Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉഹദ്: ഉൺമയുടെ ഉത്തുംഗ ശൃംഗം

ഉഹ്ദ് മല

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രശസ്തമായ പർവതങ്ങളിൽ ഒന്നാണ് ഉഹദ് മല. മദീനാ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര അടയാളവുമാണിത്. പ്രവാചക സ്‌നേഹം തുടിക്കുന്ന  മനസ്സുകളുമായി മദീന നിവാസികളും തീർഥാടക ലക്ഷങ്ങളും സന്ദർശിക്കുന്നതിന് ഏറ്റവും ഇഷ്ടപ്പെടുന്ന ചരിത്ര കേന്ദ്രങ്ങളിൽ ഒന്നാണ് ഉഹദ് മല. ഉഹദ് നമ്മെ സ്‌നേഹിക്കുന്ന പർവതമാണ്, നാം ഉഹദിനെയും സ്‌നേഹിക്കുന്നു എന്ന പ്രവാചകൻ മൊഴിഞ്ഞതായി അനസ് (റ) നിവേദനം ചെയ്ത ഹദീസ് പറയുന്നു.  

പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട 200 ലേറെ ചരിത്ര കേന്ദ്രങ്ങളും അടയാളങ്ങളും മദീനയിലുണ്ട്. ചരിത്ര പ്രാധാന്യമുള്ള മസ്ജിദുകളും കിണറുകളും തോട്ടങ്ങളും ഇക്കൂട്ടത്തിൽപെടും. മദീനയിൽ പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഉഹദ് മല. പ്രവാചകൻ മുഹമ്മദ് (സ) തന്റെ പലായനം മുതലുള്ള മഹാസംഭവികാസങ്ങൾക്ക് ഉഹദ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ യുദ്ധങ്ങളിൽ ഒന്നിന് ഹിജ്‌റ മൂന്നാം വർഷമാണ് ഉഹദ് മല താഴ്‌വര സാക്ഷിയായത്. പ്രവാചകനും അനുയായികളും അഭിമുഖീകരിച്ച ഏറ്റവും കടുത്ത പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇത്. വിജയം കൈപ്പിടിയിലെത്തി നിൽക്കെ പ്രവാചകന്റെ നിർദേശം അതേപടി പാലിക്കുന്നതിൽ അനുചരന്മാരുടെ ഭാഗത്തുണ്ടായ നേരിയ വീഴ്ച സ്ഥിതിഗതികൾ കീഴ്‌മേൽ മറിക്കുകയും മുസ്‌ലിംകളുടെ ഭാഗത്ത് വലിയ തോതിലുള്ള ആൾനാശമുണ്ടാവുകയും ചെയ്തു. പ്രവാചകനു പോലും പരിക്കേറ്റ ഈ യുദ്ധത്തിലാണ് മുഹമ്മദ് നബിയുടെ പിതൃവ്യൻ ഹംറ (റ) അതിദാരുണമായി വധിക്കപ്പെട്ടത്. യുദ്ധത്തിൽ 70 സ്വഹാബിവര്യന്മാരാണ് വീരമൃത്യുവരിച്ചത്. 


