ തനിക്ക് തല ചായ്ക്കാൻ ഒരിടം പോലും ഉണ്ടായിരുന്നില്ലെന്നും ഒരു വീട് വാങ്ങാൻ ഒരു പാട് കഷ്ടപ്പെട്ടെന്നും ദീപിക പറഞ്ഞു.വീട് നോക്കുന്ന കാര്യത്തിലും താൻ തന്നെയാണ് മുന്നിലെന്നും വീട്ടു സാധനങ്ങൾ വാങ്ങുന്നതും ഓർഡർ ചെയ്യുന്നതും ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതുമെല്ലാം താനാണെന്നും നടി പറയുന്നു.എന്തിനാണ് ഇതെല്ലാം ഒറ്റക്ക് ചെയ്യുന്നതെന്ന് രൺവീർ പലപ്പോഴും ചോദിക്കാറുണ്ടെന്നും എന്നാൽ ഇത് തന്റെ ശീലമായിപ്പോയെന്നും ദീപിക പറഞ്ഞു. തന്റെ അമ്മയും ഇങ്ങനെയായിരുന്നെന്നും വീട്ടിൽ വരുന്ന അതിഥികൾക്ക് വീട്ടിലെ ഭക്ഷണം തന്നെ നൽകാൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു.  ബോളിവുഡിലെ സൂപ്പർനായികയായി മാറിയ നടിയാണ് ദീപിക പദുക്കോൺ. തെന്നിന്ത്യയിലും നടിയ്ക്ക് ആരാധകരേറെയുണ്ട്. താൻ ഏറെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് പറയുകയാണ് ഫെമിന മാഗസിന് നൽകിയ അഭിമുഖത്തിൽ ദീപിക. സാധാരണ കുടുംബത്തിലെ എല്ലാ പെൺകുട്ടികളും വളർന്ന പോലെത്തന്നെയാണ് താനും വളർന്നിട്ടുള്ളതെന്ന് ദീപിക പറയുന്നു.
സെലിബ്രിറ്റിയായി മാറിയ ദീപികയ്ക്ക് നേരെ മറിച്ചുള്ള അനുഭവം കഴിഞ്ഞ ദിവസം നേരിട്ടു. മുംബൈ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഏറെ പ്രയാസപ്പെട്ടാണ് ഫാൻസിൽ നിന്ന് രക്ഷപ്പെട്ടത്. 

***    ***    ***

ഖാദി ഫാഷൻ വസ്ത്രങ്ങളുടെ പ്രചാരണത്തിനുള്ള പരസ്യ ചിത്രത്തിൽ അഭിനയിച്ച് ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്. വസ്ത്രങ്ങളുടെ പ്രചാരണത്തിനായുള്ള പരസ്യ ചിത്രത്തിന് വേണ്ടി സിനിമാ താരങ്ങളെ സമീപിച്ചെങ്കിലും നടക്കാത്തതിനെ തുടർന്നാണ് താൻ തന്നെ പരസ്യത്തിൽ അഭിനയിക്കുകയായിരുന്നുവെന്ന്  ശോഭന ജോർജ്. അഞ്ച് ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെയാണ് താരങ്ങൾ പ്രതിഫലം ചോദിച്ചത്. ഒടുവിൽ ഫോൺ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത അവസ്ഥയിലായി. ഇതോടെ താൻ തന്നെ അഭിനയിക്കാനിറങ്ങുകയായിരുന്നുവെന്ന് ശോഭന ജോർജ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി താരങ്ങളുടെ പിന്നാലെ നടന്ന് മടുത്താണ് ഒടുവിൽ സ്വയം അഭിനയിക്കാൻ തീരുമാനിച്ചത്. 
സിനിമ സംവിധാനം ചെയ്തും തിരക്കഥ എഴുതിയും നിർമ്മിച്ചും അഭിനയിച്ചും ഉള്ള പരിചയം ആത്മവിശ്വാസം നൽകിയത്. ശോഭന ജോർജിനൊപ്പം ഖാദി ഭവൻ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് പരസ്യ ചിത്രത്തിൽ വേഷമിടുന്നത്. പരസ്യ ചിത്രത്തിനായി പണം ചെലവഴിക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല ബോർഡ്. ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ്. സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തൊഴിലാളികളാണ് ഖാദി മേഖലയിൽ പണിയെടുക്കുന്നത്. ഇവർക്ക് വേണ്ടി ചെലവഴിക്കാനുള്ള പണം പരസ്യ ചിത്രത്തിന് വേണ്ടി ചെലവഴിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്നും ശോഭന ജോർജ് പറഞ്ഞു. എല്ലാ രാഷ്ട്രയക്കാർക്കും മാതൃകയാക്കാവുന്നതാണ് ശോഭനയെ. 

Latest News