കുവൈത്ത് സിറ്റി - സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നീ നിയമ ലംഘനങ്ങള്‍ നടത്തി രണ്ടാമതും പിടിയിലാകുന്ന വിദേശികളെ നാടുകത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ഹശാശ് പറഞ്ഞു. നിയമ ലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിന് ട്രാഫിക് നിയമത്തിലെ 270-ാം വകുപ്പ് അനുവദിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവരെ നാടുകടത്തുന്നതിന് ആഭ്യന്തര മന്ത്രിക്ക് അവകാശമുള്ളതായി മറ്റ് വകുപ്പുകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം കടുത്ത ശിക്ഷകള്‍ നടപ്പാക്കുന്നത് ജാഗ്രതയോടെയായിരിക്കണമെന്ന് നിയമ വിദഗ്ധര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ അടക്കമുള്ള കുവൈത്തികള്‍ക്കെതിരെ മറ്റു രാജ്യങ്ങളിലും സമാന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമോയെന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ ലോ വിഭാഗം പ്രൊഫസര്‍ മുദവസ് അല്‍റാശിദി പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുടെയും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവരുടെയും വാഹനങ്ങള്‍ പിടിച്ചെടുത്ത് മാസങ്ങളോളം കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനത്തില്‍ കുവൈത്തികള്‍ കടുത്ത രോഷം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മുതലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയത്.