ഷാർജ- യു.എ.ഇയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഖോർഫക്കാൻ-ഷാർജ റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഖോർഫക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യു.എ.ഇ നാഷനൽ ആംബുലൻസ് അധികൃതർ അറിയിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
നാല് ആംബുലൻസുകളും രണ്ട് പട്രോൾ വാഹനങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിന്റെ ഒരു വളവിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കി റോഡ് നിയമങ്ങൾ പരമാവധി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിച്ചല്ലാതെ വാഹനം ഓടിക്കരുതെന്നും ട്രാഫിക് വിഭാഗം ഓർമിപ്പിച്ചു.