മ്യാൻമറിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനത അവരുടെ കിനാവിനാൽ പടുത്തുയർത്തിയ ഒരിടമുണ്ട് മക്കയിൽ. മ്യാൻമറിൽനിന്നുള്ള സങ്കടത്തിന്റെ ഓരോ വാർത്തയിലും ഈ മണ്ണിലിരുന്ന് ഉരുകുന്ന ഒരു ജനത. ഉറ്റവരും ഉടയവരുമേൽക്കുന്ന യാതനകളിൽ അവർ വേവുന്നവർ.
ഏതാണ്ട് രണ്ടര ലക്ഷത്തിലേറെ റോഹിങ്ക്യൻ വംശജർ സൗദിയിലുണ്ട്. അവരിൽ ഭൂരിഭാഗവും കഴിയുന്നത് മക്കയിലാണ്. മക്കയിലെ റുസൈഫ, നഖാസ, സഹൂർ, ജറുവൽ തുടങ്ങിയ പ്രദേശങ്ങളെല്ലാം മിനി അറാകാനുകളാണ്. ചെങ്കുത്തായ മലമുകളിലും അവയുടെ ചരിവുകളിലുമായാണ് ഇവർ മറ്റൊരു അറാകൻ പുനഃസൃഷ്ടിച്ചിട്ടുള്ളത്. അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ജനിച്ച നാട്ടിൽ ലഭിക്കാത്ത സ്വാതന്ത്ര്യം അവർ ഇവിടെ അനുഭവിക്കുന്നു. താമസ രേഖയും ജീവിക്കാനുള്ള ഉപാധികളും നൽകി സൗദി ഭരണകൂടമാണ് അറാകാൻ ജനതയെ ഇവിടെ കാത്തുപോരുന്നത്.
സിമന്റ് തേപ്പോ, പെയിന്റിംഗോ ഇല്ലാത്ത ചുടുകട്ടകളിൽ പടുത്തുയർത്തിയ ബഹുനില മന്ദിരങ്ങൾ. അതിലെ തിങ്ങിനിറഞ്ഞുള്ള താമസം. കിഴക്കാൻതൂക്കായ ഇടുങ്ങിയ ശുചിത്വമില്ലാത്ത വഴികൾ. ഇതൊക്കെയാണെങ്കിലും അനുഗ്രഹിക്കപ്പെട്ട ഭൂമിയുടെ ചാരത്തെ ജീവിതത്തിൽ അവർ സംതൃപ്തരാണ്. കാലപ്പഴക്കം വേഷത്തിലും ഭാവത്തിലുമെല്ലാം അറബ് വംശജരുടേതായ സമാനതകൾ അവരിൽ തീർത്തിട്ടുണ്ടെങ്കിലും തങ്ങളുടെ സംസ്‌കാരത്തിലും ജീവിത ശൈലിയിലും ഒരു വിട്ടുവീഴ്ചക്കും തയാറായിട്ടില്ല. ഇവിടെ ജീവിക്കുന്നവരിൽ പലരും സ്വന്തം രാജ്യം തന്നെ കണ്ടിട്ടില്ലെങ്കിലും മാതൃഭാഷാ സ്‌നേഹം ഇന്നും അവർ നെഞ്ചിലേറ്റുന്നു. ഭക്ഷണ രീതി, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിവാഹം, കുടുംബ ജീവിതം തുടങ്ങി എല്ലാം സ്വന്തം സംസ്‌കാരത്തിനനുസൃതമായി കാത്തു സൂക്ഷിക്കുന്നു. സ്ത്രീകൾ അധികപേരും പുറത്തുപോലും ഇറങ്ങാതെ കുടുംബകാര്യങ്ങളിൽ വ്യാപൃതരായി വീടകങ്ങളിൽ തന്നെ കഴിയുന്നു. മാതൃരാജ്യത്ത് അവശേഷിക്കുന്ന തങ്ങളുടെ ഉറ്റവരും ഉടയവരും ഇന്നും ഭരണകൂട ഭീകരതക്കിരയായായി നിരന്തരം പീഡനത്തിനിരയായിട്ടും സ്വന്തമെന്ന് പറയാവുന്ന യാതൊന്നും ഇല്ലാതിരുന്നിട്ടും മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഇവരിലധികവും. ഇന്നല്ലെങ്കിൽ നാളെ സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതിനായി എന്തൊക്കെ തന്നെ ത്യജിക്കേണ്ടി വന്നാലും അതിനു തയാറെന്ന നിശ്ചയദാർഢ്യമാണ് അവരുടെ വാക്കുകളിൽ.
