സൗദിയില്‍ പാസ്പോർട്ടുകള്‍ ആരു കൈവശം വെക്കണം; പ്രവാസികളുടെ നിലപാട് ശരിയല്ല

ജിദ്ദ- സൗദിയില്‍ പാസ്പോർട്ടുകള്‍ സൂക്ഷിക്കേണ്ടത് പ്രവാസി തൊഴിലാളികളാണെന്ന വ്യവസ്ഥയുണ്ടെങ്കിലും പലരും ഇപ്പോഴും പാസ്പോർട്ടുകള്‍ ജോലി ചെയ്യുന്ന ഓഫീസികളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. താമസകേന്ദ്രങ്ങളില്‍ കൊണ്ടുവെച്ചാല്‍ നഷ്ടമായെങ്കിലോ എന്നാണ് പലരുടേയും ഭയം.

വിദേശ തൊഴിലാളികളുടെ പാസ്പോർട്ടുകള്‍ കമ്പനികളും സ്പോണ്‍സർമാരും സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് സൗദിയിലെ പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം നാലഞ്ച് വർഷം മുമ്പ് തന്നെ കൈക്കൊണ്ടതാണ്. പാസ്പോർട്ടുകളും മറ്റു തിരിച്ചറിയല്‍ രേഖകളും തൊഴിലാളികള്‍ക്ക് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്.

പാസ്പോർട്ടുകള്‍ പിടിച്ചുവെക്കുന്നത് ഗുരതുര കുറ്റമാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നത്. മനുഷ്യക്കടത്ത് വരെ ആരോപിക്കാവുന്ന കുറ്റമായി മാറുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മിക്ക കമ്പനികളും സ്ഥാപനങ്ങളും പാസ്പോർട്ടുകള്‍ തൊഴിലാളികള്‍ക്ക് മടക്കി നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാസ്പോർട്ടുകള്‍ തൊഴിലാളികള്‍ സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതാകും ഉചിതം.

പിന്നീട് അത്യാവശ്യഘട്ടങ്ങളില്‍ പാസ്പോർട്ട് എവിടെയെന്ന ആശയക്കുഴപ്പത്തിന് ഇതു കാരണമാകും. പാസ്പോർട്ട് നഷ്ടപ്പെട്ടാല്‍ അത് കമ്പനിയുടേയോ സ്പോണ്‍സറുടേയോ പക്കലാണെന്ന് വാദിക്കാന്‍ തൊഴിലാളികള്‍ക്ക് ഒരിക്കലും അവകാശമുണ്ടായിരിക്കില്ല.

Latest News