മിനാരങ്ങൾക്ക് അഴക് പകരാൻ മറുനാട്ടുകാർ

മലപ്പുറം മക്കരപ്പറമ്പ് മേലേ  കാളാവിൽ നിർമിക്കുന്ന മസ്ജിദിന് മുമ്പിൽ മിനാര നിർമാണ വിദഗ്ധൻ മുഹമ്മദ് സിറാജ്.

ഗ്രാമങ്ങളിൽ ഉയർന്നു വരുന്ന പവിത്രമായ ഭവനമായ   മസ്ജിദുകളുടെ സൗന്ദര്യത്തിന്റെ പിന്നിൽ മറുനാടൻ തൊഴിലാളികളുടെ കലാ - കൈപ്പുണ്യം വിസ്മരിക്കാനാവാത്തതാണ്. പൗരാണിക ശിൽപ കലാ വൈദഗ്ധ്യം കൊണ്ട് അനുഗൃഹീതമായ ഗുജറാത്തിൽ നിന്നുള്ളവരാണ് മലബാറിൽ ഇപ്പോൾ പുതുക്കി പണിയുന്നതും പുതുതായി നിർമിക്കുന്നതുമായ മസ്ജിദുകളുടെ സൗന്ദര്യത്തിന്റെ നിറക്കൂട്ട് ഒരുക്കുന്നത്. അറേബ്യൻ മനോഹാരിത വിളിച്ചോതുന്ന മിനാരങ്ങളും (കുബ്ബകളും) അവയോട് ചേർന്നുള്ള മനോഹരമായ ചുറ്റുമതിലുകളുമാണ് മസ്ജിദുകൾക്കായി സ്ഥാപിക്കുന്നത്. 
വർഷങ്ങളായി മലബാറിലെ നൂറിലധികം മസ്ജിദുകളുടെ മിനാര നിർമാണങ്ങൾക്ക് നേതൃത്വം നൽകുന്നത് കർണാടക തുംകൂർ സ്വദേശികളായ മുഹമ്മദ് സിറാജ്, ഹൈദർ, അംജത് പാഷ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തൊഴിലാളികളാണ്. വിദേശ നിർമിത മസ്ജിദുകളുടെ തനത് സൗന്ദര്യങ്ങൾ കരവിരുതിലൂടെ പകരുന്നു ഈ ഭാവനാസമ്പന്നർ.  സ്വന്തമായി സ്ഥാപിക്കുന്ന  സുരക്ഷാ കവചങ്ങളിൽ ഇരുന്നുകൊണ്ടാണ് ഏറ്റവും ഉയരം കൂടിയ മിനാരങ്ങൾ വരെ ദിവസങ്ങൾക്കുള്ളിൽ നിർമിച്ച് നൽകുന്നത്. ഗുജറാത്തിലെ ഫാക്ടറികളിൽ നിന്ന് നിർമിച്ച് കൊണ്ടുവരുന്ന ഒരടി ഉയരത്തിലുള്ള വിവിധ ഭാഗങ്ങൾ സിമന്റ് ചേർത്ത് യോജിപ്പിച്ചാണ് മിനാരങ്ങളാക്കി മാറ്റുന്നത്. 
അതിസാഹസികമായി കയറിൽ കെട്ടി കിണർ കപ്പിയിലൂടെ വലിച്ചാണ് കെട്ടിടങ്ങളുടെ മുകളിലേക്ക് ഉയർത്തുന്നത്. അപകടം വിളിപ്പാടകലെ നിൽക്കുന്ന ഇത്തരം ജോലികൾക്ക് ഒരടിക്ക് മൂവാായിരം രൂപയാണ് നിർമാണ ചെലവായി ഇവർ ഈടാക്കുന്നത്. തറയിൽ നിന്ന് ചെങ്കല്ല് കൊണ്ട് വട്ടത്തിൽ കെട്ടിപ്പൊക്കുന്ന കോൺക്രീറ്റ് ഭിത്തികളിൽ  മലയാളി തൊഴിലാളികൾ നിർമിച്ചിരുന്ന മിനാരങ്ങൾ ഓർമയായി.
മസ്ജിദുകൾക്ക് കലാ സൗന്ദര്യത്തിന്റെ വി സ്മയമൊരുക്കുന്ന മറുനാടൻ തൊഴിലാളികൾ
ജോലി പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ വലിയ സമ്മാനങ്ങൾ നൽകിയാണ് അവരെ യാത്രയാക്കുന്നത്. മാസങ്ങളായി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്താണ് ജോലികൾ പൂർത്തീകരിക്കുന്നത്. ഭൂരിപക്ഷം തൊഴിലാളികളും ഖുർആൻ മനഃപാഠമാക്കിയവരാണന്ന പ്രത്യേകതയുമുണ്ട്, അടുത്ത മാസത്തോടെ കോഴിക്കോട്, വയനാട്, കാസർകോട് ഭാഗങ്ങളിലേക്ക് നീങ്ങുമെന്ന് ഇവരുടെ തലവൻ മുഹമ്മദ് സിറാജ് പറഞ്ഞു.

Latest News