മക്ക റുസൈഫയിലെ ഒരു മലയുടെ ഓരം ചേർന്ന നടപ്പാതയിലൂടെയാണ് റോഹിങ്ക്യക്കാർ താമസിക്കുന്ന പ്രദേശത്തെത്തിയത്. മറ്റൊരു വഴിയിലൂടെ ചെറുവാഹനങ്ങൾക്ക് അതിനു മുകളിലെത്താം. മല കയറി കുത്തനെയുള്ള ഇറക്കത്തിലൂടെ ഇടുങ്ങിയ നടപ്പാതയിലേക്ക് പ്രവേശിച്ചാൽ ഏതാനും മീറ്റർ ദൂരെ വരെ ചെറുവാഹനങ്ങൾക്കു വരെ പോകാനാവൂ. പിന്നീട് അവരുടെ മാർക്കറ്റിലേക്കും താമസകേന്ദ്രങ്ങളിലേക്കും പോകണമെങ്കിൽ കാൽനട തന്നെ ആശ്രയം. കുത്തനെയുള്ള പടികൾ കയറിയും താഴെയുള്ള റോഡിൽനിന്ന് ഇവിടെ എത്താം.
മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ ഉരുളക്കിഴങ്ങും സവാളയും വിൽക്കുന്ന രസ്തം അബ്ദുൽ കരീമിനു ചുറ്റും അളുകൾ കൂടിയിരിക്കുന്നു. കരീമിന്റെ മുഖം വിഷാദമായിരുന്നു. അദ്ദേഹത്തിന്റെ കൈവശം ഒരു മൊബൈലും മടിയിൽ പ്രത്യേക രീതിയിലുള്ള ചെറിയൊരു സ്പീക്കറും. സ്പീക്കറിലൂടെ ഒഴുകിയെത്തുന്നത് അറാകാനിൽ നടക്കുന്ന ക്രൂരതയുടെ വിശേഷങ്ങളായിരുന്നു. മംഗലു ഗ്രാമത്തിൽ വീണ്ടും ആക്രമണം ഉണ്ടായെന്നും ജീവഹാനി ഉൾപ്പെടെ നിരവധി പേർ ആക്രമണത്തിനിരയായെന്നുമായിരുന്നു വാർത്ത. ഇത് അവിടെ കൂടിനിന്നവരെയും ദു:ഖത്തിലാഴ്ത്തി. ഇത്തരം വാർത്തകളാണ് ദിവസവും അറാകാനിൽ നിന്നുമെത്തുന്നതെന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സൗദിയിലെ റോഹിങ്ക്യൻ മുസ്‌ലിംകൾക്കിടയിലെ സാമൂഹ്യ പ്രവർത്തകരായ സലീം അബ്ദുല്ല അറാകാനും, അബ്ദുറഹ്മാനും പറഞ്ഞു. അതു ശരിവെക്കുന്നതായിരുന്നു തൊട്ടടുത്ത കടയിൽ വെറ്റില, പാക്, ഉണ ക്കമീൻ തുടങ്ങിയ സാധനങ്ങൾ വിറ്റ് ഉപജീവനം കണ്ടെത്തുന്ന നൂർ ആലമിന്റെ വാക്കുകൾ. അമ്മാവനും അളിയനുമടക്കം അടുത്ത ബന്ധുക്കളായ അഞ്ച് പേരാണ്് തങ്ങളുടെ കുടുംബത്തിന് നഷ്ടമായതെന്ന് നൂർ ആലം പറഞ്ഞു. കൊടും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന തങ്ങളുടെ ഗ്രാമത്തിനു നേരെ ബുദ്ധ വംശജർ നടത്തിയ ആക്രമണത്തിലായിരുന്നു അവർ കൊല്ലപ്പെട്ടത്. നിയമപാലകർ അക്രമികളുടെ പക്ഷത്തായതിനാൽ ഒരു നീതിയും തങ്ങൾക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. നാട്ടിൽ നിൽക്കുക പ്രയാസമായപ്പോൾ പാക്കിസ്ഥാനിലെ കറാച്ചിയിലേക്കും അവിടെനിന്ന് 10 വർഷം മുമ്പ് സൗദിയിലേക്കും പോരുകയായിരുന്നു. ഇദ്ദേഹം ജന്മനാട് കണ്ടിട്ട് വർഷങ്ങളായി. പതിനൊന്ന് മക്കളിൽ നാലു മക്കൾ പാക്കിസ്ഥാനിലും മറ്റുള്ളവർ തന്നോടൊപ്പവുമാണെന്ന് നൂർ ആലം പറഞ്ഞു.
ഇതേ മാർക്കറ്റിൽ ജോലി ചെയ്ത് ജീവിക്കുന്ന മുഹമ്മദ് കമറുള്ളക്ക് പറയാനുണ്ടായിരുന്നത് അതിലുമേറെ സങ്കടകരമായ കഥകളായിരുന്നു. ഭാര്യാ പിതാവ്, മാതൃസഹോദരൻ തുടങ്ങിയ കുടുംബാംഗങ്ങൾ അതിക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് കമറുള്ള പറഞ്ഞു. കിടക്കാൻ കിടപ്പാടം പോലും ഇല്ലാതെ നാട്ടിൽ അവശേഷിക്കുന്ന കുടുംബാംഗങ്ങളുടെ ജീവൻ ഏതു നിമിഷത്തിലും അപകടത്തിലാവാമെന്ന സ്ഥിതിവിശേഷമാണ് അറാകാനിലെ ഗ്രാമങ്ങളിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യയും മകനുമടക്കം ഉറ്റവർ നഷ്ടപ്പെട്ട മറ്റൊരാൾ കൂടിയുണ്ടെന്ന് അവിടെ കൂടിയവരിലൊരാൾ പറഞ്ഞതു പ്രകാരം അദ്ദേഹത്തിന്റെ കടയിൽ എത്തിയെങ്കിലും കട അടഞ്ഞുകിടക്കുകയായിരുന്നു. ഇത്തരം മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ അനുഭവ കഥകൾ മക്കയിലെ റോഹിങ്ക്യൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് പറയാനുണ്ട്.
നാട്ടിൽ നിന്നുമെത്തുന്ന ഓരോ വാർത്തകളും ഒന്നല്ലെങ്കിൽ മറ്റൊരാൾക്ക് ദു:ഖം സമ്മാനിക്കുന്നതാണ്. മാതാപിതാക്കളെയും മക്കളെയും കുറിച്ച് വർഷങ്ങളും മാസങ്ങളുമായി വിവരമില്ലാത്തവരും മക്കയിലെ റോഹിങ്ക്യക്കാർക്കിടയിലുണ്ട്. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും അറിയാത്ത സ്ഥിതി. പല ഗ്രാമങ്ങളിൽനിന്നും പിടിച്ചുകൊണ്ടുപോകുന്ന പുരുഷന്മാരിൽ പലരും പിന്നെ മടങ്ങിവരാറില്ല. ഇവർ എവിടെയാണെന്ന് അന്വേഷിക്കാനോ തിരക്കാനോ കഴിയാതെ തീ തിന്നാണ് പലരും കഴിയുന്നത്.
