ഗുണ്ടൂർ- വിരാട് കോഹ്‌ലിയുടെ ഇന്ത്യൻ ടീമും, രാജ്യത്തെ ഏതെങ്കിലുമൊരു സ്‌കൂൾ ടീമും തമ്മിൽ കളിച്ചാലും ഒരുപക്ഷെ ഇതിലും ഭേദമായിരിക്കും. അത്ര പരിതാപകരമായിപ്പോയി കേരളത്തിനെതിരായ അണ്ടർ 19 ഏകദിന വനിതാ ക്രിക്കറ്റിൽ നാഗാലാന്റിന്റെ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത നാഗാലാന്റ് നേടിയത് രണ്ടേ രണ്ട് റൺസ്. അതിൽ ബാറ്റ് കൊണ്ട് അടിച്ച് നേടിയത് ഒറ്റ റൺസ് മാത്രവും. മറ്റൊന്ന് വൈഡായിരുന്നു. 17 ഓവർ ക്രീസിൽനിന്നിട്ടാണ് നാഗാലാന്റിന്റെ ഈ സമ്പാദ്യം. അവരുടെ ഒമ്പത് പേരാണ് പൂജ്യത്തിന് പുറത്തായത്. ബൗളർമാർ പന്തെറിയുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ബാറ്റും പിടിച്ച് നിൽക്കുകയായിരുന്നു നാഗാ കളിക്കാർ. രണ്ട് പന്തിൽ തന്നെ ലക്ഷ്യം നേടിയ കേരളം പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കി.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലാണ് ഈ തമാശക്കളി അരങ്ങേറിയത്. ടീമിന്റെ ഏക റൺ സ്‌കോർ ചെയ്തത് നാഗാ ഓപ്പണർ മേനകയാണ്. അലീന സുരേന്ദ്രന്റെ പന്തിൽ. മേനക 18 പന്ത് നേരിട്ടു. അലീന തന്നെ എറിഞ്ഞ വൈഡാണ് നാഗാലാന്റിന് മറ്റൊരു റൺ സംഭാവന ചെയ്തത്. പക്ഷെ മൂന്ന് ഓവർ എറിഞ്ഞ് രണ്ട് മെയ്ഡൻ കിട്ടിയിട്ടും വിക്കറ്റെടുക്കാൻ അലീനക്കായില്ല. കേരള ക്യാപ്റ്റൻ മിന്നു മണി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, പി. സൗരഭ്യ രണ്ട് പേരെ പുറത്താക്കി. സാന്ദ്ര സുരേനും, ബിബി സെബാസ്റ്റ്യനും ഓരോ വിക്കറ്റ് പങ്കിട്ടു.
കേരളത്തിന്റെ ഓപ്പണിംഗ് ബൗളർ ദീപിക കൈന്തുറയുടെ ആദ്യ പന്ത് വൈഡായിരുന്നു. രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തി അൻസു എസ് രാജു കേരള വിജയം യാഥാർഥ്യമാക്കി.
ക്രിക്കറ്റിന് ഒരു പ്രചാരവുമില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ടീമുകളെ തട്ടിക്കൂട്ടി ദേശീയതലത്തിലുള്ള മത്സരങ്ങൾക്ക് അയക്കുന്നതിന്റെ ദുരന്തമാണിതെന്ന് വിമർശനമുയർന്നു. ലോധ കമ്മിറ്റിയുടെ എല്ലാ പരിഷ്‌കരണ നടപടികളും പ്രായോഗികമല്ലെന്നതിന്റെ തെളിവാണിതെന്ന് ബി.സി.സി.ഐ മുൻ പ്രസിഡന്റ് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ക്രിക്കറ്റിൽ വളർത്തിക്കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്നും അല്ലാതെ ഇങ്ങനെ നാണം കെടുത്തുകയല്ല വേണ്ടതെന്നും താക്കൂർ ട്വീറ്റ് ചെയ്തു.
ബി.സി.സി.ഐയിൽ ഒരു സംസ്ഥാനത്തിന് വോട്ട് മതിയെന്ന ലോധ കമ്മിറ്റി നിർദേശത്തിന്റെ ദുരന്തമാണിതെന്നും വിമർശനമുണ്ട്. ഇതുമൂലം 41 തവണ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈക്ക് വോട്ടവകാശമില്ലാതായി. ക്രിക്കറ്റെന്നാൽ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപോലുമറിയാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കെല്ലാം വോട്ടവകാശവും തുല്യ പ്രാതിനിധ്യവും ലഭിക്കുകയും ചെയ്തു.
മുമ്പ് നാഗാലാന്റ് -മണിപ്പൂർ അണ്ടർ 19 വനിതാ മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് 136 വൈഡുകളെറിഞ്ഞതും വാർത്തയായിരുന്നു. അതിനെയും കടത്തിവെട്ടി കേരളത്തിനെതിരെ നാഗാലാന്റിന്റെ ദയനീയ പ്രകടനം. 1810ൽ ഇംഗ്ലണ്ടിലെ ബി.എസ് ടീം ഓൾ ഇംഗ്ലണ്ട് ടീമിനെതിരെ നേടിയ ആറ് റൺസായിരുന്നു ഇതുവരെ ഏറ്റവും കുറഞ്ഞ റിക്കാർഡ്.