Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്‍സ് ലീഗില്‍ ആവേശപ്പോരാട്ടങ്ങള്‍

ലണ്ടന്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അവശേഷിച്ച പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരങ്ങള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അരങ്ങേറും 
ലാസിയൊ-ബയേണ്‍
ചാമ്പ്യന്മാരായ ബയേണിനെ കൊറോണ അലട്ടുകയാണ്. തോമസ് മുള്ളറും ബെഞ്ചമിന്‍ പാവഡും ലാസിയോക്കെതിരായ മത്സരത്തില്‍ വിട്ടുനില്‍ക്കേണ്ടി വരും. ഹാവി മാര്‍ടിനസും ലിയോണ്‍ ഗൊരറ്റ്‌സ്‌കയും രോഗമുക്തരായിട്ടേയുള്ളൂ. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ കോറന്റീന്‍ ടോളിസൊ പരിക്കേറ്റ് പിന്മാറി. കൂടാതെ ജര്‍മന്‍ ലീഗില്‍ ഐന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ടിനോട് തോറ്റാണ് ബയേണ്‍ ഈ മത്സരത്തിനൊരുങ്ങുന്നത്. അതിനു മുമ്പ് തരംതാഴ്ത്തല്‍ മേഖലയിലുള്ള ആര്‍മീനിയ ബീലെഫല്‍ഡിനോട് 3-3 സമനില വഴങ്ങി. ലാസിയൊ 20 വര്‍ഷത്തിനു ശേഷമാണ് നോക്കൗട്ടില്‍ സ്ഥാനം പിടിക്കുന്നത്. ഫോമിലാണെന്നതാണ് അവരുടെ നേട്ടം. എട്ട് ലീഗ് മത്സരങ്ങളില്‍ ഏഴ് ജയവുമായാണ് അവര്‍ ബയേണിനെ നേരിടാനൊരുങ്ങിയത്. ഏതാനും ഡിഫന്റര്‍മാരുടെ പരിക്കാണ് പ്രധാന തലവേദന. 
അത്‌ലറ്റിക്കൊ-ചെല്‍സി
സ്പാനിഷ് ലീഗിലെ തകര്‍പ്പന്‍ കുതിപ്പിന്റെ പ്രഭ മങ്ങിയ അവസ്ഥയിലാണ് ചെല്‍സിയെ നേരിടാന്‍ അത്‌ലറ്റിക്കൊ മഡ്രീഡ് എത്തുന്നത്. ലൂയിസ് സോറസിന്റെ സ്‌കോറിംഗ് ഫോമില്‍ ജൈത്രയാത്ര നടത്തുകയായിരുന്ന അത്‌ലറ്റിക്കോക്ക് അവസാന നാലു കളികളില്‍ ഒരെണ്ണമേ ജയിക്കാനായിട്ടുള്ളൂ. ഇതോടെ തന്റെ 4-4-2 ശൈലി ഉപേക്ഷിക്കാന്‍ കോച്ച് ഡിയേഗൊ സെമിയോണി തയാറായി. മൂന്ന് ഡിഫന്റര്‍മാരും സോറസിനെയും ജോ ഫെലിക്‌സിനെയും സഹായിക്കാനായി കയറിക്കളിക്കുന്ന രണ്ട് വിംഗ് ബാക്കുകളുമാണ് ഇപ്പോഴത്തെ ശൈലി. യാനിക് കരാസ്‌കോക്ക് പരിക്കേറ്റതോടെ ഈ ശൈലി മാറ്റാന്‍ സെമിയോണി നിര്‍ബന്ധിതനായേക്കും. പരിശീലകനായി തോമസ് ടുഹേല്‍ എത്തിയ ശേഷം ചെല്‍സി ഏഴു കളികളില്‍ പരാജയമറിഞ്ഞിട്ടില്ല. ഒഴുക്കുള്ള ശൈലിയല്ല ചെല്‍സിയുടേത്, പക്ഷെ അവരെ തോല്‍പിക്കാന്‍ പ്രയാസമാണ്. ബ്രിട്ടിഷ് ടീമിന് യാത്രാ നിയന്ത്രണമുള്ളതിനാല്‍ റുമാനിയയിലെ ബുക്കാറസ്റ്റിലാണ് ഈ മത്സരം. 
അറ്റ്‌ലാന്റ-റയല്‍ മഡ്രീഡ്
ഇറ്റലിയില്‍ കറുത്ത കുതിരകളായ അറ്റ്‌ലാന്റയെ നേരിടാനൊരുങ്ങുന്ന റയല്‍ മഡ്രീഡിനെ അലട്ടുന്നത് കരീം ബെന്‍സീമയുടെ പരിക്കാണ്. ഈ സീസണില്‍ 17 ഗോളടിച്ച ബെന്‍സീമക്ക് പറ്റിയ പകരക്കാരന്‍ ടീമിലില്ല. ബെന്‍സീമയുടെ അഭാവത്തില്‍ വാലദോലിദിനെതിരായ സ്പാനിഷ് ലീഗ് മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ കസിമീരോയെ ആശ്രയിക്കേണ്ടി വന്നു. ക്യാപ്റ്റന്‍ സെര്‍ജിയൊ റാമോസിന്റെ പരിക്ക് റയലിന്റെ പ്രതിരോധത്തിലും വിള്ളലുകള്‍ സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍ വലന്‍സിയയെ അറ്റ്‌ലാന്റ 4-1 ന് അട്ടിമറിച്ചിരുന്നു. എന്നാല്‍ ആ മത്സരമാണ് ബെര്‍ഗാമൊ പ്രദേശത്ത് കോവിഡ് വ്യാപിക്കാന്‍ കാരണമായത്. ലീഗില്‍ നാപ്പോളിയെ തോല്‍പിച്ചാണ് അറ്റ്‌ലാന്റ വമ്പന്മാരെ നേരിടാന്‍ ബൂട്ട് കെട്ടുന്നത്. 
മോഞ്ചന്‍ഗ്ലാഡ്ബാക്ക്-സിറ്റി
വ്യത്യസ്ത ദിശയിലേക്ക് നീങ്ങുന്ന ടീമുകളുടെ ഏറ്റുമുട്ടലാണ് ഈ മത്സരം. തുടര്‍ച്ചയായ 18 ജയങ്ങളുടെ കുതിപ്പിലാണ് സിറ്റി. പ്രീമിയര്‍ ലീഗില്‍ 10 പോയന്റ് ലീഡായി. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടാമത്തെ പ്രി ക്വാര്‍ട്ടറാണ് സിറ്റി കളിക്കുന്നത്. അതേസമയം ബൊറൂസിയ മോഞ്ചന്‍ഗ്ലാഡ്ബാക്ക് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് മത്സരം കളിക്കുന്നത് 43 വര്‍ഷത്തിനു ശേഷമാണ്. ഈ സീസണ്‍ നന്നായി തുടങ്ങിയ ശേഷം അവര്‍ക്ക് താളം തെറ്റുകയാണ്. കോച്ച് മാര്‍ക്കൊ റോയ്‌സ് ഒഴിഞ്ഞത് വലിയ തിരിച്ചടിയാണ്. അവസാന അഞ്ച് കളികളില്‍ ഒരെണ്ണം മാത്രമാണ് അവര്‍ ജയിച്ചത്.
 

Latest News