'സണ്ണിയെ തൊട്ടാൽ കേരളം നിന്ന് കത്തും'

ബോബി ചെമ്മണ്ണൂരിന്റെ പ്രചോദനം ലീഡർ കെ. കരുണാകരനാണ്. നെഗറ്റീവായാലെന്താ, പബ്ലിസിറ്റി പബ്ലിസിറ്റി തന്നെയല്ലേയെന്നതാണ് ആപ്തവാക്യം. കാശൊന്നും മുടക്കാതെ ട്രോളുകളിലൂടെയും മറ്റും സ്ഥാപനത്തെ വിദഗ്ധമായി മാർക്കറ്റ് ചെയ്യുകയാണ് അദ്ദേഹം. ഗൾഫ് മലയാളികളുടെ മനസ്സിൽ നൊമ്പരപ്പെടുത്തുന്ന ഓർമയായ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ലെവലിനും അൽപം  മുകളിലാണ് ചെമ്മണ്ണൂർ നേടിയ പ്രചാരമെന്ന് പറയാം. രക്തദാനം പ്രചരിപ്പിക്കാൻ ഓടിയ ബോബി കൂട്ടുകാരൻ മറഡോണയെ കേരളത്തിൽ കൊണ്ടുവന്നു. കേരള കൗമുദി ടിവിയുമായുള്ള അഭിമുഖത്തിലെ തള്ളുകൾ കൊച്ചുകുട്ടികളെ പോലും സ്വാധീനിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെ സോഷ്യൽ മീഡിയ 'ബോചെ' എന്ന ചുരുക്കപ്പേരാണ്  വിളിക്കുന്നത്. ബോബി ചെമ്മണ്ണൂർ പറയുന്ന പല കാര്യങ്ങളും 'തള്ള്' ആണെന്ന വിമർശനവുമുണ്ട്. 
 പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ബോബി നടത്തിയ വെളിപ്പെടുത്തലാണ് പുതിയ ചർച്ച. വർഷങ്ങൾക്ക് മുമ്പ് താൻ പത്മശ്രീ പുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടിൽ ഉൾപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.  ഒരു പ്രാഞ്ചിയേട്ടൻ മോഡൽ അനുഭവകഥയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ  പറയുന്നത്.  പത്മശ്രീ പോലുള്ള പുരസ്‌കാരങ്ങളോട് തനിക്ക് ലവലേശം താൽപര്യമില്ല.  ഇതേ പത്മ പുരസ്‌കാരത്തിന്റെ ആദ്യ റൗണ്ടിൽ വർഷങ്ങൾക്ക് മുമ്പേ താൻ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദൽഹിയിലേക്ക്  വിളിപ്പിച്ചിരുന്നു എന്നും ബോചെ.  പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിളിച്ചവർ അരക്കോടി രൂപയാണ് ചെലവിനായി ആവശ്യപ്പെട്ടത്. 
എന്നാൽ അതിന് ബോബി ചെമ്മണ്ണൂർ തയ്യാറായില്ലത്രെ. അഞ്ചോ ആറോ ലക്ഷം രൂപ വരെ മുടക്കാൻ തയ്യാറായിരുന്നു. എന്നാൽ അമ്പത് ലക്ഷം കൊടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞുവെന്നാണ് ബോബി അവകാശപ്പെടുന്നത്. കേരളത്തിൽനിന്ന് തന്നെയുള്ള മറ്റൊരാൾ അന്ന് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് തന്നെ വിളിച്ചവർ പറഞ്ഞത് എന്ന് ബോബി വെളിപ്പെടുത്തി. അങ്ങനെയെങ്കിൽ, പത്മശ്രീ അവർക്ക് തന്നെ കൊടുത്തോളൂ എന്നായിരുന്നത്രെ ബോബിയുടെ മറുപടി. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരുകോടി രൂപയാണ് പത്മശ്രീ കിട്ടാൻ ചെലവിട്ടത്. 
താൻ ഒരിക്കലും ഒരു പ്രാഞ്ചിയേട്ടൻ അല്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അവകാശവാദം. ഇതിനിടയ്ക്ക് ഒരു നാൾ രാത്രി ഏഷ്യാനെറ്റിൽ നടൻ ജഗദീഷ് ആങ്കറായ തമാശ പരിപാടിയിൽ ബോബി അതിഥിയായെത്തി. കലാകാരന്മാരെ ഞെട്ടിച്ച് അദ്ദേഹം നൃത്തം ചെയ്തു. സെലിബ്രിറ്റിയുടെ പങ്കാളിത്തം കാരണമാവും ധാരാളം പരസ്യവും ഈ എപ്പിസോഡിന് കൂട്ടായുണ്ടായിരുന്നു. ദോഷം പറയരുതല്ലോ, ആദ്യഭാഗം രസകരമായിരുന്നു. പരസ്യത്തിനായുള്ള നീണ്ട ബ്രേക്കിന് ശേഷമാണ് പ്രേക്ഷകർ കബളിപ്പിക്കപ്പെട്ടത്. 

