അന്തിമാനത്തമ്പിളി

ആരജീത്ത് ക്രിയേഷൻസിന്റെ ബാനറിൽ പ്രജീത്ത് രാമകൃഷണൻ അണിയിച്ചൊരുക്കിയ അന്തിമാനത്തമ്പിളി എന്ന സംഗീത ആൽബം മികച്ച കലാനിർവഹണത്തിലും ശ്രദ്ധേയമായ സന്ദേശത്താലും സഹൃദയലോകത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന്  റിലീസ് ചെയ്ത ആൽബം  ഒരു ദിവസത്തിനകം  തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്നരലക്ഷത്തിലധികം ആളുകൾ കാണുകയും നൂറ് കണക്കിനാളുകൾ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്താണ് കുടുംബങ്ങളിൽ തരംഗമായി മാറുന്നത്.  വിനോദ് കുമാറിന്റെ മനോഹരമായ അന്തിമാനത്തമ്പിളിപോലെ ചെന്തമേഴും പെണ്ണേ എന്നുതുടങ്ങുന്ന ഗാനം വരികളുടെ മാസ്മരികതക്കപ്പുറം ആലാപനത്തിലും സംഗീതനിർവഹണത്തിന്റെ മികവിലും സഹൃദയമനം കവരുമ്പോൾ പ്രജീത്തും ആരതിയും അതിമനോഹരമായി അഭിനയിച്ചാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്.  
കുടുംബത്തിലെ അനുരാഗത്തിന്റെ ദിനങ്ങളും സ്‌നോഹോഷ്മളമായ ജീവിത സന്ദർഭങ്ങളും ഹൃദ്യമായി ചിത്രീകരിച്ച ആൽബത്തിൽ ദമ്പതികളായ പ്രജീത്തും ആരതിയും നിറഞ്ഞാടുന്നത് പ്രൊഫഷണൽ സിനിമയുടെ നിലവാരത്തിലാണ്. ദോഹയിലും നാട്ടിലും ചിത്രീകരിച്ച ആൽബം എല്ലാ സാങ്കേതിക തികവുമുള്ള ഒരു സിനിമ സ്‌കോപ്പ് സൃഷ്ടിയാണ്. 
നിർമാണം, സംവിധാനം, എഡിറ്റിംഗ്, സ്‌ക്രിപ്റ്റ് എന്നിവ  പ്രജീത്ത് രാമകൃഷ്ണൻ തന്നെയാണ്. ആരതിയുടെ പൂർണസഹായസഹകരണങ്ങൾ ആദ്യന്തമുണ്ട്.  പ്രജിത്തിനും ആരതിക്കും പുറമേ മക്കളായ ആദ്യ, അക്ഷിത എന്നിവരും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.  മിഷാൽ, നന്ദന രാജേഷ്, ശ്രീ ഗൗരി അനൂപ് മേനോൻ, പ്രസാദ്, സലാം കെ.സി, ഇശാൻ. കെ.സി, റഫ ഫവാസ്, ഹിബ ശംന, കൃഷ്ണനുണ്ണി, നിരഞ്ജന രാജേഷ്, മാധവ് വിനോദ് കുമാർ, അരുൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 
ആൽബത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ കൃഷ്ണനുണ്ണി ഖത്തറിലെ അറിയപ്പെടുന്ന കഥകളി ആർട്ടിസ്റ്റും നാടക നടനുമാണ്. സംഗീതം നിഖിൽ ജിമ്മി, ക്യാമറ വൈശാഖ്, കലാ സംവിധാനം മുത്തു ഐ.സി.ആർ.സി, രചന വിനോദ് കുമാർ കെ, സ്റ്റിൽസ് രതീഷ് ഫ്രെയിം ഹണ്ടർ, ആലാപനം സലീം പാവറട്ടി & ശിവപ്രിയ സുരേഷ്,  മേക്കപ്പ് ദിനേഷ് മണലൂർ, കോസ്റ്റിയൂം ഡിസൈനർ തനൂജ ഹസീബ്  എന്നിവരാണ് ആൽബവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. 
കഴിഞ്ഞ 8 വർഷത്തോളമായി ഖത്തറിലെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളായ പ്രജിത്തും ആരതിയും വൈവിധ്യമാർന്ന കലാപ്രവർത്തനങ്ങളിലൂടെയാണ്  മലയാളികളുടെ ശ്രദ്ധനേടിയത്. സംഗീതവും അഭിനയവും പ്രജിത്തിന് എന്നും ഹരമായിരുന്നു. ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും ക്രമേണ കമ്പം വളർന്ന പ്രജീത്ത്  വീട്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തമായി അരോര  സ്റ്റുഡിയോ സജ്ജീകരിക്കുകയും തീവ്രമായ പരിശ്രമങ്ങളിലൂടെ സാങ്കേതിക പരിജ്ഞാനം നേടുകയും ചെയ്താണ് പ്രൊഫഷണൽ മികവോടെ ഷോർട്ട് ഫിലിമുകളും വെബ് സീരീസുകളും ചെയ്തത്.  


