മലനിരകളിലെ സ്‌നേഹദൂതൻ

അട്ടപ്പാടി മലനിരകളിലൂടെ സഞ്ചരിച്ച ഒരാൾക്ക് ജീവിതത്തിലെ പല ഘട്ടങ്ങളും ഒരു വനയാത്ര പോലെ ദുർഘടമായി തോന്നിയതും അവിടുത്തെ സാധുക്കളെ സഹായിക്കാൻ മനസ്സുണ്ടായതും ഒരു നിയോഗമായിരിക്കാം.  
യഥാർത്ഥത്തിൽ ജെല്ലിപ്പാറ കണ്ടിയൂർ ഊരിൽ താമസിക്കുന്ന ശ്രീധരൻ, അട്ടപ്പാടി എന്ന മനുഷ്യ സ്‌നേഹിയുടെ ജീവിതം എന്നും എപ്പോഴും ഒരു വിസ്മയമായിരുന്നു. വിശപ്പിന്റെയും ഇല്ലായ്മയുടെയും 
ദുരിത വഴികളിലൂടെ കടന്നു വന്ന ശ്രീധരന് ചുറ്റുമുള്ളവരുടെ നോവുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. മറ്റുള്ളവർക്ക് നൽകാൻ സ്വന്തമായി യാതൊന്നും കൈവശമില്ലെങ്കിലും സ്‌നേഹവും സഹായവുമെത്തിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്രയമാവുകയാണ് ഈ മനുഷ്യസ്‌നേഹി. വീട് നിർമാണത്തിനുള്ള സഹായം, പൊതുവഴിക്കു വേണ്ടി സൗകര്യമൊരുക്കൽ,
രക്തദാനം, ചികിത്സ സഹായം, കിടപ്പു രോഗികൾക്ക് പാലിയേറ്റിവ് കെയർ സഹായം, മാരക രോഗ ബാധിതർക്ക് ഗവൺമെന്റിൽ നിന്നും കിട്ടുന്ന ധന സഹായം, തദ്ദേശ സ്ഥാപങ്ങളിൽ നിന്നും കിട്ടുന്ന സേവനങ്ങൾ സാധാരണക്കാർക്ക് എത്തിച്ചു കൊടുക്കൽ, അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കൽ, പഠനോപകരണ വിതരണം..ഇങ്ങനെ
പോകുന്നു ശ്രീധരൻ അട്ടപ്പാടിയുടെ മേൽ നോട്ടത്തിൽ നടക്കുന്ന ഒറ്റയാൾ 
സേവന സഹായ പ്രവർത്തനങ്ങൾ. സുമനസ്സുകളെ കണ്ടെത്തി സഹായിക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ് ശ്രീധരന്റെ രീതി. പ്രതിഫലം പറ്റാതെയുള്ള ഈ സേവനം തുടങ്ങിയിട്ട് വർഷങ്ങളായി.
ആരെയും അറിയിക്കാതെയും വാർത്തയാക്കാതെയുമുള്ള ഒരു നിശബ്ദ സേവനം. ദുരിത ജീവിതങ്ങൾക്ക് ഒരു നേരിയ വെളിച്ചമെങ്കിലും എത്തിക്കാൻ ശ്രീധരൻ തന്റെ ഇരുചക്ര വാഹനവുമായി ഓടിയെത്താത്ത ഇടങ്ങളില്ല.ലോക് ഡൗണിൽ രോഗികൾക്ക് മരുന്നെത്തിച്ചും ഒറ്റപ്പെട്ടു പോയവരെ
സുരക്ഷിത കേന്ദ്രങ്ങളിലാക്കിയും ശ്രീധരൻ മാതൃകാ പ്രവർത്തനങ്ങൾ നടത്തി.