                    ****        ****      ****      ****

രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കോൺഗ്രസുകാരനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് വിട വാങ്ങുന്നത് സഹിക്കവയ്യാതെ അദ്ദേഹം പൊട്ടിക്കരഞ്ഞു. കോൺഗ്രസും കമ്യൂണിസ്റ്റും ബി.ജെ.പിയും ലീഗും പറഞ്ഞ് കു്ത്തിച്ചാവാൻ നടക്കുന്നവരൊക്കെ കണ്ടു പഠിക്ക്. രാജ്യസഭയിൽ നിന്നുള്ള ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് വൈകാരിക നിമിഷങ്ങൾക്ക്  സാക്ഷ്യം വഹിച്ചിരുന്നു. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി, പലതവണ പ്രസംഗത്തിനിടയിൽ വികാരാധീനനായിപ്പോയി. ഭരണപക്ഷത്തെ പ്രമുഖർ ഗുലാം നബി ആസാദിനെ പ്രശംസകൾകൊണ്ട് മൂടി. ഇടത് നേതാക്കളും ആസാദിനെ പ്രശംസിച്ചു. ഗുലാം നബി ആസാദിന്റെ വിടവാങ്ങലിൽ ഏറെക്കുറേ നിശബ്ദത പാലിച്ചത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ കോൺഗ്രസ് ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. എല്ലാവരും നിശബ്ദരായി എന്നതല്ല, ചില നിശബ്ദതകൾ ഒതുക്കി വച്ചിരിക്കുന്നത് വലിയ ശബ്ദങ്ങളാണെന്ന സൂചന തന്നെയാണ് ഇത് നൽകുന്നത്. 
നരേന്ദ്ര മോഡി പ്രസംഗിച്ചതിന്  പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ മോഡിയുടേത് 'കലാപരമായി തയാറാക്കിയ പ്രകടന'മാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. കശ്മീരിൽ കറുത്ത മഞ്ഞ് പെയ്യുമോയെന്ന് കണ്ടറിയാം. 


                    ****        ****      ****      ****

കോവിഡ് ലോക് ഡൗൺ കാലം എല്ലാം മേഖലകളേയും അതിരൂക്ഷമായി ബാധിച്ചുവെന്നത് ഒരു യാഥാർത്ഥ്യമാണ്. മാധ്യമ മേഖലയേയും പരസ്യമേഖലയേയും ബാധിച്ചത് പല രീതിയിൽ ആണ്  പ്രതിഫലിച്ചത്. റീട്ടെയിൽ മേഖലയിൽ നിന്നുള്ള പരസ്യങ്ങളുടെ കാര്യത്തിൽ  ഈ വർഷം സംഭവിച്ചത്  പരിശോധിക്കുകയാണ് ടാം ആഡെകസ്  തയ്യാറാക്കിയ റിപ്പോർട്ട്.  2018നോട് താരതമ്യം ചെയ്യുമ്പോൾ 2020ൽ റീട്ടെയിൽ മേഖലയിൽ നിന്നുള്ള ടെലിവിഷൻ പരസ്യങ്ങൾ 35 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രതിസന്ധികാലം ലോക് ഡൗൺ കാലം ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അവസാന പാദത്തിൽ ആശ്വസിക്കാനും അൽപം വകയുണ്ട്. വർഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് അവസാന പാദത്തിൽ 1.6 ഇരട്ടി പരസ്യ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. രണ്ടാം പാദത്തിലായിരുന്നു ഏറ്റവും കുറവ് ടെലിവിഷൻ പരസ്യങ്ങൾ ഉണ്ടായിരുന്നത്. ലോക് ഡൗൺ കാലമായിരുന്നു അത്. കോവിഡ് ലോക് ഡൗണിന്റെ ആഘാതത്തിൽ നിന്ന് ചെറുതായെങ്കിലും ഒന്ന് തിരികെ എത്താൻ പിന്നേയും നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. ഉത്സവ സീസണുകളിൽ ടെലിവിഷൻ പരസ്യങ്ങളുടെ അളവിന്റെ വർദ്ധന രണ്ടക്ക ശതമാനത്തിലേക്ക് എത്തിയിരുന്നു.  റീട്ടെയിൽ മേഖലയിലെ ഏറ്റവും വലിയ പരസ്യദാതാക്കൾ ജ്വല്ലറികൾ തന്നെയാണ്. മൊത്തം റീട്ടെയിൽ മേഖലയിൽ നിന്നുള്ള പരസ്യങ്ങളുടെ 60 ശതമാനവും ജ്വല്ലറികളിൽനിന്നാണ്. ആദ്യ 10 പരസ്യദാതാക്കളാണ് മൊത്തം പരസ്യങ്ങളുടെ 55 ശതമാനവും നൽകിയിരിക്കുന്നത്.   അച്ചടി മാധ്യമങ്ങളിലെ റീട്ടെയിൽ പരസ്യങ്ങൾ ദൃശ്യമാധ്യമങ്ങളേക്കാൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. 2018 നോട് താരതമ്യം ചെയ്യുമ്പോൾ 44 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ലോക്ഡൗണിന് മുമ്പിലത്തെ സ്ഥിതിയിലേക്ക് അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളുടെ അളവ് എത്താൻ ലോക്ഡൗണിന് ശേഷം അഞ്ച് മാസമാണ് കാത്തിരിക്കേണ്ടി വന്നത്. ഉത്സവകാലം തുടങ്ങിയതോടെ പരസ്യങ്ങളുടെ ചാകരയായി. ഒക്ടോബറിൽ തുടങ്ങി ഉത്സവകാലം അവസാനിക്കുന്നത് വരെ ഇരട്ടയക്ക വളർച്ചയാണ് പരസ്യത്തിൽ ഉണ്ടായത്.