ലോകത്തിന്റെ നാനാകോണുകളിൽനിന്നും ഓരോ വർഷവും പുണ്യഭൂമിയിലേക്ക് പ്രവഹിക്കുന്ന ദശലക്ഷങ്ങൾ ഉഹദ് മല സന്ദർശിക്കുന്നതിന് പ്രത്യേക താൽപര്യമാണ് കാണിക്കുന്നത്. സൗദിയിൽ ഏറ്റവുമധികം പേർ സന്ദർശിക്കുന്ന മലയും ഇതു തന്നെയാണ്. പ്രവാചകന് ആദ്യമായി ദിവ്യ വെളിപാടുണ്ടായ ഹിറാ ഗുഹ അടങ്ങിയ മക്കയിലെ ജബലുന്നൂർ പർവതമാണ് ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു പ്രധാന മല. എന്നാൽ ജബലുന്നൂർ സന്ദർശിക്കുന്നതിന്റെ പലമടങ്ങ് ആളുകളാണ് ഉഹദ് മല സന്ദർശിക്കുന്നത്. ജബലുന്നൂർ സന്ദർശിക്കുന്നതിനുള്ള ശാരീരിക പ്രയാസവും ഉഹദ് മലയുടെ താഴ്‌വരയിൽ അന്ത്യവിശ്രമം കൊള്ളുന്ന വീരയോദ്ധാക്കളുടെ മഖ്ബറകളും സമീപത്തെ ചരിത്രപ്രധാനമായ മസ്ജിദുകളുമെല്ലാം ഉഹദ് സന്ദർശകരുടെ എണ്ണം വർധിക്കുന്നതിന് കാരണങ്ങളാണ്. പുരാതന കാലത്ത് മദീന നഗരത്തിന് പ്രകൃതി ഒരുക്കിയ സംരക്ഷണ കോട്ടയുടെ ചുമതലയാണ് ഉഹദ് മല വഹിക്കുന്നത്. പ്രവാചക മസ്ജിദിന് വടക്ക് നാലു കിലോമീറ്റർ ദൂരെയാണ് ഉഹദ് മല. പർവതത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് സമുദ്ര നിരപ്പിൽനിന്ന് 1,077 മീറ്റർ ഉയരമുണ്ട്. പ്രവാചക നഗരിയുടെ വടക്കു ഭാഗത്ത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീണ്ടുകിടക്കുന്ന ഉഹദ് മലയുടെ നീളം ഏഴു കിലോമീറ്ററും വീതി രണ്ടു മുതൽ മൂന്നു കിലോമീറ്ററും വരെയാണ്. ഉഹദ് മലയിലെ ഭൂരിഭാഗം പാറയും ചുവന്ന ഗ്രാനൈറ്റ് ആണ്. പർവതത്തിൽ നിരവധി ഗുഹകളും ഗർത്തങ്ങളുമുണ്ട്. ഉഹദ് മലയിലെ പുറം ഭാഗത്തുള്ള പാറകൾ ഇരുമ്പ് അയിരിനാലും ഉൾഭാഗത്തെ പാറകൾ ചെമ്പ് അയിരിനാലും സമ്പന്നമാണ്.
ഉഹദ് മലക്ക് തെക്കുപടിഞ്ഞാറ്, അൽറുമാ മലക്കു സമീപമാണ് പ്രവാചകന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യവും ഖുറൈശികളും ഏറ്റുമുട്ടിയത്. അൽറുമാ മലയിൽ പ്രവാചകൻ നിയോഗിച്ച അമ്പെയ്ത്ത് വിദഗ്ധർ യുദ്ധത്തിൽ മുസ്‌ലിംകൾക്ക് മേൽക്കൈ ലഭിക്കുകയും ഖുറൈശികൾ പിൻവാങ്ങുകയും ചെയ്തതോടെ യുദ്ധം അവസാനിച്ചെന്ന് ധരിച്ച് ശത്രുക്കൾ ഉപേക്ഷിച്ച യുദ്ധമുതലുകൾ ശേഖരിക്കുന്നതിന് മലയിൽനിന്ന് ഇറങ്ങിയ തക്കം മുതലെടുത്ത് ഖുറൈശി സൈന്യം പിന്നിലൂടെയെത്തി മുസ്‌ലിംകളെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. യുദ്ധത്തിൽ വീരമൃത്യുവരിച്ച 70 സ്വഹാബികളുടെ മഖ്ബറയാണ് ഉഹദ് മലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര അടയാളം. യുദ്ധത്തിൽ പരാജയപ്പെട്ട ശേഷം പ്രവാചകൻ വിശ്രമിച്ച സ്ഥലവും ഉഹദ് മലയിലുണ്ട്. പ്രവാചകൻ നമസ്‌കാരം നിർവഹിച്ചതെന്ന് പറയപ്പെടുന്ന അൽഫസ്ഹ് മസ്ജിദും ഉഹദ് മലയിലെ മറ്റൊരു പ്രധാന അടയാളമാണ്. ഉഹദ് മലയുടെ ദക്ഷിണ ഭാഗമാണ് ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ചത്. പ്രവാചകന്റെയും അനുചരന്മാരുടെയും പോരാട്ടവീര്യത്തിനും ജീവത്യാഗത്തിനും സാക്ഷ്യം വഹിച്ച ഉഹദ് മല മുസ്‌ലിം സൈന്യം കടുത്ത പരീക്ഷണവും തിരിച്ചടിയും നേരിടുന്നതിന് മൂകസാക്ഷിയായി. 
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രശസ്തമായ പർവതങ്ങളിൽ ഒന്നാണ് ഉഹദ് മല. മദീന പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര അടയാളവുമാണിത്. പ്രവാചക സ്‌നേഹം തുടിക്കുന്ന മനസ്സുകളുമായി മദീന നിവാസികളും തീർഥാടക ലക്ഷങ്ങളും സന്ദർശിക്കുന്നതിന് ഏറ്റവും ഇഷ്ടപ്പെടുന്ന ചരിത്ര കേന്ദ്രങ്ങളിൽ ഒന്നാണ് ഉഹദ് മല. ഉഹദ് നമ്മെ സ്‌നേഹിക്കുന്ന പർവതമാണ്, നാം ഉഹദിനെയും സ്‌നേഹിക്കുന്നു എന്ന പ്രവാചകൻ മൊഴിഞ്ഞതായി അനസ് (റ) നിവേദനം ചെയ്ത ഹദീസ് പറയുന്നു. 


അഗ്നിപർവത പാറകളും ചരിത്ര പൈതൃകങ്ങളും ശിലാ ചിത്രങ്ങളും ലിഖിതങ്ങളും പുരാതന കെട്ടിടങ്ങളും ഉഹദ് മലയുടെ സവിശേഷതകളാണ്. നൂറ്റാണ്ടുകളോളം പഴക്കമുള്ള നിരവധി പുരാവസ്തുക്കൾ ഉഹദ് മലയിലുണ്ട്. മദീന സന്ദർശകരെ ഉഹദ് താഴ്‌വരയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണിവ. ഉഹദ് മലയുടെ പേര് ഏതാനും പ്രവാചക ഹദീസുകളിൽ വന്നിട്ടുണ്ടെന്ന് മദീന ചരിത്ര ഗവേഷകൻ ഡോ. തൻദീബ് അൽഫായിദി പറയുന്നു. മറ്റു പർവതങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നതിനാലാണ് ഉഹദ് മലക്ക് ഈ പേര് ലഭിച്ചതെന്നാണ് കരുതുന്നത്. പുരാതന കാലത്ത് ഇവിടെ താമസിച്ചിരുന്ന വ്യക്തിയുടെ പേരാണ് മലക്ക് ലഭിച്ചതെന്നും പറയപ്പെടുന്നു. 
ഉഹദ് മലയുടെ ഉച്ചിയിൽ ചില പുരാതന കെട്ടിടങ്ങളുണ്ട്. പർവതത്തിന്റെ ഒരു ഉച്ചിയിൽനിന്ന് മദീന നഗരത്തിന്റെ നാലു ഭാഗങ്ങളും കൂടുതൽ വ്യക്തമായി കാണുന്നതിന് സാധിക്കും. ഉഹദ് മലയിൽ നിന്നുള്ള പ്രവാചക നഗരിയുടെ ദൂരക്കാഴ്ച അതിമനോഹരമാണ്. ഉഹദ് മലയിൽ പ്രകൃതിദത്തമായ വലിയ ദ്വാരങ്ങളുണ്ട്. വർഷത്തിൽ ഭൂരിഭാഗം കാലത്തും ഈ ദ്വാരങ്ങൾ മഴവെള്ളം സൂക്ഷിക്കുന്നു. ഉഹദ് മലയുടെ ചരിവുകളിലും പർവതത്തിന് ചുറ്റും പലവിധ ചെടികളും മരങ്ങളും വളരുന്നുണ്ട്. 


മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക ചരിത്ര അടയാളങ്ങളിൽ ഒന്നാണ് ഉഹദ് മലയെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബൽഖൈൽ പറഞ്ഞു. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സൗദി ജിയോളജിക്കൽ സർവേയും ഭൗമശാസ്ത്ര ഗവേഷകരും ഉഹദ് മലക്ക് പ്രത്യക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉഹദ് മലയിലെ പാറകൾ 69 കോടി മുതൽ 80 കോടി വർഷം വരെ പഴക്കമുള്ള പ്രീകാംബ്രിയൻ യുഗത്തിലേതാണെന്ന് സൗദി ജിയോളജിക്കൽ സർവേയിലെ ജിയോളജിക്കൽ സർവേ വിഭാഗം മേധാവി ഡോ. വദീഅ് ഗശ്ഗരി പറഞ്ഞു. ഇവ അഗ്നിപർവത പാറകളാണ്. വൈരൂപ്യം ബാധിക്കില്ല എന്നതും ദൃഢതയും ഇവയുടെ പ്രത്യേകതകളാണ്. ഇതിലെ പാറകളിൽ കൂടുതലും ചുവപ്പ് കലർന്ന പിങ്ക് നിറത്തിലും ഇളം ചാര നിറത്തിലുമുള്ളതാണ്. പർവതത്തിന്റെ വടക്കുകിഴക്കു ഭാഗത്തെ പാറകൾക്ക് ഇരുണ്ട പച്ച നിറമാണെന്നും ഡോ. വദീഅ് ഗശ്ഗരി പറഞ്ഞു. 


 

Latest News