മജീദ് സെയ്ദിന്റെ ചെമ്പിലമ്മിണി കൊലക്കേസ് വായനയ്ക്കായെടുക്കുമ്പോൾ ഒരു വലിഞ്ഞുമുറുകിയ കുറ്റാന്വേഷണ കൃതി എന്നതായിരുന്നു കണക്ക് കൂട്ടൽ. ഗ്രന്ഥനാമമായി ക്രൈം നമ്പർ 25/83 എന്ന് കൂടി കണ്ടതും മജീദിന്റെ കഥകളായി നേരത്തേ വായിച്ചവയിൽപ്പെട്ട കാളുവിന്റെ പെങ്ങൾ, ചോരപ്പോര്, ഒന്നരക്കൊമ്പ് എന്നിവയിലെ ഡാർക് ഷേഡും ഒക്കെച്ചേർന്ന് നൽകിയ ഒരു മുൻ വിധിയായിരുന്നു അതിന് കാരണം.
എന്നാൽ ഒരു കുറ്റാന്വേഷണ കഥയെ മികച്ച ഒരു ദേശഗാഥയാക്കി മാറ്റുന്ന അസാധാരണമായ എഴുത്തുവിദ്യയാണ് ഈ പുസ്തകം എന്ന് പറയാതെ വയ്യ.
ഒരു മർഡർ മിസ്റ്ററിയിലൂടെ ഒരു ദേശത്തിന്റെ കഥ പറയുന്ന രചനാരീതി ടി.പി.രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലിലൂടെ മലയാളികൾക്ക് നേരത്തേ പരിചിതമാണ്. എങ്കിലും പാലേരി മാണിക്യത്തിൽ നിന്ന് മജീദിന്റെ പുസ്തകത്തെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അപാരമായ നർമം കലർന്ന ഒരു രചനയാണിതെന്നതാണ് അതിൽ പ്രധാനം. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിലെ നർമം നീണ്ടൊരിടവേളയ്ക്ക് ശേഷം അതേ തെളിമയിൽ ദർശിക്കാനാകുന്നു ചെമ്പിലമ്മിണി കൊലക്കേസിൽ. തലയോലപ്പറമ്പുകാരനായ ബഷീറിന് സ്വന്തം നാട്ടിൽ നിന്ന് തന്നെ ഒരു പിന്തുടർച്ചക്കാരൻ ഉണ്ടായിരിക്കുന്നു എന്ന് മജീദിന്റെ കാര്യത്തിൽ പറയാം.
40 വർഷത്തിനപ്പുറമുള്ള വൈക്കം, ചെമ്പ്, തലയോലപ്പറമ്പ്, ആപ്പാഞ്ചിറ എന്നീ പ്രദേശങ്ങളെ പശ്ചാത്തലമാക്കിയാണ് മജീദ് ഈ നോവൽ രചിച്ചിരിക്കുന്നത്.ഘടനാപരമായി നോക്കിയാൽ ഒരു പുലരിയിൽ തുടങ്ങി പാതിരാത്രിയ്ക്ക് മുമ്പേ അവസാനിക്കുന്ന ഒറ്റ ദിവസത്തെ കഥ മാത്രമാണ് ഈ നോവലിൽ. പക്ഷേ ആ സമയപരിധിക്കുള്ളിൽ നിന്ന്, കഥ നടക്കുന്ന ദേശത്തിന്റെ ഒരു നൂറ്റാണ്ട് കാലത്തെ കഥയെങ്കിലും നോവലിസ്റ്റ് പറയുന്നുണ്ട്. അത്രയേറെ സംഭവങ്ങൾ. ഡസൻകണക്കിന് കഥാപാത്രങ്ങൾ. വെറും 170 പേജിലായി അത് സന്നിവേശിപ്പിക്കുന്ന അസാധാരണമായ ഒരു കയ്യടക്കം ഇതിന്റെ രചനയിൽ എഴുത്തുകാരൻ പ്രകടിപ്പിച്ചിരിക്കുന്നു.