                 ****        ****      ****      ****

രാജ്യതലസ്ഥാനത്തു കൊടും തണുപ്പിൽ ആയിരക്കണക്കിന് കർഷകർ ഐതിഹാസിക സമരം ചെയ്യുമ്പോൾ തെന്നിന്ത്യയിലെ സെലിബ്രിറ്റികൾ വലിയ മൗനത്തിലാണ്. മലയാളത്തിലെയടക്കം താരരാജാക്കന്മാർ വാ തുറന്നിട്ടില്ല. ഇതൊന്നും അത്രവലിയ കാര്യമല്ല എന്നതാണ് അവരുടെ ഭാവം. ഇവിടെയാണ് പാർവതി എന്ന നടിയുടെ ശബ്ദം വേറിട്ടതാകുന്നത്. താൻ കർഷക സമരത്തിനൊപ്പമെന്ന് പാർവതി അടിവരയിട്ടു പറയുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്, സംവിധായകരും എഴുത്തുകാരുമെല്ലാം  സംസാരിക്കണം എന്നും എല്ലാവരുടെയും ശബ്ദം പ്രധാനമാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.  വർത്തമാനം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. 
'പ്രതികരിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ ഏറ്റവും കൂടുതൽ വിമർശിക്കേണ്ടത് കുറേക്കൂടി സ്വാധീനമുള്ള ഇൻഡസ്ട്രീസിനെയാണ്. അവർ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളാണ് ട്വിറ്ററിലൂടെ ചെയ്യുന്നത്. ഇത് ഞാനൊരു തലപ്പത്ത് ഇരുന്ന് ബാക്കിയുള്ളവരെ ജഡ്ജ് ചെയ്യുന്നതല്ല. ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്‌സ് ആണ് എത്രത്തോളം അവർ മിണ്ടാതിരിക്കണം എന്നുള്ളത്. ഒരു പുതിയ വഴി വെട്ടിത്തെളിച്ച് മുൻപോട്ട് പോകണം എന്നുള്ളത് ഒരു പേഴ്‌സണൽ ചോയ്‌സാണ്.
അതിനെ സംബന്ധിച്ച് വരുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാൻ തയ്യാറുള്ള ആളുകൂടിയാണ് ഞാൻ. അത് ചെയ്യേണ്ട എന്നൊരാൾ തീരുമാനിച്ച് കഴിഞ്ഞാൽ നമുക്ക് ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിക്കാൻ സാധിക്കില്ല. അവർ ചെയ്യാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ കൂടി അനുഭവിക്കേണ്ടി വരുന്നത് നമ്മളെല്ലാവരും കൂടിയാണ്. എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കണം. ആ ശബ്ദത്തിനെല്ലാം പ്രാധാന്യമുണ്ട്' -പാർവതി തുറന്നു പറഞ്ഞു. 