ശ്രീകൃഷ്ണപുരത്ത് ഇത്തരത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയെ
സ്വന്തം ഇരുചക്ര വാഹനത്തിൽ ഇരുത്തി ശ്രീധരൻ ഓടിച്ചു പോയത് പത്തനംതിട്ട വരെ. ആരും ഏറ്റെടുക്കാൻ മടിക്കുന്ന വിഷയങ്ങൾ സ്വന്തം കാര്യമായി കണ്ട് ഇടപെടുന്നതാണ് ശ്രീധരന്റെ പ്രകൃതം.
ലോക്്്ഡൗണിൽ രാത്രി-പകൽ വ്യത്യാസമില്ലാതെ കോവിഡ് രോഗികൾക്കായി സഞ്ചരിച്ചു കൊണ്ടിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളിൽ കൂടി
സാമൂഹ്യ രംഗത്ത് എത്തിയ ശ്രീധരൻ ആകസ്മികമായി തുടങ്ങിയ ജനസേവനം ഇപ്പോൾ പൂർണമനസ്സോടെ ഏറ്റെടുത്തിരിക്കുന്നു. ഒന്നും ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല, അവിചാരിതമായി തുടങ്ങിയ സാമൂഹ്യ പ്രവർത്തനം. ഒരു വിശ്വാസത്തിന്റെയും തത്വ സംഹിതയുടെയും പിൻബലമില്ലാതെ സമൂഹത്തിന് വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും അനുഷ്ഠിക്കാനുള്ള ഒരു മനസ്സ്.
കല്യാണവീട്ടിലും മരണാനന്തര ചടങ്ങുകളിലുമെല്ലാം ശ്രീധരൻ ഒരു സ്‌നേഹ സാന്നിധ്യമാണ്. ആരും പറഞ്ഞിട്ടല്ല, മറിച്ച് തന്നാൽ കഴിയുന്ന സഹായം ചെയ്തുകൊടുക്കാനായി ഇയാൾ നാടെങ്ങും പാഞ്ഞെത്തുന്നു. ഔപചാരിക വിദ്യാഭ്യാസം കുറവാണ്. പരന്ന വായനയും പുരോഗമന ചിന്തയുമാണ്
ശ്രീധരനെ നയിക്കുന്നത്. കേരള യുക്തിവാദി സംഘം ജില്ലാ സാരഥിയാണ്.
സാമൂഹിക സാംസ്‌കാരിക സംഘടനകളിലും അംഗമാണ്. ജാനകിയാണ് ഭാര്യ.
ശശികല, ഇന്ദുലേഖ, മനോജ് എന്നിവർ മക്കൾ.
വ്യത്യസ്ത സംഘടനാ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതും നിരാലംബരുടെ പ്രശ്‌നങ്ങൾ അവരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതും ശ്രീധരേട്ടന്റെ മറ്റൊരു സേവനരീതിയാണ്. ഇതിനു വേണ്ടി എത്ര ദൂരേക്ക് വേണമെങ്കിലും സഞ്ചരിക്കും. ജാതിയും മതവും നോക്കാതെ സഹജീവികളെ
സേവിക്കുക എന്നതാണ് ശ്രീധരന്റെ കാഴ്ചപ്പാട്. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും. എന്നാൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കൊപ്പം
അവർക്ക് എന്തു സഹായത്തിനും ശ്രീധരൻ ഉണ്ടാകും. വ്യക്തികളെയും സ്ഥാപനങ്ങളേയും നന്മയ്്ക്കായി പ്രേരിപ്പിക്കും. ആരോരുമില്ലാത്തവർക്ക്
പഠിക്കാനും പാർക്കാനും ഇടമൊരുക്കും. സ്വതന്ത്രമായ ഈ സേവനഗാഥക്ക്
ഒന്നിന്റെയും ലേബലില്ല. സന്തോഷമോ സന്താപമോ നിറഞ്ഞ
ഏതൊരു നിമിഷവും മനുഷ്യ ജീവിതത്തിൽ ആസ്വദിച്ചിരിക്കേണ്ട  കാര്യങ്ങളായേ ശ്രീധരേട്ടൻ കരുതുന്നുള്ളൂ. നല്ലൊരു കലാസ്വാദകനും കൃഷിക്കാരനും കൂടിയാണ്. കാട് വെട്ടിയും മണ്ണിൽ പണിയെടുത്തുമാണ് ജീവിതം. കുടുംബം എന്നത് ഭാര്യയും മക്കളും ഉൾപ്പെടുന്നതു മാത്രമല്ല. മറിച്ച്, അയൽക്കാരും സുഹൃത്തുക്കളും നാട്ടുകാരും കൂടി ഉൾപ്പെടുന്ന സമൂഹമാണെന്നു വിശ്വസിക്കാനാണു ഇദ്ദേഹത്തിന് ഇഷ്ടമെന്നു പറയാം.
അട്ടപ്പാടിയുടെ പരമ്പരാഗത അറിവുകൾ, വൈദഗ്ധ്യം, കൃഷിരീതികൾ, ഭക്ഷണരീതികൾ ഇവയെക്കുറിച്ചെല്ലാം തനതായ കാഴ്ചപ്പാടുണ്ട് ഇദ്ദേഹത്തിന്.
ഊരുകളിൽ നിന്നും ഇപ്പോഴും കേൾക്കുന്ന ശിശുമരണങ്ങൾ, മുലപ്പാൽ വറ്റിയ അമ്മമാർ, അപകടകരമായ അളവിൽ രക്തക്കുറവുള്ള കൗമാരക്കാരികൾ,
പാർപ്പിടമില്ലാത്തവർ, കൃഷിക്കും ഉപജീവനത്തിനും വഴിയില്ലാത്തവർ
അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതങ്ങൾ തുടർക്കഥയാവുകയാണ്.കൃത്യമായ കാഴ്ചപ്പാടും പദ്ധതി ആസൂത്രണവും നിർവഹണവും കൊണ്ട് ആദിവാസി ജനവിഭാഗത്തിന്റെ ജീവിതത്തിൽ മാറ്റമുണ്ടാകുന്നുണ്ട് എന്ന കാര്യം നിഷേധിക്കുന്നില്ല.
എങ്കിലും ഇനിയും മാറാനുണ്ടെന്നാണ് ഈ സാമൂഹ്യ പ്രവർത്തകന്റെ അഭിപ്രായം.

Latest News