ന്യൂദൽഹി- ഇന്ത്യയിൽ കഴിയുന്ന റോഹിംഗ്യൻ അഭയാർഥികളെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. റോഹിംഗ്യൻ വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാനിരിക്കെയാണ് അഭയാർഥികളെ തിരിച്ചയക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മാനുഷിക വശം പരിഗണിച്ചും തിരിച്ചയക്കപ്പെട്ടാൽ വീണ്ടും വേട്ടയാടപ്പെട്ടേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടപെടൽ.
മാനുഷിക പരിഗണനയുടെ പേരിൽ വിഷയത്തിൽ ഇടപെടുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സനും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ എച്ച്.എൽ ദത്തു വ്യക്തമാക്കി. റോഹിംഗ്യൻ അഭയാർഥികളെ വീണ്ടും അവരുടെ രാജ്യത്തേക്കു തിരിച്ചയക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 21 ാം അനുച്ഛേദം ഉൾപ്പെടെ സുപ്രീം കോടതിയുടെ വിവിധ വിധികൾ ചൂണ്ടിക്കാട്ടി ഒരാൾ ഇന്ത്യൻ പൗരൻ അല്ലെങ്കിൽകൂടി മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു വ്യക്തമാക്കിയാണ് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത്. ഇതേ വിഷയത്തിൽ കഴിഞ്ഞ മാസം അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച നോട്ടീസിൽ റോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള സർക്കാർ തീരുമാനത്തെ മനുഷ്യാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു. ഇന്ത്യ നൂറ്റാണ്ടുകളായി അഭയാർഥികളുടെ വീടാണ്. വിവിധ രാജ്യങ്ങളിൽനിന്നു രക്ഷതേടി പലായനം ചെയ്തുവന്ന നിരവധി അഭയാർഥികൾക്കു ഇന്ത്യ അഭയം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര ഉടമ്പടികളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുമുണ്ട്. ഒരുവശത്ത് മനുഷ്യത്വവും മാനുഷിക പരിഗണനയും കാത്തു സൂക്ഷിക്കുകയും മറുവശത്ത് രാജ്യസുരക്ഷയും ചേർത്തു പിടിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നതെന്നുമാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
റോഹിംഗ്യൻ വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച തന്നെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റോഹിംഗ്യൻ അഭയാർഥികളെ കണ്ടെത്തി മടക്കി അയക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളും ഇതോടൊപ്പം ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ വിഷയം തന്നെ അടുത്തു നൽകാനിരിക്കുന്ന സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടാനാണു കേന്ദ്രത്തിന്റെ നീക്കമെന്നാണു വിവരം.
മ്യാൻമറിലെ റാഖൈനിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിംഗ്യകളുടെ പലായനം തുടരുകയാണ്. അഭയാർഥി ക്യാമ്പുകളിലാകട്ടെ, ദയനീയ സ്ഥിതിയും. ഭക്ഷണത്തിനായുള്ള തിക്കിലും തിരക്കിലും ഇന്നലെ തെക്‌ലിഫിലെ അഭയാർഥി ക്യാമ്പിൽ രണ്ടു കുട്ടികളും ഒരു സ്ത്രീയും മരിച്ചു.