Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാനൂറാൻ

മുന്നൂറോ അധികമോ വിക്കറ്റെടുത്ത 35 ബൗളർമാരുണ്ട് ടെസ്റ്റ് ചരിത്രത്തിൽ. അതിൽ ഇരുപത്തിനാലു പേർക്കും അശ്വിന്റെ സ്‌ട്രൈക്ക് റൈറ്റ് ഇല്ല. അതിൽ തന്നെ 16 പേർ പെയ്‌സ്ബൗളർമാരാണ്. ഒരു സ്പിന്നർക്കും അശ്വിനേക്കാൾ മികച്ച സ്‌ട്രൈക്ക് റൈറ്റില്ല. മുത്തയ്യ മുരളീധരൻ പോലും പിറകിലാണ്.


ഇന്ത്യൻ ബൗളിംഗിലെ കറക്കുവീരൻ രവിചന്ദ്രൻ അശ്വിൻ നാനൂറ് വിക്കറ്റിന്റെ നിറവിലാണ്. വിസ്മയിപ്പിക്കും വേഗത്തിലാണ് അശ്വൻ നാന്നൂറ് വിക്കറ്റ് ക്ലബ്ലിൽ സ്ഥാനം പിടിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ജോഫ്ര ആർച്ചറെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് മുപ്പത്തിനാലുകാരൻ നാനൂറാം വിക്കറ്റ് സ്വന്തമാക്കിയത്. 
അശ്വിന്റെ എഴുപത്തേഴാം മത്സരമാണ് ഇത്. 72 കളിയിൽ 400 വിക്കറ്റെടുത്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് റെക്കോർഡ്. ന്യൂസിലാന്റിന്റെ റിച്ചാഡ് ഹാഡ്‌ലിയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്‌നുമാണ് (80 ടെസ്റ്റിൽ 400) മൂന്നാം സ്ഥാനം പങ്കിടുന്നത്. ഇന്ത്യയുടെ അനിൽ കുംബ്ലെ 85 ടെസ്റ്റിൽ 400 വിക്കറ്റ് തികച്ചു. 
നാനൂറ് വിക്കറ്റ് ക്ലബ്ബിൽ സ്ഥാനം നേടുന്ന ഇന്ത്യയുടെ നാലാമത്തെ ബൗളറാണ് അശ്വിൻ. അനിൽ കുംബ്ലെ (619 വിക്കറ്റ്), കപിൽദേവ് (434 വിക്കറ്റ്), ഹർഭജൻ സിംഗ് (417) എന്നിവരുമുണ്ട് ഈ പട്ടികയിൽ. 2011 ൽ ദൽഹിയിൽ വെസ്റ്റിൻഡീസിനെതിരെയാണ് അശ്വിൻ അരങ്ങേറിയത്. മാൻ ഓഫ് ദ മാച്ചായിരുന്നു ആ മത്സരത്തിൽ. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
ആറ് ടെസ്റ്റ്, 36 വിക്കറ്റ്
കഴിഞ്ഞ ഏതാനും മാസം ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ പ്രകടനം സ്വയം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അശ്വിൻ പറഞ്ഞു. ഡിസംബറിൽ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ പര്യടനം തുടങ്ങുമ്പോൾ അശ്വിന് പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനം ഉറപ്പില്ലായിരുന്നു. തുടർന്നുള്ള ആറ് ടെസ്റ്റിൽ സ്പിന്നർ കൊയ്തത് 36 വിക്കറ്റാണ്. 365 വിക്കറ്റിൽ നിന്ന് മിഴി ചിമ്മിത്തുറക്കും മുമ്പെ നാനൂറിലെത്തി. 
ബോർഡിൽ 400 വിക്കറ്റ് എന്ന് തെളിഞ്ഞപ്പോൾ സ്‌റ്റേഡിയത്തിലെ ജനക്കൂട്ടം മുഴുവൻ എഴുന്നേറ്റു നിന്ന് കൈയടിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് അശ്വിൻ പറഞ്ഞു. വിജയത്തിലാണ് ഈ നേട്ടമുണ്ടായത് എന്നതിൽ സന്തോഷമുണ്ട്. കാരണം അതിന് തൊട്ടുമുമ്പ് ഇന്ത്യൻ ടീം 145 ലേക്ക് തകർന്നിരുന്നു. ടീമിന് മതിയായ ലീഡ് നേടാനായില്ലെന്നും മത്സരം വിജയിക്കാൻ ബുദ്ധിമുട്ടുമെന്നും എനിക്ക് തോന്നിയിരുന്നു -സ്പിന്നർ പറഞ്ഞു. 
കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനിടെ കൊടുങ്കാറ്റ് പോലെയാണ് സംഭവങ്ങൾ ഉണ്ടായതെന്ന് അശ്വിൻ ഓർമിച്ചു. സ്വപ്‌നം പോലെയാണ് തോന്നുന്നത്. അദ്ഭുത കഥ പോലെ. ഓസ്‌ട്രേലിയൻ പര്യടനം തുടങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിലെത്താൻ സാധ്യതയുള്ള ബൗളർ രവീന്ദ്ര ജദേജയായിരുന്നു. എന്നാൽ ജദേജക്ക് പേശിവേദന അനുഭവപ്പെട്ടു. അവിടുന്നങ്ങോട്ട് എനിക്ക് വെച്ചടി കയറ്റമായിരുന്നു -അശ്വിൻ പറഞ്ഞു. 
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് കോച്ച് രവിശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവരുമായുണ്ടായ സംഭാഷണത്തെക്കുറിച്ച് അശ്വിൻ വെളിപ്പെടുത്തി. ടീമിൽ സ്ഥിരം സ്ഥാനം ലഭിക്കണമെങ്കിൽ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദേശമാണ് ലഭിച്ചത്. തന്റെ ബൗളിംഗ് മാരകമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അവർ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെത്തിയ ശേഷമുള്ള ആദ്യ പരിശീലന സെഷൻ കൗതുകകരമായിരുന്നു. ഐ.പി.എല്ലിലും ഞാൻ നന്നായി ബൗൾ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലെത്തിയപ്പോൾ വിരാടും രവി ഭായിയും സംസാരിച്ചത് എന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചാണ്. എന്റെ ബൗളിംഗിൽ കാര്യമായ പുരോഗതി അവർ ഇരുവരും ദർശിച്ചിട്ടുണ്ടായിരുന്നു. എന്താണ് അത് എന്ന് എനിക്കു മനസ്സിലായില്ല. 
എന്തായാലും എന്റെ ബൗളിംഗ് എന്നത്തേക്കാളും മികച്ചതാണെന്ന് അവർ ഇരുവരും അഭിപ്രായപ്പെട്ടു. ലോക്ഡൗൺ കാലത്ത് ബൗളിംഗിൽ മാത്രമല്ല ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. അടുത്ത രണ്ടു വർഷത്തേക്കെങ്കിലും അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷത്തേക്കുള്ള രാജ്യാന്തര ക്രിക്കറ്റിനായി ശരീരത്തെ ഒരുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. അതിന്റെയൊക്കെ ഗുണഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഏഴെട്ട് കിലോ ശരീര ഭാരം കുറച്ചു -അശ്വിൻ വെളിപ്പെടുത്തി. 
ഓസ്‌ട്രേലിയൻ പര്യടനം മുതൽ ബൗളിംഗിൽ അശ്വിൻ ടീമിന്റെ വിശ്വസ്തനായിരുന്നു. ബാറ്റിംഗിലും രണ്ടു തവണ ടീമിന്റെ രക്ഷകനായി. ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ തുടക്കത്തിൽ സ്റ്റീവൻ സ്മിത്തിനെ നിരന്തരം പരീക്ഷിച്ചു. പരമ്പരയുടെ അവസാന ഇന്നിംഗ്‌സുകളാവുമ്പോഴേക്കും ഓസീസിനു മേൽ പൂർണ ആധിപത്യം സ്ഥാപിച്ചു. 
ഇനിയും മെച്ചപ്പെടാൻ പഴുതുണ്ടോയെന്ന് ചോദിക്കുമ്പോൾ അശ്വിന് പറയാനുള്ളത് ഇതാണ്: 'എന്റെ കരിയറിൽ പലതവണ കേട്ട ചോദ്യമാണ് ഇത്. 2015-16 ലും ആളുകൾ ഈ ചോദ്യം ചോദിച്ചിരുന്നു. 15-16-17 വർഷങ്ങളിൽ ഞാൻ വിക്കറ്റ് കൊയ്ത്ത് തുടരുകയായിരുന്നു. ഇപ്പോഴും അതേ ചോദ്യം കേൾക്കുന്നു. എപ്പോഴും മെച്ചപ്പെടാനാണ് ശ്രമിച്ചത്. ഭാവിയിലും ഇതിനേക്കാളും നന്നായി പന്തെറിയാനാവുമെന്നാണ് കരുതുന്നത്'.
