Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഹിംഗ്യകളുടെ മടങ്ങിപ്പോക്കിന് മ്യാൻമർ-ബംഗ്ലാദേശ് കരാർ

മ്യാൻമർ തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ബംഗ്ലാദേശ്-മ്യാൻമർ മന്ത്രിമാർ കരാർ ഒപ്പിട്ട ശേഷം.

ബാങ്കോക്ക് - മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് അക്രമത്തിനിടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകളുടെ മടക്കം സംബന്ധിച്ച് മ്യാൻമറും ബംഗ്ലാദേശും കരാറൊപ്പിട്ടു. മ്യാൻമർ തലസ്ഥാനമായ നായ്‌പേയ് തൗവിൽ ഒപ്പുവച്ച കരാർ സംബന്ധിച്ച് വിശദാംശങ്ങൾ ഒന്നും മ്യാൻമർ പുറത്തുവിട്ടിട്ടില്ല. എത്ര അഭയാർഥികളെ തിരിച്ചു സ്വീകരിക്കുമെന്നതു സംബന്ധിച്ചും മ്യാൻമർ ഒന്നും പറഞ്ഞില്ല. രണ്ടു മാസത്തിനകം മടക്കം ആരംഭിക്കുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
മ്യാൻമർ സേനയുടേയും ദേശീയവാദികളായ അക്രമികളുടേയും ആക്രമണങ്ങൾ സഹിക്കവയ്യാതെയാണ് ആറര ലക്ഷത്തോളം റോഹിംഗ്യൻ മുസ്‌ലിംകൾ ബംഗ്ലാദേശിലേക്ക് കൂട്ടപലായനം ചെയ്തത്. അങ്ങേയറ്റം ദുരിതപൂർണ സാഹചര്യത്തിൽ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന റോഹിംഗ്യകൾ ലോകത്ത് വലിയ ചർച്ചയായി. റോഹിംഗ്യകളുടെ കാര്യത്തിൽ എടുക്കുന്ന ആദ്യ നടപടിയാണിതെന്ന് ബംഗ്ലാദേശ് പറഞ്ഞു. എത്രയും വേഗം അവരെ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് മ്യാൻമറും പ്രതികരിച്ചു. 
റോഹിംഗ്യകളെ നിർബന്ധപൂർവം തിരിച്ചയക്കുന്നതിനെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി എതിർത്തിരുന്നു. മ്യാൻമറിൽ അവരുടെ സുരക്ഷ ഉറപ്പാക്കാതെ മടക്കി അയക്കാൻ കഴിയില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്. മ്യാൻമർ സൈനിക നീക്കം ന്യൂനപക്ഷമായ റൊഹിംഗ്യൻ ജനതയെ തുടച്ചുനീക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ അഭിപ്രായപ്പെട്ടിരുന്നു. മ്യാൻമറിൽ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഓഗസ്റ്റ് അവസാനത്തോടെ ആരംഭിച്ച കലാപത്തിൽ റോഹിംഗ്യൻ വിഭാഗക്കാരെ കൊന്നൊടുക്കിയും സ്ത്രീകളെയും പെൺകുട്ടികളെയും മാനഭംഗം ചെയ്തും ഗ്രാമങ്ങൾ ചുട്ടെരിച്ചും വസ്തുവകകൾ കൊള്ളയടിച്ചും മ്യാൻമർ സൈന്യം ഭീകരമായ ക്രൂരതയാണ് ഇവർക്കെതിരെ അഴിച്ചുവിട്ടിരുന്നത്. വീടുകളും ഗ്രാമങ്ങളും ചുട്ടെരിച്ച സ്ഥിതിക്ക് മടങ്ങിച്ചെല്ലുന്ന റോഹിംഗ്യകളുടെ സ്ഥിതിയെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നു. അതിനാൽ തന്നെ അഭയാർഥികൾ മടങ്ങിപ്പോകാൻ സന്നദ്ധരാകുമോ എന്ന കാര്യവും വ്യക്തമല്ല.
റാഖൈൻ സംസ്ഥാനത്തെ ഒഴിഞ്ഞുപോയ ആളുകളുടെ മടക്കം സംബന്ധിച്ച കരാറിൽ മന്ത്രിസഭാംഗങ്ങൾ ഒപ്പിട്ടതായി ഓങ് സാൻ സൂചിയുടെ ഓഫീസ് അറിയിച്ചു. 1992 ൽ ഒപ്പിട്ട സമാനമായ കരാറിന്റെ ചുവടു പിടിച്ചാണ് പുതിയ കരാറെന്നും അവർ പറഞ്ഞു. ഈ കരാറനുസരിച്ച് തിരിച്ചു വരുന്ന റോഹിംഗ്യകൾ തങ്ങളുടെ താമസരേഖകൾ കാണിക്കണം. എന്നാലിത് എത്രപേരുടെ കൈവശമുണ്ടെന്നത് സംശയമാണ്.
കരാറിനെക്കുറിച്ച് ആശങ്കയുള്ളതായി ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികൾ പറഞ്ഞു. അവർ ഞങ്ങളുടെ വീടുകൾ ചുട്ടെരിച്ചു, ഭൂമിയും പശുക്കളേയും തട്ടിയെടുത്തു, അവർ ഇതെല്ലാം തിരിച്ചു തരുമോ? ഹോയകോങ്ങ് ക്യാമ്പിൽ താമസിക്കുന്ന അബ്ദുൽ ഹമീദ് ചോദിച്ചു. 
ഞങ്ങളുടെ സ്വത്വം അംഗീകരിക്കുമോ എന്നതാണ് പ്രധാനം. ഞങ്ങളെ റോഹിംഗ്യകളായി അവർ സ്വീകരിക്കുമോ? കരാർ ഒട്ടും ആഹ്ലാദത്തിന് വക നൽകുന്നില്ല- ഹമീദ് പറഞ്ഞു. റോഹിംഗ്യ എന്ന വാക്കുപോലും ഉപയോഗിക്കുന്നത് മ്യാൻമർ ഇഷ്ടപ്പെടുന്നില്ല. ഇന്നലെ ഓങ്‌സാൻ സൂചിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലും ഈ വാക്ക് ഇല്ല. അന്താരാഷ്ട്രവേദികളിൽ റോഹിംഗ്യ എന്ന വാക്ക് ഉപയോഗിക്കുന്നത് മ്യാൻമർ തടയാറുണ്ട്. ഈ സാഹചര്യത്തിൽ മടങ്ങിപ്പോക്ക് എത്രത്തോളം എളുപ്പമാണ് എന്ന് വ്യക്തമല്ല.

 

 

Latest News