                     ****        ****      ****      ****

കേരളത്തിൽ ഒരു മാസം അവധി ആഘോഷിക്കാനെത്തിയതാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. ഈ താരത്തിന് കേരളവുമായി പ്രത്യേക ബന്ധമുണ്ട്. രണ്ട് വർഷം മുമ്പ് കൊച്ചിയിൽ ഒരു കട ഉദ്ഘാടിക്കാനെത്തിയപ്പോഴാണ് കേരളത്തിന്റെ വാണിജ്യ തലസ്ഥാനം ഏറ്റവും വലിയ ആൾക്കൂട്ടത്തിന് സാക്ഷ്യം വഹിച്ചത്. എം.ജി റോഡ് സൂചി കുത്താനിടമില്ലാത്ത വിധമായി. ടൈംസ് ഓഫ് ഇന്ത്യയുൾപ്പെടെ ദേശീയ മാധ്യമങ്ങൾ കേരളത്തിലെ സണ്ണി ഫാൻസിന്റെ ക്രൗഡ് ഒന്നാം പേജിൽ വർണ ചിത്രം നൽകിയാണ് ആഘോഷിച്ചത്. ഇങ്ങനെയൊക്കെയുള്ള സണ്ണി സ്വസ്ഥമായി അനന്തപുരിയിൽ പൂരിയും ബാജിയും കഴിച്ച് ഹോളിഡേ എൻജോയ് ചെയ്യുന്നതിനിടയ്ക്കാണ് കൊച്ചി ക്രൈംബ്രാഞ്ചിലെ പോലീസുകാരെത്തുന്നത്. അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഒരു ഫാൻ കുറിച്ചതിങ്ങനെയാണ്- സണ്ണിയെ തൊട്ടാൽ കേരളം കത്തും. അത് സഹിക്കാം. വേറൊരു വിദ്വാൻ അതിന്റെ മതേതര ഭാഷ്യവും നൽകി. ഹിന്ദുക്കൾക്ക് അവൾ എസ്. ഉണ്ണി, ക്രിസ്ത്യാനികൾക്ക് സണ്ണി, മുസ്‌ലിംകൾക്ക് സുന്നി.... അടിപൊളി. ഏതായാലും താരം പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ. സണ്ണി   ലിയോണിനെതിരെ  വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച്  കേസെടുത്തത്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ. കേസുമായി ബന്ധപ്പെട്ട് സണ്ണിയെ വീണ്ടും ചോദ്യം ചെയ്യും. അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്ന പരാതിയിലാണ് കേസ്. വഞ്ചനക്കേസിൽ സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടിസ് നൽകാതെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. സ്‌റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാർ ലംഘനം നടത്തി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.ബഹ്‌റൈനിൽ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നൽകിയിരുന്നെന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. പരാതിക്കാരൻ ഷിയാസിന്റെ മൊഴി പെരുമ്പാവൂരിൽനിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യൽ. 

****        ****      ****      ****

കോവിഡ് വ്യാപനം രൂക്ഷമായതോടെ സുരക്ഷ മുൻനിർത്തി പല കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. പല ജീവനക്കാരും അതൊരു അനുഗ്രഹമാണെന്നായിരുന്നു ആദ്യം കരുതിയത്. ഓഫീസ് ജോലിക്കിടെ വീട്ടുജോലിയും ചെയ്യാമല്ലോ എന്ന് കണക്കുകൂട്ടിയവരും കുറവല്ല. എന്നാൽ ഇന്ന് സ്ഥിതി മാറി. പല ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഇപ്പോൾ അധികഭാരമാണ്. ഓഫീസിൽ ഇരുന്ന് ജോലി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ സമയമാണ് പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്നത്. ക്ഷീണവും, തലവേദനയും എല്ലാം കൂടിയെന്നാണ് പുതിയ പഠന റിപ്പോർട്ട് പറയുന്നത്. അമേരിക്ക, ഓസ്ട്രിയ, കാനഡ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഇപ്പോൾ പണ്ടത്തേക്കാൾ കൂടുതൽ സമയം ജോലിക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ശരാശരി പ്രവൃത്തി ദിവസത്തിൽ 2.5 മണിക്കൂർ വർദ്ധനവുണ്ടായതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്പനിയായ നോർഡ് വിപിഎൻ വ്യക്തമാക്കുന്നു. പതിനായിരത്തിൽ കൂടുതൽ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന നോർഡ് വിപിഎൻ സെർവറുകൾ വഴി അയയ്ക്കുന്ന ഡാറ്റയുടെ അളവ് പരിശോധിച്ചാണ് ജീവനക്കാരുടെ ജോലി സമയം കണക്കാക്കിയത്. ജോലി വീട്ടിലിരുന്നായതോടെ ഉച്ചഭക്ഷണ ഇടവേളകൾ കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ശരാശരി വാരാന്ത്യ ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ ബിസിനസ് വിപിഎൻ സെർവർ ട്രാഫിക്കിൽ 41% വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയം കുറഞ്ഞു. ബ്രിട്ടനിലെ 133 കമ്പനികളിലെ ജീവനക്കാർക്കിടയിൽ സർവേ നടത്തിയിരിക്കുകയാണ് വൈൽഡ്ഗൂസ്. ഗവേഷണ റിപ്പോർട്ട് പ്രകാരം 55% ജീവനക്കാർ കോവിഡ് കാലത്തിന് മുമ്പത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നു വർക്ക് ഫ്രം ഹോം ആയതോടെ 74% ജീവനക്കാർക്ക് ക്ഷീണം, സമ്മർദ്ദം എന്നിവ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

Latest News