സ്വയം സംസാരിക്കുന്ന കണക്കുകൾ
മുന്നൂറോ അധികമോ വിക്കറ്റെടുത്ത 35 ബൗളർമാരുണ്ട് ടെസ്റ്റ് ചരിത്രത്തിൽ. അതിൽ ഇരുപത്തിനാലു പേർക്കും അശ്വിന്റെ സ്‌ട്രൈക്ക് റൈറ്റ് ഇല്ല. അതിൽ തന്നെ 16 പേർ പെയ്‌സ്ബൗളർമാരാണ്. ഒരു സ്പിന്നർക്കും അശ്വിനേക്കാൾ മികച്ച സ്‌ട്രൈക്ക് റൈറ്റില്ല. മുത്തയ്യ മുരളീധരൻ പോലും പിറകിലാണ്. അശ്വിന്റെ സ്‌ട്രൈക്ക് റൈറ്റ് 53 ആണ്, മുരളീധരന്റേത് അമ്പത്തഞ്ചും. 
21,242 പന്ത് ബൗൾ ചെയ്താണ് അശ്വിൻ 400 വിക്കറ്റെടുത്തത്. ഇതിനേക്കാൾ കുറഞ്ഞ പന്തിൽ നാനൂറിലെത്താൻ മൂന്നു പേർക്കേ സാധിച്ചിട്ടുള്ളൂ -ഡെയ്ൽ സ്റ്റെയ്‌നിനും റിച്ചാഡ് ഹാഡ്‌ലിക്കും ഗ്ലെൻ മക്ഗ്രാക്കും. മൂന്നും പെയ്‌സ്ബൗളർമാരാണ്. 
400 വിക്കറ്റിലെത്താനുള്ള മത്സരങ്ങളുടെ എണ്ണത്തിൽ അശ്വിൻ രണ്ടാം സ്ഥാനത്താണ്, മുരളീധരനാണ് മുന്നിൽ. നാനൂറിലെത്താനെടുത്ത സമയം പരിഗണിക്കുമ്പോഴും അശ്വിൻ രണ്ടാമതാണ്. ഒമ്പത് വർഷവും 110 ദിവസവുമെടുത്തു അശ്വിൻ. മക്ഗ്രാക്ക് എട്ട് വർഷവും 341 ദിവസവുമേ വേണ്ടിവന്നുള്ളൂ. പുതിയ പന്തുമായി ബൗൾ ചെയ്യാൻ കഴിവുള്ള അപൂർവം കളിക്കാരിലൊരാളാണ് അശ്വിൻ. അശ്വിൻ അരങ്ങേറിയ ശേഷം ഇന്ത്യൻ ബൗളർമാർ നേടിയത് 1312 വിക്കറ്റാണ്. അതിൽ 30.5 ശതമാനം അശ്വിന്റെ സംഭാവനയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിൽ കുംബ്ലെ മാത്രമേ ഇതിനേക്കാൾ മികച്ച സംഭാവന അർപ്പിച്ചിട്ടുള്ളൂ (30.7 ശതമാനം).
ഇടങ്കൈയന്മാർക്കെതിരെ അശ്വിന്റെ മികവ് എടുത്തു പറയേണ്ടതാണ്. ടെസ്റ്റ് ചരിത്രത്തിൽ മറ്റൊരു ബൗളറും ഇത്രമാത്രം ഇടങ്കൈയന്മാരെ പുറത്താക്കിയിട്ടില്ല. 204 പേരെ അശ്വിൻ ഔട്ടാക്കി. 
അശ്വിന്റെ 400 വിക്കറ്റിൽ ഇരുന്നൂറ്റി എഴുപത്തെട്ടും ഇന്ത്യയിൽ നേടിയതാണ്. ഇന്ത്യയിലെ ഓരോ രണ്ട് ടെസ്റ്റിലും അശ്വിൻ അഞ്ചു വിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്നുണ്ട്. 

 

Latest News