മക്കയിലെ റോഹിങ്ക്യൻ വംശജർ ചെറിയ ജോലികളിലേർപ്പെട്ടും അവർക്കിടയിൽതന്നെ പലപല കച്ചവടങ്ങൾ ചെയ്തും ജീവിക്കുന്നുണ്ടെങ്കിലും സ്വന്തം നാട് കാണാനോ ബന്ധുക്കളുടെ അടുത്തെത്തി ആശ്വസിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണിവർ. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ അപ്പപ്പോൾ അറിയാനുള്ള സൗകര്യം പോലുമില്ല. കാരണം, വാർത്താ വിനിമയ സംവിധാനങ്ങൾ അറാകാനിൽ പാടെ തകർന്ന മട്ടിലാണ്. പുറം ലോകവുമായി ബന്ധപ്പെടാനോ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കു പോലും പോകാനോ കഴിയാത്ത ഭീകര സാഹചര്യമാണ് അവിടെ നിലനിൽക്കുന്നതെന്ന് മക്കയിലെ റോഹിങ്ക്യക്കാർ പറഞ്ഞു.
മാതൃ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കപ്പെട്ട് പല രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുമ്പോഴും റോഹിങ്ക്യൻ മുസ്‌ലിംകളുടെ പുതിയ തലമുറ ഏറെ പ്രതീക്ഷയിലാണ്. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ രാജ്യത്ത് തിരിച്ചെത്താനാവുമെന്നും സ്വന്തം മണ്ണിൽ കുടുംബമായി സൈ്വര്യത്തോടെ ജീവിക്കാനുള്ള നാളുകൾ പിറക്കുമെന്നുമുള്ള കണക്ക് കൂട്ടലിലാണവർ. അതിനായുള്ള പോരാട്ടത്തിന് പ്രധാന ആയുധമായി അവർ കണ്ടിട്ടുള്ളത് വിദ്യാഭ്യാസമാണ്. അതു സ്വായത്തമാക്കുന്നതിൽ പുതിയ തലമുറ ഏറെ തൽപരരുമാണ്. അതുകൊണ്ടുതന്നെ എന്തൊക്കെതന്നെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാണ് മക്കയിലെ റോഹിങ്ക്യൻ വംശജർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വന്തമായി സ്‌കൂൾ ഇല്ലെങ്കിലും സൗദി അധികൃതരുടെ കനിവിൽ സൗദി സ്‌കൂളുകളിലാണ് റോഹിങ്ക്യൻ കുട്ടികൾ പഠിക്കുന്നത്.
സ്ത്രീകൾ പൊതുവെ പുറത്തിറങ്ങാൻ മടിക്കുന്നവരാണെങ്കിലും വിദ്യാഭ്യാസം നേടുന്നതിൽ പെൺകുട്ടികളും ഒട്ടും പിന്നിലല്ല. ആൺകുട്ടികളോടൊപ്പം അവരും സ്‌കൂളുകളിൽ പോകുന്നു. റുസൈഫയിലെ റോഹിങ്ക്യൻ തെരുവിൽ സ്ത്രീകളായി കാണുന്നത് സ്‌കൂളിൽപോകുന്ന പെൺകുട്ടികളെ മാത്രമാണ്. സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിനു പുറമെ ഖുർആൻ പഠനത്തിനും മത വിദ്യാഭ്യാസത്തിനുമായി പ്രത്യേക ക്ലാസുകളും കുട്ടികൾക്കായി നടത്തുന്നുണ്ട്. പള്ളികൾ കേന്ദീകരിച്ചാണ് ഖുർആൻ പഠനം. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും പുതിയ തലമുറക്ക് പകർന്നു നൽകിയല്ലാതെ വിജയം കൈവരിക്കാനാവില്ലെന്ന ചിന്ത റോഹിങ്ക്യൻ കുടുംബങ്ങളിലെല്ലാം നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു മക്ക റുസൈഫയിലെ പള്ളികൾ കേന്ദ്രീകരിച്ചുള്ള മദ്രസകളിലെ കുട്ടികളുടെ സാന്നിധ്യം.
