'പ്രണയിക്കുന്നവരുടെ ലോകം 'നീ' യെന്ന അക്ഷരത്തെ കേന്ദ്രമാക്കി സ്യഷ്ട്ടിച്ചതാണ്'
കുട്ടിക്കാലത്ത് പച്ചയോല കൊണ്ട് കമ്മലും മാലയുമുണ്ടാക്കി, മിനുക്കമുള്ള ഷാൾ സാരിയാക്കി അണിഞ്ഞ് കുട്ടിപ്പുര കെട്ടിക്കളിക്കുമ്പോൾ പോലും എന്നിൽ പുരുഷസങ്കൽപ്പമുണ്ടായിരുന്നു. അദൃശ്യനായ ഒരാളോട് സംസാരിച്ച്, മണ്ണും പച്ചിലയും കൊണ്ടുള്ള സദ്യയുണ്ടാക്കി വിളമ്പുമ്പോൾ പോലും പെൺകുട്ടികൾ അന്നൊക്കെ നാണത്തിൽ മുഖം കുനിച്ചിരിക്കാറുണ്ടായിരുന്നു. ബാല്യത്തിലെ രസമുള്ള കളികളിൽ അങ്ങനെ മണവാട്ടിയെ പോലെ എത്രയോ തവണ ഞാൻ ഒരുങ്ങിയിരുന്നു..
എന്റെ കൗമാരം വായനയിൽ കുതിർന്നതിന്റെ ഫലമാകും പിന്നീട് ഗന്ധർവപ്രണയം തലയ്ക്ക് പിടിച്ചത്. ആ ദിനങ്ങളിൽ ഗന്ധർവനെ പ്രണയിക്കുന്നവളെപ്പോലെ പല മിത്തുകളിലേക്ക് സ്വയമിറങ്ങി പല കഥകൾ മെനഞ്ഞു. ആൾക്ക് രൂപവും ഭാവവും കൊടുത്ത് എനിക്ക് മാത്രം കാണാൻ കഴിയുക എന്ന ചിന്തയിൽ സ്വപ്‌നങ്ങളുടെ കേദാരം മെനഞ്ഞെടുത്തിട്ടുണ്ട്. എന്റെ വീട്ടിൽ വലിയ ഒരു പാലമരം ഉണ്ടായിരുന്നു .ആ കാലങ്ങളിൽ തുറന്നിട്ട ജനലിലൂടെ മിഴിനട്ട് ഉറങ്ങാതെ കിടന്നിട്ടുണ്ട് കേട്ടറിവുകളിലെ ഗന്ധർവനെ കാണാൻ!
പിന്നിടെപ്പോഴൊ വാക്കുകളിൽ കോർത്തു വലിക്കുന്ന പ്രണയചേഷ്ടകളിലേക്ക് ജീവിതത്തെ പറിച്ചു നടേണ്ടിവന്നു. വിശ്വാസത്തിന്റെ വേലിക്കെട്ടുകളെ വലിച്ചു പൊളിച്ചു കളയുന്ന മാറ്റങ്ങളുടെ തുടക്കം.
'നിമിഷങ്ങളെ പ്രണയിക്കുന്നവരത്രേ ഈ ഗന്ധർവന്മാർ'
'എന്റെ ഓർമയിലെ ആ പ്രണയദിനങ്ങൾക്ക് ശവക്കച്ചയുടെ ഗന്ധമാണ്.നിമിഷങ്ങളെ പ്രണയിക്കുന്ന ഗന്ധർവ സങ്കൽപ്പം വലിച്ചെറിഞ്ഞു കളയാൻ കഴിയും വിധം ശക്തവും'
തിരിച്ചറിവിന്റെ വഴികളിൽ എപ്പോഴോക്കെയൊ എഴുതിത്തുടങ്ങി.
'ഞങ്ങൾ വീണ്ടും കണ്ടുമുട്ടും, ഒരിക്കൽ പ്രണയിച്ചിരുന്നു എന്ന നാട്യത്തിൽ'
ഉപേക്ഷിച്ചെറിയപ്പെട്ടതിന്റെ കാരണം തേടിയുള്ള യാത്രയിൽ ഞാൻ അറിഞ്ഞതെല്ലാം, സ്‌നേഹിക്കപ്പെടേണ്ടതിന്റെ ആവശ്യകത പറയും തോറും മുഖംമൂടികൾ സ്വന്തം മാംസത്തോട് തുന്നിച്ചേർത്തു കൊണ്ടിരിക്കുന്നവരെ കുറിച്ചായിരുന്നു.