റെയിൽവേ പുറമ്പോക്കിൽ, ഒരു പുലരിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട, ചെമ്പിലമ്മിണി എന്ന നാടൻ ഗണികയുടെ മരണത്തെ കുറിച്ചന്വേഷിക്കാൻ പോലീസ് എത്തുന്നതും അവരതിനായി നിയോഗിക്കുന്ന പോലീസ് നായ മണം പിടിച്ച് ഒരു പകൽ മുഴുവൻ ദേശത്ത് കൂടെ പായുന്നതും നായയുടെ പിറകെ ദേശം മുഴുവൻ പായുന്നതുമായ സംഭവങ്ങളാണ് ഈ നോവലിൽ. ആ പാച്ചിലിനെ അടിസ്ഥാനമാക്കി ഒരു ജനതയുടെ ജീവിതാവസ്ഥ മുഴുവൻ വരച്ചിടുകയാണ് നോവലിസ്റ്റ്. ആ ഓട്ടം എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ തെല്ലൊന്ന് ഓർമപ്പെടുത്തുമെങ്കിലും വ്യത്യസ്തമായ ഒരു കഥ പറയാൻ മജീദിന് സാധിച്ചിട്ടുണ്ട്. ചെമ്പിലമ്മിണി കൊലക്കേസ് പേര് സൂചിപ്പിക്കുന്നതു പോലെ ഒരു കേസന്വേഷണത്തിന്റെ കഥയാണ്. പക്ഷേ ഇത് അതീവ സുന്ദരമായ ഒരു പ്രണയകഥയാണ് എന്നതാണ് സത്യം. അതിനാൽ ഒരു ക്രൈം ഫിക്ഷനപ്പുറത്തുള്ള ഒരു വായന അർഹിക്കുന്നുണ്ട് ഈ കൃതി.
ഒരു നാട്ടുമ്പുറത്തിന്റെ കഥ പറയുന്ന കൃതി എന്ന നിലയിൽ നാട്ടു തെളിമയുള്ള ഹൃദ്യമായ ഭാഷയിലാണ് മജീദ് ഇത് രചിച്ചിരിക്കുന്നത്.മജീദിന്റെ തന്നെ മുമ്പ് പ്രസിദ്ധീകരിച്ച കഥകളിൽ നാം കണ്ടു ശീലിച്ച ഭാഷയിൽ നിന്ന് ഏറെ വ്യത്യസ്തം. ഒരു എഴുത്തുകാരനെന്ന നിലയിൽ ഭാഷാ പ്രയോഗത്തിൽ മജീദിനുള്ള പാടവം കൂടി അതു വെളിപ്പെടുത്തുന്നു. നമ്മുടെ നാട്ടിലെ മതവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്താണെന്ന് കൃത്യമായി തൊലിയുരിച്ച് കാണിക്കാനും മജീദ് ഇതിൽ ശ്രമിച്ചിട്ടുണ്ട്.
നർമത്തിന്റെ അസാധാരണ തലങ്ങളിലൂടെ ഒരു കൊലക്കേസന്വേഷണത്തെ നടത്തുമ്പോഴും തത്ത്വചിന്തയുടെ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കാവുന്ന വക കൂടി എഴുത്തുകാരൻ ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.സമീപകാലത്ത് ദേശഗാഥകളായി മലയാളത്തിൽ വന്ന മികച്ച കൃതികൾ എസ്.ഹരീഷിന്റെ മീശയും, വിനോയ് തോമസിന്റെ 'പുറ്റും' , രാജശ്രീ. ആറിന്റെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥയും ആണല്ലോ. ആ കൃതികളുടെ ഒപ്പം പരിഗണനയർഹിക്കുന്നുണ്ട് ഈ നോവലും. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന ഒരു രാസവിദ്യ കൂടി മജീദ് ഈ കൃതിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. വരും കാലം മലയാളത്തിലെ മികച്ച കൃതികളുടെ കൂട്ടത്തിൽ ഈ പുസ്തകത്തെയും ചേർത്തുനിർത്തും എന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.