ആരജിത്ത് ക്രിയേഷൻസ് അവതരിപ്പിച്ച കായിഷ്ഠ കൂയിഷ്ഠ എന്ന വെബ് സീരീസും ചോറ്റു പാത്രം, പണ്ടാറക്കാലൻ എന്നീ ഷോർട്ട് ഫിലിമുകളും സഹൃദയ ലോകം ഏറ്റെടുത്തത്. റേഡിയോ നാടകമൽസരങ്ങളിലും ഏറെ സജീവമായി പ്രജീത്തും കുടുംബവും കലയുടെ സാമൂഹ്യധർമവും സന്ദേശവും അടിവരയിട്ടാണ് കലാരംഗത്തെ ജൈത്രയാത്ര തുടരുന്നത്. 
ആരതി ഖത്തറിലെ വിവിധ വേദികളിൽ നൃത്തവും മോണോ ആക്ടും മറ്റു കലാ പ്രകടനങ്ങളുമായി സജീവമാണ്. സാങ്കേതിക മികവിലും നിർവഹണത്തിലും ഏറെ ശ്രദ്ധിച്ച പ്രജിത്തിന്റെ സൃഷ്ടികളൊക്കെ ലോകോത്തരങ്ങളായ നിരവധി അംഗീകാരങ്ങൾ നേടിയത് സ്വാഭാവികം മാത്രം.  അഭിനയ രംഗത്ത് തൽപരായ സുഹൃത്തുക്കളെ ചേർത്ത് നാട്ടിൽ സജീവമായി നടക്കുന്ന റിമമ്പ്രൻസ് തിയേറ്റർ  ഗ്രൂപ്പിന്റെ ശാഖക്ക് തുടക്കം കുറിച്ച്  വളരെ സജീവമായ കലാപ്രവർത്തനങ്ങളാണ് നടത്തിയത്.   
കോവിഡ് കാലത്ത് 106 കുട്ടികളെ പങ്കെടുപ്പിച്ച് 162 ഓഡിയോ ട്രാക്കുകളും 118 വീഡിയോ ട്രാക്കും സംയോജിപ്പിച്ച ബോലോ ഭാരത് മാതാ കീ എന്ന സംഗീത ശിൽപത്തിന് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ ഷോർട്ടസ്റ്റ് വീഡിയോ വിത്ത് മോസ്റ്റ് നമ്പർ ഓഫ് ഓഡിയോ ആൻഡ് വീഡിയോ ട്രാക്ക്സ് ഇൻക്ലൂഡഡ് ഇൻ എ സിംഗിൾ ലൈൻ എന്ന വിഭാഗത്തിൽ ലോക റിക്കോർഡും  പ്രജീത്തും കുടുംബവും സ്വന്തമാക്കിയിട്ടുണ്ട്.  
തൃശൂർ ജില്ലയിലെ മാളയിൽ പാലപ്പറമ്പിൽ രാമകൃഷ്ണന്റേയും പുഷ്പവതിയുടെയും സീമന്ത പുത്രനായ പ്രജീത്ത് മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദമെടുത്ത് എട്ട് വർഷത്തെ ഗൾഫ് എക്‌സ്പീരിയൻസുമായി 2012 ലാണ് ഖത്തറിലെത്തിയത്. ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിലെ ലാബ് ഇൻഫർമേഷൻ സിസ്റ്റം മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം ഒഴിവ് സമയം കലാപരമായ പഠങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് പ്രയോജനപ്പെടുത്തുന്നത്. മൂത്ത മകൾ ആദ്യക്ക്  ഡാൻസിലും അഭിനയത്തിലുമാണ് താൽപര്യം. ജനങ്ങൾക്ക് സേവനം ചെയ്യുന്ന ഒരു ഡോക്്ടറാവുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് ഈ ഒമ്പതാം കഌസ് വിദ്യാർഥിനി പറയുമ്പോൾ ആ കുട്ടിയുടെ ജീവിത വീക്ഷണവും കാഴ്ചപ്പാടും നമ്മെ വിസ്മയിപ്പിക്കും. ഇളയ മകൾ അക്ഷിത പെയിന്റിംഗ്,അഭിനയം, നൃത്തം എന്നിവയിൽ തൽപരയാണ്. ഒരു നടിയാവുകയെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ സ്വപ്‌നം.

Latest News