എന്റെ പുരുഷൻ വെറുമൊരു സങ്കൽപ്പമായി മാറും വിധം അനുഭവങ്ങളിൽ വേട്ടയാടപ്പെട്ടു. പറയുവാനാകാത്ത മനസ്സിന്റെ പാഴ്‌വാക്കുകളിൽ എന്റെ പുരുഷസങ്കൽപ്പം മരച്ചില്ലയിൽ തൂങ്ങിയാടി. വാഗ്ദാനങ്ങളുടെ പെരുമഴയിൽ ഞാൻ അന്ധയായിരുന്നു. പിന്നീട് പെയ്ത മഴയിൽ ഞാൻ തനിച്ചും, ചൂടാൻ ഉള്ള കുടപോലും മറന്നു! വിശ്വാസങ്ങളുടെ അതിർത്തി ഭേദിക്കപ്പെട്ടതിനാൽ സംശയത്തിന്റെ ചിന്തകളിൽ തലയുടെ ഭാരം കൂടി.ആ സമയങ്ങളിൽ മനസ്സ് കൊടും വേനലിന്റെ ചൂടിൽ പുളഞ്ഞിരുന്നു. കാരണമൊന്നും പറയാതെ കാരണങ്ങൾ ഒന്നും തേടാതെ ഞാൻ ഉഗ്രവേനലിന്റെ കോപത്തെ അനുഭവിച്ചു വളരെക്കാലം.
'ചില ഓർമ്മകൾ ഒരുതരം ഭ്രാന്തിന്റെ ജൽപ്പനങ്ങളാണ്'
ഓർമയുടെ വേലിയേറ്റമോ വേലിയിറക്കമോ ഇല്ലാതെ ജീവിതത്തിന്റെ പ്രായോഗികതയിൽ കൈകോർത്തു പിടിച്ചു നടക്കാൻ കഴിയുന്നവർ ജീവിതത്തിൽ വിജയകിരീടം ചൂടുന്നവർ. സ്‌നേഹത്തിന്റേയും പ്രണയത്തിന്റെയും വിവിധഭാവങ്ങൾ എന്നിലൂടെ കടന്നു പോയിട്ടും മറക്കാനാകാത്ത ഒരു വേദന എന്നിൽ പറ്റിച്ചേർന്നു വളർന്നു കഴിഞ്ഞിരുന്നു. എന്നിലെ തീരുമാനങ്ങളുടെ അനിശ്ചിതത്വം അവിടെയാണ്. സ്‌നേഹം പാകം ചെയ്‌തെടുക്കേണ്ട ഒന്നാണെന്നു തിരിച്ചറിവുണ്ടായത് അത്ര ക്രൂരമായി കബളിപ്പിക്കപ്പെട്ടതിനു ശേഷമാണ്. ഓർമ്മകൾ ഒരു ക്യാൻസർ ആയപ്പോൾ മൂർച്ചയേറിയ ഒരു ആയുധം കൊണ്ട് പലതും ഞാൻ വെട്ടിമാറ്റി.
ശരിക്കും പറഞ്ഞാൽ സഹതപിക്കണം പുരുഷന്മാരോട്. പുരുഷത്വം ലൈംഗികതയുമായി ചേർത്തു വെച്ച വാക്കായി മാറ്റിയതിൽ. നിങ്ങൾക്ക് ഒരിക്കലും ഒരു സ്ത്രീയുടെ ഭ്രാന്തായി മാറാൻ കഴിയുന്നില്ലായെങ്കിൽ മൃഗങ്ങളെ പോലെ നിങ്ങളും ഭോഗിക്കുകയാണ്. ഓരോ സംഭോഗ ശേഷവും ഊരിയെറിയുന്ന ഉറകളിൽ അവളോടുള്ള ആവേശവും നിങ്ങൾ കളഞ്ഞേക്കാം.
ഒരിക്കലും ഉപേക്ഷിച്ചെറിയാൻ ആകാത്ത കണ്ണിപോലെ എന്തോ ഒന്നു വളർന്നു പടർന്നു പന്തലിച്ചിട്ടുണ്ട് ഓരോ സ്ത്രീകളുടേയും മനസ്സിൽ. അവർ അറിഞ്ഞ പുരുഷനെ തള്ളി കളയാനാവാത്തവിധം ചങ്ങലക്കെട്ടുകൾ കൊണ്ട് അവർ അവിടെ ഉന്മാദങ്ങളെ പിണച്ചു കെട്ടിയിരിക്കുന്നു.
'ഇന്ന് പ്രണയത്തിന്റെ പരീക്ഷണവസ്തു സ്ത്രീശരീരമാകുന്നു' എന്ന അലിഖിത നിയമത്തിൽ സ്ത്രീയും സ്വന്തം പുരുഷനെ തേടികൊണ്ടേയിരിക്കുന്നു. അതും മറ്റൊരുവശം. എന്നാൽ ഒരുവളുടെ ജീവിതത്തിന്റെ തിക്താനുഭവങ്ങളിൽ അവൾ പ്രാണവായുപോലെ സ്‌നേഹിച്ചവൻ ഉണ്ടാകുന്നതു എത്ര വിരോധാഭാസമാണ്.