സ്വന്തം രാജ്യത്തുനിന്ന് പീഡനങ്ങൾക്കിരയായി പലായനം ചെയ്ത ലക്ഷക്കണക്കിനു അഭയാർഥികളെ സ്വീകരിക്കാനും അവർക്ക് ആശ്വാസം പകരാനും ഒട്ടേറെ രാജ്യങ്ങൾ തയാറായിട്ടുണ്ട്. പതിറ്റാണ്ടുകളായുള്ള പലായന ഫലമായി ലോകത്തിന്റെ ഒട്ടേറെ രാജ്യങ്ങളിൽ റോഹിങ്കൻ വംശജർ എത്തിപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എത്തിപ്പെട്ട ഒട്ടുമിക്ക രാജ്യങ്ങളും സൗഹാർദ സമീപനമായിരുന്നു ഇവരോട് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിൽ യു.എന്നിന്റെ പ്രോത്സാഹനവും ഈ രാജ്യങ്ങൾക്കു ലഭിച്ചിരുന്നു. റോഹിങ്ക്യൻ അഭയാർഥികൾക്ക് മാനുഷിക പരിഗണന നൽകിയ രാജ്യങ്ങളെയെല്ലാം യു.എൻ പ്രകീർത്തിച്ചിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ പ്രഥമ സ്ഥാനത്താണ് സൗദി അറേബ്യ. സൗദിയിലെ രണ്ടര ലക്ഷത്തോളം വരുന്ന അഭയാർഥികളിൽ 1,25,000 പേർക്ക് ഒറ്റയടിക്ക് നാലുവർഷ കാലാവധിയുള്ള സൗജന്യ ഇഖാമ അനുവദിച്ചുകൊണ്ട് മാനുഷികതയുടെ പര്യായമായി സൗദി അറേബ്യ മാറുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. അവശേഷിക്കുന്നവർക്കും ഘട്ടം ഘട്ടമായി ഇഖാമ അനുവദിച്ചുകൊണ്ടിരിക്കുകയാണ്. ഇഖാമ ലഭിച്ചവർക്ക് സൗദി സ്‌കൂളുകളിൽ സൗജന്യ വിദ്യാഭ്യാസവും ആശുപത്രി ചികിത്സയും ലഭ്യമാണ്. ജോലിയുടെ കാര്യത്തിലും ഇവർക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചുവരുന്നത്. സൗദി അറേബ്യയുടെ ഈ നടപടി റോഹിങ്ക്യൻ വംശജരിൽ തൊല്ലൊന്നുമല്ല ആത്മവിശ്വാസം വളർത്തിയത്.
അഭയാർഥികളായുള്ളവരുടെ ജീവിത സാഹചര്യങ്ങൾ പലയിടത്തും മികച്ച രീതിയിലല്ലെങ്കിലും വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കുന്നിടത്തെല്ലാം അതുപയോഗപ്പെടുത്താറുണ്ടെന്നതിനു തെളിവാണ് റോഹിങ്ക്യക്കാർക്കിടയിലെ യുവ സാമൂഹ്യ പ്രവർത്തകനായ അബ്ദുറഹ്മാൻ. എട്ടു വർഷത്തോളമായി സൗദിയിലുള്ള ഈ യുവാവ് പാക്കിസ്ഥാനിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയാണ് സൗദിയിലെത്തിയത്. സൗദിയിലുള്ള റോഹിങ്ക്യൻ യുവാക്കളിൽ പലരും സ്വന്തം നാട് കണ്ടിട്ടില്ലെങ്കിലും തങ്ങളുടെ രാജ്യത്തെക്കുറിച്ച ചിന്തയും വികാരവും അവരുടെ മനസുകളിലുണ്ട്. സ്വന്തം സംസ്‌കാരവും പാരമ്പര്യവും മുറുകെ പിടിച്ചുകൊണ്ടുള്ള കുടുംബ ജീവിതമാണ് യുവാക്കളിൽ ഈ വികാരം നിലനിർത്തുന്നത്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കിൽ നാളെ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കറുതിയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് തങ്ങളെന്ന് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ മുഹമ്മദ് ജമാൽ ഹുസൈൻ പറഞ്ഞു. റോഹിങ്ക്യൻ വംശജർക്കായി കുറേക്കാലം ഇദ്ദേഹം ഒരു മാഗസിൻ നടത്തിയിരുന്നു. അറാകാനിലെ വിശേഷങ്ങൾക്ക് മുൻതൂക്കം നൽകിയുള്ളതായിരുന്നു ഇത്. പാക്കിസ്ഥാനിൽ നിന്നാണ് മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നത്. കോപ്പി മക്കയിലെത്തിച്ചും വിതരണം ചെയ്തിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ തുടർന്നു നടത്താനാവാതെ മാസിക നിറുത്തേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതക്കടലിൽ ഉഴലുമ്പോഴും സ്വന്തം രാജ്യത്തോട് കൂറും സ്‌നേഹവും പുലർത്തി നാട്ടിൽ ദുരിതത്തിൽ കഴിയുന്ന സഹോദരങ്ങൾക്കായി പ്രാർഥിച്ചും ആവുന്ന സഹായങ്ങൾ എത്തിച്ചുമാണ് മക്കയിലെ റോഹിങ്ക്യൻ വംശജർ കഴിയുന്നത്. കൊടും തണുപ്പിൽ ഉടുതുണിപോലും ഇല്ലാതെ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ബ്ലാങ്കറ്റുകളും കഴിയുന്ന സാമ്പത്തിക സഹായങ്ങളും പല മാർഗത്തിലൂടെ എത്തിച്ചുവരികയാണെന്ന് ജസ്റ്റിസ് ഫോർ റോഹിങ്ക്യ സെക്രട്ടറി ജനറൽ സലീം അബ്ദുല്ല അറാകാൻ പറഞ്ഞു. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ച് പ്രാർഥനാ നിരതമായ മനസുമായി കഴിയുന്ന തങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ വരാതിരിക്കില്ലെന്ന പ്രതീക്ഷയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.
റോഹിംഗ്യൻ കേന്ദ്രത്തിലും ബൂഫിയ മലയാളിയുടേത്
ജിദ്ദ ആയിരക്കണക്കിനു റോഹിംഗ്യക്കാർ താമസിക്കുന്ന മക്ക റുസൈഫയിലും മറ്റെവിടെയുമെന്ന പോലെ ബൂഫിയ നടത്തിപ്പുകാർ മലയാളികൾ. ഇടുങ്ങിയ പാതയോരത്ത് പച്ചക്കറി, കോഴിയിറച്ചി, മീൻ, പലവ്യഞ്ജനം, തുണിത്തരങ്ങൾ തുടങ്ങിയവയുടെ ഒട്ടേറെ കടകളുണ്ട്. എല്ലാത്തിന്റെയും നടത്തിപ്പുകാർ റോഹിംഗ്യൻ വംശജർ. ഒട്ടുമിക്ക പേരുടേയും പ്രധാന ജോലി കച്ചവടമാണ്. എന്നാൽ അവർക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്നതാണ് വേങ്ങര സ്വദേശികളായ മുസ്തഫ, മുജീബ്, അസൈനാർ തുടങ്ങിയവർ ചേർന്നു നടത്തുന്ന ബൂഫിയ. സാന്റ്‌വിച്ചും പൊറോട്ടയും ഇറച്ചി കറിയും തുടങ്ങി എല്ലായിനങ്ങളും ഈ കടയിലുണ്ട്.
മലയാളികൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ റോഹിങ്ക്യക്കാരുടെയും ഇഷ്ട ഭക്ഷണമായതിനാലാണ് എട്ടു വർഷമായി തങ്ങൾക്കിവിടെ പിടിച്ചു നിൽക്കാനായതെന്ന് അവർ പറഞ്ഞു. നല്ല സഹകരണമാണ് ഇവരിൽനിന്ന് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.