മഴ നനഞ്ഞ കാൽപ്പനികതയിൽ നിന്നു സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടിയുള്ള കലാപങ്ങൾ ഇന്നിന്റെ നേർകാഴ്ച്ചകളാകുമ്പോഴും ഇന്നും പുരുഷന്മാർക്ക് ചോദ്യങ്ങളെ ഭയമാണ്. ഈ കാലത്തിന്റെ മുഖം സ്ത്രീയിൽ ഉല്ലസിക്കുന്ന പുരുഷന്റെ പേശീബലത്തിൽ പുതിയ ഒഴുകലുകളാണ്. ആണും പെണ്ണുമല്ലാത്ത മരണം പോലെ. അറിയുംതോറും ആഴം കൂടുന്ന ബന്ധങ്ങളിൽ ഒരു നീർകുമിളപോലെ, നിർജ്ജീവമായ ചന്ദ്രദേശം പോലെ, തരിശുനിലം പോലെ ,ആനന്ദരഹിതമായ ജീവിക്കുന്ന എത്രയോ സ്ത്രീകൾ ജീവിച്ചിരിക്കുന്നു! സുഖകരങ്ങളായ നൊമ്പരങ്ങളാണ് ജീവിതത്തിനു ലക്ഷ്യവും സൗന്ദര്യവും നൽകുന്നത്. ഇരുട്ടുകൊണ്ട് തിരിച്ചറിയുന്നതല്ലേ
വെളിച്ചം. എന്നിലെ വെളിച്ചത്തിന്റെ കണമാണു എന്റെ പുരുഷൻ.
ഞാൻ കണ്ടെത്തിയ സത്യവും.
എന്റെ ചിന്തകളെ അടുക്കി വെയ്ക്കാൻ സഹായിക്കുകയും ആത്മാവിന്റെ ഏകാന്തതയിൽ മൗനത്തിന്റെ മൂടുപടം അണിഞ്ഞയെന്റെ മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നവനാണു എന്റെ പുരുഷൻ. അവന്റെ മുന്നിൽ ചിന്താഭാരം ഇല്ലാതെ അനുഭവവേദ്യമാകുന്ന ശൂന്യതയിൽ കൈകോർക്കുന്ന കാഴ്ച്ചയുടെ നിമിഷങ്ങളെ പ്രണയിക്കുകയാണു ഞാൻ ഇന്ന്!
മരങ്ങൾക്കിടയിലൂടെ തണുപ്പ് കൊണ്ട് നടക്കാൻ, ഏറ്റവും മനോഹരമായി എനിക്ക് ജീവിതത്തെ സ്‌നേഹിക്കാൻ, സ്വയം തുന്നിച്ചേർത്ത
വൽമീകത്തിലിരുന്ന് ആ പ്രണയത്തെ ഞാൻ കരുതലോടെ സൂക്ഷിക്കുന്നു. പൂർത്തിയാകാത്ത കൊത്തുപണികളുള്ള ശിൽപ്പം പോലെ മനസ്സിൽ ഒരു രൂപത്തെ സങ്കൽപ്പിച്ചു കൊണ്ടു തന്നെ!
എന്നെ പറയാനും കേൾക്കാനും ഒരാളായി..
എന്റെ മിഴിമഴകളിലെല്ലാം കെടാവിളക്കായി..
മഴ നനഞ്ഞ് ആടിത്തിമിർക്കുമ്പോൾ ഒരു ചിരിയിൽ ഒട്ടുന്ന കാർക്കശ്യരൂപമായി...
വെയിൽ കൊണ്ട് വാടിത്തളർന്ന് ബെഡ്ഡിൽ വീഴുമ്പോൾ തണുത്ത
വിരൽസ്പർശത്താൽ എന്റെ കണ്ണുകളെ മൂടുന്ന രൂപമായി..
മിഴി നനയുന്ന പ്രാർത്ഥനകളിൽ എന്റെ ചുണ്ടിനെ ഒപ്പിയെടുക്കുന്ന രൂപമായി...
എന്റെ ഹൃദയമിന്ന് പ്രണയജ്വാലയാൽ പ്രകാശമാനമാണ്. ചേഷ്ടകളില്ലാതെ ആത്മാവിന്റെ തിളക്കത്താൽ വെട്ടിതിളങ്ങും വിധം. വാക്കുകളോ അതുണർത്തുന്ന നൊമ്പരങ്ങളോ ഇല്ലാതെ ആത്മാവ് സ്വതന്ത്രമാക്കപ്പെടാനും ആത്മീയതയുടെ വനാന്തരങ്ങളിലേക്ക് കൈകോർത്തു നടക്കാൻ കഴിയും വിധം ഞാൻ എന്റെ ഉള്ളിലെ പുരുഷനെ ഒളിപ്പിച്ചു വെക്കുന്നു. പലരും ചോദിച്ചു,
എനിക്കും നിനക്കുമിടയിൽ എന്താണെന്ന്.
ഞാൻ ഒന്നും പറഞ്ഞില്ല.
നമുക്കിടയിലെ സമുദ്രത്തിന്റെ ആഴവും
ആകാശത്തിന്റെ പരപ്പും
കാറ്റിന്റെ ഇരമ്പവും
ആർക്കാണു മനസ്സിലാവുക?






